ശ്രീ ജോണ്‍ വേറ്റത്തിന്റെ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' എന്ന കഥാസമാഹാരം ലളിതമായ ഭാഷാശൈലിയും മനോഹാരിത നിറഞ്ഞതുമായ ഒരു ചെറുകഥാ പുസ്തകമാണ്. ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ അവതാരിക ഗ്രന്ഥത്തിന് ഗാംഭീരതയും നല്‍കുന്നു. ഓരോ മനുഷ്യ ജീവിതവും നിരവധി കഥകള്‍കൊണ്ട് കോര്‍ത്തിണക്കിയതാണ്. അതില്‍ സ്‌നേഹമുണ്ട്, ദുഖമുണ്ട്, ഏറ്റുമുട്ടലുകളും കലഹങ്ങളും സ്വാര്‍ഥതയും കഥകളില്‍ സ്പുരിച്ചിരിക്കുന്നതു കാണാം. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരും അതോടൊപ്പം സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഓരോ കഥകളിലും ശ്രദ്ധേയമാണ്. കാലത്തിന്റെ മാറ്റൊലിയുള്‍ക്കൊള്ളുന്ന ഈ കൃതി പലരുടെയും അനുഭവതീരങ്ങളില്‍ക്കൂടി സഞ്ചരിക്കുന്നുമുണ്ട്.
ഒരു പ്രവാസി എന്നും വിമര്‍ശന വിധേയനായിരിക്കും. വര്‍ഷത്തിലൊരിക്കല്‍ കൈനിറച്ചു സമ്മാനങ്ങളായി നാട്ടിലെത്തിയാലും ആരും തൃപ്തരാവില്ല. ഒളിഞ്ഞിരുന്നു പരിഹസിക്കുന്ന ചില നേരംകൊല്ലികളും അവരുടെയിടയിലുണ്ട്. ബന്ധുജനങ്ങളുടെ വീടുകളില്‍ പോവാന്‍ കുന്നും മലകളും കയറണം. ഭാര്യയെ ഒപ്പം കൂട്ടാതെ ബന്ധുക്കളെ കാണാന്‍ പോയാലും കുറ്റം. 'അമേരിക്കന്‍ കിളവന്‍ ഭാര്യയെക്കൂടാതെ വന്നുവെന്നു' കമന്റ് പാസാക്കുന്ന ചില അധമന്മാരെ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. അവര്‍ക്കറിയേണ്ടത്, മക്കളുടെ സ്വന്തം ജാതി വിട്ടുള്ള വിവാഹം, മക്കളുടെ പരാജയങ്ങള്‍, വിവാഹ മോചനം എന്നിവകളാണ്. മറ്റുള്ളവരുടെ സൗഹാര്‍ദത്തില്‍ ചിന്തിക്കാതെ തകര്‍ച്ചയില്‍ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. കുടുംബ രഹസ്യങ്ങള്‍ അറിയാനുള്ള വ്യഗ്രത, സൗഭാഗ്യത്തില്‍ അസൂയ, വീഴ്ചയില്‍ സന്തോഷം; അങ്ങനെയങ്ങനെ വിമര്‍ശനങ്ങളുടെ ലോകത്തില്‍ക്കൂടി ഒരു പ്രവാസിക്ക് സഞ്ചരിക്കേണ്ടതായുണ്ട്. അത്തരം വിവരദോഷികളുടെ പ്രത്യേകതകള്‍ കഥകളിലുടനീളം പ്രതിഫലിക്കുന്നു.
'അമേരിക്ക' എന്ന സ്വപ്ന ഭൂമിയില്‍ വന്നെത്തിയ നേഴ്‌സുമാരുടെ മഹത്വം ശ്രീ വേറ്റത്തിന്റെ കഥകളില്‍ നന്നായി പകര്‍ത്തിയിരിക്കുന്നു. ആതുര ശുശ്രുഷ ചെയ്യുന്ന ഈ മാലാഖമാരുടെ ദീനദയാലുതയും സ്‌നേഹവും സ്പര്‍ശിക്കണമെങ്കില്‍ നാം തന്നെ രോഗിയായി അവരുടെ പരിചരണത്തില്‍ കിടന്ന അനുഭവങ്ങളുണ്ടായിരിക്കണം. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ട് ആഫ്രോ അമേരിക്കരുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഞാനും ഇരയായതോര്‍ക്കുന്നു. അവശനായി രക്തം വാര്‍ന്ന് അന്ന് ന്യൂറോഷല്‍ സൗണ്ട് ഷോര്‍ ഹോസ്പിറ്റലില്‍ കിടന്ന സമയം എന്നെ പരിചരിച്ചത് 'ജോളി' എന്ന യുവതിയായ ഒരു നേഴ്‌സായിരുന്നു. ഒരിക്കലും മറക്കാത്ത പരിചരണമായിരുന്നു എനിക്ക് ലഭിച്ചത്. സ്‌നേഹപൂര്‍വമായ പെരുമാറ്റങ്ങള്‍ നമ്മുടെ വേദനകളെ ഇല്ലാതാക്കുമെന്ന് അന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരു രാത്രി മുഴുവന്‍ ആര്‍ദ്രതയോടെ ജോളിയും സഹപ്രവര്‍ത്തകരും എന്നെത്തന്നെ ശുശ്രുഷിച്ചതും നന്ദിയോടെ ഞാന്‍ ഓര്‍മ്മിക്കുന്നു.
ശ്രീ വേറ്റത്തിന്റെ ചെറുകഥകളുടെ തുടക്കം വാനമ്പാടി എന്ന കഥയിലൂടെയാണ്. കഥയിലെ നായിക 'സാറാ' എന്ന നേഴ്‌സായിരുന്നു. കഥയില്‍ അവള്‍ പാട്ടു പാടുന്നതായി കാണുന്നില്ല. പാടാത്ത പൈങ്കിളിയായിരുന്നു. എങ്കിലും സ്‌നേഹവും കരുണയും അവളുടെ ആതുരശുശ്രുഷകളില്‍ നിത്യവും പ്രതിഫലിച്ചിരുന്നു. അവളുടെ ജീവിതം അങ്ങനെ സ്‌നേഹ സാഗരമായ ഒരു സംഗീതമായിരുന്നു. സാധാരണ ഒരു പെണ്‍ക്കുട്ടിയെപ്പോലെ അവളും സ്‌നേഹത്തിന്റെ സ്വപ്ന കൂടാരങ്ങള്‍ പടുത്തുയര്‍ത്തിയിരുന്നു. ഭാരിച്ച കര്‍മ്മ വീഥികളില്‍കൂടിയുള്ള ജൈത്രയാത്രയില്‍ ജീവിക്കാന്‍ മറന്നുപോയ പാവം ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. ഒരു ചെറുപ്പക്കാരനെ അവളും സ്‌നേഹിച്ചിരുന്നു. ഹോസ്പിറ്റല്‍ ബെഡില്‍ ഗുരുതരമായ രോഗവുമായി മല്ലിടുന്ന ബേബിയെന്ന ചെറുപ്പകാരനില്‍ അവള്‍ ഹൃദയം പണയം വെച്ചു. പരസ്പരം ഒന്നാകാന്‍ കൊതിച്ചു. വിധി ബേബിയുടെ ജീവന്‍ ഒരു വിമാനാപകടത്തില്‍ക്കൂടി കവര്‍ന്നെടുത്തു..
'ശിഥിലബന്ധം' എന്ന ചെറുകഥ മാനുഷിക ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുകയാണ്. സമ്പത്തും പ്രതാപവുമുള്ള കൃഷ്ണപിള്ളമാര്‍ ഇന്നും നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഉണ്ട്. ജന്മിത്വ വ്യവസ്ഥയില്‍ അടിയാന്റെ പെണ്മക്കള്‍ യജമാനന്റെ കാമാര്‍ത്തികളെ ശമിപ്പിക്കുന്ന കാലം. കൃഷ്ണപിള്ളയും വേലക്കാരത്തി കൊച്ചായ കമലമ്മയെ പ്രേമിച്ചു. താണ ജാതിക്കാരിയായ കമലമ്മ അവളെ മുഴുവനായി അയാള്‍ക്ക് അടിയറ വെച്ചു. അവളില്‍ അയാള്‍ ഒരു ജീവനെയും സൃഷ്ടിച്ചു. ഒടുവില്‍ അവളുടെ വിവാഹം വന്നപ്പോള്‍ അയാള്‍ അവളെ നല്ല വാക്കുകള്‍ പറഞ്ഞു ആശ്വസിപ്പിച്ചു. അവള്‍ പാവപ്പെട്ടവളായിരുന്നു. അബലയായിരുന്നു. അയാള്‍ അവളുടെ സ്ത്രീത്വം മുഴുവനായി കവര്‍ന്നെടുത്തു. അവള്‍ പോയി. അതിനുശേഷം അയാളുടെ ജീവിതത്തില്‍ മറ്റൊരു സ്ത്രീ ഭാര്യയായി വന്നു. കാലചക്രങ്ങള്‍ തിരിഞ്ഞുകൊണ്ടിരുന്നു. ഭാര്യയും മക്കളും അയാളെ പുച്ഛിച്ചു. നൈരാശ്യനായ അയാള്‍ വീടുവിട്ടുപോയി, അലഞ്ഞു നടന്നു. ഒടുവില്‍ രോഗിയായി, അനാഥനായി മരിക്കുന്നതായിട്ടാണ് കഥ. കമലമ്മ എന്ന വേലക്കാരത്തിക്കുട്ടി ഇന്നും പ്രഭുകുടുംബങ്ങളില്‍ ജീവിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്. ഒരു സ്ത്രീയുടെ മാനത്തിന് വിലകല്പിക്കാത്ത ലോകത്ത് കമലമ്മ ബലിയാടായി എവിടെയോ ജീവിക്കുന്നു. കൃഷ്ണപിള്ളമാര്‍ ചുടുകാടുകളിലും അവശേഷിക്കുന്നു.
'ആലിപ്പഴം' ബാബുവെന്ന കഥാപാത്ര സൃഷ്ടിയുടെ പ്രവാസ ജീവിതത്തിലെ കഥയാണ്. ഇതൊരു കഥയാണെങ്കിലും നൂറു കണക്കിന് ബാബുമാര്‍ അമേരിക്കയില്‍ കുടിയേറിയവരായുണ്ട്. ഭാര്യ ഡബിള്‍ ജോലി. ഭര്‍ത്താവിന്റെ വിനോദം ചീട്ടുകളിയും സംഘടനാ പ്രവര്‍ത്തനങ്ങളും. ഭാര്യയുടെ കിട്ടുന്ന ശമ്പളം മുഴുവന്‍ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍. പരസ്പ്പരം സ്‌നേഹബന്ധങ്ങളില്ലാത്ത കുടുംബങ്ങള്‍ നിരവധി. വിവാഹം കഴിപ്പിക്കാതെ വിദേശത്ത് ജോലിചെയ്യുന്ന സ്ത്രീകളെ കറവ പശുക്കളായി പണം ഊറ്റുന്ന മാതാപിതാക്കള്‍! കുടുംബഭാരങ്ങള്‍ക്ക് ശമനം വരുത്തിയ ശേഷം മുപ്പതും മുപ്പത്തിയഞ്ചും വയസായി നാട്ടില്‍ വരുന്ന സ്ത്രീകള്‍ക്ക് പ്രായത്തിനൊത്ത വരന്മാരെ ലഭിക്കാതെ വരുന്നു. നാലും അഞ്ചും വയസ് പ്രായം കുറഞ്ഞ ഭര്‍ത്താക്കന്മാരേയും അമേരിക്കയില്‍ എത്തിക്കുന്നു. കുടുംബ ബന്ധങ്ങള്‍' ബന്ധനങ്ങള്‍ പോലെയാകുമ്പോള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും കലഹങ്ങളും ആരംഭിക്കും. 'ആലിപ്പഴം' എന്ന ചെറുകഥയില്‍ക്കൂടി ഗ്രന്ഥകാരന്‍ പ്രവാസികളുടെ ഒരു കാലഘട്ടത്തിലെ ജീവിതത്തെപ്പറ്റി നന്നായി കഥാരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രകൃതിയെയും പ്രഭാതത്തെയും ഇരുളിനെയും ഹൃദ്യമായ ഭാഷയില്‍ 'ഇരുളിന്റെ പ്രഭാതമെന്ന' കഥയില്‍ ശ്രീ വേറ്റം വര്‍ണ്ണിക്കുന്നു. ഈ കഥ കൂടുതലും താത്ത്വികമായുള്ളതാണ്. ആസ്വാദകന്റെ ആധ്യാത്മിക ചൈതന്യത്തെ ഉത്തേജിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ വേദനകളെ തലോടുന്നു. വേറ്റത്തിന്‍റെ ശീതളമായ കുഞ്ഞിളം കാറ്റും വായനക്കാരില്‍ അനുഭൂതികളുണ്ടാക്കുന്നു. എഴുപതുകളിലും എണ്‍പതുകളിലും ജീവിക്കാന്‍ വേണ്ടി വന്നെത്തിയ ഓരോ പ്രവാസി മലയാളിയുടെയും അനുഭവങ്ങളെ കഥാകൃത്ത് തന്മയത്വമായി വിവരിച്ചിട്ടുണ്ട്. അമ്മയുടെ പരിലാളനയില്‍ ചാണകം മെഴുകിയ തറയില്‍ തലയിണയില്ലാതെ കിടന്ന കാലങ്ങളും അമേരിക്കന്‍ ജീവിതവും ജീവിക്കാന്‍ മറന്നുപോയ മത്തായിയും ഈ കഥാസാഗരത്തിലുണ്ട്. ഒരു മകള്‍ ആഫ്രോ അമേരിക്കനെ വിവാഹം ചെയ്തു. മകന്‍ മെക്‌സിക്കനേയും. ഉത്തരം കിട്ടാത്ത അമേരിക്കന്‍ ജീവിതപടയോട്ടത്തില്‍ പഴി മുഴുവന്‍ മത്തായിക്കും. ഹൃദ്യമായ പ്രാര്‍ത്ഥനകളൊന്നും അയാളിലെ ആത്മീയത ജ്വലിപ്പിച്ചില്ല. പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നതിനിടയില്‍ മത്തായി ജീവിക്കാന്‍ മറന്നുപോയി. ഭാര്യ വിവാഹമോചനം നേടുന്നു. മക്കളും ഭാര്യയും നഷ്ടപ്പെട്ടപ്പോള്‍ മത്തായിയുടെ ജീവിതം മദ്യത്തിലടിമപ്പെട്ടു. അങ്ങനെ പ്രഭാതത്തെ ഇരുട്ടാക്കുന്ന നിരവധി മത്തായിമാരുടെ പ്രവാസജീവിതമാണ് ഇരുളുന്ന പ്രഭാതങ്ങളെന്ന കഥയില്‍ക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിരിക്കുന്നത്.
'അനേകര്‍ക്കുവേണ്ടിയുള്ള' കഥയില്‍ ഒരു തങ്കച്ചനാണ് കഥാപാത്രം. ഗോസിപ്പുകാരുടെ ചുറ്റുമുള്ള ഒരു ലോകത്തില്‍ക്കൂടിയാണ് തങ്കച്ചന്റെ തുടക്കം. മനുഷ്യന്റെ ബലഹീനതകളെ പൊക്കിയുണര്‍ത്തുകയെന്നതു സാഡിസ്റ്റ് ലോകത്തിന്റെ പ്രത്യേകതയാണ്. ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്നവര്‍...! തങ്കച്ചന്‍ മൂന്നു നാലു മാസങ്ങള്‍ തുടര്‍ച്ചയായി നാട്ടില്‍ താമസിക്കുന്നു. തങ്കച്ചനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്ന കിംവദന്തികള്‍ പ്രചരിപ്പിക്കലും ചിലരുടെ ഹോബിയാണ്. ഭക്തിപരമായ ഒരു ജീവിതം തെരഞ്ഞെടുത്ത തങ്കച്ചന്‍ ഏകനായി ജീവിക്കാന്‍ ആഗ്രഹിച്ചു. എങ്കിലും പഴയ കാമുകിയെ കണ്ടുമുട്ടിയപ്പോള്‍ അയാളില്‍ വികാരങ്ങളുടെ ഒരു വേലിയൊഴുക്കുകള്‍ സൃഷ്ടിക്കുന്നു. സമര്‍പ്പിതമായ ഒരു അര്‍പ്പണബോധം വിലങ്ങുതടിയായി നില്‍ക്കുമ്പോള്‍ തനിക്ക് അനുരാഗം അനുവദനീയമോ എന്ന ചിന്തകളും തങ്കച്ചനെ അലട്ടുന്നുണ്ട്. സെമിനാരിയില്‍ മടങ്ങി പോവാതെ നില്‍ക്കുന്ന അമ്മപോലും സഹികെട്ടു. ഒരു പട്ടക്കാരനാകണമെന്ന സ്വപ്നമായിരുന്നു അമ്മയ്ക്കും ഉണ്ടായിരുന്നത്. പതിനെട്ടു വയസില്‍ വിവാഹം കഴിച്ചെങ്കിലും മുപ്പത്തി മൂന്നു വയസുവരെ പ്രസവിക്കാതിരുന്ന ഒരു അമ്മയുടെ പുത്രന്‍. അവര്‍ മകനെ പുരോഹിതനാക്കാമെന്ന് നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങളുണ്ടാകാതിരുന്ന കാലത്ത് അവരെ 'മച്ചി' എന്ന് ജനങ്ങള്‍ പരിഹസിച്ചിരുന്നു. നേര്‍ച്ചകള്‍ മനുഷ്യ ജീവിതത്തെ ബന്ധിപ്പിക്കുന്നതും അഭിലാഷങ്ങള്‍ക്ക് തടസം നില്‍ക്കുന്നതുമെന്ന് തങ്കച്ചന്‍ ചിന്തിച്ചു. അത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് തടസം വരുത്തുന്നതാണ്. മനുഷ്യന്റ മൗലികാവകാശം ധിക്കരിക്കുകയും നിത്യ ദുഃഖം സൃഷ്ടിക്കുകയും ചെയ്യുന്നു. താന്‍ നേര്‍ച്ചയുടെ മകനാണെന്നുള്ള അന്തരംഗം തങ്കച്ചനെ അലട്ടിക്കൊണ്ടിരുന്നു.
'ജലപ്പരപ്പിലെ കാല്‍പ്പാടുകള്‍' എന്ന കഥയിലും ഒരു തങ്കച്ചനാണ് കഥാപാത്രം. പ്രവാസികളുടെ ജീവിതസ്പന്ദനം നന്നായി ഈ കഥയില്‍ കുറിച്ചിരിക്കുന്നു. ന്യൂയോര്‍ക്കിലെ സമ്പത്തിന്റെ നടുവിലും തങ്കച്ചന്റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോവുന്നുണ്ട്. പട്ടാളത്തില്‍ നിന്നും കിട്ടുന്ന വേതനം കൊണ്ട് കുടുംബത്തെ സംരക്ഷിച്ചു വന്നു. അപ്പനും അമ്മയും ഒരു സഹോദരനും സഹോദരിയുമടങ്ങിയ കുടുംബം. തനിക്ക് കിട്ടിയ സ്ത്രീധനം കൊണ്ട് സഹോദരിയെ കെട്ടിക്കുന്നു. അനുജന്‍ പൊന്നച്ചനും വിവാഹിതനായതോടെ പൊട്ടിത്തെറികള്‍ കുടുംബത്തിലുണ്ടാവുകയാണ്. നാല് മക്കളും തങ്കച്ചന്റെ ഭാര്യയുമായുള്ള തറവാട്ടിലെ താമസം മാതാപിതാക്കളെയും പൊന്നച്ചനെയും അയാളുടെ ഭാര്യയേയും അസ്വസ്ഥനാക്കുന്നു. ഒടുവില്‍ തങ്കച്ചന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും വീടിനു പുറത്തുള്ള കന്നുകാലിക്കൂട്ടില്‍ പാര്‍പ്പിക്കുന്നു. അവധിക്കു വന്ന തങ്കച്ചന്‍ കാണുന്നത് വയറ്റിളക്കവും ചൊറിയും പിടിച്ച മക്കള്‍, യാതൊരു പരാതിയുമില്ലാത്ത ആദര്‍ശവതിയായ ഭാര്യ...! വൈകാരിക സംഘട്ടനങ്ങള്‍ തങ്കച്ചനില്‍ പൊട്ടിത്തെറിയുണ്ടാക്കി. അമ്മയും മറ്റു മക്കളും ഒരു വശത്തും മറുവശത്ത് നിസഹായരായ തങ്കച്ചനും കുടുംബവും. വീടുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ട് തങ്കച്ചന്‍ അവിടെനിന്നും പടിയിറങ്ങുന്നു. പ്രവാസിയായി അമേരിക്കയില്‍ 33 വര്‍ഷങ്ങള്‍ താമസിച്ചിട്ടും സമൃദ്ധിയുടെ കൊടുമുടിയില്‍ എത്തിയിട്ടും മനസെന്നും സ്വന്തം വീടും നാടുമായിരുന്നു. തകര്‍ന്ന ഒരു പ്രവാസിയുടെ സ്വപ്നങ്ങള്‍ അവിടെ കുടുംബബന്ധത്തിന്റെ പേരില്‍ തകരുകയാണ്.
'വെളിച്ചം വിളിക്കുന്നു' എന്ന വേറ്റത്തിന്റെ കഥ അവശനായി കിടക്കുന്ന ഒരു രോഗിയുടെ ചിന്തകളാണ്. മരണത്തോട് മല്ലടിക്കുമ്പോഴും അയാളിലെ യുക്തി ചിന്തകള്‍ക്ക് മാറ്റം വരുന്നില്ല. ദൈവമെന്ന അസ്തിത്വ ബോധം അയാളെ ഉണര്‍ത്തുന്നില്ലായിരുന്നു. ഒടുവില്‍ ഒരു പുരോഹിതന്റെ സ്‌നേഹസ്പര്‍ശനങ്ങള്‍ അയാളിലെ യുക്തിചിന്തകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. പിന്നീട് ദൈവവുമായുള്ള ഒരു സംവാദമാണ് മനസ്സില്‍ ആഞ്ഞടിച്ചത്. ഓപ്പറേഷന്‍ തീയറ്ററില്‍ പോവുമ്പോഴും പുരോഹിതന്റെ കൈവെപ്പു പ്രാര്‍ത്ഥന അയാള്‍ സ്വീകരിക്കുന്നുണ്ട്. ഒടുവില്‍ അയാളിലെ വെളിച്ചം അസ്തമിച്ചു. അവിടെ ശാസ്ത്രം പരാജയപ്പെടുന്നു. ജീവന്‍ നിത്യതയിലേക്കെന്ന സങ്കല്പത്തിലും. രക്ഷയുടെ ദൗത്യമെന്ന മനോഹര സ്വപ്നം അയാളിലെ ഹൃദയത്തില്‍ പതിയുകയാണ്. അതിലെ സത്യവും മിഥ്യയും തിരിച്ചറിയുന്നതിനു മുമ്പ് അയാള്‍ ഇല്ലാതാകുന്നു. മായയാകുന്നു.
സമ്പത്തിന്റെ നടുവില്‍ ജീവിച്ച അച്ചാമ്മ എന്ന കഥാപാത്രത്തെ 'പുണ്യദിശ' എന്ന കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു. സാഹചര്യങ്ങള്‍ അവരെ കുട്ടികളെ പരിചരിക്കുന്ന ഒരു നേഴ്‌സാക്കുകയായിരുന്നു. ഓരോ ക്രിസ്തുമസ് രാവിലും അവരുടെ ലോല ഹൃദയത്ത കാര്‍മേഘങ്ങള്‍കൊണ്ട് നിറക്കുമായിരുന്നു. ഒരിക്കല്‍ ഒരു പോലീസുകാരന്‍ വഴിയില്‍ കിട്ടിയ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലില്‍ വന്നു. ആ കുഞ്ഞിനെ മാറോട് ചേര്‍ത്തുവെച്ചപ്പോള്‍ അവരിലെ മാതൃഹൃദയം തുടിച്ചിരുന്നു. പിന്നീട്, ഭൂതകാലത്തിലേക്കുള്ള ചിന്തകളിലേക്ക് അച്ചാമ്മ സഞ്ചരിക്കുകയാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് അവരുടെ കൊച്ചമ്മയുടെ മകനുമായി അരുതാത്തത് പലതും അവര്‍ ചെയ്തു. ഒരു സുപ്രഭാതത്തില്‍ അയാള്‍ അപ്രത്യക്ഷമായി. അവളുടെ ഉദരത്തില്‍ വളര്‍ന്ന കുഞ്ഞിന്റെ വിവരം മാതാപിതാക്കളും അറിഞ്ഞു. അവര്‍ ആ കുഞ്ഞിനെ എവിടെയോ ഏല്‍പ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിരിക്കാം! സംഭവിച്ചത് ഒരു ക്രിസ്തുമസ് രാത്രിയിലായിരുന്നു. കുഞ്ഞിനെ ഒരു നോക്കു കാണാന്‍ സാധിക്കാത്തതില്‍ ആ മാതൃഹൃദയം നിത്യവും കരഞ്ഞു. അവര്‍ക്കു വന്ന കല്യാണലോചനകള്‍ നിരസിച്ചുകൊണ്ടിരുന്നു. വിവാഹം കഴിക്കാതെ തന്റെ കന്യകാത്വം അപരനു നല്‍കിയ കുറ്റബോധം അച്ചാമ്മയെ വേട്ടയാടിക്കൊണ്ടിരുന്നു. ചിന്തിക്കാന്‍ കഴിവില്ലാത്ത ചെറുപ്രായത്തില്‍ സംഭവിച്ചുപോയ തെറ്റിന് സ്വന്തം ജീവിതംതന്നെ അവര്‍ക്ക് പണയപ്പെടുത്തേണ്ടി വന്നു.
നാട്ടില്‍നിന്ന് മാതാപിതാക്കളെ അമേരിക്കയില്‍ കൊണ്ടുവരുകയും പിന്നീട് തിരിച്ചുപോകാന്‍ സാധിക്കാത്ത വിധം മക്കളുടെ അടിമയായി ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് 'നഷ്ടപുത്രനിലെ' കഥ. കുട്ടികളെ നോക്കാനുണ്ടായിരുന്നതുകൊണ്ട് 'ത്രസ്യാ' നാട്ടില്‍ മടങ്ങാതെ മക്കളോടൊപ്പം കഴിഞ്ഞു. അമേരിക്കന്‍ ജീവിതം ഇഷ്ടപ്പെടാത്തതിനാല്‍ പിതാവ് നാട്ടില്‍ മടങ്ങിപോവുകയും ചെയ്തു. അറുപതു വര്‍ഷത്തോളം പാപ്പിയും ത്രസ്യായും ഒന്നിച്ചു ജീവിച്ചു. ഇണപിരിയാത്ത ഇണപ്രാവുകളെപ്പോലെ! ത്രസ്യാ മരുമകളുടെ പോരിനിരയാകുന്നു. അമ്മയെ ഒരു വേലക്കാരത്തിയെപ്പോലെ കണക്കാക്കുന്നു. നാട്ടില്‍ ഭര്‍ത്താവുമൊത്ത് താമസിക്കാന്‍ മടങ്ങി പോവണമെന്ന അവരുടെ ആഗ്രഹങ്ങളെ മരുമകള്‍ പുച്ഛിച്ചു തള്ളുന്നു. ഒടുവില്‍ ത്രസ്യാ രോഗിയാവുന്നു. ആശുപത്രീ കിടക്കയില്‍ തന്റെ ശവം നാട്ടില്‍ സംസ്ക്കരിക്കണമെന്ന് മകനോട് പറയുന്നു. അവര്‍ മരിക്കുന്നു. അമ്മയുടെ ആഗ്രഹം അനുസരിച്ച് ശവം നാട്ടില്‍ കൊണ്ടുപോവാന്‍ ഭാര്യ സമ്മതിക്കില്ല. ഒടുവില്‍ സ്വയം തീരുമാനമെടുത്ത് മകന്‍ ബാബു അമ്മയുടെ ശവശരീരമായി നാട്ടിലേക്ക് വിമാനം കയറുന്നതാണ് കഥ. വാര്‍ദ്ധക്യത്തിലെ ഏകാന്തത അമേരിക്കയില്‍ വന്നെത്തുന്ന കുടിയേറിയവരുടെ മാതാപിതാക്കളില്‍ പ്രകടമാണ്. ത്രസ്യായുടെ ജീവിതം ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആഗ്രഹങ്ങള്‍ സഫലമാകാതെ നൂറുകണക്കിന് അമ്മമാര്‍ നൈരാശ്യത്തോടെ മക്കളുടെ നിയന്ത്രണത്തില്‍ കഴിയുന്നതും ജീവിതം ഇവിടെ അവസാനിപ്പിക്കുന്നതും നാം കാണുന്നു. പ്രായമായ മാതാപിതാക്കളുടെ ദുരവസ്ഥയെ ഈ ചെറുകഥയില്‍ക്കൂടി ശ്രീ വേറ്റം നന്നായി പ്രതിഫലിപ്പിച്ചിരിക്കുന്നു.
'മുഖങ്ങള്‍' ഒരു പട്ടാളക്കാരന്റെ ഹൃദ്യമായ കഥയാണ്. യുവത്വം മുറ്റി നിന്നിരുന്ന നാളുകളില്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലുള്ള ഒരു ക്യാംപിനു (ഇമാു)സമീപം ഒരു നേപ്പാളി പെണ്ണുമായി അയാള്‍ പ്രേമത്തിലാകുന്നു. അവള്‍ അയാളെ വിശ്വസിച്ചു. അയാളെ സ്വന്തമാക്കണമെന്നു പെണ്ണും ആഗ്രഹിച്ചു. മറ്റൊരു സ്ഥലത്തേക്ക് അയാള്‍ക്ക് സ്ഥലം മാറ്റം കിട്ടി. അയാളുടെ പ്രേമം കപടമല്ലായിരുന്നെങ്കിലും ദുര്‍ബലനിമിഷങ്ങളില്‍ അയാള്‍ അവിടെനിന്നും താമസം മാറുന്ന വിവരം അവളോട് പറഞ്ഞില്ല. കുറ്റബോധം അയാളെ അലട്ടുന്നു. വിവാഹത്തിന് പ്രേരിപ്പിക്കുന്ന അമ്മയോട് അയാള്‍ കാര്യങ്ങള്‍ പറഞ്ഞു. അവളുടെ ഉദരത്തില്‍ അയാളുടെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.
അമ്മയുടെ നിര്‍ദേശപ്രകാരം വീണ്ടും മൂന്നു മാസങ്ങള്‍ക്കു ശേഷം അയാള്‍ അവളെ അന്വേഷിച്ച് അതിര്‍ത്തിയിലെത്തി. എന്നാല്‍ ആ നേപ്പാള്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടാനായില്ല. ചതിയില്‍ അകപ്പെട്ടെന്നു മനസിലായ അവള്‍ നേപ്പാളിലേക്ക് മടങ്ങി പോയിരുന്നു. അവളെ കണ്ടുമുട്ടാനാവാതെ അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കുട്ടികള്‍ വേണമെന്ന ഭാര്യയുടെ മോഹം അയാള്‍ക്ക് സാധിച്ചുകൊടുക്കാന്‍ കഴിയാതെ വരുന്നു. ചൈനാക്കാരുടെ വെടിയുണ്ടയേറ്റു ജീവന്‍ തിരിച്ചുകിട്ടിയ അയാള്‍ക്ക് ഒരു കുട്ടിയ്ക്കു ജന്മം നല്‍കാന്‍ സാധിക്കില്ലെന്നുള്ള സത്യം ഭാര്യയോട് തുറന്നു പറഞ്ഞു. തന്റെ യൗവന കാലത്തുണ്ടായ നേപ്പാളി പെണ്ണുമായുള്ള പ്രേമത്തിന്റെ കഥയും പറഞ്ഞു. പിന്നീടുള്ള വൈകാരിക നിമിഷങ്ങള്‍! സരളമനോഹരമായ ഭാഷയില്‍ വിവരിച്ചിട്ടുണ്ട്. വായനക്കാരില്‍ സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് കഥ അവസാനിപ്പിക്കുന്നത്.
'വഴികള്‍' എന്ന കഥയില്‍ പത്‌നാഭന്‍ പിള്ള എന്ന പ്രവാസിയാണ് നായകന്‍. അയാള്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു. അപ്പന്റെ മദ്യപാനം കാരണം സര്‍വ്വതും നശിച്ചു. ദാരിദ്രം ആ കുടുംബത്തെ കീഴ്‌പ്പെടുത്തിയെങ്കിലും അഭിമാനത്തിനു കുറവു വന്നില്ല. അത്താഴപ്പട്ടിണിയില്‍ ജീവിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി കണ്ടു അയാളുടെ സ്വന്തം അമ്മാവന്‍ പതിനഞ്ചു രൂപ പത്‌നാഭന്റെ കൈവശം ഏല്‍പ്പിക്കുന്നു. അതിന്റെ പേരില്‍ അഭിമാനിയായ അപ്പനുമായി മകന്‍ ഏറ്റുമുട്ടലാരംഭിക്കുന്നു. വാക്കുതര്‍ക്കങ്ങളും കയ്യേറ്റങ്ങളുമുണ്ടായിട്ടും ആ പണം തിരികെ മാതുലനെ ഏല്‍പ്പിക്കാന്‍ തയ്യാറായില്ല. അപ്പനെ ഭയന്ന് അയാള്‍ നാട് വിടുന്നു. ഹോട്ടല്‍ പണിയും ചുമട്ടു തൊഴിലാളിയുമായി ബോംബയില്‍ തൊഴില്‍ ജീവിതം തുടങ്ങി. അവിടെ 'ഡാര്‍ലിംഗ്' എന്ന നേഴ്‌സ് പെണ്‍കുട്ടിയുമായി പ്രേമത്തിലാകുന്നു. പിതാവില്‍ നിന്നും ഒളിച്ചോടിപ്പോയ കുറ്റബോധം അയാളെ അലട്ടുന്നു. ഒടുവില്‍,നാടുവിട്ട നാളുകളില്‍ പിതാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത അയാളെ അസ്വസ്ഥനാക്കുന്നു. ഡാര്‍ലിയുമായി വിവാഹിതനായ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കി. അഞ്ചു പതിറ്റാണ്ടിനുശേഷമുള്ള അയാളുടെ ജീവിത കഥകള്‍ അയവിറക്കുന്ന പശ്ചാത്തലമാണ് ഈ ചെറുകഥതയുടെ സാരം.
'കനലുകള്‍' സജിയെന്ന പ്രവാസിയുടെ മറ്റൊരു കഥാരൂപമാണ്. ദാരിദ്രം കൊണ്ട് ഹൈസ്കൂളില്‍ പഠനം അയാള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കാനായി എട്ടു സെന്റ് സ്ഥലം വിറ്റ കാലം മുതല്‍ കിടപ്പാടമില്ലാതെ വളര്‍ന്ന യുവാവ്. നേഴ്‌സായി അമേരിക്കയില്‍ പോയ സഹോദരിമൂലം അയാള്‍ അമേരിക്കയിലെത്തി. അപ്പോഴേക്കും പ്രായം 34. ഒരു 32 വയസുകാരിയെ വിവാഹം കഴിക്കുന്നു. ഭാര്യ വന്ധീകരണം ചെയ്തതുമൂലം പിള്ളേരുണ്ടാകില്ലെന്ന് അറിയുന്നു. ദുര്‍ബലമായ നിമിഷത്തില്‍ കൂടെ ജോലി ചെയ്യുന്ന ഒരാളിന്റെ കാമര്‍ത്തിക്കുമുമ്പില്‍ അവള്‍ കീഴ്‌പ്പെട്ട കഥ സജിയെ അറിയിക്കുന്നു. അന്ന് അയാളുടെ മനസ്സില്‍ വൈകാരിക ഭാവങ്ങള്‍ നിറഞ്ഞ കൊടുങ്കാറ്റുണ്ടായി. ഒരു ദിവസം സഹോദരന്റെ വീട്ടിലെന്നു പറഞ്ഞു ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. എഴുത്തുകള്‍ക്ക് മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞു മാറുന്നു. ഒരിക്കല്‍ രജിസ്റ്റെര്‍ഡായി ആയി അയാള്‍ക്ക്' ഒരു കത്തു വന്നു. അത് അവരുമായുള്ള വിവാഹമോചനത്തിനായിരുന്നു.
'പ്രവാസി' എന്ന കഥയില്‍ നേഴ്‌സായ സുധയുടെ സംശയരോഗം ഷിബുവിനെ അമ്പരിപ്പിക്കുകയാണ്. കിംവദന്തികളുടെ പേരില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നു. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് കാര്യം അറിയാതെ ഷിബു പരവശനാവുന്നു. സുധയുടെ അഭിമാനം വേദനിക്കുന്നുവെന്നും പറയുന്നു. ഭര്‍ത്താവിനെ വെറുക്കാന്‍ മാത്രം കലഹം സൃഷ്ടിച്ചവര്‍ ആരെന്നറിയാനുള്ള ജിജ്ഞാസയും ഷിബുവിനുണ്ടായി. കുടുംബ രഹസ്യങ്ങള്‍ മറ്റൊരു സ്ത്രീ സുധയോട് പറഞ്ഞപ്പോള്‍ ഷിബുവിന് ആ സ്ത്രീയുമായി ബന്ധമുണ്ടെന്നുള്ള തെറ്റിധാരണയുമുണ്ടായി. രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്ന അവര്‍ മൂന്നാമതൊരു ആണ്‍കുഞ്ഞിനായി ശ്രമിച്ചു. പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായി പെണ്‍കുഞ്ഞെന്നറിഞ്ഞപ്പോള്‍ അവര്‍ ഗര്‍ഭചിന്ദ്രത്തില്‍ക്കൂടി ആ കുഞ്ഞിനെ ഇല്ലാതാക്കി. അത് അതീവ രഹസ്യമായി ഈ ദമ്പതികള്‍ സൂക്ഷിച്ചിരുന്നു. അക്കാര്യമാണ് മറ്റൊരു സ്ത്രീയില്‍ നിന്നും ഭാര്യ അറിഞ്ഞത്. 'കുടുംബരഹസ്യങ്ങള്‍ പുറത്തുവിട്ട സ്ത്രീയുടെ ഭര്‍ത്താവാണ് അക്കാര്യം പറഞ്ഞതെന്ന് അറിയിച്ചിട്ടും' സുധയുടെ പരിഭവം മാറിയിരുന്നില്ല. പാപബോധം കൊണ്ട് സുധ സ്വയം പള്ളിയില്‍ ചെറു ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ആരോ കേട്ട കുടുംബ രഹസ്യങ്ങള്‍ കിംവദന്തികളായി മാറുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങള്‍ വരുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി മന്ത്രവാദവും കൂടോത്രവും ഏലസ് കെട്ടുകയും ചെയ്യുന്ന ഒരു കഥയാണ് 'കൂട്ടുകൃഷി'. അതുമൂലം കുടുംബജീവിതത്തിലും പോറലേക്കുന്നുണ്ട്. ദൈവഭക്തിയും പള്ളിയും പുരോഹിതരുമായി നടക്കുന്ന ഭാര്യ, കൂടോത്രങ്ങളില്‍ വിശ്വസിക്കുന്ന ഭര്‍ത്താവ്, അങ്ങനെ വ്യത്യസ്ത ചിന്താഗതികളില്‍ പോവുന്ന ഒരു കുടുംബത്തിന്റെ 'കഥ' കഥാകൃത്ത് തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.
അമേരിക്കന്‍ ജീവിതത്തില്‍ ഭാര്യമാര്‍ രണ്ടു ജോലി ചെയ്യുകയും ഭര്‍ത്താക്കന്മാര്‍ ഭര്‍ത്താവ് ഉദ്യോഗസ്ഥരോ ചെറിയ ജോലികൊണ്ടോ കഴിയുന്നവരെന്നും പരക്കെ ആക്ഷേപമുണ്ട്. നാട്ടിലുള്ള ബന്ധു ജനങ്ങളെ കൊണ്ടുവരുകയും അവരുടെ സംരക്ഷണ ചുമതലകള്‍ വഹിക്കുകയും ചെയ്യേണ്ടത് ഇവിടെ വന്ന ആദ്യകാല കുടിയേറ്റക്കാരുടെ കര്‍ത്തവ്യമായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ നിരാശരായ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ മടങ്ങി പോവാനും ആഗ്രഹിക്കാറുണ്ട്. നല്ല വരുമാനമുള്ള ഭാര്യ അത്തരം സാഹസങ്ങള്‍ക്ക് തയ്യാറാകുകയുമില്ല. തങ്ങളുടെ കുടുംബപാരമ്പര്യം പിന്തലമുറ തുടങ്ങണമെന്നും ആഗ്രഹിക്കുന്നു. അമേരിക്കന്‍ സാംസ്ക്കാരികത ഭയപ്പെടുന്നവരും മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള ആശയ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കഥയാണ് 'ശിലകള്‍'. സ്വദേശാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നു ഭര്‍ത്താവും അതിന് എതിരുനില്‍ക്കുന്ന ഭാര്യ സരസയുമായുള്ള വഴക്കുകള്‍ കഥയെ തന്മയത്വരൂപിതമാക്കുന്നു.
അവസാന താളുകളില്‍ 'ഭ്രമണം' എന്ന കഥയാണ്. വര്‍ഷങ്ങള്‍ ജയിലിനുള്ളില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ ഒരു നാരായണപിള്ളയുടെ കഥ. സമ്പത്തിന്റെ നടുവില്‍ ജീവിച്ച അയാളെ സാഹചര്യങ്ങള്‍മൂലം ഒരു കൊലപാതകിയുടെ പരിവേഷം അണിയിച്ചു. ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി മകളുടെ കിടപ്പറയില്‍ കണ്ട ഒരു യുവാവിനെ നാരായണ പിള്ള കൊലപ്പെടുത്തി. ശിക്ഷ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ പുറത്തിറങ്ങുന്നു. ആരും അയാളെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നില്ല. നാടാകെ മാറിയിരിക്കുന്നു. പടിപ്പുരകളോടുകൂടിയ അയാളുടെ വീട് ജീര്‍ണ്ണിച്ച അവസ്ഥയില്‍ കാണുന്നു. ഒരു മനുഷ്യനവിടെ പുക വലിച്ചുകൊണ്ടിരിക്കുന്നുണ്ട്. മകളോട് അയാള്‍ ക്ഷമിച്ചിരുന്നു. ഭാര്യയെ കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം അയാളെ ആ വീട്ടില്‍ എത്തിച്ചു. എങ്കിലും നിരാശനായി അയാള്‍ മടങ്ങി പോവുന്നു. എങ്ങോട്ട്? അറിയില്ല! കഥയവിടെ അവസാനിക്കുകയാണ്.
താത്ത്വികവും ആശയസമ്പുഷ്ടവുമായ ചെറുകഥാ സമാഹാരങ്ങളടങ്ങിയ 'കാലത്തിന്റെ കാല്‍പ്പാടുകള്‍' രചിച്ച ശ്രീ ജോണ്‍ വേറ്റത്തിന് എന്റെ അനുമോദനങ്ങള്‍. അങ്ങ് എഴുതിയ പുസ്തകം കയ്യപ്പോടെ, ഉപചാര വചനങ്ങളോടെ തപാലില്‍ അയച്ചു തന്ന അങ്ങേയ്ക്ക് എന്റെ നന്ദിയും. അതുപോലെ, ഈമലയാളി പത്രാധിപര്‍ ശ്രീ ജോര്‍ജ് ജോസഫ്, പ്രസിദ്ധ സാഹിത്യകാരനായ ഡോ. എം.കാരശേരി എന്നിവരുടെ സന്നിധാനത്തില്‍ നടത്തിയ പുസ്തകപ്രകാശനവും അമേരിക്കന്‍ മലയാള സാഹിത്യത്തിലേയും പ്രവാസി ചരിത്രത്തിലെയും ധന്യമായ നിമിഷങ്ങളായിരുന്നു.
സംഗ്രഹവും അവയുടെ വിലയിരുത്തലും
വിദഗ്‌ധമായി നിർവഹിച്ചിട്ടുണ്ട്. ശ്രീ
പടന്നമാക്കൽ സാറിനു അഭിനന്ദനം. ശ്രീ വേറ്റം
സാർ ഇനിയും നല്ല നല്ല കഥകൾ രചിച്ച്
വായനക്കാർക്ക് സന്തോഷം പകരട്ടെ.