ശ്രീമദ് വാല്‍മീകി രാമായണം, ശ്രീമദ് ഭാഗവതം പോലെ തന്നെ നമ്മുടെ ഭാരതത്തിന്റെ അപൂര്‍വ്വ സമ്പത്താണ്.
ഇവ രണ്ടും വിശ്വ വിഖ്യാതവുമാണെന്നു എല്ലാവര്ക്കും അറിയാം. ശ്രീരാമന്‍ സീതാന്വേഷണര്‍ത്ഥം ധര്‍മ്മത്തിന്റെയും സത്യത്തിന്റെയും പാതയിലൂടെ നടത്തിയ അയനം അഥവാ പ്രയാണമാണ് ശ്രീമദ് രാമായണം. ഇതിലെ കഥാപാത്രങ്ങളെല്ലാം എല്ലാവര്ക്കും സുപരിതരുമാണ്.
രാമായണത്തെ മൊത്തം 6 കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. (ഏഴാമത്തെ കാണ്ഡമായ ഉത്തരകാണ്ഡം സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്നതായതിനാല്‍ സാധാരണ നവാഹങ്ങളില്‍ ഈ കാണ്ഡം ഉള്‍പ്പെടുത്താറില്ല) 6 കാണ്ഡങ്ങള്‍ ഇപ്രകാരമാണ്:
1. ബാലകാണ്ഡം 2.അയോദ്ധ്യാ കാണ്ഡം 3.ആരണ്യകാണ്ഡം 4. കിഷ്കിന്ധാ കാണ്ഡം 5.സുന്ദര കാണ്ഡം 6. യുദ്ധ കാണ്ഡം .
ഇതില്‍ ഏറ്റവും മര്‍മ്മ പ്രധാനമായ കാണ്ഡം സുന്ദര കാണ്ഡമായി കരുതുന്നു. കാരണങ്ങള്‍:
1. ഏറ്റവും സുന്ദരമായ കാണ്ഡം
2. ഹനുമാന് സുന്ദരന്‍ എന്ന ഒരു പേരുകൂടിയുണ്ട്. അപ്പോള്‍ ഇതു് സുന്ദരനായ ഹനുമാനെപ്പറ്റി യുള്ളതുകൂടിയാണ്..
അഞ്ജനാ തനയനായ ഹനുമാന്‍ ബാല്യത്തില്‍ വളരെ സുന്ദരനായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രനുമായുള്ള ഏറ്റുമുട്ടലില്‍, ദേവേന്ദ്രന്റെ വജ്രായുധം കൊണ്ടുള്ള പ്രഹരം ലഭിച്ചപ്പോള്‍, അതില്‍, അദ്ദേഹത്തിന്റെ 'ഹനു' താടിയെല്ല്) വിനു നീളം വച്ചതിനാലാണ് മുഖത്തിന്റെ രൂപം മാറിയത്. വീരപരാക്രമിയായിരുന്ന ഹനുമാന്‍ ഒരിക്കല്‍ സുര്യനെ വിഴുങ്ങി, മൊത്തം ലോകത്തെ അന്ധകാരത്തിലാക്കിയ കഥ ഏവര്‍ക്കും അറിയാമല്ലോ. അതേ സൂര്യനില്‍ നിന്ന് തന്നെ, പിന്നീട് ഹനുമാന്‍ സംസ്കൃത വ്യാകരണ പാണ്ഡിത്യം സമ്പാദിച്ചു. തന്റെ നിത്യ കര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചൂ ഒരിടത്തു സ്ഥിരമായി ഇരുന്നു പഠിപ്പിക്കാന്‍ സാധ്യമല്ലെന്നും കൂടെ ഒപ്പം ചരിക്കണമെന്നും പറഞ്ഞതനുസരിച്ചു ഹനുമാന്‍ ഒപ്പം സൂര്യന്റെ കൂടെ സഞ്ചരിച്ചാണ് പാണ്ഡിത്യം സമ്പാദിച്ചതെന്നു പറയുന്നു.
ഇനി കഥയിലേക്ക് കടക്കാം. സുഗ്രീവന്റെ അഭിപ്രായ പ്രകാരം, താപസ വേഷം ധരിച്ച മൂന്നു പേര്‍ കാട്ടില്‍ വന്നിരിക്കുന്നത് എന്തിനാണ് വെറുതെയോ തങ്ങളുമായി യുദ്ധത്തിനായി വന്ന ശത്രുക്കളാണോ എന്നറിഞ്ഞു കൊണ്ട് വരുവാന്‍! ശ്രീരാമനും ലക്ഷ്മണനുമായി നേരില്‍ കണ്ടു അഭിമുഖ സംഭാഷണം ചെയ്തപ്പോളാണ് അത് താന്‍ എത്രയോ കാലമായി കാണാന്‍ കൊതിച്ചിരുന്ന, മഹാവിഷ്ണുവിന്റെ അവതാരമായ സാക്ഷാല്‍ ശ്രീരാമചന്ദ്രനാണെന്ന മഹാസത്യം ഹനുമാന് മനസ്സിലായത്. മടങ്ങിയെത്തിയ ഹനുമാന്‍ ശ്രീരാമനെപ്പറ്റിയും അദ്ദേഹത്തിന്റെ ആഗമനോദ്ദേശത്തെപ്പറ്റിയും സുഗ്രീവനോട് വിസ്തരിച്ചു പറഞ്ഞു. ശ്രീരാമനെപ്പറ്റി ഹനുമാന്‍ വര്‍ണ്ണിച്ചത് ഇപ്രകാരമാണ്
"രാമ: സംസ്കാര സമ്പന്ന: !" എന്നാണ്. പിന്നീട് ശ്രീരാമന്റെ ഇച്ഛാനുസരണം ഹനുമാന്‍ രാവണന്‍ അപഹരിച്ചുകൊണ്ടു പോയ സീതയെ അന്വേഷിച്ചു പ്രയാണമാരംഭിച്ചു. വളരെ വലിയ ഒരു സാഹസിക യാത്രയായിരുന്നു. മാര്‍ഗ്ഗമദ്ധ്യേ, ഹനുമാന് എത്രയോ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു.
ആദ്യമായി, ഒരു മഹാസമുദ്രം അദ്ദേഹം ആകാശ മാര്‍ഗ്ഗം പൊയ്‌ക്കൊണ്ടിരുന്നു. പെട്ടെന്ന് നാഗ ജനനിയായ 'സുരസ' യുമായി ഒരു ദ്വന്ദ യുദ്ധം ചെയ്യേണ്ടി വന്നു. പക്ഷെ, രാമകാര്യമായി സീതാന്വേഷണത്തിനു പോവുകയാണെന്നറിഞ്ഞപ്പോള്‍, അവള്‍ ഹനുമാനെ, അനുഗ്രഹിച്ചയച്ചു. ഹനുമാന്‍ നന്ദിപറഞ്, പ്രയാണം തുടര്‍ന്നു.
അടുത്തതായി, യാത്രാമദ്ധ്യേ, രണ്ടാമതായി നേരിടേണ്ടി വന്നത് ഛായാ ഗ്രാഹിണി (ഹിംസിക) എന്ന രാക്ഷസിയെയായിരുന്നു. ഏതൊരാളിന്റെയും, ഛായ(നിഴല്‍) പിടിച്ചു വലിച്ചു താഴെയിട്ടു സംഹരിച്ചു ഭക്ഷിക്കുമായിരുന്നു. ഹനുമാന്റെ യാത്രയ്ക്ക് ഭംഗം വരുത്താന്‍ ശ്രമിച്ചു. പക്ഷെ, അവളെ ചവുട്ടി കൊന്നിട്ട് ഹനുമാന്‍ തന്റെ യാത്ര തുടര്‍ന്നു . അടുത്തതായി, മൈനാക പര്‍വ്വതം കടലില്‍ നിന്ന് അപ്രതീക്ഷിതമായി പൊന്തി വന്നു. രാമകര്യാര്ഥം സീതാന്വേഷണത്തിനു ഹനുമാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍, യഥേഷ്ടം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ചെയ്തുകൊടുത്തു. എല്ലാ ആതിഥേയ മര്യാതകളും സവിനയം തിരസ്കരിച്ചു, തന്റെ ലക്ഷ്യ പൂര്‍ത്തിക്കായി യാത്ര തുടര്‍ന്നു.
അദ്ഭുതകരമായി , സമുദ്രം താണ്ടിക്കഴിഞ്ഞപ്പോള്‍, താഴെ കണ്ട ഒരു നഗരത്തില്‍ ഇറങ്ങി. അത് രാവണന്റെ ലങ്കാപുരി ആയിരുന്നു. അത്, ഹനുമാന് മനസ്സിലായിരുന്നില്ല. അവിടെ ചുറ്റിക്കറങ്ങുമ്പോള്‍, അശോക വനത്തിലെത്തി. ഹനുമാന്‍, അവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ സന്തപ്തയായിരിക്കുന്ന, അതി തേജസ്വിനിയായ ഒരു സ്ത്രീയെ കണ്ടു. അത് ലക്ഷണം കൊണ്ട് സീതയായിരിക്കുമെന്ന് മനസ്സിലുറച്ചു അവരോട് സംസാരിച്ചപ്പോള്‍ താന്‍ അന്വേഷിച്ചു വന്ന സീത ദേവി തന്നെയെന്ന് ബോദ്ധ്യമായി. തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി. ശ്രീരാമന്റെ അംഗുലീയം ദേവിക്ക് നല്‍കി, താന്‍ രാമദൂതനെന്നു ദേവിയെ ബോദ്ധ്യ പ്പെടുത്തി. താന്‍ സീതയെത്തന്നെയാണ് കണ്ടതെന്നുള്ളതിനു, ഉപോല്‍ബലകമായി ശ്രീരാമന് സമര്‍പ്പിക്കാന്‍, സീത ശിരസ്സിലണിയുന്ന ചൂഢാമണി സീതയുടെ നിര്‍ദ്ദേശ പ്രകാരം വാങ്ങി തന്റെ പക്കല്‍ സൂക്ഷിച്ചു. ശ്രീരാമന്റെ രൂപത്തെപ്പറ്റി വിവരിക്കാന്‍ പറഞ്ഞപ്പോള്‍, ഹനുമാന്‍ ഇപ്രകാരം വിവരിച്ചു:
രാമ: കമലപത്രാക്ഷ: സര്‍വ്വസത്വ മനോഹര:
രൂപദാക്ഷിണ്യ സമ്പന്ന: പ്രസുതോ ജനകാത്മജേ:
ഹനുമാനെ കാണാനിടയായ രാവണകിങ്കരന്മാര്‍, ഹനുമാനെ പിടികൂടി. രാവണ പുത്രനായ മേഘനാദന്‍ എന്ന് വിളിക്കുന്ന ഇന്ദ്രജിത്, ഹനുമാനെ, നാഗാസ്ത്രത്താല്‍ ബന്ധിച്ചു രാവണന്റെ മുമ്പില്‍ ഹാജരാക്കി. രാമദ്ദൂതനാണെന്നറിഞ്ഞ രാവണന്‍, ഹനുമാനെ, വാലില്‍ തീ കൊളുത്തി അപമാനിക്കാന്‍ തീരുമാനിച്ചു. വാലില്‍ കൊളുത്തിയ തീയുമായി ഹനുമാന്‍ ലങ്കാനഗരത്തില്‍ പല സ്ഥലങ്ങളും അഗ്‌നിയ്ക്കിരയാക്കി. പിന്നീട് സമുദ്രത്തില്‍ ചാടി അഗ്‌നിശമനം വരുത്തിയശേഷം രാമ സമക്ഷത്തേക്ക് ആകാശമാര്‍ഗ്ഗം മടക്ക യാത്ര തുടര്‍ന്നു.
ലങ്കാനഗരത്തെപ്പറ്റിയും, രാവണന്റെ കൊട്ടാരത്തെപ്പറ്റിയും, സീതയെ രാവണന്‍ തടവില്‍ പാര്‍പ്പിച്ച അശോക വനത്തെപ്പറ്റിയും വാല്മീകി വളരെ മനോഹരമായി, പദഭംഗിയിലും, പ്രാസഭംഗിയിലും ഏറ്റവും മികച്ച ഭാഷയില്‍ വിവരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ്, രാമായണത്തിന്റെ തുടക്കത്തില്‍ ആദികവിയായ വാല്മീകിയെഇപ്രകാരം പ്രശംസിച്ചിരിക്കുന്നത്:
കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാ ശാഖാം വന്ദേ വാല്‍മീകി കോകിലം!
അതെ, വാല്‍മീകി എന്ന മുനി കോകിലം, മധുരാക്ഷരങ്ങളില്‍ കുളിച്ച പദങ്ങള്‍ കോര്‍ത്ത് മനോഹരമായി വിരചിച്ച ശ്രീമദ് (വാല്മീകി) രാമായണമെന്ന മഹാകാവ്യം ലോകത്തിനു സമ്മാനിച്ചു.
മടങ്ങിയെത്തിയ ഹനുമാന്‍, ശ്രീരാമനോട് ലങ്കാസന്ദര്ശനത്തിന്റെ വൃത്താന്തവും സീതാ ദര്‍ശനവും ലങ്കയെപ്പറ്റിയുള്ള പൂര്‍ണ്ണ വിവരണവും നല്‍കി, ശ്രീരാമന്റെ പ്രശംസയും വിശ്വാസവും നേടി.
'ശ്രീ' എന്നാല്‍, ഐശ്വര്യ വതിയായ സാക്ഷാല്‍ മഹാലക്ഷ്മിയുടെ പൂര്‍ണ്ണാവതാരമായ സീത എന്നര്‍ത്ഥം. ശ്രീത്വം തുളുമ്പുന്ന സീത കുറെ മാസങ്ങള്‍ ലങ്കയില്‍ കഴിഞ്ഞതിനാലാണ്, ലങ്കയ്ക്ക് 'ശ്രീലങ്ക' എന്ന പേരു ലഭിച്ചത്.
രാമായണ മാസത്തില്‍ രാമായണ പാരായണവും, വിശേഷിച്ചു സുന്ദരകാണ്ഡ പരായണമെങ്കിലും ചെയ്യുന്നത് സര്‍വഐശ്വര്യത്തിനും കാര്യസാദ്ധ്യത്തിനും വളരെ നല്ലതാണെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. രാമായണ മാസത്തില്‍, പാരായണത്തില്‍, സുന്ദരകാണ്ഡം വളരെ പ്രാധാന്യത്തോടെ, വായിക്കുകയും, പാരായണ ശേഷം, പായസമോ, മറ്റൊ ശ്രീരാമന് നിവേദ്യമായി വച്ചു പൂജചെയ്യാറുമുണ്ട്.
അതിനാല്‍, എക്കാലത്തും, രാമായണ മാസത്തില്‍ പ്രത്യേകിച്ചും, സുന്ദരകാണ്ഡം, രാമായണത്തിലെ മറ്റു കാണ്ഡങ്ങളെക്കാള്‍, വളരെ സമുന്നതമായ സ്ഥാനം വഹിക്കുന്നു.