ഓണം വരുന്നെന്നു കേട്ടൊരാനേരം എന്‍
ഓര്‍മ്മകള്‍ കോരിത്തരിച്ചുണര്‍ന്നു
പൂര്‍വ്വകാലം സ്മരണീയമെന്‍ നാളുകള്‍
പൂഞ്ചിറകേറിപ്പറന്നു വന്നു!
കേരളം പണ്ടുകാലങ്ങളില്‍ വാണൊരാ
കേമനാം രാജന്‍തന്‍ സ്മ്രിതിയുണര്‍ന്നു;
സത്യവും ധര്‍മ്മവും നീതിയും നാടിനെ
വ്യത്യസ്തമാക്കിയ കാലങ്ങളോര്‍ത്തു!
മാവേലിമന്നനെ സ്വീകരിച്ചീടുവാന്‍
മാനവരാനന്ദമോടൊരുങ്ങി
മുറ്റം പ്രസന്നരായ് ഊഞ്ഞാലിലാടുന്നു
മുറ്റത്തു തീര്‍ക്കുന്നു പൂക്കളങ്ങള്‍!
തുമ്പിതുള്ളല്‍, തിരുവാതിര നൃത്തവും
ഇമ്പമേകും കടുവാകളിയും
ഓണത്തിനെത്രയാവേശമേകീടുന്നു
ഓണനിലാവിലെ കേളികളും!
ബന്ധുജനങ്ങളെല്ലാം ഒത്തുകൂടുന്നു
ബന്ധുരമാം പുതുവസ്ത്രങ്ങളില്‍
തുമ്പപ്പൂച്ചോറും പന്ത്രണ്ടു കൂട്ടാനതും
വമ്പിച്ച സദ്യകളില്‍ വിളമ്പുന്നു!
അത്തം പത്തോണദിനങ്ങളിലേവരും
ഒത്തൊരുമിച്ചുല്ലസിക്കുന്ന നേരം
ജാതിമതത്തിന്റെ വേലികള്‍ നീങ്ങുന്നു
സാധ്യര്‍മ്മ്യഭാവമാം പുഞ്ചിരിയില്‍!
നാടാകെയീവിധം ദോഷവിഹീനമാം
മാവേലി തന്‍ നാള്‍കളോര്‍ത്തീടുമ്പോള്‍
പണ്ടുകാലം മുതലാശിച്ചിരുന്നു ഞാന്‍
വീണ്ടുമാനാളുകള്‍ വന്നിരുന്നെങ്കില്‍!!