ബത്‌ഷേബാ ചിന്തയിലായിരുന്നു.
ഊറിയാ, നിന്റെ കാല്‍പ്പെരുമാറ്റത്തിനല്ലെ ഞാന്‍ കാതോര്‍ത്തിരിക്കുന്നത്. നിന്റെ ഒരാലിംഗനത്തിനവേണ്ടിയല്ലെ ഞാന്‍ നിമിഷങ്ങളെ യുഗങ്ങളാക്കുന്നത്. നിന്റെ മാറില്‍ ചാരിനിന്നൊന്നാശ്വസിക്കാനല്ലെ ഞാനെന്റെ ആഗ്രഹങ്ങളെയൊക്കെ മൂടിവയ്ക്കുന്നത്.' അവള്‍ അമ്മയെത്തിരയുന്ന കൊച്ചുകുട്ടിയെപ്പോലെ അസ്വസ്ഥയായിരുന്നു; സമ്മിശ്രവികാരങ്ങളാല്‍ തരളിതയായിരുന്നു.
ഊറിയാ നീയൊരു പടയാളിയല്ലായിരുന്നെങ്കില്‍, നീയൊരു ബേക്കറിക്കാരനൊ കര്‍ഷകനൊ ആയിരുന്നെങ്കില്‍ രാത്രിയുടെ യാമങ്ങള്‍ നമുക്കു മാത്രമാകുമായിരുന്നില്ലേ? മധുവിധുനാളില്‍ പാതിപറഞ്ഞു നിര്‍ത്തിയ കഥകള്‍ നമുക്കു മുഴുപ്പിക്കാമായിരുന്നു. നിന്റെ കുഞ്ഞിനു ജന്മം കൊടുത്ത് എന്നിലെ അമ്മയെ തൃപ്തിപ്പെടുത്താമായിരുന്നു.
ചിന്തകള്‍ കാടുകയറുമ്പോള്‍ വാടിയമുഖമുയര്‍ത്തി അവള്‍ പരിചാരികയെ നോക്കി.കുളിക്കാന്‍ സമയമാല്ലൊ എന്ന് പരിചാരിക ഓര്‍മ്മിപ്പിച്ചു. ശരിയാണ്, പകല്‍വെളിച്ചം മാഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സമയം വെളിയില്‍ പോയാല്‍ നക്ഷത്രങ്ങള്‍ വിടരും വരെ അവിടെയിരിക്കാം.
അവള്‍ അന്നു കണ്ട സന്ധ്യ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കിഴക്കും പടിഞ്ഞാറും രാഗപ്രഭതൂകി നില്‍ക്കുന്ന സൂര്യചന്ദ്രന്മാര്‍! ആകാശമേഘങ്ങളുടെ വര്‍ണ്ണപ്പൊലിമ വാക്കുകള്‍ക്കതീതമാകുന്നു. മനോഹരമായ സായന്തനം ഊറിയായോടൊപ്പം കഴിച്ചുകൂട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. അവിടെ തേജോഗോളങ്ങളുടെ നടുവില്‍ ഭൂമിയിലെ ഒരു കൊച്ചുതാരമായി ബത്‌ഷേബാ ശോഭിച്ചു.
സന്ധ്യയുടെ നിഴല്‍ വീണ, വര്‍ണ്ണരേണുക്കളാല്‍ അലംകൃതമായ നദിയില്‍ നേരിയ കുളിവസ്ത്രത്തിന്റെ ചാരുതയില്‍ ബത്‌ഷേബാ കുളിക്കാനിറങ്ങി. അലകളെ മാടിയൊതുക്കി കുളിക്കുമ്പോഴും ഓര്‍മ്മകള്‍ അലകളായി ചിന്നിചിതറി. ഊറിയാ തന്റെ കൈപിടിച്ച് ആമുംമ്മണമ്മേലെ നടന്നത്, ഒരു പൂവിനേക്കാള്‍ മൃദുവും സുന്ദരവുമാണ് നീ എന്നു പറഞ്ഞ് ചേര്‍ത്തുപിടിച്ചത്, ആലിംഗനങ്ങളാല്‍ വീര്‍പ്പുമുട്ടിച്ചത്, ഒന്നിച്ചൊരു കുളിയില്‍ അവസാനിക്കുന്ന സായന്തനങ്ങള്‍ ഓര്‍മ്മയിലേക്കു തിക്കിത്തിരക്കി വന്നു.
കുളികഴിഞ്ഞ് വസ്ത്രം മാറി വന്നപ്പോള്‍ അവള്‍ക്ക് കൂടുതല്‍ അഴകുവന്നപോലെ. പരിചാരിക അവള്‍ക്കിഷ്ടമുള്ള മുന്തിരിയടയും ആപ്പിളും ഒരുക്കി കാത്തിരുന്നു. ഉറങ്ങാന്‍ പോകുന്നതുവരെയും അവളുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് അവള്‍ കൂടെത്തന്നെ നിന്നു.
അന്ന് ദാവീദ് രാജാവും സൈന്യവും അമോരുരുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലമായിരുന്നു. സര്‍വ്വസൈന്യാധിപനായ യോവാബിനെയും അവനോടുക്കൂടെ തന്റെ സൈന്യത്തെയും അയച്ച് രാജാവു ജറുശലേമില്‍ത്തന്നെ വസിക്കുകയായിരുന്നു. സൈന്യത്തിലെ ധീരയോദ്ധാക്കളില്‍ പ്രധാനിയായിരുന്നു; ഊറിയ. വിശ്വസ്തനും വീരപരാക്രമിയുമായ അദ്ദേഹം ഇസ്രായേല്‍ ജനത്തിനെ ശത്രുക്കളുടെ കൈയില്‍ നിന്നും രക്ഷിക്കാന്‍ എല്ലാ സുഖങ്ങളും മാറ്റിവച്ച് സര്‍വ്വാത്മനാ യന്തിച്ചു
രാജാവ് സായന്തനത്തില്‍ മട്ടുപ്ലാവില്‍ ഉലാത്തുമ്പോള്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി കുളികഴിഞ്ഞ് കയറിപ്പോകുന്നത് കണ്ടു. ആരാണെന്നറിയാനുള്ള ആകംക്ഷയോടെ ഉറങ്ങിയുണര്‍ന്ന അദ്ദേഹം സേവകരെ വിളിച്ച ആ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. ഊരിയായുടെ ഭാര്യയാണെന്നറിഞ്ഞിട്ടും അവളെക്കാണാനുള്ള ആഗ്രഹം രാജാവ് ഉപേക്ഷിച്ചില്ല.
അന്ന് ബത്‌ഷേബാ തന്റെ ആട്ടുകട്ടിലില്‍ ദിവാസ്വപ്‌നങ്ങളിലായിരുന്നു. രാജവേകന്മാര്‍ അവളെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. കാരണമറിയാതെ അവള്‍ അമാന്തിച്ചു നിന്നപ്പോള്‍ 'രാജകല്‍പനയല്ലെ തിരസ്‌ക്കരിക്കാനാവില്ലല്ലൊ പോയി വരൂ' എന്നു കാര്യസ്ഥനും പരിചാരികയും ഓര്‍മ്മിപ്പിച്ചു. മനസ്സില്ലാമനസ്സോടെ അവള്‍ കൊട്ടാരത്തിലേക്കു പോയി.
രാജകൊട്ടാരത്തില്‍ രാജാവ് അവളെ സന്തോഷത്തോടെ സ്വീകരിച്ചു. രാജാവ് പറഞ്ഞു. കുളികഴിഞ്ഞു പോകുന്ന നിന്നെയൊന്നു കാണണമെന്നു തോന്നി. ഇപ്പോള്‍ നീ അതിലും എത്രയോ സുന്ദരിയാണ്. വെള്ളിനക്ഷത്രം കണക്കെ എന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ നിന്നെ പറഞ്ഞുവിടാനാകും? അദ്ദേഹം അവളെ ചേര്‍ത്തുപിടിച്ച് തന്റെ മുറിയിലേക്കാനയിച്ചു. തന്റെ ഉള്ളില്‍ നിന്നും ആളിപ്പടര്‍ന്നൊരുവിറയല്‍ രാജാവ് അറിഞ്ഞില്ലെന്നുണ്ടോ? ഞാന്‍..... ഞാന്‍ അവള്‍ എന്തൊക്കെയോ പറയാനാഞ്ഞു. ഒന്നും പറയാനാവാതെ വിഷണ്ണയായി തന്നെത്തന്നെ ഒതുക്കി അവള്‍ വിശാലമായ കട്ടിലിന്റെ കോണില്‍ കുനിഞ്ഞിരുന്നു.
രാജാവ് വളരെ സ്‌നേഹത്തോടെ ആദരവോടെ അടുത്തുവന്ന് അവളുടെ മൃദുവായ കൈകളിലും പിന്നെ അളകങ്ങള്‍ മാടിയൊതുക്കി അവളുടെ നെറുകയിലും ചുംബിച്ചു. പുകഞ്ഞു നീറുന്ന വേദനയോടെ ആ ചലനങ്ങളെ അവള്‍ ഏറ്റുവാങ്ങി? ഓമനെ നീ ഊറിയാവിന്റെ ഭാര്യയാണെന്നറിയാം. അവന്‍ എന്റെ വിശ്വസ്ഥനായ പടയാളിയാണ്. എന്നാലും ഈ രാത്രി നീ എനിക്കുമാത്രമുള്ളവളാണ്. ഊറിയായെ എദയത്തില്‍ പ്രതിഷ്ഠിച്ച് രാജകല്പനയ്ക്കവള്‍ വഴങ്ങി.
പ്രഭാതത്തില്‍ രാജസേവകന്മാര്‍ അവളെ വീട്ടില്‍ എത്തിച്ചു. ആഴ്ചകള്‍ കഴിഞ്ഞു. ബത്‌ഷേബായ്ക്ക് ആലസ്യവും ഭക്ഷണത്തോടുള്ള അപ്രിയവും മറ്റും കണ്ടുതുടങ്ങി. കാര്യം മനസിലാക്കിയ പരിചാരിക ബത്‌ഷേബയേ വിളിച്ച് രാജാവിനോടല്ലാതെ ആരോടും ഇക്കാര്യം പറയരുതെന്നു താക്കീതു ചെയ്തു. ബത്‌ഷേബാ തന്റെ ദുര്‍വിധിയോര്‍ത്തു വാവിട്ടുകരഞ്ഞു. വീടിന്റെ അകത്തളങ്ങളില്‍ അതു മാറ്റൊലിക്കൊണ്ട് ഒരു അലറിക്കരച്ചിലായി മാറി.
ഊറിയായെ കാത്തിരുന്നവള്‍; അവന്റെ കുഞ്ഞിനു ജന്മംകൊടുക്കാന്‍ കൊതിച്ചവള്‍! ഊറിയാ വരുമ്പോള്‍ താന്‍ എന്താണു പറയുക. വിതുമ്പലുകള്‍ക്കും തേങ്ങലുകള്‍ക്കും ഇനി സ്ഥാനമില്ലെന്നു മനസ്സിലാക്കി അവള്‍ രാജാവിനെ വിവരം അറിയിച്ചു.
രാജാവ് പരിഭ്രാന്തനായി. ഊറിയാ ഈ വിവരം അറിയരുത്. അറിഞ്ഞാല്‍ എല്ലാം തകിടം മറിയും. ഉടനെതന്നെ രാജാവ് ഊറിയായെ വിളിപ്പിച്ചു. കൊട്ടാരത്തില്‍ മൃഷ്ടാന്ന ഭോജനവും കഴിഞ്ഞ് ഭാര്യയോടൊപ്പം രണ്ടു ദിവസം കഴിച്ചുക്കൂട്ടാന്‍ അയാളെ അനുവദിച്ചു. പക്ഷെ ഊറിയാ പോയില്ല. യജമാനനായ യോവാബും ഭൃത്യന്മാരും പാളയത്തിലാണ്. ആ സമയത്ത് ഞാന്‍ എങ്ങനെ ഭാര്യയുടെ അടുത്തു പോകും? അടുത്ത ദിവസവും ഊറിയായെ ലഹരിപിടിപ്പിച്ച് വീട്ടിലേക്കു വിട്ടു. അന്നും ഊറിയാ പോയില്ല. യുദ്ധമുഖത്തുനിന്നും വിജയശ്രീലാളിതനായി വന്ന് തന്റെ ഭാര്യയെ കാണുന്നത് ഒരാഘോഷമാക്കാന്‍ കാത്തിരിക്കുന്ന ഊറിയാ ഒരു ലഘുസന്ദര്‍ശനത്തിനാഗ്രഹിച്ചില്ല. ഒരു യഥാര്‍ത്ഥപടയാളിയും രാജഭക്തനുമായിരുന്ന അദ്ദേഹം സുന്ദരിയും സുശീലയുമായ തന്റെ ഭാര്യയെ സ്വപ്‌നം കണ്ടുറങ്ങി.
ഊറിയായെ വധിക്കാതെ തരമില്ലെന്നു മനസ്സിലാക്കിയ രാജാവ് ഊറിയായുടെ കൈയില്‍ യോവാബിനൊരു കത്തു കൊടുത്തു വിട്ടു. അവന്‍ ഇങ്ങനെയുഴുതി 'യുദ്ധം നടക്കുന്നിടത്ത് ഊറിയായെ മുന്നണിയില്‍ നിര്‍ത്തുക; പിന്നെ അവന്‍ വെട്ടേറ്റു മരിക്കേണ്ടതിന് അവനെ വിട്ടു പിന്‍വാങ്ങുക'
ശത്രുക്കള്‍ നഗരം വളയവേ യോവാബു ഊറിയായെ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്തു നിര്‍ത്തി. രാജാവു കല്പിച്ചതുപോലെ യോവാബു പ്രവര്‍ത്തിച്ചു. ആര്‍ക്കും സംശയത്തിടവരാത്തവണ്ണം ഊറിയാ മരിച്ചു.
ഊറിയയുടെ മരണം രാജാവിനെ അറിയിച്ചപ്പോള്‍ യുദ്ധത്തില്‍ ആരൊക്കെ മരിക്കും എന്നു മുന്‍കൂട്ടി പറയാനാവില്ല. വിശ്വസ്തനും ധീരനുമായ ഒരു യോദ്ധാവിനെയാണു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാലും ധൈര്യം കൈവിടാതെ ശത്രുക്കളോടു പൊരുതൂ' എന്ന് അദ്ദേഹം പറഞ്ഞു.
യഹൂദപ്രമാണമനുസരിച്ച് മൂന്നു ദിവസം വിലാപകാലമാണ്. അപ്പോള്‍ തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ ദൈവസന്നിധിയിലേക്കു ചേര്‍ത്തുകൊള്ളണമേയെന്ന് അവര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. ബത്‌ഷേബാ തന്റെ കുടുംബാംഗങ്ങളോടൊപ്പം മൂന്നു ദിവസം ദുഃഖമാചരിച്ചു. അവളുടെ മനസ്സിന്റെ വിങ്ങലും വേദനയും വിങ്ങലും ദൈവത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. പ്രാണപ്രിയനു വേണ്ടി സ്വപ്‌നങ്ങള്‍ നെയ്തുകാത്തിരുന്നവള്‍, അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ പോലുമാകാതെ തന്റെ വിധിയെ പഴിച്ചെങ്കിലും എല്ലാം ദൈവഹിതമെന്നു സമാധാനിക്കാന്‍ ശ്രമിച്ചു.
ഊറിയായെ പ്രാര്‍ത്ഥനയോടും സകലവിധ ബഹുമതികളോടും കൂടെ പാളയത്തിനു പുറത്തു സംസ്‌ക്കരിച്ചു എന്ന വാര്‍ത്ത ബത്‌ഷേബാ അറിഞ്ഞു, അപ്പോള്‍ വാവിട്ടുകരഞ്ഞു പോയെങ്കിലും തന്റെ മനസ്സിനെ പാകപ്പെടുത്താനുള്ള ഉദ്യമം അവള്‍ ഉപേക്ഷിച്ചില്ല.
വിലാപകാലം കഴിഞ്ഞ് രാജാവ് ബത്‌ഷേബായെ ഭാര്യായി സ്വീകരിച്ചു. തന്റെ ഇംഗിതമനുസരിച്ച് കാര്യങ്ങള്‍ നടന്നതില്‍ ദാവീദ് സന്തോഷിച്ചു.
ദാവീദിന്റെ പ്രവൃത്തികള്‍ ദൈവത്തിനു ഹിതകരമായിരുന്നില്ല. ബത്‌ഷേബയില്‍ ഉണ്ടായ ആദ്യകുഞ്ഞിനെ ദൈവം മരണത്തിനു വിട്ടുകൊടുത്തു. ആ കുഞ്ഞിന്റെ ജീവനുവേണ്ടി രാജാവു കരഞ്ഞു പ്രാര്‍ത്ഥിച്ചിട്ടും ദൈവം ചെവികൊണ്ടില്ല. ബത്‌ഷേബയില്‍ ദാവീദിനു നാലു കുഞ്ഞുങ്ങള്‍ പിറന്നു. എങ്കിലും അവളോടു ചെയ്ത ചതി രാജാവിനെ വേട്ടയാടിക്കൊണ്ടിരുന്നു. തന്റെ കുറ്റബോധത്തില്‍ നിന്നുണ്ടായ പ്രാര്‍ത്ഥനകള്‍ അദ്ദേഹം നിരന്തരം ദൈവസന്നിധിയില്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ രാജാവും ബത്‌ഷേബയും കൂടി ഉദ്യാനഭംഗി നുകര്‍ന്നുകൊണ്ടു നില്‍ക്കവേ രാജാവ് വളരെ വിഷണ്ണനായി കാണപ്പെട്ടു. 'എന്താണ് അങ്ങ് ദുഃഖിതനായി കാണുന്നതിനു കാരണം' ബത്‌ഷേബാ ചോദിച്ചു. എല്ലാം തുറന്നു പറഞ്ഞ് തന്റെ കുറ്റബോധത്തില്‍ നിന്നും മോചിതനായാലൊ എന്നു രാജാവു ചിന്തിച്ചു. വേണ്ട നിഷ്‌ക്കളങ്കയായ അവളുടെ ശാപം തന്നെ ഭസമമാക്കിക്കളഞ്ഞാലൊ എന്ന് ആത്മഗതം ചെയ്തിട്ട് അദ്ദേഹം 'ഒന്നുമില്ല പ്രിയേ, ഞാന്‍ നമ്മുടെ ആദ്യകുഞ്ഞിനെ ഓര്‍ത്തുപോയതാണ്.' എന്നു പറഞ്ഞ് അവളെ ചേര്‍ത്തുപിടിച്ച് കവിളില്‍ ചുംബിച്ചു. ബത്‌ഷേബാ അപ്പോള്‍ തന്റെ പ്രാണപ്രിയനായിരുന്ന ഊറിയായെ ഓര്‍ത്തു കരഞ്ഞു. ശരീരം അതിന്റെ ആഗ്രഹങ്ങള്‍ക്കു വഴങ്ങിയാലും അവളുടെ മനസ്സ് ഒരിക്കലും ഊറിയായില്‍ നിന്നും വിമുക്തമായിരുന്നില്ല.
ബത്‌ഷേബാ രാജാവിനു പ്രിയപ്പെട്ടവളായിരുന്നു. രാജാവു ചെയ്ത ചതി അവളെന്നല്ല് ആരും അറിഞ്ഞിരുന്നില്ല. ആരോടുമൊന്നു മനസ്സുതുറക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ രാജാവു ദുഃഖഭാരത്താല്‍ വലഞ്ഞിരുന്നു.
അവസാനത്തെ പുത്രന്‍ തന്റെ വയറ്റില്‍ ഉരുവായതുമുതല്‍ അതൊരു ആണ്‍കുഞ്ഞായിരിക്കണമെന്നും അവന്‍ ഊറിയായെപ്പോലെ സ്വഭാവശുദ്ധിയുള്ളവനും ദീര്‍ഘകായനും കോമളനുമായിരിക്കണമെന്നും ബത്‌ഷേബാ വിചാരിക്കുമായിരുന്നു. അവളുടെ ആഗ്രഹം പോലെതന്നെ ഒരു ആണ്‍കുഞ്ഞു ജനിച്ചു. അവന്‍ എല്ലാവിധത്തിലും ഉത്തമനായ രാജകുമാരനായി വളര്‍ന്നു വന്നു. ഊറിയായുടെ നടപ്പും ഭാവവുമൊക്കെ അവനില്‍ പ്രകടമാകുന്നുണ്ടെന്ന് വെറുതെയെങ്കിലും അവള്‍ക്കുതോന്നുമായിരുന്നു. ബുദ്ധിശക്തിയും, കഴിവും മാനുഷികമൂല്യങ്ങളുമുള്ള തന്റെ മകന്‍ സോളമന്‍ അനന്തരാവകാശിയായിത്തീരണമെന്ന ആഗ്രഹം ബത്‌ഷേബാ രാജാവിനെ അറിയിച്ചു. അവന്‍ അതിനു എന്തുകൊണ്ടും യോഗ്യനാണെന്ന്ു മനസ്സിലാക്കിയ രാജാവ് അതിനു സമ്മതിച്ചു. ദാവീദു രാജാവിന്റെ മരണശേഷം സോളമന്‍ വളരെക്കാലം രാജ്യം ഭരിച്ചു ഉത്തമനായ ഭരണാധികാരി എന്ന ഖ്യാതി നേടി. ബത്‌ഷേബാ രാജമാതാവായി ബഹുമാനിതയാവുകയും ചെയ്തു.
(ബൈബിളിലെ ബത്‌ഷേബാ).
ത്രേസ്യാമ്മ നാടാവള്ളില്‍