അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ ആഘോഷങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളകവികള്‍ക്ക് ഈ കവിത സമര്‍പ്പിക്കുന്നു.
(ഒരു പകര്‍ച്ചവ്യാധി പോലെ അമേരിക്കയിലെ മലയാളി മധ്യവയസ്കര്‍ സാഹിത്യരംഗത്തേക്ക് പടര്‍ന്ന് കയറി. കവിതകളും ഗദ്യകവിതകളുമാണിവര്‍ പരീക്ഷിച്ചത്. ഒരു മാത്രുക നോക്കി പകര്‍ത്തുക എന്ന വ്യായാമം. പിന്നെ ചിലര്‍ നിരൂപണത്തിലേക്ക് തിരിഞ്ഞു. വല്ലവനും എഴുതിയത് നോക്കി വാക്കുകള്‍ അവിടേയും ഇവിടേയും മാറ്റി എഴുതുക എന്ന സൂത്രം. മലയാളത്തിലെ നല്ല ക്രുതികള്‍ വായിച്ചിട്ടുപോലുമില്ലാത്ത ഇവരാണ് നല്ല എഴുത്തുകാരുടെ പേരു കളഞ്ഞത്. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടു. എഴുത്തുക്കാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുകയെന്ന്. അന്തോണി നീയ്യും അച്ചനായോടാ എന്നു ചോദിച്ചപോലെ ചില എഴുത്തുകാരെ അവരുടെ നാട്ടുകാര്‍ കാണുമ്പോള്‍ ചോദിക്കുന്നു: "എന്നു മുതല്‍ക്കാണു എഴുത്തുകാരനായതെന്നു/കവിയായതെന്ന്.'' ഈ കാര്യം ആസ്പദമാക്കി കൊണ്ടു ഒരു ഹാസ്യകവിത. ആരെയും വേദനിപ്പിക്കാനല്ല. മറിച്ച് ചിലരെയെങ്കിലും ഈ കാര്യം ഓര്‍മ്മിപ്പിക്കാനും ഒന്നു ചിരിപ്പിക്കാനുമാണീ ക്രുതി. ഡോളര്‍ കൊടുത്ത് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പോലും വാങ്ങാമെന്ന അഭ്യൂഹങ്ങള്‍ നടക്കുമ്പോള്‍ എഴുത്തുകാരുടെ എണ്ണം കൂടുന്നതില്‍ അല്‍ഭുതമില്ല.)
മറുഭാഷ ചൊക്ലുന്നീ മറുന്നാട്ടില്‍ വന്നപ്പോള്‍
മലയാളികളെല്ലാം കവികളായി...
മധ്യ വയസ്സ് കഴിഞ്ഞവര്‍ വാര്‍ദ്ധ്യക്യ
കെടുതിയില്‍ അല്‍പ്പം പരിഭ്രമിച്ചോര്‍
കുത്തിയിരിക്കുന്നു, കൂനിയിരിക്കുന്നു
കുത്തികുറിക്കുന്നു കവി തിലകര്‍
കുടവയര്‍ തപ്പുന്നു, പെട്ടയില്‍ തട്ടുന്നു
"കവിതേ'' വാ എന്നവര്‍ കേണീടുന്നു
പകലന്തിയോളമീ പാവങ്ങള്‍ പേനയും
കടലാസ്സുമായി കഴിഞ്ഞീടുന്നു
വൃദ്ധന്റെ രതിപോലെ ആശകള്‍ ബാക്കിയായ്
മുന്നിലെ കടലാസ്സും ശൂന്യമായി
മഷിയില്ലാ പേനകൊണ്ടെങ്ങിനെ സ്പര്‍ശിക്കും
കടലാസ്സില്‍ കന്യാ പനയോലയില്‍
ജന്മനാല്‍ കിട്ടാത്ത വാസന തേടുന്നു
കിളവന്മാര്‍ ഞെരിപ്പിരി കൊണ്ടീടുന്നു
അവസാനം കൈ വച്ചു നെഞ്ചത്തും
മറ്റുള്ളോര്‍ എഴുതി വച്ചിട്ടുള്ള ക്രുതികളിലും
മോഷ്ടിക്ലു അല്‍പ്പാപ്പം, ആരുമറിഞ്ഞില്ല
വെള്ളം പകര്‍ന്നൊരു ക്ഷീരം പോലെ
പിന്നെ പതിവായി, കട്ടെടുത്തുള്ളൊരു
രചനകള്‍ അങ്ങനെ സ്വന്തമാക്കി
കുടിയും വലിയുമായ് അന്തി കറുപ്പിച്ച
തൈകിളവന്മാര്‍ എഴുത്തുകാരായ്
ഭാര്യമാര്‍ക്കൊക്കേയും സന്തോഷം തീരാത്ത
ആനന്ദം പിന്നെ തലക്കനവും
പഞ്ചാര ചേര്‍ക്കാത്ത കാപ്പി അനത്തുന്നു
പഞ്ചാര ചുണ്ടാല്‍ പകര്‍ന്നീടുന്നു
പുന്നാരം ചൊല്ലുന്നു, കെട്ടിപിടിക്കുന്നു
കവിയുടെ ഭാര്യയായ് ഭാവിക്കുന്നു
ഡോളര്‍ കൊടുത്താല്‍ അവാര്‍ഡ് കിട്ടും - എന്റെ
അച്ചായന്‍ കവിയായ് ഖ്യാതി നേടും
ആശ്വസിച്ചീടട്ടെ സോദരിമാര്‍ പാവം
ഡബിള്‍ ഡൂട്ടി ചെയ്ത് തളര്‍ന്ന കൂട്ടര്‍ !
*************
ജോസ് ചെരിപുറം, ന്യൂയോര്‍ക്ക്
josecheripuram@gmail.com