അമേരിക്കയിലെ തെരുവോരങ്ങളില്‍ പൊടിഞ്ഞു വീഴുന്ന ഓരോ ജീവനും കാണുമ്പോള്‍ അറിയാതെ ചോദിച്ചു പോവുകയാണ്, എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു മനുഷ്യക്കുരുതി? ഉത്തരമില്ല, അതു കൊണ്ടു നമുക്ക് ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാം ഈ രാജ്യത്ത്. എന്താണ് ഇവിടുത്തെ മനുഷ്യര്‍ക്ക് സംഭവിക്കുന്നത്? എല്ലാത്തരത്തിലും പുരോഗതി പ്രാപിച്ചുവെന്നു നാഴിക്കു നാല്‍പ്പതുവട്ടം അവകാശപ്പെടുന്ന, ലോകരാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യത്തു നിന്നാണ് നിത്യേന ഈ നരഹത്യയുടെ കഥകള്‍ ഉയരുന്നത്. ഇപ്പോഴിതാ, അങ്ങനെയൊന്ന് ഇതാ പിന്നെയും. ഇതും ഒരു കൊലപാത കഥ തന്നെ. എന്നാല്‍, ഇത് വെറുമൊരു കൊലപാതകമല്ല, കൊല്ലപ്പെട്ടതു വെറുമൊരു സാധാരണക്കാരനുമല്ല. ചോരചിന്തി മരിച്ചു വീണത് ഒരു ഇന്ത്യന്‍ വംശജനാണ്. അതും ഡെപ്യൂട്ടി ഷെരീഫായി ജോലി നോക്കുന്നതിനിടെ. കൃത്യമായ ജോലിക്കിടയില്‍ ലംഘനം വരുത്തിയ ആള്‍ക്കെതിരേ പെരുമാറിയതിനുള്ള മറുപടി. നിറതോക്കില്‍ നിന്നും ഉന്നം തെറ്റാതെയുള്ള വെടിവെപ്പ്.
അമേരിക്കയില്‍ കഴിഞ്ഞ കുറേകാലങ്ങളായി കേട്ടു കൊണ്ടിരിക്കുന്നതാണ് പൊതു ഇടങ്ങളില്‍ നിന്നുള്ള ഈ വെടിവെപ്പ്. സ്‌കൂളുകളില്‍, വിനോദസഞ്ചാര സ്ഥലങ്ങളില്‍, വീടുകളില്‍, പൊതു ഇടങ്ങളിലൊക്കെയും ഇങ്ങനെ സംഭവിക്കുന്നു. അമേരിക്ക ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന തീവ്രവാദികളില്‍ നിന്നൊന്നുമല്ല ഇതു സംഭവിക്കുന്നതെന്നോര്‍ക്കണം. സ്വന്തം നാട്ടുകാരില്‍ നിന്നു തന്നെയാണ് ഭീഷണി നിറഞ്ഞ എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചു വേണമെങ്കിലും ഇത്തരം അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ഒന്നു പറഞ്ഞു തീര്‍ന്നു രണ്ടാമത്തേതിനു തോക്കെടുത്തു വെടി വെക്കുന്ന സംസ്‌ക്കാരത്തിന്റെ മുള്‍മുനയിലാണ് ഇന്ന് അമേരിക്ക എന്ന രാജ്യം എന്നു പറയാതെ വയ്യ.
ഈ കുറിപ്പെഴുതുന്നത് ഹൃദയത്തിന്റെ ഭാഷയിലാണ്. ഇപ്പോള്‍ കൊല്ലപ്പെട്ട ഡെപ്യൂട്ടി ഷെരീഫായ ഇന്ത്യക്കാരന്‍ മുന്നേ തന്നെ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയയാളാണ്. അദ്ദേഹമൊരു സിഖ് വംശജനാണ്. അതു മാത്രമല്ല പ്രത്യേകത. അമേരിക്ക പോലൊരു രാജ്യത്ത് സ്വന്തം വംശീയതയുടെ ആടകള്‍ ധരിക്കുന്നതിനു വേണ്ടി നീതി തേടി പൊരുതുകയും അതില്‍ വിജയം നേടുകയും ചെയ്‌തൊരാളാണ്. അത്തരത്തിലൊരു വിധി അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയതായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ വെടിയേറ്റ് ഇഹലോകവാസം വെടിഞ്ഞത്. ടെക്‌സാസ് ഡെപ്യൂട്ടി പൊലിസ് ഓഫിസര്‍ സന്ദീപ് സിങ് ദാലിവാല്‍ (40) ആണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി ഹൂസ്റ്റണില്‍ പൊലിസ് സേനയിലെത്തിയ ആളാണ് സന്ദീപ്. ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്‌റ്റോപ്പില്‍ വെച്ച് ഡ്യൂട്ടിയിലായിരുന്ന സന്ദീപിന് നേരെ കാര്‍ യാത്രക്കാരന്‍ വെടിവെക്കുകയായിരുന്നു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് യാത്രക്കാരന്‍ വെടിവച്ചതത്രേ.
വെടിവയ്പ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിങ് സെന്ററിലേക്ക് ഓടിക്കയറി. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് ദാലിവാല്‍ എല്ലാവര്‍ക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മീഷണര്‍ ആഡ്രിയന്‍ ഗ്രേഷ്യ പറഞ്ഞു. ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം സ്വന്തം സമുദായത്തെ പ്രതിനിധീകരിച്ചത്. ഹാര്‍വെ ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങള്‍ സന്ദീപ് ജനങ്ങള്‍ക്ക് നല്‍കിയെന്നും ഗ്രേഷ്യ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്ന സന്ദീപ് ദാലിവാലിന് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാന്‍ പൊലിസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സന്ദീപ്.
ഓര്‍ത്തു നോക്കൂ, കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍ എന്നതു മാത്രമല്ല ഈ കുറിപ്പിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. പോലീസിന് നേരെ പോലും തോക്കെടുക്കാനും വെടിയുതിര്‍ക്കാനും മടികാണിക്കാത്ത ഒരു തലമുറ അമേരിക്കയില്‍ വളര്‍ന്നു വരുന്നുവെന്നതാണ് അപകടം. അപ്പോള്‍ പിന്നെ, ഒരു സാധാരണക്കാരന് എന്ത് സുരക്ഷയാണ് തെരുവോരങ്ങളിലും സ്വന്തം ജോലിസ്ഥാപനങ്ങളിലും വീടുകളിലും മറ്റുമുള്ളത്? മെക്‌സിക്കന്‍ അതിര്‍ത്തിയിലുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വയലന്‍സ് അല്‍പ്പം കൂടുതലാണെന്നറിയാം. എന്നാല്‍, ഈ കുറിപ്പ് എഴുതുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് ഫിലഡല്‍ഫിയയില്‍ ഒരു മലയാളി വെടിയേറ്റ് മരിച്ചത്. അതിലും ഭയാനകമായത്, ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടത് രണ്ടു മലയാളികളായിരുന്നുവെന്നതുമാണ്.
പ്രൊഫഷണലിസത്തിന്റെ പാഠങ്ങള്‍ ഇഴകീറി പരിശോധിച്ചതിനു ശേഷം മാത്രം കുടിയേറ്റത്തിന് അനുമതി നല്‍കുന്ന അമേരിക്കയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഒട്ടൊരു ഭയപ്പാടോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കി കാണുന്നത്. എന്താണ് ഈ നാട്ടില്‍ സംഭവിക്കുന്നത് എന്നു ചോദിക്കുന്നതിനു മുന്‍പു തന്നെ വെടിപൊട്ടുന്നു. അത് ലാസ് വേഗസിലാവും, ന്യൂയോര്‍ക്കിലാവും, ചിലപ്പോള്‍ വാഷിങ്ടണ്‍ ഡിസിയിലോ കാലിഫോര്‍ണിയയിലോ ആവാം. ആര്‍ക്കും എപ്പോഴും എവിടെ വച്ചും എന്തും സംഭവിക്കാം. ഒരിടത്തും ഒന്നിനുമൊരു ധാരണയുമില്ലെന്നു തന്നെ പറയാം. ആ നിലയ്ക്ക് അറിയാതെ തന്നെ ചോദിച്ചു പോവുകയാണ്, ഇത്രയ്ക്കു വിലയേയുള്ളോ ഈ നാട്ടില്‍ ഒരു മനുഷ്യ ജീവന്?