ആകാശത്താമരപ്പൊയ്കയില്‍ നീന്തവെ
ആയിരം സ്വപ്നങ്ങള്‍ നെയ്തീടവെ
മുങ്ങിയോ ഇന്ദു, നീ താരകശോഭയില്‍
പുഞ്ചിരിച്ചീടുന്നുവോ വിസ്മയത്തില്‍;
സുന്ദരമീ പ്രപഞ്ചത്തിലെ കാഴ്ചയില്‍
മന്ദസ്മിതം തൂകി നില്പതാണോ!
കോപിക്കയില്ലെങ്കില്‍ അമ്പിളീ നിന്നോട്
ചോദിച്ചിടട്ടെ, ഞാനൊരു ചോദ്യം:
സര്‍വ്വദാ പുഞ്ചിരിച്ചീടിലും കണ്‍മണി
സന്താപം ഉള്ളില്‍ നിനക്കില്ലയോ;
ചൊല്ലുക, നിന്‍ സഖി ഭൂമിതന്‍ ചിന്തയില്‍
വല്ലാതെ നിന്‍മുഖം വാടുന്നതല്ലേ!
പരിഭവത്തില്‍ പൊന്നമ്പിളിയൊന്നുമേ
പറയാതെയിത്തിരി നേരം മറഞ്ഞു,
സഖികളാം മേഘങ്ങളോട് തന്‍ ദുഖം
സര്‍വ്വതും പങ്കിടാന്‍ പോയതാണോ!
ആകാശവീഥിയില്‍ മേഘങ്ങള്‍ക്കുള്ളിലായ്
ആകുലത്തോടെ മേവുന്ന നേരം
എങ്ങനെ ചൊല്ലുമദമ്യമീ സങ്കടം
എന്നോര്‍ത്ത് ചന്ദ്രന്‍ വിതുമ്പീടവെ,
ദൂരെ നിന്നാഞ്ഞടിച്ചീടുന്ന കാറ്റതില്‍
തോരാതെയൊരു മാരി പെയ്തിറങ്ങി!
തീരാ പ്രവാഹമായാ നിമിഷങ്ങളില്‍
വീഴുന്നൊരാ മഴത്തുള്ളികളത്രയും
മന്നില്‍ പെരുകുന്ന ഹീന കര്‍മ്മങ്ങളില്‍
പനിമതി തൂകുന്ന കണ്ണുനീരോ!!!