തിരകള്‍ തീരത്തോട് മൊഴിയുന്നത്
എന്തായിരുക്കുമെന്നവള്‍.
പ്രണയനിവേദനങ്ങളോ പരിഭവമോ?
തിരകള്‍ക്കങ്ങനെ പറയാനൊന്നുമില്ല,
പ്രകൃത്യാ ഇങ്ങനെയാണെന്നവന്‍.
കടല്‍ക്കാറ്റു പൂവിന്റെ കവിളിണ തലോടി
ച്ചൊല്ലുന്നതെന്തായിരിക്കുമെന്നവള്‍.
എന്നും തിളങ്ങിപ്പുഞ്ചിരിച്ചു നില്‍ക്കണം,
കൂടെയെപ്പോഴും ഞാനുണ്ടാകുമെന്നോ?
കാറ്റങ്ങനെയൊന്നും പറയാറില്ല,
കാറ്റിനു കാരണം മര്‍ദ്ദവ്യതിയാനങ്ങളെന്നവന്‍.
നീലമാനത്ത് തോരണം തൂക്കുന്ന മുകിലുകള്‍
ദൂതുപോകുന്നതാര്‍ക്കു വേണ്ടിയെന്നവള്‍.
ദൂതയക്കാന്‍ മുകിലുകളെന്താ,
ഈമെയില്‍ സെര്‍വ്വറുകളോ എന്നവന്‍.
ദൂരെ നിഴല്‍പോലെ കാണും കപ്പലിന്‍
നാവികന്‍ കിനാവു കാണ്മതാരെയെന്നവള്‍.
കിനാവല്ല, ദിശാസൂക്ഷ്മതയാകും കണ്ണിലെന്നവന്‍.
ഇത്രമേല്‍ പ്രായോഗികമതിയാം നിന്നെ
സ്വപ്നചാരിയാം ഞാനെന്തിനു കൂടെക്കൂട്ടിയെന്നവള്‍.
സ്വപ്നത്തേരില്‍ നിന്നുരുണ്ടു താഴെ വീഴുമ്പോള്‍
താങ്ങിനിര്‍ത്താന്‍ വേറെയാരു കാണുമെന്നവന്‍.
അവനാണു ശരിയെന്നു തോന്നുമ്പോഴൊക്കെയും
അവള്‍ പുതയ്ക്കുമൊരു മൃദുമൗനപ്പുതപ്പുണ്ട്.
ചുണ്ടുകളില്‍ ഒളിച്ചുകളിക്കുമൊരു ചെറുചിരിയുമുണ്ട്!