Image

ആഘോഷിക്കാം, പിസാ മാസം! (പകല്‍ക്കിനാവ് 170: ജോര്‍ജ് തുമ്പയില്‍)

Published on 17 October, 2019
ആഘോഷിക്കാം, പിസാ മാസം! (പകല്‍ക്കിനാവ് 170: ജോര്‍ജ് തുമ്പയില്‍)
അമേരിക്കയില്‍ ഒക്ടോബര്‍ പിസാ മാസമാണ്. വെറൈറ്റിയുള്ള പിസകള്‍. പിസാഹട്ട് ആവട്ടെ, ഡോമിനോസ് ആവട്ടെ, ഗോര്‍മെ കടയാവട്ടെ, എല്ലായിടത്തും കാര്യമായ ഡിസ്ക്കൗണ്ട് കിട്ടും. പിസയെ അമേരിക്കക്കാര്‍ ഇത്രമാത്രം പ്രണയിച്ചു തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അതിനു യൂറോപ്യന്മാരുടെ അധിനിവേശത്തോളം ചരിത്രമുണ്ട്. പക്ഷേ, പിസമാസം ആഘോഷമാക്കിയിട്ട് ഇപ്പോള്‍ ഏതാണ്ട് നാലു പതിറ്റാണ്ടിനോട് അടുക്കുന്നുവെന്നു മാത്രം. കൃത്യമായി പറഞ്ഞാല്‍, 1984 ഒക്ടോബര്‍ മാസമാണ് പിസ മാസമായി കാനഡയിലും അമേരിക്കയിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങുന്നത്. പിസയുടെ വിശേഷങ്ങള്‍ വിളമ്പാനായി ഒരു മാസികയുണ്ടായിരുന്നു അക്കാലത്ത്. അതിന്റെ സ്ഥാപകന്‍ ഗെറി ഡര്‍നെലായിരുന്നു ഇതിനു പിന്നില്‍. ആദ്യത്തെ ഒരു വര്‍ഷം ഇങ്ങനെ നടത്താന്‍ നിശ്ചയിച്ചത് മാസികയുടെ പ്രചരണത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ പിന്നീടത് പിസ ആരാധകര്‍ ഏറ്റെടുക്കുന്നതാണ് ലോകം കണ്ടത്. അതോടെ ഒക്ടോബര്‍ മാസം പിസയുടെ പ്രിയങ്കര മാസമായി മാറി. അക്കാലത്ത്, പിസ കഴിക്കാത്തവരായി ആരെങ്കിലും ഇവിടെയുണ്ടാകുമോ എന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. ഇതില്‍ പക്ഷേ, അമേരിക്കന്‍ മലയാളികള്‍ ഒരു അപവാദമാണ് കേട്ടോ. പുതു തലമുറയൊഴിച്ചുള്ളവര്‍ക്ക് പിസയോടും ബര്‍ഗറിനോടും സാന്‍ഡിവിച്ചിനോടും ഹോട്ട് ഡോഗിനോടുമൊന്നും ഇന്നും വലിയ താത്പര്യമില്ല. അവര്‍ക്കിന്നും പഥ്യം, ഇത്തിരി പുളിശേരിയും, കോട്ടയം സ്‌റ്റൈലില്‍ വറുത്തരച്ചുണ്ടാക്കുന്ന മീന്‍കറിയും കൂട്ടിയുള്ള ചോറ് തന്നെ. ഈ മലയാളി മാത്രമാണ് ചന്ദ്രനില്‍ പോയാലും മൂന്നു നേരവും ചോറിനോട് പ്രിയം കാണിക്കുന്ന ഒരേയൊരു മനുഷ്യവര്‍ഗമെന്നു തോന്നിയിട്ടുണ്ട്.

അനാരോഗ്യകരമായ ഭക്ഷണമാണ് പിസ എന്നാണ് മലയാളി തങ്ങളുടെ പിസ വിരോധത്തിനു കണ്ടെത്തുന്ന ന്യായം. ഉയര്‍ന്ന രീതിയിലുള്ള ഉപ്പ്, കൊഴുപ്പ്, കാലറികള്‍ എന്നിവ പൊണ്ണത്തടിയും ഹൃദ്രോഗവുമുണ്ടാക്കുമത്രേ. എന്നാല്‍ വെള്ളക്കാര്‍ക്ക് ഇതൊന്നും വലിയ പ്രശ്‌നമല്ല. മലയാളികള്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുകയോ ട്രാഫിക്കില്‍ നിന്നും രക്ഷപ്പെടാന്‍ അതിരാവിലെ ഓഫീസിലേക്ക് പായുമ്പോഴും അവര്‍ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന തിരക്കിലാവും. ഇങ്ങനെ ശരീരസംരക്ഷണം നടത്താതെ പട്ടിണി കിടക്കുന്നതിനോടാണ് മലയാളിയുടെ മടി ഇപ്പോള്‍ മല്ലിടുന്നതെന്നു പറയേണ്ടി വരും. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികളായ സുഹൃത്തുക്കളില്‍ പലരും പിസമാസത്തില്‍ വ്യത്യസ്തമായ പിസ രുചിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ തന്നെ ടെക്‌സസ് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ പിസപ്രേമികള്‍ ഉള്ളത്രേ. അവിടെയാണേ്രത പിസയുടെ ചെയിന്‍ഷോപ്പുകളിലേറെയും.

പിസ ശരിക്കുമൊരു ഇറ്റാലിയന്‍ ഭക്ഷണമാണ്. സാധാരണയായി ഓവനില്‍ പാകം ചെയ്‌തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയില്‍ നിര്‍മ്മിച്ച ഹാഫ് ബേക്ക ്‌ചെയ്‌തെടുത്താണ് ഇത് തയ്യാറാക്കുന്നത്. കാണുന്നതു പോലെ തന്നെ, നല്ല പണിയുണ്ട് ഇത് പാചകം ചെയ്‌തെടുക്കാന്‍. തക്കാളിസോസ്, എരുമപ്പാലില്‍ നിന്നും ഉത്പാദിപ്പിക്കുന്ന പാല്‍കട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിസ. പ്രാദേശികവും സാംസ്കാരികവുമായ രുചിഭേദങ്ങള്‍ക്കനുസരിച്ച് ഇതില്‍ തക്കാളി, കൂണ്‍, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്‌സികം, തുടങ്ങിയ ധാരാളം വിഭവങ്ങള്‍ മേലാവരണമായി ചേര്‍ക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളില്‍ തുടക്കമിട്ട പിസയില്‍ ഇന്ന് വളരെയേറെ പരീക്ഷണങ്ങള്‍ പലേടത്തും നടത്തുന്നുണ്ട്. മിക്കതും ഇന്ന് നോണ്‍ വെജായി തന്നെ പരീക്ഷിക്കുന്നു.

പല രൂപത്തിലും രുചി വൈവിദ്ധ്യങ്ങളിലുമായി പിസ ലോകമെങ്ങും പ്രശസ്തമാണ്. എന്നാല്‍ വളരെ കൗതുകകരമായ ഒരു പിസയെ രണ്ടു വര്‍ഷം മുന്‍പ് ജനുവരിയില്‍ ന്യൂയോര്‍ക്കിലെ ഒരു പിസ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങില്‍ തീര്‍ത്തതായിരുന്നു ഈ പിസ. സ്വര്‍ണ്ണം വെറും അലങ്കാരമായല്ല പിസയില്‍ ചേര്‍ത്തിരുന്നത്. കഴിയ്ക്കാവുന്ന രൂപത്തിലാണ് ഇതില്‍ സ്വര്‍ണം വച്ചിരുന്നത്. പക്ഷേ, ഈ അപൂര്‍വ്വമായ പിസ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിലല്ല ലഭ്യമായതെന്നു മാത്രം. രണ്ടായിരം ഡോളര്‍ അതായത് ഒരു ലക്ഷത്തി നാല്പ്പതിനായിരത്തോളം രൂപയായിരുന്നു ഈ പിസയുടെ വില. ഒരു ചെറിയ പീസിന് പതിനാലായിരം രൂപയും ഒന്ന് രുചിച്ച് നോക്കാന്‍ നാലായിരം രൂപയുമാണ് ഈ പിസയ്ക്കു നിര്‍മ്മാതാക്കള്‍ ഈടാക്കിയതത്രേ. ബ്ലാക്ക് ചോക്കലെയ്റ്റ് പൈയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചത്. ന്യൂയോര്‍ക്ക് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ സൗത്ത് സീപോര്‍ട്ട് സ്ട്രീറ്റിലുള്ള ഇന്‍ഡസ്ട്രി കിച്ചന്‍ റസ്‌റ്റോറന്റ് ആണ് ദ ഫാന്‍സ എന്നു പേരിട്ട ഈ ലക്ഷ്വറി പിസ നിര്‍മ്മിച്ചത്. എന്നാല്‍ ഇതൊന്നുമല്ല ലോകത്തിലെ ഏറ്റവും വിലയേറിയ പിസ. അതിന്റെ ക്രെഡിറ്റ് ഇറ്റലിക്കാര്‍ക്ക് തന്നെയായിരുന്നു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു പിസയ്ക്ക് കൂടിപ്പോയാല്‍ എത്രരൂപയായിരിക്കും. ആയിരം രൂപ വരെ എന്നൊക്കെ പറയാന്‍ വരട്ടെ. ഇതുവരെ ഉണ്ടാക്കിയതില്‍വച്ച് ഏറ്റവും വിലയേറിയത് 77 ലക്ഷം രൂപയുടെ പിസയാണ്. ഇറ്റലിയിലെ സൗത്ത് ബീച്ചിലുള്ള അക്രോബാറ്റിക്ക് പിസ ടീമാണ് വിലയേറിയ പിസ ഉണ്ടാക്കിയത്. റെനോറ്റോ വയോലയുടെ നേതൃത്വത്തിലുള്ള ഷെഫുകളുടെ സംഘമാണ് ഇതിനുപിന്നില്‍. പിസയ്ക്കുവേണ്ട ഒട്ടുമിക്ക ചേരുവകളും ഫ്രാന്‍സില്‍ നിന്നും ഇറ്റലിയുടെ പലഭാഗത്ത് നിന്നുമാണ് കൊണ്ടുവന്നത്. പിസയില്‍ ഉപയോഗിച്ചിരിക്കുന്ന മോസ്രല്ല ഡി ബഫല്ല, എന്ന ചീസ് ഉണ്ടാക്കിയിരിക്കുന്നത് ഇറ്റലിയിലെ നാടന്‍ എരുമകളുടെ പാല്‍ കൊണ്ടാണ്. ഇതിനുമാത്രം വില 8,300.00 പൗണ്ട് ആയിരുന്നു. പിസയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇത്തരം നാടന്‍ സാധനങ്ങള്‍ക്കാണ് ഏറ്റവും വിലക്കൂടുതല്‍. ഫ്രാന്‍സിലെ മുന്തിരത്തോപ്പുകളുടെ പരിസരത്ത് മാത്രം വാറ്റിയെടുക്കുന്ന കോണിയാക്ക് എന്ന ബ്രാന്‍ഡിയും പിസയില്‍ ചേര്‍ത്തിട്ടുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശത്ത് മാത്രമുള്ള ചെമ്മീന്‍, ആസ്‌ട്രേലിയയിലെ മ്യുറെ നദിയില്‍ നിന്നും എടുക്കുന്ന പിങ്ക് നിറത്തിലുള്ള ഉപ്പ്, ഒപ്പം യൂറോപിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വൈവിധ്യമാര്‍ന്ന രുചികൂട്ടുകള്‍ ഇവയെല്ലാമാണ് ഈ വിലകൂടിയ പിസയില്‍ ചേര്‍ത്തിരുന്നത്.

ഇതു മാത്രമല്ല വേറെയുമുണ്ട് പിസ വിശേഷങ്ങള്‍. ലോകത്തിലെ ഏറ്റവും നീളമേറിയ പിസ ഉണ്ടാക്കിയത് കാലിഫോര്‍ണിയക്കാരാണ്. രണ്ട് കിലോമീറ്റര്‍ നീളമുള്ള പിസയാണ് ഇവര്‍ നിര്‍മ്മിച്ചത് !!! അതായത് 6,333 അടി ഉയരം !! 2017 ജൂണില്‍ ഉണ്ടാക്കിയ ഈ പിസ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. നീളമേറിയ പിസ നിര്‍മ്മിച്ച് ഇറ്റലിക്കാരെയാണ് കാലിഫോര്‍ണിയക്കാര്‍ കടത്തി വെട്ടിയിരിക്കുന്നത്. ഇതിനു മുന്‍പ് ഈ റെക്കോര്‍ഡ് ഇറ്റലിക്കു സ്വന്തമായിരുന്നു. 2016 ല്‍ ഇറ്റലിയില്‍ നിര്‍മ്മിച്ച 6,082 അടി ഉയരമുള്ള പിസയായിരുന്നു ഇത്രയും കാലം ലോകത്ത് ഉണ്ടാക്കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പിസ. ഡസന്‍ കണക്കിന് ഷെഫുമാരാണ് കാലിഫോര്‍ണിയയിലെ ഭീമന്‍ പിസ നിര്‍മ്മിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ച്ചയായ 8 മണിക്കൂര്‍ നേരത്തെ അധ്വാനമാണ് ഇതിനായി വേണ്ടിവന്നത്. 7,808 കിലോ ആയിരുന്നു പിസയുടെ ഭാരം. 3,632 കിലോ ഗ്രാം മാവ്, 1,634 കിലോ ഗ്രാം ചീസ്, 2,542 കിലോ ഗ്രാം സാല്‍സ സോസ് എന്നിവയുപയോഗിച്ചാണ് ഈ പിസ നിര്‍മ്മിച്ചത്. 'മനുഷ്യന് ആഘോഷിക്കാനും സൗഹൃദം സ്ഥാപിക്കാനും ഒരു കാരണം' എന്ന പരസ്യ വാചകമാണ് ഇവര്‍ ഉപയോഗിച്ചത്.

എന്നാല്‍ അധികമായാല്‍ അമൃതം വിഷം എന്നല്ലേ ചൊല്ല്. എല്ലാ ദിവസവും പിസ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണ്. ഹൃദ്രോഗം മാത്രമല്ല, ക്യാന്‍സര്‍ വരെ ഇവര്‍ക്ക് സംഭവിക്കാമത്രേ. മാത്രമല്ല, പിസയിലും മറ്റുമുള്ള കെമിക്കല്‍സ് സ്ത്രീയിലും പുരുഷനിലും വലിയ തോതില്‍ ജനിതക മാറ്റത്തിന് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടിയ അളവില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സ്ത്രീകളിലെ ഹോര്‍മോണിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നത്. പിസ പോലുള്ള ഫാസ്റ്റ് ഫുഡിന്റെ ആരാധകരെ വിഷമത്തിലാക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഡെയ്‌ലി റെക്കോര്‍ഡെന്ന വെബ്‌സൈറ്റാണ്. പിസയിലും മറ്റും ഉള്ള കെമിക്കല്‍സ് സ്ത്രീയിലും പുരുഷനിലും വലിയ തോതില്‍ ജനിതക മാറ്റത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്തരം കെമിക്കല്‍സ് ശരീരത്തിനകത്ത് ചെല്ലുന്നത് കുട്ടികളില്‍പ്പോലും ജനിതക മാറ്റത്തിന് കാരണമാകുമെന്ന് സ്‌കോട്ടിഷ് മറ്റൈന്‍ ബയോളജി എകസ്‌പേര്‍ട്ടായ ഡോ.മാര്‍ക്ക് വിലയിരുത്തുന്നു. ശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനാല്‍ അമേരിക്കയില്‍ ഇത്തരം കെമിക്കല്‍സ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഹെറിയോട്ട്‌വാട്ട് യൂണിവേര്‍സിറ്റി നടത്തിയ പഠനത്തില്‍ അദ്ദേഹം പെര്‍ഫ്‌ളോറോല്‍ക്കിസ് എന്നൊരു കെമിക്കലിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളുടെ ജനന്ദ്രേിയങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കുന്ന എന്‍സൈമുകളെ ഈ കെമിക്കല്‍ തടയുന്നു. അതോടൊപ്പം സ്ത്രീ ശരീരത്തില്‍ ടെസ്‌റ്റോസ്്‌റ്റോണിന്റെ അളവ് കൂടുകയും അത് പുരുഷന്റെ അവയവങ്ങളുള്ള സ്ത്രീയായി മാറുന്നതിന് കാരണമാവുകയും ചെയ്യും. ഇങ്ങനെയുള്ള നിരവധി ആരോഗ്യമുന്നറിയിപ്പുകള്‍ അമേരിക്കയില്‍ ഉടനീളം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും പിസ ഷോപ്പുകളിലെ തിരക്കിന് തെല്ലും കുറവില്ല. ഇറ്റാലിയന്‍ പിസയ്ക്ക് പുറമേ മെക്‌സിക്കന്‍ പിസയ്ക്കും ഇപ്പോള്‍ ആരാധകര്‍ ഏറെയുണ്ട്. അപ്പോഴെങ്ങനെയാണ്, ഒരു പിസ ഓര്‍ഡര്‍ ചെയ്താലോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക