Image

വകതിരിവ് (ചിത്രീകരണം: ജോണ്‍ ഇളമത)

Published on 02 November, 2019
വകതിരിവ് (ചിത്രീകരണം: ജോണ്‍ ഇളമത)
സംഭവം നടക്കുന്നത് ഒരു പുസ്തകപ്രകാശന വേദിയിലാണ്. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ് പത്തു മുന്നൂറു പേര്. ഒരിക്കലും കേട്ടിട്ടില്ലാത്തത്, സംഭവിക്കാത്തത്. പക്ഷേ സംഘാടകനു കഴിവുണ്ടായിരിക്കണം. അല്ലങ്കിലെങ്ങനെ ഒരു പുസ്തകപ്രകാശനത്തിന് പത്തുമുന്നൂറുപേരോ! ഇപ്പോ രാഷ്ട്രീയപ്രസംഗത്തിനു പോലും മുന്നൂറുപേര് വലിയ സംഖ്യയാ. പിന്നെ സിനിമാക്കാരുവന്നാ ആള് ഇടിച്ചുകേറും. ആര്‍ക്കുവേണം ഈ വായന? ബുദ്ധിജീവികള്, കൊറേപേര്! കാലത്തെ എറങ്ങും, കുളിക്കാതെ, പല്ലുതേക്കാതെ. കവികളാണേ പറകേം വേണ്ട, നരച്ച ഒരു ജീന്‍സുമിട്ട് കാവി നിറത്തി  മുട്ടോളമെത്തുന്ന കവിയനുമിട്ട് താടീം, മുടീം വളര്‍ത്തി. കഥാകൃത്തുകളും , നോവലിസ്റ്റുകളും, ശുദ്ധഗൗരവക്കാരും, ശുണ്ഠിക്കാരുമെത്രെ.

കഥ എങ്ങനെയുമാകട്ടെ. അങ്ങനെ ഒരു കാലത്താണ് കുര്യന്‍ കോലോത്തിലിന് ഒരു നോവലെഴുതാന്‍ ഉള്‍വിളിയുണ്ടായത്. അമേരിക്കന്‍ കുടിയേറ്റക്കാരന്‍. ഹൃദയത്തില്‍ തികട്ടികിടന്ന പഴയ ഒരു പ്രണയകഥ തട്ടിക്കൂട്ടി. വെറുതേ ഒരു ശ്രമം! സംഗതി കുറിക്കുകൊണ്ടു. പലരെകൊണ്ടും വായിപ്പിച്ചു. സംഗതി ഉഗ്രന്‍. പലരും പറഞ്ഞു, പബ്ലിഷ് ചെയ്താല്‍ അക്കാദമി അവാര്‍ഡിനുപോലും സാധ്യത ഉണ്ടെന്ന്്.പബ്ലിഷ് ചെയ്തു.അപ്പോ പബ്ലിഷിങ് മനേജരു പറഞ്ഞു.  ഒരു പൊസ്തകപ്രകാശനം ഗംഭീരമായിട്ടു നടത്തിയാ ചിലപ്പോ അവാര്‍ഡുകള് വാരിക്കൂട്ടാനൊള്ള സാധ്യത ഒളിഞ്ഞുകെടപ്പൊണ്ടെന്ന്.

അങ്ങനെ ശീതീകരിച്ചൊരു ഹാളില്‍ വിരിച്ചൊരുക്കിയ അദ്ധ്യക്ഷ വേദിയില്‍ അക്ഷരസ്‌നേഹികളായ പ്രമുഖര്‍ ഗര്‍വ്വോടെ ഉപവിഷ്ഠരായി. അതിലൊരു വകുപ്പില്ലാ മന്ത്രി, എഴുതിതെളിഞ്ഞ ഒരു സാഹിത്യകാരന്‍, ഒരു നിമിഷകവി, ഒരു പുരോഹിതന്‍, അമേരിക്കേന്നു വന്ന മലയാളികളായ രണ്ട് ചോട്ടാ സാഹിത്യകാരന്മാര്‍, അവരെ കൂടാതെ കുര്യന്‍ കോലോത്ത് എന്ന നോവലിസ്റ്റും, അതിനടുത്ത സീറ്റില്‍ സംഘാടകനായ പബ്ലിഷറും.

കുര്യന്‍ കോലോത്ത് പബ്ലിഷറോട് അടക്കത്തില്‍ ചോദിച്ചു-
എന്നാലും ഇത്രേം ആളുകൂടിയല്ലോ! ഞാന്‍ പ്രതീക്ഷിച്ചില്ല ,ഒരു പൊസ്തകപ്രകാശനത്തിന് ഇത്രേം ആളുകൂടൂന്ന്്.
സാറേ ഇപ്പോ സൂപ്പര്‍ സ്റ്റാറുകളുപോയിട്ട് മെഗാസ്റ്റാറുകളു വന്നാപോലും ഇതികൂടതലാളുകളെ കിട്ടാനില്ല.ശബ്ദം കറേകൂടി താത്ത് പബ്ലിഷര്‍ അടക്കത്തിലാരു സൊകാര്യം പറഞ്ഞു-

ഞാനൊരു പണിപണിതു. ചിലവല്പ്പം കൂടുതലാ. പക്ഷേ പബ്ലിസിറ്റി! അതാ പൊസ്തക വല്പ്പനേടെ മൂലക്കല്ല്. സാറേ, സാറു വിചാരിക്കുന്നൊണ്ടോ, ഈ ഇരിക്കുന്നോര് അക്ഷരസനേഹികളാന്ന്. അല്ലേ, അല്ല! ഒട്ടുമുക്കാലും ബംഗാളികളാ, അവര്‍ക്ക് നമ്മടെ മലയാളം കമാന്ന്തിരിയുക പോലുമില്ല. സാറു പേടിക്കേണ്ടാ, ഇവര് പൂട്ടിന് തേങ്ങാപീര ഇട്ടപോലെ, കൈകെട്ടുകേം, ചിരിച്ച് പ്രോത്സാപ്പിക്കുകേം ഒക്കെ ചെയ്‌തോളും. ഇഷ്ടംപോലെ വാറ്റു ചാരായോം, നൂറിന്‍െറ നോട്ടും കൊടുത്തിട്ടൊണ്ട്.

അയ്യോ,ബംഗാളികളോ!,ആരേലും കേട്ടാല്‍!
ആര് കേക്കാനാ സാറേ. ഇവിടിപ്പം എല്ലാം പരിപാടികളും ബംഗാളികളാഏറ്റെടുത്തിരിക്കുന്നത്. കൊലപാതകം, പിടിച്ചുപറി, മോഷണം, എന്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥ വരെ. അവരടെ മുദ്രാവാക്യം വിളികേള്‍ക്കണം, മലയാളിയെ വെല്ലുന്ന പെര്‍ഫോമന്‍സ്ല്‍ തുടര്‍ന്ന് എംസി, സുന്ദരിയായ മംഗ്ലീഷു പറയുന്ന കില്ലാരിപെണ്ണ് വേദിയില്‍ വന്ന് ഒരു ശൃുഗാരമെറിഞ്ഞു മൊഴിഞ്ഞു”-

മിസ്റ്റര്‍ കുര്യന്‍ കോലോത്തലിന്‍െറ നോവല്‍ റിലീസിലേക്ക്, വെല്‍ക്കം റ്റൂ എല്ലാവര്‍ക്കും. ഫസറ്റപ്പോള്‍ മിസ് മല്ലേശ്വരിക്കുട്ടിയെ സ്‌റ്റേജിലേക്ക് വെല്‍ക്കം. നാഷണല്‍ ആന്‍ഡത്തിന്! ആന്‍ഡത്തിനു പകരം കോന്ത്രമൊപ്പിക്കുമെന്നൊരു മട്ടില്‍, ആനപോലൊരു പെണ്‍കുട്ടി സ്‌റ്റേജിലേക്ക് ചാടിക്കയറി. സ്‌റ്റേജൊന്നു കുലുങ്ങി. ജനം നിശബ്ദമായി. ഒറ്റ തൊള്ളതൊറക്കല്‍! നാഷണല്‍ ആന്‍ഡമെഴുതിയ വിശ്വവിഖ്യാത കവി, രവീന്ദ്രനാഥ ടാഗോര്‍ജി, അവിടെ എങ്ങാനും ഒണ്ടാരുന്നേല്‍ ഞെട്ടിപോകത്തക്കവിധം,ആ തടിച്ചി പെങ്കൊച്ച് ഏഴരകട്ടക്കൊരു പിടിപിടിച്ചു. 

ഗാനാലാപനത്തിനുശേഷം, പൊസ്തകപരിചയം,സംഘാടകനായ സാഹിത്യകാരന്‍ പബ്ലിഷര്‍, വലിയ അലങ്കോലം കൂടാതെ നാലഞ്ചുവാക്കുകളില്‍ നിര്‍വഹിച്ചു. അതിനുകാരണം മൈക്കുവിഴുങ്ങുകളായ ശേഷം പ്രഭാഷകര്‍ വായിക്കോട്ട, കണ്ഠശുദ്ധി വരുത്തല്‍, കാര്‍ക്കിച്ച് ശബ്ദമുണ്ടാക്കല്‍ തുടങ്ങിയ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിരുന്നതുകൊണ്ട്. അപ്പോഴേക്ക് മുഖ്യ പ്രഭാഷകനായ വകുപ്പില്ലാ മന്ത്രി എഴുന്നേറ്റ് മൈക്ക്,സറ്റാന്‍ഡില്‍ നിന്ന് ഊരിപ്പിടിച്ച്, തല്‍സ്ഥാനത്ത് തിരിച്ചുവന്ന്് കസേരയില്‍ ഉപവിഷ്ഠനായി, കയ്യിലെ കുറിപ്പില്‍ നോക്കി പ്രഭാഷണം ആരംഭിച്ചു- അക്ഷരവൈരികളെ!,പെട്ടന്ന്് പിന്നില്‍ ഭവ്യതയില്‍ വാപൊത്തിനിന്നിരുന്ന പ്രൈവറ്റ് സെക്രട്ടറി മന്ത്രി അദ്ദേഹത്തിന്‍െറ ചെവിയില്‍ അടക്കത്തില്‍ മന്ത്രിച്ചു”-
സാറെ, അക്ഷരസ്‌നേഹി എന്നാ ഞാഴെുതീരിക്കുന്നത്.

മന്ത്രി ഒന്നു മുരടനക്കി തിരുത്തി-
അക്ഷരസ്‌നേഹികളെ, വാത്സല്യഭാജനങ്ങളെ,
ഈ കുര്യന്‍ കോലോത്ത് നമ്മടെ സ്വന്തം ആളാ. ഞങ്ങളൊന്നിച്ച് മഹാരാജാസ് കോളജിന്‍െറ, തിണ്ണനിരങ്ങി എത്രവര്‍ഷംകൊണ്ടാ "ബില്‍'' ഡിഗ്രി എടുത്തതെന്നാ. നിങ്ങടെ വിചാരം! കുറേ വര്‍ഷങ്ങള്‍ എടുത്തു, എന്താ കാരണം ആ യൂണിയന്‍, ചെയര്‍മാന്‍ സ്ഥാനത്തിനുള്ള എലക്ഷന്‍, വിദ്യാര്‍ത്ഥി സമരങ്ങള്‍ , ഇതൊക്കെ പോട്ടെ ഇതിനിടയിലെ തകര്‍ത്തു പിടിച്ചപ്രണയങ്ങള്‍, എത്രഎത്ര സുന്ദരിമാരെ ഞങ്ങള്‍ വീഴ്ത്തി, എത്രഎത്ര ഐസ്ക്രീം പാര്‍ലറുകള്‍, മാറ്റിനികള്‍, വിനോദയാത്രകള്‍, ഊട്ടിയിലും, കൊടൈക്കനാലിലും! എത്രഎത്ര മധുരഓര്‍മ്മകള്‍!

പറഞ്ഞാലിപ്പഴൊന്നും തീരത്തില്ല. ഒടുവില്‍ വിധിയുടെ കരാള ദൃഷ്ഠങ്ങള്‍ല്‍ ഞങ്ങള്‍ രണ്ടും രണ്ടുവഴിക്കായി. ഞാന്‍ മന്ത്രിക്കസേരയിലും, അവന്‍ അമേരിക്കന്‍ ഐക്യനാടുകളിലും.  ഞാനവന്‍െറ ഫ്‌ളോറിഡിയിലെ വസതിയില്‍ പോയിട്ടുണ്ട്. അമേരിക്കയിലെ കുട്ടനാട്! താറാവുകള്‍ നീന്തുന്ന തടാകങ്ങള്‍, കള്ള് ചെത്തി എടുക്കുന്ന പനകള്‍, ചക്കയും, കപ്പയും, കാച്ചിലും, ചേനയും, ചേമ്പും, മരിങ്ങക്കായും,ഏത്തക്കായും, പാളയന്‍ തോടന്‍ പഴവും, ഒക്കെ ഓര്‍ഗാനിക്കായി തിന്നണേലവിടെ പോണം. ഇവിടെ എന്തോന്ന് താറാവ്, പരാമറു തിന്നുന്ന എല്ലംതോലുമായ താറാവ്, ഫോര്‍മാലിനിലിട്ട് കണ്ണുതള്ളിയ മീന്‍, വണ്ടിക്കളേടെ മൂതുമൂത്ത എറച്ചി! ഇതോന്നും പോരാഞ്ഞ്, ആണ്ടിലാണ്ടി വെള്ളപൊക്കം, ആവി, കൊതുക്, നിപ്പാപോലത്തെ മഹാരോഗങ്ങള്! ഒരുതരത്തില്‍ ഇവിടുന്നമേരിക്കേ കുടിയേറിയോരാ ഭാഗ്യവാന്മാര്! ,ഇവിടന്ന് മന്ത്രിമാര്‍പോലും ചികിത്സക്കു പോകുന്നതമേരിക്കേലാ. ആര്‍ക്കറിയാം, ഇവിടെ സര്‍ജറിക്ക് മയങ്ങി കടന്നാല്‍ ഏതെല്ലാം ഓര്‍ഗന്‍സ് മോഷണം പോവില്ല!

അതൊക്കെപോട്ടെ,എന്‍െറ സുഹൃത്ത,് കുര്യന്‍ കോലോത്തിലിന്‍െറ വൈഫ,് ഷേര്‍ലിയുടെ കൈപുണ്യം എത്ര പ്രശംസിച്ചാലും മതിവരില്ല. കുക്കിംങില്‍ തൊട്ടതെല്ലം പൊന്നാക്കും! ഓ,തോട്ടുപുളിയിട്ട അവരെടെ കോട്ടയം മീങ്കറീടെ രുചി ഇപ്പോഴുമെന്‍െറ  നാക്കേനിക്കു്‌റ്ു. അങ്ങനെ അങ്ങനെയുള്ള എന്‍െറ പ്രിയസുഹൃത്തിന്‍െറ, നോവല്‍ ഞാന്‍ വായിച്ച് പ്രണയസാഫല്യം പൂണ്ടു. മലയാളത്തിലെ കിടപിടിച്ച നോവലിസ്റ്റുകള്‍, പറ്റക്കാടോ, അല്ലെങ്കി കോക്കനാടോ ലജ്ജിക്കത്തക്കവിധം പ്രണയ നോവലെകളെഴുതുന്ന........

സെക്രട്ടറി വീണ്ടും വന്ന് ചെവിയില്‍ അടക്കം പറഞ്ഞു-
സാറെ, അത് പൊറ്റക്കാടോ,കാക്കനാടനോ എന്ന് തിരുത്തി പറയണം.
മന്ത്രിക്ക് ദേഷ്യംവന്നു. കലശലായ ദേഷ്യം! അദ്ദേഹം ഉറക്കെ അലറി- എന്നെ തിരുത്താന്‍ താനാരാ, ഒരു തിരുത്തല് ഞാം ചെയ്തു, ഇനിപറ്റില്ല, ഞാനാരാന്നാ തന്‍െറ വിചാരം!, ഞാമ്പറഞ്ഞതു പറഞ്ഞൂ, വകതിരിവില്ലാത്തവനൊക്കെ!!! ജനം കൂവിവിളിച്ചു,ഒരു ബംഗാളിസ്റ്റയിലില്‍!!


Join WhatsApp News
Sudhir Panikkaveetil 2019-11-03 12:37:45
അമേരിക്കൻ മലയാളി എഴുത്തുകാർക്ക് 
പുസ്തക രചനയും നാട്ടിൽ പോയി ഒരു പുസ്തകം 
തന്നെ പല വേദികളിൽ പ്രസാധനം 
ചെയ്യുന്നത് വളരെ ആഹ്ളാദകരമായ കാര്യമാണ് .
അവരെ പോക്കറ്റടിക്കാൻ നാട്ടിൽ ആളുകൾ 
ഉണ്ടെന്നു കേൾക്കുന്നു. എഴുത്തുകാർ അവരുടെ 
dignity കാ ത്ത് സൂക്ഷിക്കണം.  ചിലവ് ചെയ്ത 
പുസ്തകം അച്ചടിച്ചിട്ടും പ്രസാധനം 
ചെയ്തിട്ടും എന്ത് കാര്യം വായിക്കാൻ ആളില്ലെങ്കിൽ.
ഏഴു വായനക്കാരെ ഉള്ളു എന്ന് മനസ്സിലാക്കി 
അതിനനുസരിച്ച് ചെലവ് ചെയ്യുക. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക