Image

അത്രമേലഴകുള്ളൊരോര്‍മ്മ (കവിത: സീന ജോസഫ്)

Published on 04 November, 2019
അത്രമേലഴകുള്ളൊരോര്‍മ്മ (കവിത: സീന ജോസഫ്)
കണ്ണിത്തുള്ളികള്‍ കുളിരെഴുതിയ കണ്‍കളും
മൈലാഞ്ചിച്ചായം ചാലിച്ച കൈകളും
വാഴക്കുടപ്പന്‍ തേന്‍ തേടിയ പുലരിയും
പേരച്ചുവട്ടില്‍ നുണഞ്ഞ തരിമധുരവും
സ്വപ്നങ്ങളൂഞ്ഞാലിലാടിയ പ്രിയബാല്യകാലം!

മുറ്റത്തെ തെച്ചിയും ഓരത്തെ തുമ്പയും
അതിരിലെ കൊന്നയും തൊടിയിലെ കാപ്പിയും
കണ്ണിലും നെഞ്ചിലും പൂത്തുവിടര്‍ന്നോരു കാലം.
മഞ്ചാടിക്കുരുവും ചേലുള്ള കുന്നിമണികളും
മച്ചിലെ ചെപ്പില്‍ കുലുങ്ങിക്കവിഞ്ഞോരു കാലം!

കശുമാന്തോപ്പുള്ള കുന്നിന്‍ചെരുവില്‍
കുണുങ്ങിക്കളിചൊല്ലി ഒഴുകിയൊരരുവിയും
പാല്‍നുരയോളങ്ങള്‍ ചാര്‍ത്തും കൊലുസും
തുള്ളിത്തുടിക്കും പൊടിമീന്‍ കുഞ്ഞുങ്ങളും
ബാല്യം, എത്രമേല്‍ സുന്ദരമായ കാലം!

കശുമാമ്പഴത്തിന്‍ ചവര്‍പ്പും മധുരവും
ചിത്രങ്ങള്‍ തീര്‍ത്തൊരാ കുഞ്ഞുടുപ്പില്‍
അമ്മശകാരങ്ങള്‍ പെയ്തകാലം!
സന്ധ്യകള്‍ സിന്ദൂരം ചാര്‍ത്തിയൊരുങ്ങുമ്പോള്‍
പുഴയില്‍ മുങ്ങിത്തുടിച്ചു രസിച്ചകാലം!

തൊട്ടാവാടിയും ഞാനുമൊരുപോലെന്ന്
കൂട്ടുകാര്‍ കള്ളപ്പരിഭവം ചൊന്നകാലം!
വളപ്പൊട്ടും മഷിത്തണ്ടും അഭ്രത്തരികളും
കുട്ടിപ്പിണക്കങ്ങള്‍ തീര്‍ത്തകാലം!
മാനം കാണാത്ത മയില്‍പ്പീലിക്കണ്ണു പോല്‍
ബാല്യം, അതെത്രയോ സുന്ദരമായ കാലം!
Join WhatsApp News
മുരുകൻ 2019-11-04 23:57:22
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ  ബാല്യം
ചെളിമണ്ണിൽ  പാവാട ചായം തേയ്ക്കും
അതു കാണെ  കളിയാക്കും  ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
---മുരുകൻ കാട്ടാക്കട
വിദ്യാധരൻ 2019-11-04 23:22:43
ബാല്യകാലം പോകും
കൗമാരവും പോകും 
യൗവനം പോകും 
യുവത്ത്വത്തിൽ 
ചാലുകീറി 
വാർദ്ധ്യക്യമെത്തും
എങ്കിലും ഓർമ്മകളുടെ 
തൂക്കുമഞ്ചത്തിൽ 
കണ്ണുപൂട്ടി 
കിടന്നാടാനൊരു സുഖമല്ലേ ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക