കാലത്തു ഞാന്‍ പോയ് മടങ്ങിയെത്തും വരെ
കാത്തിരിക്കും എന്റെ മീനുക്കുട്ടി!
വീട്ടിലെ 'കാളിങ് ബെല്‍'ശബ്ദിക്കും മാത്രയില്‍
വാതില്‍ തുറക്കുവാന്‍ കാത്തിരിക്കും!
വാതില്‍ തുറക്കുന്ന നേരാത്തവളെ ഞാന്‍
വാരിയെടുത്തിട്ടാ പൂങ്കവിളില്‍,
ഉള്ളിലെ മുഗ്ദ്ധമാം വാത്സല്യത്തേനൂറും
ഉമ്മകളൊത്തിരി സമ്മാനിക്കും!
പിന്നെ,മടിയിലിരുത്തി, യവളുടെ
പിന്നിയ കൂന്തല്‍ തലോടും മെല്ലെ!
മൈലാഞ്ചിയിട്ടൊരാ പൂവല്‍ക്കരങ്ങളില്‍
കൈവളയൊന്നൊന്നാ, യെണ്ണി നോക്കും!
മൂക്കു പിടിച്ചു വലിച്ചാലവളുടെ
മുറിശുണ്ഠി കാണുവാനെന്തു ഭംഗി!
പാദങ്ങളില്‍ മിന്നി മിന്നി ചലിയ്ക്കുമാ
പാദസരങ്ങളു മെന്തു ഭംഗി!
കണ്മഷിയിട്ടൊരാ നീലനയങ്ങള്‍
കണ്മണി മെല്ലെ ചലിപ്പിക്കുമ്പോള്‍,
മാനത്തെ താരങ്ങള്‍ മിന്നുന്നതു പോലെ
മയിലുകള്‍ പീലി നീര്‍ത്താടും പോലെ!
പുഞ്ചിരിച്ചെന്നടുത്തെത്തുമ്പോളാ മുഖം
പൂന്തിങ്കള്‍ മാനത്തുദിച്ച പോലെ!
നൃത്ത പദങ്ങളെടുത്തവളാടുമ്പോള്‍
ഹൃത്തടമാനന്ദ സാന്ദ്രമാകും!
കെട്ടിപ്പിടിച്ചങ്ങിരിയ്‌ക്കെ, ഞാന്‍ ചോദിക്കും
“കുട്ടീ,നിനക്കെന്നോടെത്രയിഷ്ടം?”
ഇത്തിരി പോലും മടിയ്ക്കാതവള്‍ ചൊല്ലും
ഒത്തിരി യൊത്തിരി യിഷ്ടമുണ്ടു്!
പൂത്തിരി കത്തിച്ച പോലെ ശോഭിക്കുമാ
പുഞ്ചിരി തഞ്ചും മുഖത്തു നോക്കി,
'ജീവന്റെ ജീവനാം ഓമനേ, ' ചൊല്ലും ഞാന്‍
'ജീവിപ്പതേ നിനക്കായി മാത്രം!'
'നീയില്ലാ ജീവിതം നീരില്ലാ പൊയ്ക പോല്‍
നീ തന്നെയെന്‍ ജീവ ചൈതന്യമേ!
ചിന്താമണി പോല്‍ നീ,നീയില്ലാ ജീവിതം
ചിന്തിപ്പാനേ എനിക്കാവതില്ല!'
കണ്ണിലെ കൃഷ്ണമണി പോലെനിക്കവള്‍
കണ്ണിലും,കണ്ണായ മുത്താണവള്‍!
എന്നുമെന്‍ നെഞ്ചിന്‍ തുടിപ്പാണവള്‍, 'എന്റെ
പൊന്നുമോളാ മെന്റെ മീനുക്കുട്ടി!'