Image

കൊതിയുടെ ഭൂമിശാസ്ത്രം (കഥ: സുഭാഷ് പേരാമ്പ്ര)

Published on 08 November, 2019
കൊതിയുടെ ഭൂമിശാസ്ത്രം (കഥ: സുഭാഷ് പേരാമ്പ്ര)
1
സെയില്‍സ്‌ന്റെ ഓട്ട പാച്ചിലിനിടയിലാണ്
ദുബായ് കരാമയിലെ കാലിക്കറ്റ് പാരഗണ്‍ ശ്രദ്ധയില്‍ പെടുന്നത്. മുമ്പ് ഞാന്‍ അവിടെ പലപ്രാവശ്യം  പോയിട്ടുണ്ട്.നല്ല ഭക്ഷണവും.. മിതമായ വിലയും..അത്യാവശ്യം നല്ല നിലവാരം.
കാറില്‍ ഉച്ചക്കെത്തെക്കുള്ള ചപ്പാത്തിയും കറിയും ഉണ്ട് എന്നാലും കൊതി കാരണം മനസ്സ് കേട്ടില്ല കൈയില്‍ 70 ദിര്‍ഹവും 1 രൂപയുടെ നാണയാവും മാത്രം.

2
എന്റെ സഹപ്രവര്‍ത്തകനായ കല്‍ക്കട്ടകാരന്‍ സുഹൃത്ത്  അസ്ദാക്കും ഞാനും പാരാഗണില്‍ കയറി  വെള്ളേപ്പവും ഒരു കോഴി താളിച്ചതും പിന്നെ ഒരു ഹാഫ്  കോഴിപൊരിച്ചതും ഓര്‍ഡര്‍ നല്‍കി.വെയ്റ്റര്‍ ബിനില്‍ എന്റെ തടി കണ്ടിട്ടാണെന്ന് തോന്നുന്നു  "സാറെ കോഴിപൊരിച്ചതു ഫുള്‍ എടുക്കട്ടേ".....?
ആഗ്രഹമില്ലാഞ്ഞിട്ടല്ല സഹോദരാ എന്റെ പോക്കറ്റിന്റെ ദൗര്‍ബല്യത്തെ ഞാന്‍ പരിഗണിക്കേണ്ടെ..!!! എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.ബോസ്,  ഹാഫിന് എത്രയാ.....? നിങ്ങളുടെ ക്വാണ്ടിറ്റി ഒന്ന് മനസ്സിലാക്കാനാ....
18 ദിര്‍ഹം !!.. ഓ.. അപ്പോള്‍ അത് ധാരാളം.

3
ബിനില്‍ കൈയില്‍ ഉണ്ടായിരുന്ന ടാബില്‍ എല്ലാം ഓര്‍ഡറും എന്റര്‍ ചെയ്തു.ഞാന്‍ ആ പരിസരമെല്ലാം ഒന്ന് നോക്കി,നല്ല വൃത്തിയും വെടിപ്പും,വലിയ ആള്‍  തിരക്കുമില്ല. വളരെ സ്വസ്ഥമായി സമാധാനത്തോടെ ഭക്ഷണം കഴിക്കാം.!!!
അല്‍പ്പനേരത്തെ കാത്തിരിപ്പിനു ശേഷം ബിനില്‍ ഭക്ഷണവുമായി വന്നു. കോഴിതാളിച്ചത് ഞാന്‍ ആദ്യമായി കഴിക്കുകയാണ്.അത് കോഴിക്കോടന്‍ വിഭവമല്ല തെക്കന്‍ വിഭവമാണെന്ന് ഞാന്‍ ബിനിലിനോട് ചോദിച്ചു മനസ്സിലാക്കി. കോഴി പൊരിച്ചത് കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. കോഴിയോടുള്ള സഹതാപം കൊണ്ടല്ല. അതില്‍ ആകെ നാല് പീസെയുള്ളൂ. എനിക്ക് തന്നെ അത് തികയില്ല.ഒരു ഫുള്‍  കോഴി കഴിക്കുന്ന എനിക്ക് നാല് പീസിന്റെ പാതി രണ്ട് പീസ് ഉള്ളില്‍ ചെന്നാല്‍ എന്റെ ആമാശയം പോലും എന്നെ വഴക്ക് പറയും!!.

4
ഞാന്‍ വെയ്റ്റര്‍ ബിനിലിനോട് വെറുതെ കുശലം ചോദിച്ചു കൊണ്ട് ഭക്ഷണം കഴിച്ച് തുടങ്ങി. അദ്ദേഹം എന്റെ അടുപ്പം കണ്ടിട്ടാണെന്നു തോന്നുന്നു എന്റെ ടേബിളിനടുത്തു സംസാരിച്ചിരുന്നു.ബിനില്‍ കോട്ടയം കാരനാണ് പരാഗനില്‍ പുതുതായി വന്ന സ്റ്റാഫ് ആണ്.ഞാന്‍
ഹോട്ടല്‍ മാനേജ്‌മെന്റ്‌റ് കഴിഞ്ഞതാണെന്നും
മുന്‍പ് കോഴിക്കോട് താജില്‍ ട്രെയിനിങ്ങിന്റെ  ഭാഗമായി നാല് മാസം ജോലി ചെയ്തിരുന്നു എന്നും, ഹോട്ടല്‍ ജോലിയുടെ നീണ്ട ഡ്യൂട്ടി ഷെഡ്യൂളിനെ പറ്റിയും, അതിന്റെ ബുദ്ധിമുട്ടുകളെ  പറ്റിയും ഒക്കെ പറഞ്ഞിരുന്നു. പിന്നെ മറ്റുള്ള മേഖലയെ അപേക്ഷിച്ചു  താരതമ്യേന  ശമ്പളം കുറവും.
സുഹൃത്തായ കല്‍ക്കട്ടകാരന്‍ രണ്ട് വെള്ളേപ്പം കഴിച്ച് നിര്‍ത്തിയപ്പോള്‍ ഞാന്‍ ഒരു രണ്ട് വെള്ളേപ്പം കൂടി കഴിച്ചു. അതും മതിയായിട്ടല്ല പിന്നെ പോക്കറ്റിന്റെ ദൗര്‍ബല്യവും  അവിടുത്തെ അടുക്കളയിലുള്ള പിടിപ്പതു പണിയും!! ഇതെല്ലം മനസ്സില്‍ മിന്നി മറിഞ്ഞപ്പോള്‍ ബാക്കി കാറിലിരിക്കുന്ന ചപ്പാത്തിയോടാകാം അതിക്രമം എന്ന് കരുതി ബാക്കി വന്ന കോഴിതാളിച്ചത് പാര്‍സലാക്കി വാങ്ങി.

5
ഇടയില്‍ വെയ്റ്റര്‍ കാപ്പിയോ ചായയോ വേണോ സാറെ എന്ന് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറയാന്‍ തോന്നിയില്ല.ഒടുവില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍  ബിനില്‍ ബില്‍  ഫോള്‍ഡറുമായി വന്നപ്പോള്‍ തുറക്കാന്‍ ചെറിയൊരു പേടി തോന്നി  !!!!!. പിന്നെ കല്‍ക്കട്ടകാരന്‍ സുഹൃത്തിന്റെ ഡെബിറ്റ്  കാര്‍ഡില്‍  പൈസയുള്ള ധൈര്യത്തില്‍ ഫോള്‍ഡര്‍ തുറന്ന് നോക്കിയപ്പോള്‍....
53. 50 ദിര്‍ഹം...!!!!!

6
ഈ ബില്ല് "പേ"  ചെയ്യുന്നതോടെ കൈയില്‍ 5 ദിര്‍ഹവും പിന്നെ ഇന്ത്യന്‍ നാണയം ഒരു രൂപയും. പക്ഷെ നമ്മുടെ കഷ്ടപ്പാട് മറ്റാരെയും അറിയിക്കേണ്ടല്ലോ... സുഹൃത്തു പേ ചെയ്യാന്‍ നോക്കിയപ്പോള്‍ അനുവദിക്കാതെ 65 ദിര്‍ഹം ഫോള്‍ഡറില്‍ വെച്ചു. ബിനില്‍ 11. 50 ദിര്‍ഹവുമായി തിരിച്ചു വന്നപ്പോള്‍ അത് വെച്ചോളൂ ബിനില്‍, പിന്നെ കാണാം എന്ന് പറഞ്ഞു ഗമയില്‍ 5 ദിര്‍ഹവും പിന്നെ ഇന്ത്യന്‍ നാണയം ഒരു രൂപയുമായി പുറത്തേക്കു ഇറങ്ങുമ്പോള്‍ ബിനിലിന്റെ മനസ്സ് ഒരുപാട് സന്തോഷിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. എനിക്ക് ഒരു വെയ്റ്ററുടെ മനസ്സ്  അറിയാം,അവരുടെ സങ്കടപ്പാടുകളും അറിയാം, കാരണം ഞാനും കുറച്ചുകാലം ആ തൊഴില്‍ ചെയ്തതാണ്. എനിക്കുറപ്പാണ് എന്റെ അടുത്തുള്ള  ഇടപഴകലും  പിന്നെ തീരെ  മോശമില്ലാത്ത  ടിപ്പു  മൊക്കെ കാരണം അയാള്‍ ഒരിക്കലും എന്നെ മറക്കാന്‍ വഴിയില്ല. എന്റെ കൈയില്‍ പൈസ ഇല്ലാത്തപ്പോഴും കാണിക്കുന്ന ഈ "ഗമ " പിന്നെ എല്ലാത്തിലും ഉപരി അവരുടെ മനസ്സിലേക്ക് കുറച്ച് സമയമെങ്കിലും ഇറങ്ങിചെല്ലാന്‍  കഴിയുന്നത്, പലപ്പോഴും പിന്നീട് അവിടെ ചെല്ലുമ്പോള്‍ അളവില്‍ കഴിഞ്ഞ സ്‌നേഹവും ബഹുമാനവും കിട്ടാറുണ്ട്.

7
പുറത്തിറങ്ങിയപ്പോള്‍ നല്ല മഴ...!!! മഴ എനിക്ക് ഒരുപാട്  ഇഷ്ടമാണെങ്കിലും... ദുബായില്‍ മഴ ഒരു ശാപം തന്നെയാണ്.റോഡില്‍ നിറഞ്ഞുനില്‍ക്കുന്ന  വെള്ളകെട്ടുകളും മഴ കാരണം തുരു തുരെ ഉണ്ടാവുന്ന  റോഡ് അപകടങ്ങളും കാണുമ്പോള്‍ മഴയെ ശപിച്ചു പോവും.മഴ അധികം പെയ്യാത്ത നാടായതുകൊണ്ട് ഇവിടുത്തെ നഗരങ്ങളില്‍ അതിനുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍  ഇല്ലാത്തതാണ് അതിനുള്ള  പ്രധാന  കാരണം.

8
പരാഗന്റെ എം.ഡി സുമേഷ്  ഗോവിന്ദ്  ഞാന്‍ പ്രീഡിഗ്രീ  പഠിച്ച ഗുരുവയൂരപ്പന്‍ കോളേജിലെ എന്റെ സീനിയര്‍ ആയിരുന്നു, കൂടാതെ  എന്റെ അടുത്ത സുഹൃത്തിന്റെ ക്ലാസ്സ് മേറ്റും.ആ ബന്ധത്തിന്റെ പേരില്‍ എന്റെ രണ്ട്  അനിയന്മാര്‍ (കസിന്‍) കഴിഞ്ഞ ഡിസംബറില്‍ വിസിറ്റിനു വന്നപ്പോള്‍.പരാഗനിന്റെ അജ്മാന്‍ ബ്രാഞ്ച് ഓപ്പണ്‍ ചെയ്യുമ്പോള്‍ ജോലി കൊടുക്കാമെന്ന്  പറഞ്ഞിരുന്നു.

ഇതുവരെ അത് ശരിയായില്ല... ആ വിവരം അറിയാന്‍ ഞാന്‍ പാരഗണ്‍ ഗ്രൂപ്പിന്റെ ഗള്‍ഫ് സെക്ഷന്റെ ജി.എം. സിബില്‍ ചേട്ടനെ കാണാന്‍ അതിനു പുറക് വശത്തെ ബില്‍ഡിംഗില്‍ അവരുടെ ഓഫീസില്‍ പോയി അന്വേഷിച്ചു,  അജ്മന്‍ ബ്രാഞ്ച് ഓപ്പണ്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും വിളിക്കുമെന്ന് പറഞ്ഞു.തിരിച്ചു കാറിലേക്ക് നടക്കുമ്പോള്‍  ഇന്നു രാത്രി ഭാര്യ ബബിയോട് പതിവ് പോലെ രാത്രിയിലെ ഭക്ഷണത്തിന്റെ കാര്യം മാത്രമല്ല..
പകല്‍ പരാഗനില്‍ നിന്നും കഴിച്ച വിഭവസമൃദ്ധമായ  ഭക്ഷണത്തിന്റെ കണക്കും  കൂടി ചേര്‍ത്തു  കളവു  പറയണമെല്ലോ എന്നോര്‍ത്തപ്പോള്‍
 *എന്റെ*;
മുന്‍പ് ഭക്ഷണം കഴിച്ച...
ഹോട്ടല്‍...!!
സ്ഥലം.....!!
പിന്നെ റോഡരികിലെ  ചില്ലുകൂട്ടില്‍ ആര്‍ക്കോ വേണ്ടി കറങ്ങുന്ന  നരകത്തിലെ കോഴിയെ കാണുമ്പോള്‍ ഒക്കെ തോന്നാറുള്ള
*കൊതിയുടെ ഭൂമിശാസ്ത്രത്തോട്* അല്പം വിഷമം  തോന്നി.......
ഞാന്‍  തിരിച്ചു വണ്ടിക്കരികില്‍
എത്തുമ്പോഴേക്കും മഴ  നിന്നിരുന്നു...
അപ്പോള്‍ കല്‍ക്കട്ടക്കാരന്‍ സുഹൃത്ത്  വണ്ടിയില്‍  കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.



കൊതിയുടെ ഭൂമിശാസ്ത്രം (കഥ: സുഭാഷ് പേരാമ്പ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക