Image

സുഖ ദുഃഖങ്ങളുടെ രസതന്ത്ര രഹസ്യം! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 16 November, 2019
സുഖ  ദുഃഖങ്ങളുടെ രസതന്ത്ര  രഹസ്യം! (തൊടുപുഴ  കെ ശങ്കര്‍, മുംബൈ)
പാലം  കടക്കുന്നത് വരെ “നാരായണാ" അതുകഴിഞ്ഞാലോ,  "കൂരായണാ" എന്ന നയം പലരും  പരിശീലിക്കാറുണ്ട്.  പക്ഷെ, അതു ശരിയോ അല്ല  തെറ്റോ  എന്ന് ആരും  ചിന്തിക്കാറില്ല. കാര്യം  നടന്നാല്‍  ഭക്തി, നടന്നില്ലെങ്കില്‍, ശത്രുത  എന്ന മനോഭാവം  സ്വീകരിക്കുന്നവരും കുറവല്ല!

അതുപോലെ  തന്നെ, ഒരാള്‍  നന്മ  ചെയ്താല്‍  നന്ദി, ചെയ്തില്ലെങ്കില്‍  നിന്ദ. അങ്ങനെ,  സമയോചിതമായി, സമീപനത്തിനു വ്യത്യാസം സംഭവിക്കുന്നു! സ്വന്തം  അശ്രദ്ധ  കൊണ്ട്  എന്തെങ്കിലും, അരോചകമായി  സംഭവിച്ചാല്‍,അതറിയാതെ, ഉടനെ  ഈശ്വരനു പഴിയായി,പിണക്കമായി,ഈശ്വരനെ കുറ്റം  പറച്ചിലായി. "എന്നാലും, ഈശ്വരന്, ഭക്തനായ എന്നോടിതു വേണ്ടായിരുരുന്നു", എന്ന പരാതിയായി, പരിഭവമായി. പക്ഷെ, ആരും ആ ബഹുമുഖ  സമസ്യയെപ്പറ്റി  ചിന്തിക്കാറില്ല, എന്നതാണു സത്യം. എന്ത്‌കൊണ്ട്, ചിലപ്പോള്‍  നമ്മുടെ  കണക്കു  കൂട്ടലുകള്‍ തെറ്റുന്നു, എന്ന്  ആരും  ആഴത്തില്‍  ചിന്തിക്കാറില്ല, എന്നതാണു  വാസ്തവം. അതിനു ശേഷം, ആരാണു കുറ്റവാളി, ഈശ്വരനോ, മനുഷ്യനോ  എന്ന നിഗമനത്തില്‍  എത്താം. അതായിരിക്കും  ശരി, എന്നു തോന്നുന്നു.

നമുക്കു സംഭവിക്കുന്നതെല്ലാത്തിനും, നമ്മുടെ കര്‍മ്മം  തന്നെ  ഉത്തരവാദി യെന്ന് അപ്പോള്‍ വ്യക്തമായി  മനസ്സിലാകും. പരീക്ഷയില്‍  തോറ്റാല്‍, വണ്ടി  കിട്ടില്ലെങ്കില്‍  ഉടനെ  ഈശ്വരനു ശാപ ശരം. പഠിക്കാത്തതിനാലാണു് പരീക്ഷയില്‍  തോറ്റതെന്നും, വൈകിയെത്തിയതു കൊണ്ടാണു് വണ്ടി  പോയതെന്നും  ആരും സ്വയം  ചിന്തിക്കാറില്ല.

ചെയ്ത(ചെയ്യുന്ന) നന്മകള്‍ക്കു നന്ദി  പറയാന്‍  മറന്നാലും, ചെയ്യാന്‍  ബാധ്യസ്ഥനല്ലാത്ത  കാര്യങ്ങള്‍ക്കു, നിന്ദ  പ്രകടിപ്പിക്കാന്‍ പലരും മറക്കാറില്ല. ഇനി, നമുക്കു്, ഇതെല്ലം, എന്തു കൊണ്ടു് സംഭവിക്കുന്നു  എന്ന് ഒന്ന്  വിശകലനം  ചെയ്തു നോക്കാം. എന്നിട്ടു്, ആരാണു  കുറ്റവാളി എന്ന്  തീരുമാനിക്കാം.

എത്രയോ ജന്മങ്ങള്‍ താണ്ടി അവസാനം  ലഭ്യമായതാണു മനുഷ്യ  ജന്മം  എന്ന്  പലരും  ചിന്തിക്കാറില്ല. നമുക്കു്  ഈശ്വരന്‍ തന്നിട്ടുള്ള  വരദാനങ്ങളും  ആനുകൂല്യങ്ങളും  ഒന്നും നാം  ഓര്‍മ്മിക്കാറില്ല. പരാതികളും, പരിഭവങ്ങളും  മാത്രമാണ്  നാം ഈശ്വരന്റെ  മുമ്പില്‍  സാധാരണ സമര്‍പ്പിക്കാറുള്ളത്. കൃതജ്ഞതയ്ക്കു  പകരം, കൃതഘ്‌നതയാണ്  നാം ഈശ്വരനു  കൊടുക്കുന്ന  പ്രതിഫലം. പക്ഷെ, അതെല്ലാം, സ്‌നേഹനിധിയായ  ഒരു  അച്ഛനെപ്പോലെ  ഈശ്വരന്‍  ക്ഷമിക്കുന്നു. നമ്മുടെ, ജീവിതത്തിലെ മധുരാനുഭവങ്ങളുടെയും, തിക്തകാനുഭവങ്ങളുടെയും   പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക ശക്തികള്‍ എന്തെല്ലാമാണ് എന്ന ചോദ്യത്തിനു്, ഹിന്ദുമതത്തിലെ വേദ പ്രക്രാരം താഴെപ്പറയുന്ന കാരണങ്ങളാണ്  ഓര്‍മ്മയില്‍  വരുന്നതു്.
കാമം  കര്‍മ്മം  കര്‍മ്മഫലം:
നമ്മുടെ  ജീവിതത്തില്‍ പല സുഖ ദുഃഖ സമ്മിശ്രമായ  സംഭവങ്ങള്‍ക്കും പിന്നില്‍ ചില മൗലികമായ കാരണങ്ങളുണ്ട്. അതെന്തെല്ലാമെന്നു  നമുക്കു് ഒന്നൊന്നായി  നോക്കാം.
കാമം:
.ഒരു പ്രവര്‍ത്തി ചെയ്യാന്‍  നമ്മുടെ  മനസ്സില്‍  തോന്നുന്ന  സ്വാഭാവികമായ  വികാരത്തിനു് അല്ലെങ്കില്‍  ആഗ്രഹത്തിനു്,  കാമം  എന്നു  പറയുന്നു. അത്,  പഠിക്കാനാകാം, തൊഴില്‍  ചെയ്യാനാകാം,  ഒരു  വീടു വാങ്ങാനാകാം, അഥവാ, വിവാഹം  കഴിക്കാനാകാം. ആ പദത്തിന്റെ  പരിശുദ്ധമായ  അര്‍ത്ഥം മാത്രം  നാം  ഇവിടെ എടുത്താല്‍ മതി. അത് ആദ്യം ബുദ്ധിയിലും, പിന്നെ  മനസ്സിലും, ആ  വിചാരം തീവ്രമാകുമ്പോള്‍  അവിടുന്നു  കര്‍മ്മ  മണ്ഡലത്തിലും  പ്രവേശിക്കുന്നു. 
കര്‍മ്മം:
മനസ്സില്‍  അങ്കുരിച്ച  ആഗ്രഹം അഥവാ കാമം, ശക്ത മാകുമ്പോള്‍ അതിനെ പ്രാവര്‍ത്തികമാക്കുവാന്‍   നാം 
 പ്രയത്‌നിക്കുന്നു.അപ്രകാരം  നാം  ആ  മണ്ഡലത്തിലേക്ക്  പ്രവേശിക്കുമ്പോള്‍, അതിനു  കര്‍മ്മം  എന്നു  പറയുന്നു.
കര്‍മ്മം  പൂര്‍ത്തിയാകുന്നതോടെ, കര്‍ത്താവിന്റെ കാമം  അഥവാ  ആഗ്രഹം  എന്ന പ്രഥമ  ഘട്ടം  പൂര്‍ത്തിയാകുന്നു.
കര്‍ത്താവ്,  അതിന്റെ അടുത്ത  ഘട്ടമായ, കര്‍മ്മഫലത്തിലേക്കു പ്രവേശിക്കുന്നു. 

കര്‍മ്മഫലം:
അപ്പോള്‍, നാം  മുകളില്‍  പറഞ്ഞ  വസ്തുതകളുടെ  അടിസ്ഥാനത്തില്‍, ആദ്യം  നമ്മുടെ  മനസ്സില്‍  കാമം  ഉദിക്കുന്നു, കാമം  കര്‍മ്മത്തിനു  കാരണമാകുന്നു, കര്‍മ്മം  കര്‍മ്മഫലത്തിനു  കാരണമാകുന്നു. ഇതില്‍, ആദ്യത്തെ  രണ്ടു കൂട്ടവും  നമ്മുടെ  നിയന്ത്രണത്തില്‍  ആണെന്നു് പറയാം. പക്ഷെ, ഒരിക്കല്‍  കര്‍മ്മം  പൂര്‍ത്തിയായാല്‍  പിന്നെ, അതിന്റെ ഫലം  നമ്മുടെ  കയ്യിലില്ല. അത് നാം ചെയ്ത  കര്‍മ്മമനുസരിച്ചു നമുക്കു് ലഭിക്കുന്നു. എന്തു നടുന്നോ, അതിനനുസരിച്ചുള്ള  ഫലം  ലഭിക്കും. കാഞ്ഞിരത്തിന്റെ  തൈ നട്ടിട്ട്, അത്  മരമാകുമ്പോള്‍, അതില്‍ ആപ്പിള്‍ ഉണ്ടാകണമെന്നു ആശിച്ചാല്‍ നടക്കുമോ?അത്  ശരിയാണോ? അമര  നട്ടാല്‍  തുവര  കായ്ക്കുമോ?
പരീക്ഷയ്ക്ക്, ഉത്തരക്കടലാസില്‍, ഇന്ത്യയുടെ  തലസ്ഥാനം കല്‍ക്കട്ടാ എന്നെഴുതിയിട്ട്, അതല്ല, ഡല്‍ഹി  യാണെന്നറിഞ്ഞാല്‍, അത്, എത്ര  പ്രാര്‍ത്ഥിച്ചാലും  മാറുമോ? ആര്‍ക്കെങ്കിലും, മാറ്റാന്‍ പറ്റുമോ? എത്ര  നേര്‍ച്ച നേര്‍ന്നാലും, എഴുതിയതു്, മാറ്റാന്‍  സാധിക്കുമോ? അപ്പോള്‍  പരീക്ഷയ്ക്ക്  കിട്ടുന്ന  ഫലമാണ്  കര്‍മ്മ  ഫലം.

അതായതു, ചെയ്ത  കര്‍മ്മത്തിന്റെ  ഫലം ആര്‍ക്കും  മാറ്റാനാവില്ല  എന്നര്‍ത്ഥം. ഇവിടെയും, നാം ചെയ്ത  കര്‍മ്മത്തിന്റെ ഫലമാണ്  നമുക്കു്  ലഭിക്കുന്നത്. അത്  മാറ്റാന്‍ ഈശ്വരനും  സാധ്യമല്ല. അറിയാതെ  ചെയ്തതാണെന്നുള്ള  വാദത്തിനു  പ്രസക്തിയില്ല. അതു കൊണ്ട്, നമ്മുടെ  അധീനത്തിലിരിക്കുന്ന  കാമവും, കര്‍മ്മവും,  നമ്മള്‍  ശ്രദ്ധിച്ചാല്‍  മതി. പിന്നെ വരുന്നിടത്തു വച്ചു കാണാമെന്ന  നിലപാടുമായി മുന്നോട്ടു പോകുന്നതാണ്  നല്ലതു്.
കര്‍മ്മം  എത്ര  വിധം?

മൂന്നു  വിധം:
 1)   ആഗമി  കര്‍മ്മം ജ്ഞാനിയായ  ഒരാള്‍ ചെയ്യുന്ന  നല്ലതോ, കെട്ടതോ ആയ കര്‍മ്മത്തിന്, ആഗമി   കര്‍മ്മം  എന്ന് പറയുന്നു. ഇന്നു വിതയ്ക്കുന്ന  വിത്തിന്‍റെ ഫലം നാളെ ലഭിക്കും. കര്‍ത്താവു തന്നെ അതിന്റെ ഫലം  അനുഭവിക്കുന്നു. ദുഃഖം, പശ്ചാത്താപം, കുറ്റബോധം, വിദ്വേഷം, പക, വെറുപ്പ് മുതലായവയാണു് അതു  ജനിപ്പിക്കുന്നതെങ്കില്‍, ആ ഫലം  പാപ കര്‍മ്മത്തിന്റെ  ഫലമായി കരുതുന്നു. നേരെ  മറിച്ചു എല്ലാവര്ക്കും ആനന്ദം, ആത്മ  നിര്‍വൃതി, അഭിമാനം , ആത്മ  സ്തുതി  എന്നിവയാണു്  ലഭിക്കുന്നതെങ്കില്‍, അപ്രകാരമുള്ള  കര്‍മ്മങ്ങള്‍ പുണ്യ കര്‍മ്മങ്ങളായി കാണക്കാക്കപ്പെടുന്നു.

സല്‍ക്കര്‍മ്മങ്ങള്‍  ചെയ്താല്‍  മറ്റുള്ളവര്‍ക്ക്  മാതൃകയാകുമെന്നത്  മാത്രമല്ല, സമാധാനമായും, സന്തോഷമായും ജീവിക്കാനും  സാധിക്കും.

   2)  സഞ്ചിത  കര്‍മ്മം:
സഞ്ചിതം  എന്നാല്‍  ശേഖരം  എന്നര്‍ത്ഥം. അതു വരെ  ശേഖരിച്ച,
 പൂര്‍വ്വ ജന്മങ്ങളില്‍ ചെയ്ത  കര്‍മ്മങ്ങളുടെ ഫലം അതെ ജന്മത്തില്‍   അനുഭവിച്ചു  തീരാന്‍ പറ്റിയില്ലെങ്കില്‍, അത്, അടുത്ത  ജന്മത്തിലേയ്ക്ക്, സ്വയം  പകര്‍ന്നു  പോകുന്നു. അത് തടയാന്‍ ആര്‍ക്കും സാദ്ധ്യമല്ല.  അങ്ങനെ, ശേഖരിച്ചു  വച്ച  കര്‍മ്മ  ഫലങ്ങള്‍  ഒന്നൊന്നായി  കര്‍ത്താവിനെ  തേടി, ജന്മാന്തരങ്ങളിലൂടെ എത്തുന്നു. എപ്രകാരമെന്നുള്ളതിനു  വേദത്തില്‍  പറയുന്നത്  ഇപ്രകാരമാണ്: ഉദാ:
നൂറു  പശുക്കളുള്ള  ഒരു  തൊഴുത്തില്‍, ഒരു  പശുക്കിടാവിനെ  വേറെ  ഏതെങ്കിലും  പശുവിന്റെയടുത്തു കൊണ്ടുവിട്ടാലും, അത്, എങ്ങനെ അതിന്റെ  അമ്മയുടെ  യടുത്തു  തന്നെ പോകുന്നുവോ അല്ലെങ്കില്‍ വില്ലില്‍  നിന്നും  പുറപ്പെട്ട  ശരം എങ്ങനെ അതിന്റെ  ലക്ഷ്യം തെറ്റാതെ, ഉന്നം പിഴക്കാതെ, വസ്തുവെ പ്രാപിയ്ക്കുന്നുവോ, അതു പോലെ, കര്‍മ്മ  ഫലവും  അതിന്റെ ശരിയായ  കര്‍ത്താവിലെത്തുന്നു. അതു കൊണ്ട്,കാലമെത്രയായാലും,എത്രജന്മ മെടുത്താലും, കര്‍മ്മ ഫലം അതിന്റെ കര്‍ത്താവിലെത്തുമെന്ന  നിഗമനം വാസ്തവമായി  ഭവിക്കും. ഇനി, അടുത്ത  ജന്മത്തില്‍ ചെയ്യുന്ന  കര്‍മ്മങ്ങളുടെ ഫലവും  അതിന്റെ  കൂടെ  ചേരുന്നു, അതായതു്, സഞ്ചിതമാകുന്നു. പുണ്യം  ചെയ്താല്‍  നല്ല ഫലവും, കെട്ടത് ചെയ്താല്‍  പാപവും എന്നത്  കര്‍മ്മ ഫലത്തിലൂടെ പ്രകടമാകുമെന്നത്  ലോകനിയമമാണ്.
അതെല്ലാം  തീരുന്നതു  വരെ, ജന്മങ്ങള്‍  തുടര്‍ന്നു കൊണ്ടിരിക്കും.

3) പ്രാരാബ്ദ കര്‍മ്മം:
ജനനം  മുതല്‍  ഇവിടെ  ചെയ്യുന്ന, നല്ലതോ  കെട്ടതോ  ആയ  കര്‍മ്മങ്ങളുടെ ഫലം, സുഖമായോ, ദുഃഖമായോ, ഇവിടെത്തന്നെ, അനുഭവിച്ചു  തീര്‍ക്കേണ്ടതിനാല്‍, ആ  പ്രാരബ്ധം ഒരാള്‍  പേറുന്നതിനാല്‍, അതിനെ  പ്രാരബ്ധ കര്‍മ്മം എന്നു പറയുന്നു. അനുഭവിച്ചു  മാത്രമേ, ഒരാള്‍ക്ക്, ആ കര്‍മ്മങ്ങളില്‍ നിന്നും മുക്തി  ലഭിക്കുകയുള്ളു. ഏതൊരു  കര്‍മ്മം പ്രാരംഭത്തിലേ നന്നായി  തുടങ്ങി  വയ്ക്കുന്നുവോ, അതിനെ  പ്രാരബ്ധ  കര്‍മ്മം  എന്നു  പറയുന്നു. ഭഗവാന്‍ രമണ  മഹര്‍ഷിയുടെ വീക്ഷണത്തില്‍, നാം  പേറുന്ന ശരീരം തന്നെ ഒരു  പ്രാരബ്ധമാണ്. അങ്ങനെ, പുനര്‍  ജന്മത്തിനും, അനുഭവങ്ങള്‍ക്കും  വഴിയൊരുക്കുന്ന  കര്‍മ്മങ്ങള്‍, പ്രാരബ്ധ  കര്‍മ്മങ്ങളായി  കരുതുന്നു. പ്രാരബ്ധ  കര്‍മ്മങ്ങളാണ്, നമ്മുടെ  അടുത്ത  ജന്മവും, ജന്മ സ്ഥലവും, ജന്മ  സമയവും, പരിസരവും, ജീവിത  ദൈര്‍ഖ്യവും  എല്ലാം നിശ്ചയിക്കുന്നത്. അതിനു  നാം വിധി, തലേലെഴുത്തു  എന്നെല്ലാം പറയുന്നു. അതെല്ലാം പ്രതികൂല  മനോഭാവത്തോടെ,  'എല്ലാം ഈശ്വര  കല്പിതം' എന്നു  ചിന്തിക്കരുത്.
'ഇതെന്റെ തലവിധിയാണ്, ഈശ്വര കല്‍പ്പിതമാണ്, ഇതെല്ലം ഞാന്‍ അനുഭവിച്ചേ തീരുകയുള്ളൂ, ആര്‍ക്കും ഈ സ്ഥിതി മാറ്റുവാന്‍ പറ്റുകയില്ല'. എന്നെല്ലാം  ചിന്തിക്കുന്നതിനു  പകരം, എല്ലാം  എന്റെ പൂര്‍വ്വ ജന്മ, പൂര്‍വ്വ  കാല കര്‍മ്മ  ഫലമെന്നു്, ബോദ്ധ്യം വരുമ്പോള്‍, മറ്റുള്ളവരെയും, ഈശ്വരനെയും,  പഴിക്കുന്ന  സ്വഭാവം താനേ നില്‍ക്കും. നമ്മുടെ  കര്‍മ്മ  ഫലം മാറ്റാനായില്ലെങ്കിലും, കര്‍മ്മ  ഫലത്തിനോടുള്ള പ്രതികരണ  രീതിയും, മനോഭാവവും  മാറ്റാന്‍  പറ്റുമല്ലോ. അതാണ്, വിവേകം.
ഭക്തി  മാര്‍ഗ്ഗങ്ങളിലൂടെ  മാത്രമേ, കര്‍മ്മഫലത്തിന്, അയവു  വരുത്താന്‍  പറ്റുകയുള്ളു. ഈ കലിയുഗത്തില്‍, വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്ന  ഭക്തി  മാര്‍ഗ്ഗങ്ങള്‍  ഇപ്രകാരമാണ്:
സദ്‌സംഗം, നാമസങ്കീര്‍ത്തനം, ശരണാഗതി.

അതായതു്, സജ്ജന  സംസര്‍ഗ്ഗം, സ്‌തോത്ര  പാരായണം, ആത്മ  സമര്‍പ്പണം  എന്നിവയാണ്.
പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവയില്‍  എല്ലാം അടങ്ങിയിരിക്കുന്നു. ഗൃഹസ്ഥാശ്രമത്തില്‍  പ്രവേശിച്ച  ഒരുവന്, പ്രവൃത്തി  മാര്‍ഗ്ഗവും, (ധനാഗമ  മാര്‍ഗ്ഗങ്ങള്‍) വാനപ്രസ്ഥത്തില്‍  പ്രവേശിച്ച ഒരുവന്  നിവൃത്തി  മാര്‍ഗ്ഗവും (സായൂജ്യ  പ്രാപ്തിക്കുള്ള  മേല്‍പ്പറഞ്ഞ മാര്‍ഗ്ഗങ്ങള്‍) കല്പിച്ചിരിക്കുന്നു

കര്‍മ്മ  ശുദ്ധി വന്നു്, ജന്മം ശ്രേഷ്ഠമാകുമ്പോള്‍, എല്ലാവരും  ആഗ്രഹിക്കുന്ന  ജനി മോചനം  ലഭിക്കുന്നു. അറിഞ്ഞോ, അറിയാതെയോ, ചെയ്തു  കൂട്ടിയ  പാപങ്ങള്‍ക്ക്, പുണ്യ പ്രവര്‍ത്തികളിലൂടെ  പരിഹാരം  ലഭിക്കുന്നു.  അതോടെ, സായൂജ്യ  പ്രാപ്തി  നേടാനും  കഴിയുന്നു. പിന്നെ, മറ്റൊരു  ജന്മമില്ല. സല്‍പ്രവര്‍ത്തികള്‍ ചെയ്താല്‍  മോക്ഷമോ, അല്ലെങ്കില്‍  ശ്രേഷ്ഠമായ  മറുജന്മമോ ലഭിക്കാം. എല്ലാം  അനുകൂലമെങ്കില്‍,  കാത്തുകൊതിച്ചിരിക്കുന്ന  വൈകുണ്ഠ  പ്രാപ്തി  സാദ്ധ്യമാകുന്നു.

(സായൂജ്യം=അവിദ്യയെ  ഇല്ലാതാക്കി, ജ്ഞാനം  സമ്പാദിച്ചു/ മുക്തി
നേടി, ബ്രഹ്മവുമായി താദാത്മ്യം/ഐക്യം പ്രാപിക്കുന്നത്. ചതുര്‍വിധ  മുക്തികള്‍  ഇപ്രകാരമാണ്:
സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം.

(ഇഷ്ടദേവതയുടെ  ലോകം, ഇഷ്ടദേവതയുടെ  സമീപ  വാസം, ഇഷ്ട  ദേവതയുടെ  രൂപ  പ്രാപ്തി, ഇഷ്ട  ദേവതയില്‍  ലയിക്കുന്നത്. അതോടെ  ജന്മ  ചക്രം  പൂര്‍ത്തിയാകുന്നു).
അതു കൊണ്ട്, കാമവും, കര്‍മ്മവും നിയന്ത്രിച്ചാല്‍ കര്‍മ്മ ഫലവും  അനുകൂലമാകുമെന്നും, ജന്മ  സാക്ഷാത്കാരം  ലഭ്യമാകുമെന്നും   പ്രതീക്ഷിക്കാം!

Join WhatsApp News
തുള്ളിച്ചാടി ഡാന്‍സ് ചെയ്യു! 2019-11-17 05:36:21
The Universe has abundance of treasure chests un-opened
Maybe it is better to remain as such.
Well; why should we try to explore the unknown?
If we can be Happy in the simple way of Life
Be simple & Humble,then the Universe will stand in Que to dance with you.
Be happy like a little child who can take off the clothes & Dance on it jumping up and down.
The Plants, the other animals, they all are Happy.
Be Happy man!
Throw away all your Treasures to be happy.- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക