ജെസ്സി നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടും, അവര്‍ക്ക് വയനാട്ടില്‍ വെച്ചുണ്ടായ പ്രണയാനുഭവവും, സാന്റ ഫെയിലെ റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവവുമാണ് ഈ കഥയിലെ പ്രധാന വിവരങ്ങള്‍. പ്രണയ സാഫല്യത്തിനായി ഉഴലുന്ന ജെസ്സിയുടെ തന്ത്രപ്പാടുകളുടെ ഒരു ആഖ്യായികയാണ് മൊത്തത്തില്‍ ഈ കഥ.
നീണ്ടപോയ വര്‍ണ്ണനകള്‍ക്കിടയില്‍ എന്നെ ആകര്‍ഷിച്ച ചില വരികള്‍ കാണാനിടയായി. ഉദാഹരണമായി 'മനസ്സില്‍ ഉരുകിയൊലിക്കുന്നത് കാലങ്ങള്‍ക്ക് അണക്കാനാവാത്ത മെഴുകുതിരി' എന്ന പ്രയോഗം ജെസ്സിയുടെ പ്രണയയാത്രയുടെ പ്രതീകമായിത്തോന്നാം. 'മഴ നോക്കിനോക്കി താനും ഒരു മഴത്തുള്ളിയായി മാറുമോ' എന്ന ഉല്‍ക്കണ്ഠ പരിതപ്തമായ ജെസ്സിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ലേ? അതുപോലെ, ചില മഴത്തുള്ളികള്‍ തിരിച്ചൊഴുകാറുണ്ടോ?' പിരിഞ്ഞുപോയ പുഴയെത്തേടി യാത്രയാവാറുണ്ടോ? എന്നീ ചോദ്യങ്ങള്‍ വാസ്തവത്തില്‍ കൗമാരപ്രായത്തില്‍ പ്രണയിച്ച് കൈവെടിയേണ്ടിവന്ന കാമുകനെ തേടിയുള്ള വയനാടന്‍ യാത്രയ്ക്ക് ബിംബോദ്യോതുകമായി വര്‍ത്തിക്കുന്നു.
എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന ഒരു കഥയല്ല ഇത്. ചില സംഭവങ്ങള്‍ തമ്മില്‍ തുടര്‍ച്ചാനുബന്ധമില്ലാതെ ഒന്ന് മറ്റൊന്നിലേക്ക് ചാടിപ്പോകകൊണ്ട് പലയിടത്തും വായനക്കാരന് ക്ലിഷ്ടത അനുഭവപ്പെടുന്നുണ്ട്. നീണ്ടുപോയ വിവരണത്തിന്റെ മേദസ്സ് നല്ലപോലെ ഒന്ന് ഒതുക്കി പാകപ്പെടുത്തിയിരുന്നെങ്കില്‍ എന്നു തോന്നി.
ഇളയ സഹോദരിയുടെ കുഞ്ഞിക്കണ്ണുകള്‍ ഓര്‍ത്തെടുത്ത്ാണ് ഞാന്‍ എന്റെ ദിവസങ്ങളോടും ജീവിതത്തോടും ഒരിക്കല്‍പോലും തളരാതെ പടപൊരുതിക്കൊണ്ടിരുന്നത് ' എന്നു പറയുന്നു ഒരിടത്ത്. അത്ര സ്‌നേഹമുള്ള അനിയത്തിയുടെ കല്യാണത്തിന് 20 കൊല്ലം കഴിഞ്ഞു ചെല്ലുന്ന ജെസ്സി, പുറത്തു കാത്തുനില്‍ക്കുന്ന ചിറ്റപ്പനോട് വിശദീകരണമൊന്നുമില്ലാതെ 'ഞാന്‍ വിട്ടീലേയ്ക്കു വരുന്നില്ല, വയനാട്ടിലേയ്ക്കാണ്.' എന്നും പറഞ്ഞ് ടാക്‌സി പിടിച്ചുപോകുന്നത് വായനക്കാരന് ചിന്താകുഴപ്പമുണ്ടാക്കുന്നു.
'മനോഹരമായ ഒരു മഴവില്‍പോലെ ജിവിതത്തില്‍ നിന്നും മാഞ്ഞുപോയ മൂന്നു ദിവസങ്ങള്‍' എന്ന് കഥാകൃത്ത് പറയുന്നുണ്ട് മഴവില്‍ മാഞ്ഞുപോകും, പക്ഷെ ഒരു പുരുഷനുമായി ചിലവഴിച്ച ഓര്‍മ്മകള്‍ എങ്ങിനെ നശിച്ചുപോകും! അതേപോലെ മറ്റൊരിടത്ത് 'ഭൂതകാലത്തിലെന്നോ നിലച്ചുപോയ ഘടികാരം പോലെയായി മനസ്സ് ,' നിലച്ചുപോയ നിമിഷങ്ങളിലേക്കുള്ള തീര്‍ത്ഥയാത്ര' എന്നുമുള്ള വിവരണം. നിലച്ചുപോയ അചേതനുമായ ഘടികാരം പോലെയല്ലല്ലോ സചേതനമായ മനസ്സിന്റെ വ്യാപാരങ്ങള്‍! ഇതെല്ലാം എന്റെ സംശയം മാത്രം.
എന്തായാലും കഥാകൃത്തിന്റെ കഥയെഴുതാനുള്ള ഉദ്യമനത്തിന് എന്റെ അഭിനന്ദനങ്ങള്‍. നല്ല കഥകള്‍ എഴുതിത്തെളിയാനുള്ള സൗഭാഗ്യം അനീഷിന് വരട്ടെ.
(ഡാളസ്സില്‍ നടന്ന 11-ാം 'ലാന' സമ്മേളനത്തിലെ ചെറുകഥാ ചര്‍ച്ചയില്‍ നിന്ന് )