അന്ത്യം അടുക്കുമ്പോള്‍ ഞാനീ പറയുന്നതു
നീ ഒര്‍മ്മിച്ചു വയ്ക്കണം.
പ്രായം അത്രമേല്‍ ചുരുട്ടിക്കൂട്ടിയ
ഓര്‍മ്മ കൊണ്ടാണെങ്കില്‍ പോലും.
മരണത്തിന്റെ ദൂതന്‍ കാത്തുനില്‍ക്കുമ്പോള്‍
ഉടലാകെ തുന്നിച്ചേര്‍ത്ത കുഴലുകളുമായി
ജീവന്റെ നൂല്‍പ്പാലത്തില്‍ തൂങ്ങിയാടാന്‍
എന്നെ നീ വിട്ടുകൊടുക്കരുത്.
അലിവോടെ പോകാന്‍ അനുവദിക്കണം.
(മരണത്തിന്റെ ദൂതനെപ്പോഴും പുരുഷനാ
യതെന്തുകൊണ്ടാണെന്നു ഞാനോര്‍ക്കാറുണ്ട്.
പിടയുന്ന സ്‌നേഹങ്ങളില്‍ നിന്ന് ജീവനെ
അടര്‍ത്തി മാറ്റാന്‍ ദൂതികയ്ക്കു കഴിയില്ലെന്നാണോ?)
കട്ടപിടിച്ച ഇരുളിന്റെ വിരിമാറിലൂടെ
പ്രകാശത്തിലേക്കു നോക്കി പതിയെ
നടന്നകലുമ്പോഴും ഞാന്‍ ഇടയ്ക്കിടെ
നിന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും.
ഇളംകാറ്റു പോലൊന്നു നിന്റെ കവിളില്‍ തട്ടിയത്
എന്റെ അന്ത്യചുംബനം ആയിരുന്നു എന്നറിയുക!
നിന്റെ ഓര്‍മ്മകളില്‍ ഉണ്ടായിരിക്കുവോളം
എനിക്കു യഥാര്‍ത്ഥത്തില്‍ മരണമില്ല.
അത്രയൊന്നും പൊലിമയോ പകിട്ടോ
ഇല്ലാത്ത ഒരു സധാരണ മരണമഞ്ചം
നീ എനിക്ക് വേണ്ടി തിരഞ്ഞെടുക്കുക.
ഒരു ക്ലോസ്ഡ് കോഫിന്‍ വിടവാങ്ങല്‍ മതി.
ശിലപോലെ തണുത്തുറഞ്ഞ എന്റെ മുഖം
ഓര്‍മ്മയില്‍ പേറി ആരും തിരിച്ചു പോകരുത്.
ദീപ്തമായ ഒരോര്‍മ്മയെങ്കിലും എന്നെക്കുറിച്ചു
ണ്ടെങ്കില്‍, അതുമായവര്‍ തിരിച്ചു പോകട്ടെ.
പൂക്കളെ പോറ്റിവളര്‍ത്തിയവളാണു ഞാന്‍
കൊന്നൊടുക്കിയ പൂക്കളെ എന്റെമേല്‍ കുന്നുകൂട്ടരുത്.
ഓരോ ഋതുവിലും പൂക്കുവാന്‍ ഓരോ ചെടി വീതം
നീ എനിക്കു ചുറ്റിലും നട്ടുവയ്ക്കുക.
എന്നിലെ ഓരോ പരമാണുവും അഴുകി
അലിഞ്ഞ് അവയ്ക്കു വളമായിത്തീരണം.
വല്ലപ്പോഴും വന്നു നീ അവയെ പരിപാലിക്കുക.
മേലെയൊരു മഴവില്‍ തുഞ്ചത്തിരുന്ന്
ഞാനതു നോക്കിക്കാണുന്നുണ്ടാവും!
നീയാണാദ്യം പോകുന്നതെങ്കിലോ
എന്നു നീ ചോദിക്കരുത്.
അങ്ങനെ ഒരു ചോദ്യമില്ല, അത്രതന്നെ!!