Image

'വാടാത്ത പൈങ്കിളി' (സജില്‍ ശ്രീധര്‍)

Published on 22 November, 2019
'വാടാത്ത പൈങ്കിളി' (സജില്‍ ശ്രീധര്‍)
മംഗളത്തില്‍ പ്രസിദ്ധീകരിച്ചത്. അനുമതിയോടെ പുനപ്രസിദ്ധീകരിക്കുനു

മലയാള സാഹിത്യചരിത്രം കണ്ട ഏറ്റവും മികച്ച നോവല്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു. ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ ഖസാക്കിന് മുന്‍പും ശേഷവും എന്ന വര്‍ഗീകരണം വരെ ഉണ്ടായി. അത്രയേറെ ഉത്കൃഷ്ടമായ ഒരു രചനയിലെ നായക കഥാപാത്രം രവി തന്റെ തുണിസഞ്ചിയില്‍ സൂക്ഷിക്കുന്ന പ്രിയപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഒരു മുട്ടത്തു വര്‍ക്കി കൂടിയുണ്ടെന്ന് ഒ.വി.വിജയന്‍ എഴുതുമ്പോള്‍ നേരംകൊല്ലി വായനയുടെ പേരില്‍ വര്‍ക്കിയെ അടച്ചാക്ഷേപിച്ച മുഴുവന്‍ പേര്‍ക്കുമുള്ള ഉത്തരം കൂടിയാവുന്നു അത്.

ഖസാക്കിന് ലഭിച്ച ഏകപുരസ്‌കാരം മുട്ടത്തു വര്‍ക്കി അവാര്‍ഡ് ആണെന്നതും വര്‍ക്കിയുടെ മരണാനന്തരം മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ മുട്ടത്തുവര്‍ക്കി അവാര്‍ഡ് ഖസാക്കിനായിരുന്നു എന്നതും ചരിത്രത്തിലെ കുസൃതി നിറഞ്ഞ യാദൃശ്ചികത.

പേരിന്റെ തുടക്കത്തില്‍ 'വ' എന്നൊരക്ഷരമുണ്ടെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ തീര്‍ത്തും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന എഴുത്തുകാരാണ് വിജയനും വര്‍ക്കിയും. അത് തുറന്ന് സമ്മതിക്കാനുളള ആര്‍ജ്ജവമായിരുന്നു വര്‍ക്കിയുടെ സവിശേഷത. ഒരു നാട്ടിന്‍പുറത്തുകാരന്റെ നിഷ്‌കപടതയോടെ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

'എനിക്ക് മക്കളുണ്ട്. അവരെ പോറ്റാനാണ് ഞാന്‍ നോവല്‍ എഴുതുന്നത്. സാധാരണക്കാരാണ് എന്റെ വായനക്കാര്‍. അവര്‍ക്ക് ഞാന്‍ എഴുതുന്നത് നന്നായി രസിക്കുന്നുണ്ട്'

അദ്ദേഹം ആഗ്രഹിച്ചത് അത് മാത്രമായിരുന്നു. ഒരിക്കല്‍ പ്ര?ഫ.മാത്യൂവിനോട് അദ്ദേഹം പറഞ്ഞു.

'എന്നെ അകറ്റി നിര്‍ത്തുന്നവരെ പറ്റി ഞാന്‍ വ്യാകുലപ്പെടുന്നില്ല. അവര്‍ വേണമെങ്കില്‍ എന്റെ പിന്നാലെ വരട്ടെ'

മുട്ടത്തു വര്‍ക്കി എപ്പോഴും പറയാറുളള വിഖ്യാതമായ ആ വാചകം തന്നെയെടുക്കാം.

'എഴുതാന്‍ വിധിക്കപ്പെട്ടവന്‍ എഴുതുക തന്നെ ചെയ്യും'

അദ്ദേഹം എഴുതാനായി മാത്രമുളള ദൈവത്തിന്റെ അപൂര്‍വസൃഷ്ടികളില്‍ ഒന്നായിരുന്നു. മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന ബഹുമതി വര്‍ക്കി ഇന്നും നിലനിര്‍ത്തുന്നു.
ലോകം അറിയാത്ത ചില സവിശേഷതകളുടെ ഉടമ കൂടിയായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന് പ്ര?.മാത്യു ഓര്‍ക്കുന്നു.

'ചങ്ങനാശ്ശേരി എസ്.ബി.കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം കഴിഞ്ഞ് നിയമം പഠിക്കാനായി തിരുവനന്തപുരത്ത് പോയി. അന്ന് പി.ടി.ചാക്കോയുടെ നേതൃത്വത്തില്‍ സര്‍ സി.പി.ക്കെതിരായി നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൊക്കെ പങ്കെടുത്തു. അതിന് ബദലായി സി.പി. ലോകോളജ് അടച്ചുപൂട്ടി.

വര്‍ക്കി തിരിച്ചു വന്ന് ഒരു തടിമില്ലില്‍ കണക്കപ്പിളളയായി. അതുകഴിഞ്ഞ് എസ്.ബി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി കയറി. ഇടയ്ക്ക് കുറച്ച് സംസ്‌കൃതവും പഠിച്ചിരുന്നു. ആത്മാഞ്ജലി എന്ന കാവ്യം എഴുതുന്നത് ആ കാലത്താണ്. അതില്‍ നിറയെ ശ്ലോകങ്ങളായിരുന്നു. അവിടെ നിന്നാണ് നോവലുകളിലേക്ക് തിരിയുന്നത്. താന്‍ എഴുതുന്നത് കൂടുതല്‍ പേര്‍ വായിക്കണമെന്നും ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന നോവലുകള്‍ എഴുതണമെന്നും നിര്‍ബന്ധമായിരുന്നു.

ക്രിസ്ത്യന്‍ കുടുംബജീവിത പശ്ചാത്തലത്തിലുള്ള നോവലുകളാണ് കൂടുതലും. അതിന് കാരണമായി തോന്നുന്നത് തനിക്ക് പരിചിതമായ സാഹചര്യങ്ങള്‍ നന്നായി ആവിഷ്‌കരിക്കാന്‍ കഴിയുന്നു എന്നതാവാം. അതിനപ്പുറം വിശാലമായ ജീവിതവീക്ഷണം പുലര്‍ത്തിയിരുന്ന ആളാണ്.

എല്ലാ വര്‍ഷവും മുടങ്ങാതെ ഓണവും വിഷുവും ഒരു ഹൈന്ദവ ഭവനത്തിലെന്ന പോലെ ആചരിച്ചിരുന്നു. വിഷുവിന് കണിയൊരുക്കുന്ന ശീലവും ഉണ്ടായിരുന്നു. ജാതകത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു. രാജാവിന്റെ കയ്യില്‍ നിന്നും അംഗീകാരം നേടുമെന്നും രാജസദസില്‍ ആദരിക്കപ്പെടുമെന്നും ജാതകത്തിലുണ്ടായിരുന്നു. അത് ഒരിക്കലും യാഥാര്‍ത്ഥ്യമാവുമെന്ന് അദ്ദേഹം പോലും വിചാരിച്ചതല്ല. കാരണം അന്ന് രാജഭരണം നിലവിലില്ല.

എന്നാല്‍ പാടാത്ത പൈങ്കിളി എന്ന നോവലിനെ അധികരിച്ചുളള സിനിമയ്ക്ക് പ്രസിഡണ്ടിന്റെ വെളളിമെഡല്‍ കിട്ടി. അതിന്റെ നിര്‍മ്മാതാവായ മെരിലാന്റ ് സുബ്രഹ്മണ്യം മുതലാളി അഭിനേതാക്കളെയും സാങ്കേതികവിദഗ്ധരെയും ആദരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം കവടിയാര്‍ രാജകൊട്ടാരത്തില്‍ വച്ചായിരുന്നു സ്വീകരണം.

യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണെങ്കിലും ചില പ്രത്യേക വിശ്വാസങ്ങളുടെ തടവുകാരനായിരുന്നു വര്‍ക്കി. നക്ഷത്രങ്ങളിലും ജാതകത്തിലുമൊക്കെ കടുത്ത വിശ്വാസമായിരുന്നു.
ചില നാളുകളില്‍ എന്ത് ചെയ്താലും അത് ഫലവത്താകില്ലെന്നും വിശ്വസിച്ചിരുന്നു. പൂരം, പൂരാടം, പൂരുരുട്ടാതി, തൃക്കേട്ട എന്നീ നക്ഷത്രങ്ങളില്‍ നട്ടാല്‍ കുരുക്കുകയില്ല, കുരുത്താല്‍ മുളയ്ക്കുകയില്ല, മുളച്ചാല്‍ വളരുകയില്ല, വളര്‍ന്നാല്‍ വിളയുകയില്ല എന്ന് പറയുമായിരുന്നു. സമയവും നാഴികയും വിനാഴികയുമൊക്കെ കൃത്യമായി ഗണിച്ച് പറഞ്ഞിരുന്നു. ഈ വിശ്വാസങ്ങളെല്ലാം കൂടിക്കലര്‍ന്ന മനസില്‍ നിന്നാവാം സംഖ്യാശാസ്ത്രത്തിലുള്ള വിശ്വാസം ഉടലെടുത്തത്.

അദ്ദേഹം ജനിച്ചത് ഏപ്രില്‍ മാസം 28 നായിരുന്നു. എട്ടും രണ്ടും പത്ത് എന്ന സംഖ്യ എല്ലാക്കാര്യത്തിലും അദ്ദേഹത്തിന് ഗുണപ്രദമായിരുന്നു. സംഖ്യാശാസ്ത്രത്തോടുള്ള പ്രതിപത്തി നോവലിന്റെ അദ്ധ്യായങ്ങളില്‍ പോലും കൊണ്ടു നടന്നിരുന്നു. ഭാഗ്യനമ്പര്‍ പത്തായതു കൊണ്ട് നോവലിന്റെ അധ്യായം 19 ല്‍ നിര്‍ത്തും. ഒന്നും ഒന്‍പതും കൂട്ടി നോക്കുമ്പോള്‍ പത്തിലെത്തണം. ദൈര്‍ഘ്യം കൂടുതലുള്ള നോവലാണെങ്കില്‍ 28 അദ്ധ്യായമാക്കും. അപ്പോഴും രണ്ടും എട്ടും പത്തില്‍ വന്നു നില്‍ക്കും.

പുസ്തകപ്രകാശനം, മക്കളുടെ കല്യാണം, മറ്റ് ചടങ്ങുകളും മംഗള കര്‍മ്മങ്ങളുമൊക്കെ നിവൃത്തിയുണ്ടെങ്കില്‍ 28 -ാം തീയതി തന്നെ നടത്താന്‍ ശ്രമിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പോലും പ്രകൃതി നിശ്ചയിച്ച തീയതി ഒരു മെയ്മാസം 28 ആയിരുന്നു.

അദ്ദേഹം മരിച്ച ശേഷവും ഈ സംഖ്യകളുടെ കളി തുടര്‍ന്നു. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ നമ്പര്‍ 226 ആണ്. അതും കൂട്ടിനോക്കുമ്പോള്‍ പത്തിലാണ് വന്നു ചേരുന്നത്. അദ്ദേഹത്തിന്റെ ആകെ കൃതികള്‍ 136 എണ്ണമാണ്. അതും തമ്മില്‍ കൂട്ടുമ്പോള്‍ പത്തില്‍ വന്നു നില്‍ക്കുന്നു.

വീട്ടുനമ്പര്‍ 163 ആയിരുന്നു. അതും വന്നു ചേരുന്നത് പത്തിലാണ്.

ആദ്യ മുട്ടത്തുവര്‍ക്കി പുരസ്‌കാരം നേടിയ നോവല്‍, മുട്ടത്തു വര്‍ക്കിയെക്കുറിച്ച് പരാമര്‍ശിക്കുന്ന നോവല്‍, മുട്ടത്തു വര്‍ക്കി അവാര്‍ഡ് മാത്രം ലഭിച്ച നോവല്‍ എന്നീ പ്രത്യേകളുളള ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും 28 അദ്ധ്യായങ്ങളാണുളളത്. ഇതൊക്കെ യാദൃശ്ചികതകളാണെങ്കില്‍ കൂടി അങ്ങനെ സംഭവിക്കുന്നു.

എഴുത്തിന്റെയും ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ച് അപ്പച്ചന് നല്ല ധാരണയുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു.
'എടാ നമ്മളീ കൊട്ടിഘോഷിക്കുന്ന പലരും വാസ്തവത്തില്‍ അത്ര വലിയ എഴുത്തുകാരൊന്നുമല്ല. ഒ.വി.വിജയനാണ് മിടുക്കന്‍. ഏറ്റവും മെച്ചപ്പെട്ട മലയാളം അദ്ദേഹത്തിന്റേതാണ്. അതിന് കാവ്യാത്മതയുണ്ട്, സൗന്ദര്യമുണ്ട്, ആഴമുണ്ട് '

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയന്‍ മുട്ടത്തുവര്‍ക്കി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചങ്ങനാശ്ശേരിയിലെ അപ്പച്ചന്റെ വീട്ടില്‍ വന്നു. അകത്തു കയറിയ ഉടന്‍ ഞങ്ങളോട് ചോദിച്ചു.

'വര്‍ക്കി സാറിന്റെ കസേരയില്‍ ഞാനൊന്നിരുന്നോട്ടെ'

പിന്നെന്തായെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ കുറച്ചു സമയം അദ്ദേഹം അതിലിരുന്നു.

അന്ന് ഒരു കാര്യം എന്റെ മനസിലുണ്ടായിരുന്നു. പ്രഥമ മുട്ടത്തുവര്‍ക്കി അവാര്‍ഡ് വിജയനാണെന്ന് അറിഞ്ഞ് പ്രസിദ്ധ നിരൂപകന്‍ ഡോ. കെ.എം. തരകന്‍ എന്നോട് ക്ഷോഭിച്ചു.

'നിനക്കൊക്കെ നാണമില്ലേ മരിച്ചു പോയ ആ മനുഷ്യനെ അപമാനിക്കാന്‍ '

ഞാന്‍ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

'ഖസാക്കിന്റെ ഇതിഹാസത്തിലെ മുഖ്യകഥാപാത്രമായ രവിയുടെ സഞ്ചിയില്‍ ഒരു മുട്ടത്തു വര്‍ക്കി കിടപ്പുണ്ടെന്ന് എഴുതിയിട്ടുണ്ട്. അത് വര്‍ക്കിയെ കളിയാക്കാനല്ലെങ്കില്‍ പിന്നെന്തിന്?'

ഞാന്‍ പറഞ്ഞു.

'വിജയന്‍ ഒരിക്കലും തന്റെ ലേഖനങ്ങളിലൂടെയോ എഴുത്തിലൂടെയോ മുട്ടത്തു വര്‍ക്കിയെ പരിഹസിച്ചതായി എനിക്ക് തോന്നിയിട്ടില്ല'

എന്നിരുന്നാലും ഒരു സ്ഥിരീകരണത്തിന് വിജയനെ അടുത്തു കിട്ടിയപ്പോള്‍ ഞാന്‍ സൂത്രത്തില്‍ ചോദിച്ചു.

'ഖസാക്കിലെ രവിയുടെ സഞ്ചിയില്‍ ഭഗവദ്ഗീത എന്നിവയ്ക്കൊപ്പം മുട്ടത്തു വര്‍ക്കിയും ഉളളതായി പറയുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും അര്‍ത്ഥമുണ്ടോ?'

ഒട്ടും ആലോചിക്കാതെ അദ്ദേഹം പറഞ്ഞു.

'അതില്‍ ഒരു പ്രിന്‍സ് തിരുവാങ്കുളത്തെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം ആദ്യകാല കുറ്റാന്വേഷണ നോവലിസ്റ്റാണ്. പ്രിന്‍സ് തിരുവാങ്കുളം, ശരീരം അഥവാ ആക്ഷന്‍ കൊണ്ടുളള പ്രവൃത്തികളുടെ ഒരു രുപമാണ്. മുട്ടത്തു വര്‍ക്കി പ്രണയം പോലെ മനുഷ്യമനസിന്റെ മൃദുലഭാവങ്ങള്‍ ആവിഷ്‌കരിച്ച ആളാണ്. ഭഗവദ്ഗീത ജ്ഞാനവും ബുദ്ധിയും എല്ലാ ചേര്‍ന്ന ഒന്നാണ്. പാശ്ചാത്യ കവിയായ ബോദ്ലെയര്‍.. ആംഗലേയ പ്രതിപത്തിയാണ് കാണിക്കുന്നത്. കരുത്തും കാല്‍പ്പനിക ഭാവങ്ങളും തത്ത്വചിന്തയും വൈദേശിക പ്രതിപത്തിയും എല്ലാ ചേര്‍ന്ന അന്നത്തെ ചെറുപ്പക്കാരുടെ മനസാണ് അതിലൂടെ വെളിപ്പെടുന്നത്. അവ്യവസ്ഥമായ, അശാന്തമായ മനസുളള ആളുകളുടെ ഉള്ളില്‍ ഇതെല്ലാം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്്. അതല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല'

'എന്താ അങ്ങനെ ചോദിച്ചത്?' അദ്ദേഹം എടുത്തു ചോദിച്ചു.

'ഏയ്...ഒന്നുമില്ല. ഒന്ന് അറിയാന്‍ വേണ്ടി മാത്രം' എന്ന് ഞാന്‍ പറഞ്ഞു.

എന്തായാലും വിജയനില്‍ നിന്ന് തന്നെ നേരിട്ട് അങ്ങനെയൊരു നല്ല വ്യാഖ്യാനം കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചു.

മുഖ്യധാരാ സാഹിത്യം ജനപ്രിയ എഴുത്തുകാരനെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുമ്പോഴും പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ ഒരു കൃതി പാഠപുസ്തകങ്ങളില്‍ നിരന്തരമായി സ്ഥാനം പിടിച്ചിരുന്നു. ഇന്നും അതിന് മാറ്റമില്ല. ആ പുസ്തകമാണ്, ഒരു കുടയും കുഞ്ഞുപെങ്ങളും.

തകഴി, വയലാര്‍..എന്നിവരുമായൊക്കെ നല്ല സൗഹൃദമുണ്ടായിരുന്നു. അവരൊക്കെ വീട്ടില്‍ വന്നിട്ടുണ്ട്. അപ്പച്ചനൊപ്പം കാല്‍നടയായി പുറത്തൊക്കെ പോവുന്ന ദൃശ്യം ഇന്നും ഓര്‍മ്മയിലുണ്ട്.

മാത്യൂ മുട്ടത്തെ പോലെ തന്നെ വര്‍ക്കിയെ അടുത്തറിഞ്ഞവര്‍ മറ്റ് ചില അറിവുകള്‍ കൂടി പങ്ക് വച്ചു.

വിശ്വാസങ്ങളിലെന്ന പോലെ ചില നിര്‍ബന്ധങ്ങളുടെയും വക്താവായിരുന്നു വര്‍ക്കി.

അദ്ദേഹം വീട്ടില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം മുട്ടുകാലില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അതിന്റെ കാരണം ഏറെ രസകരമാണ്. പലപ്പോഴും രാത്രി എട്ടുമണിക്ക് ശേഷമാവും അദ്ദേഹം വീട്ടിലെത്തുക. എത്തിയാലുടന്‍ വാതിലില്‍ മുട്ടും. അപ്പോള്‍ എല്ലാവരും മുട്ടുകാലില്‍ നിന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന കാഴ്ച അദ്ദേഹത്തിന് കാണണം. എന്നു കരുതി വൈകിട്ട് പതിവുളള കാപ്പിക്ക് മുട്ടുവരാന്‍ അദ്ദേഹം സമ്മതിക്കില്ല. പ്രര്‍ത്ഥനയ്ക്ക് മുന്‍പ് തനിക്കുളള ഒരു കപ്പ് കാപ്പി നിര്‍ബന്ധമായും ടീപ്പോയില്‍ എടുത്തുവച്ചിരിക്കണം.

സാധാരണ ഗതിയില്‍ രാത്രിയില്‍ അത്താഴത്തിന് തൊട്ട്മുന്‍പ് ആരും കാപ്പികുടിക്കുക പതിവില്ല. പക്ഷെ സാധാരണക്കാരില്‍ നിന്ന് വേറിട്ട ശീലങ്ങളുടെ തടവുകാരനായ അദ്ദേഹത്തിന് ഇതൊന്നും പ്രശ്നമായിരുന്നില്ല.

കാലത്തും ഇങ്ങനെ ചില ശാഠ്യങ്ങളുണ്ടായിരുന്നു. രാവിലെ ഒന്‍പതര മണിക്ക് ഒരു കപ്പ് സാനറ്റോജന്‍ കിട്ടിയിരിക്കണം. വിദേശത്തു നിന്നു മാത്രം ലഭ്യമാകുന്ന ഒരു തരം ആരോഗ്യപാനീയമാണ് സാനറ്റോജന്‍. വൈറ്റമിനുകളുടെ കലവറയാണിതെന്ന് പറയപ്പെടുന്നു.

കറങ്ങുന്ന കസേരയിലിരുന്നാണ് അദ്ദേഹം എഴുതിയിരുന്നത്്. ഒരേ സമയം അഞ്ച് നോവലുകള്‍ വരെ ആ കസേരയിലിരുന്ന അദ്ദേഹം എഴുതി. മുറുക്കുന്ന ശീലമുണ്ടായിരുന്നു. രണ്ട് വെറ്റിലവച്ചാണ് മുറുക്കുന്നത്. വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് കൊടുക്കുന്ന ചുമതല ഭാര്യ തങ്കമ്മയ്ക്കുളളതാണ്.

രാത്രി രണ്ടുമണി വരെയൊക്കെ ഒറ്റയിരുപ്പിലിരുന്ന് എഴുതും. വില കൂടിയ പാര്‍ക്കര്‍ പേനയാണ് എഴുതാന്‍ ഉപയോഗിച്ചിരുന്നത്. മേശപ്പുറത്ത് ധാരാളം നിഘണ്ടുക്കള്‍ സൂക്ഷിച്ചിരുന്നു.

വര്‍ക്കിയുടെ ഏറ്റവുമധികം കഥകള്‍ ചലച്ചിത്രമാക്കിയ മെരിലാന്റ ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം അദ്ദേഹത്തിന് ഒരു ടൈംപീസ് സമ്മാനിച്ചിരുന്നു. അതില്‍ അലാറം വച്ചാണ് വര്‍ക്കി കാലത്ത് ഉണര്‍ന്ന് എഴുതാനിരിക്കുന്നത്. എണീക്ക്..എണീക്ക്..എണീക്ക്..എന്നായിരുന്നു അലാറത്തിന്റെ ശബ്ദമെന്നും പറയപ്പെടുന്നു.

ഒന്‍പത് മക്കളാണ് മുട്ടത്തു വര്‍ക്കിക്ക്. മക്കളെ അഗാധമായി സ്നേഹിച്ചിരുന്നു. മക്കളോടുളള സ്നേഹാധിക്യത്താല്‍ അദ്ദേഹം വീട്ടുമുറ്റത്ത് 9 തരം റോസാച്ചെടികള്‍ നട്ടു വളര്‍ത്തി.

സാധാരണഗതിയില്‍ റോസാപുഷ്പങ്ങള്‍ക്ക് പിങ്ക്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ മൂന്നോ നാലോ നിറഭേദങ്ങളേ ഉണ്ടാവുകയുള്ളു. എന്നാല്‍ അദ്ദേഹം വളരെ പരിശ്രമിച്ച് ചെറിയ വ്യത്യാസങ്ങളുളള ഒന്‍പത് തരം റോസകള്‍ തരപ്പെടുത്തി. ഇത് എന്റെ നവരത്‌നങ്ങള്‍ക്കുളളതാണെന്ന് നിറഞ്ഞ വാത്സല്യത്തോടെ അദ്ദേഹം പറയുമായിരുന്നു.

കുടുംബബന്ധങ്ങളുടെ നൈര്‍മ്മല്യം അദ്ദേഹത്തിന്റെ കഥകളില്‍ കൂടുതലായി കടന്നു വരാന്‍ കാരണവും ഒരു പക്ഷെ വ്യക്തിജീവിതത്തില്‍ ഉളളില്‍തട്ടിയ സ്നേഹം സൂക്ഷിച്ചിരുന്നതു കൊണ്ടാവാം.

ബൗദ്ധിക-ധൈഷണിക ജാടകളും നാട്യങ്ങളും മാറ്റി വച്ച് സാധാരണ മനുഷ്യന്റെ കഥകള്‍ സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞ എഴൂത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കി.

മുട്ടത്തു വര്‍ക്കിയെ വിമര്‍ശിക്കുന്നവര്‍ എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും ലൈബ്രറികളില്‍ ചെന്നാല്‍ ഒരു ദൃശ്യം കാണാന്‍ കഴിയും. പല എഴുത്തുകാരുടെയും കൃതികള്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ, പുതുമണം മായാതെ ഷെല്‍ഫില്‍ ഭദ്രമായിരിക്കുന്നു. മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ നിരന്തര ഉപയോഗം കൊണ്ട് നിറംമങ്ങിയ അവസ്ഥയിലാവും. പല കൃതികളിലും വായനക്കാരുടെ അഭിപ്രായക്കുറിപ്പുകള്‍ കാണാം. പലപ്പോഴും അവ ലൈബ്രറിയില്‍ കാണാന്‍ കിട്ടാറില്ല. അത് ഏതെങ്കിലും വായനക്കാരന്റെ കരങ്ങളിലാവും. ഹൃദയത്തിലും..! 
Join WhatsApp News
M. A. ജോർജ്ജ് 2019-11-22 19:30:05
മദ്ധ്യതിരുവിതാംകൂറിലെ മണ്ണിൽ പണിയെടുക്കന്ന നസ്രാണികളുടെ വീടുകളിൽ വായനാശീലം കൊണ്ടുവന്ന ഒരു വ്യക്തി ആയിരുന്നു മുട്ടത്തു വർക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക