Image

നിഴലുകള്‍ (ജോണ്‍ വേറ്റം -ഭാഗം: 2)

ജോണ്‍ വേറ്റം Published on 25 November, 2019
നിഴലുകള്‍ (ജോണ്‍ വേറ്റം -ഭാഗം: 2)
ഒരു ദിവസം രാവിലെ, തറവാട്ടുകുളത്തില്‍ കുളിക്കാനിറങ്ങിയ പാര്‍വ്വതിയമ്മ ഭയന്നു! ബദ്ധപ്പെട്ടു വീട്ടിലേക്കു ഓടി. കേശവപിള്ളയോട് രഹസ്യം പറഞ്ഞു. അയാള്‍ കുളക്കരയില്‍ ഓടിയെത്തി. കുളത്തില്‍ വിരിഞ്ഞുനിന്ന് ആമ്പല്‍പ്പൂക്കളുടെ ഇടയില്‍ കമിഴ്ന്നുകിടന്ന ഒരു കുഞ്ഞിനെ കണ്ടു അന്ധാളിച്ചു! അയലത്തുള്ള ചാര്‍ച്ചക്കാരനെ വിളിച്ചു വിവരം പറഞ്ഞു. അയാളെ പോലീസ് സ്‌റ്റേഷനിലേക്ക് അയച്ചു. ബന്ധിവായ കിടങ്ങില്‍ കൃഷ്ണപിള്ള വക്കീലിനെ വിളിച്ചുകൊണ്ടുവരുന്നതിന് മറ്റൊരു ബന്ധുവിനെയും അയച്ചു. വീണ്ടും കുളക്കരയിലെത്തി ചുറ്റും നടന്നു പരിശോധിച്ചു. അടയാളങ്ങളൊന്നും കണ്ടില്ല. ചോരക്കുഞ്ഞ് ആരുടേതാണെന്നോ, എങ്ങനെ കുളത്തിലെത്തിയെന്നോ അറിയാന്‍ കഴിഞ്ഞില്ല. അതിന്റെ പിമ്പില്‍ എന്ത് സംഭവിച്ചുവെന്ന് ചിന്തിച്ചു. അവ്യക്തത പകര്‍ന്ന അസ്വസ്ഥതയോടെ, അയാള്‍ പലരേയും സംശയിച്ചു. കുറ്റകരവും വഞ്ചകവുമായൊരു കെണിയിലാണോ അകപ്പെട്ടതെന്നു സ്വയം ചോദിച്ചു. അതിനും ഉത്തരം കിട്ടിയില്ല. മനസ്സിന്റെ സമനിലതെറ്റാതിരിക്കാന്‍ ശ്രമിച്ചു.

മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, പോലീസ് ഇന്‍സ്‌പെക്ടറും രണ്ട് പോലീസുകാരും വന്നു. ശിശുമരിച്ചുകിടന്ന കുളവും പരിസരവും അവര്‍ പരിശോധിച്ചു. കുളത്തിനുചുറ്റും ഓലകെട്ടിമറച്ചിരുന്നു. എന്നിട്ടും, അയല്‍ക്കാരും ഇടവഴിയിലെ യാത്രക്കാരും കുളക്കരയില്‍ കൂടിനിന്നു. പോലീസ് മഹസ്സര്‍ തയ്യാറാക്കി. അപ്പോള്‍ കൃഷ്ണപിള്ള വക്കീല്‍ വന്നു. ഇന്‍സ്‌പെക്റ്ററോട് സംസാരിച്ചു. അന്വേഷണം ഉണ്ടാകുമെന്നറിഞ്ഞു. ശിശുവിന്റെ മൃതശരീരവും എടുത്തുകൊണ്ട് പോലീസ്‌കാര്‍ മടങ്ങി. കുളത്തില്‍ മരിച്ച കുഞ്ഞ് ആരുടേതാണെന്നറിയാന്‍ ഉടനെ അന്വേഷണം ആരംഭിക്കുമെന്നും, വര്‍ക്കി വക്കീലിനെ വിവിരം അറിയിക്കണമെന്നും ഉപദേശിച്ചശേഷം കൃഷ്ണപിള്ളയും തിരിച്ചുപോയി. വീണ്ടും വിനാശക്കാറ്റഅ വീശുന്നുവെന്ന്  കേശവപിള്ളക്ക് തോന്നി. ദുര്‍ഗ്രഹമായൊരു നേരം വന്നുവെന്നും. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടറ്ററും പോലീസുകാരും വീണ്ടും വന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡാക്ടറും അവരോടൊപ്പം ഉണ്ടായിരുന്നു. എന്തിന്?

സ്ത്രീകളെ ഓരോരുത്തരെയും ഒരു മുറിയിലിരുത്തി ഡാക്ടര്‍ സംസാരിച്ചു. ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ കുറിച്ചുവച്ചു. ഇന്‍സ്‌പെക്ടര്‍ക്ക് വിശദീകരണം നല്‍കി. എത്രയും വേഗത്തില്‍ മീനാക്ഷിയേയും കൂട്ടിക്കൊണ്ട് പോലീസ് സ്‌റ്റേഷനില്‍ വരണമെന്നും പറഞ്ഞശേഷം ഇന്‍സ്‌പെക്റ്ററും ഡാക്ടറും തിരിച്ചുപോയി. പോലീസുകാര്‍ പോയില്ല. തറവാട്ടില്‍ത്തന്നെ നിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കേശവപിള്ള വിഷമിച്ചു. വര്‍ക്കി വക്കീല്‍ വന്നതിനുശേഷം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതിയെന്നു വിചാരിച്ചെങ്കിലും, എത്രയും വേഗത്തില്‍ സ്റ്റേഷനിലെത്തണമെന്ന് പോലീസ്‌കാര്‍ നിര്‍ബന്ധിച്ചു. ഏതാനും ബന്ധുക്കളോടും മകള്‍ മീനാക്ഷിയോടുമൊത്ത്, പടിപ്പുരയിലെത്തിയപ്പോള്‍ വര്‍ക്കി വക്കീല്‍ വന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാളും അവരോടൊപ്പം പോയി. സ്‌റ്റേഷനിലെത്തിയപ്പോള്‍ അനന്തരനടപടിയെന്തെന്ന് പറയണമെന്ന് 'വര്‍ക്കി' ആവശ്യപ്പെട്ടെങ്കിലും ഇന്‍സ്‌പെക്ടറ്റര്‍ സഹകരിച്ചില്ല. മീനാക്ഷിയെ ചോദ്യം ചെയ്യേണ്ടിവരുമെന്നു പറഞ്ഞു. രാത്രിയില്‍ മീനാക്ഷിയെ ജയിലില്‍ ഇടാന്‍ പോലീസ് പദ്ധതി തയ്യാറാക്കുന്നുവെന്നു വിചാരിച്ച വര്‍ക്കി അതിവേഗം അന്നത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി. സംഭവത്തെക്കുറിച്ചു പറഞ്ഞു. മീനാക്ഷിയെ ജയിലിലടച്ചാല്‍ പോലീസുകാര്‍ രാത്രിയില്‍ ഉപദ്രവിക്കുമെന്നും, അതിന് അനുവദിക്കരുതെന്നും അപേക്ഷിച്ചു. മരണപ്പെട്ട ഒരു ശിശുവിനെ കണ്ടെടുത്തതിനാല്‍ അതു സംബന്ധിച്ച അന്വേഷണത്തെ തടയാനാവില്ലെന്ന് മജിസ്‌ട്രേട്ട് സൂചിപ്പിച്ചു. എങ്കിലും വന്നേക്കാമെന്ന് പറഞ്ഞു വര്‍ക്കിയെ തിരിച്ചയച്ചു. പോലീസ് സ്‌റ്റേഷനിലെ അഴിമതികളെക്കുറിച്ച് അറിവുള്ള ആ ന്യായാധിപതി സ്വന്തം കാറില്‍ സ്റ്റേഷനിലെത്തി. ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു. കുളത്തില്‍ നിന്നും കൊണ്ടു വന്ന ശിശു കൊല്ലപ്പെട്ടതാണെന്നും, അന്വേഷണത്തിന്റെ ഭാഗമായി മീനാക്ഷിയെയും ഉടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇന്‍സ്‌പെക്ടര്‍ വിശദീകരിച്ചു. എന്നാല്‍, ചോദ്യം ചെയ്യുന്നതിന് തടങ്കലില്‍ വെക്കേണ്ടതില്ലെന്നും, ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. തന്റെ ഔദ്യോഗികകാര്യത്തില്‍ മജിസ്‌ട്രേട്ട് തലയിട്ടത് ഇഷ്ടപ്പെട്ടില്ലെങ്കിലും, പിറ്റേന്ന് കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് കേശവപിള്ളയേയും മകളെയും ഇന്‍സ്‌പെക്റ്റര്‍ വിട്ടയച്ചു.

എന്താണ് സംഭവിച്ചതെന്നും സംഭവിക്കുന്നതെന്നും അറിയാതെ കേശവപിള്ളയുടെ ഭാര്യയും മകളും ഭയന്നു. എന്തിനാണ് എന്നെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയതെന്ന്  മീനാക്ഷി ചോദിച്ചു. അതിനു ശരിയായ ഉത്തരം പറയാന്‍ അവളുടെ അച്ഛനെ, ദുഃഖം അനുവദിച്ചില്ല. വക്കീലിനോട് ചോദിച്ചിട്ട് പറയാം. മകളെ നോക്കാതെ അത്രയും പറഞ്ഞപ്പോള്‍ ഗദ്ഗദം തടഞ്ഞു! അയാള്‍ സംഭ്രാന്തചിത്തനായി.
ആഘട്ടത്തില്‍, ഏത് തരത്തിലുള്ള കേസിനും സാക്ഷികളെ സൃഷ്ടിക്കുവാന്‍ പോലീസിന് കഴിയുമായിരുന്നു. കുറ്റം ചെയ്യാത്തവരെ കുറ്റവാളികളും, കുറ്റവാളികളെ നിര്‍ദ്ദോഷികളും ആക്കുമായിരുന്നു. ജയില്‍പുള്ളികളെ അടിച്ചുകൊണ്ട് കെട്ടിത്തൂക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തൊണ്ടിസാധനങ്ങളും സാഹചര്യത്തെളിവുകളും കണ്ട് നീതിപീഠം വിധിയെഴുതുമായിരുന്നു. ഇന്നത്തെപ്പോലെ, അന്നും പണവും പെണ്ണും അധികാരികളെ സ്വാധീനിക്കുമായിരുന്നു. ഗ്രാമങ്ങളില്‍, ചോദ്യം ചെയ്യപ്പെടാതെ, പോലീസിന്റെ അഴിമതിഭരണം നടന്നിട്ടുണ്ട്. രക്തപരിശോധനയും വേണ്ടവിധം പ്രാബല്യത്തില്‍ വന്നില്ല. കുറ്റവാളികളെ വിമുക്തരാക്കാന്‍ ധനമൊഴുക്കുന്ന മതനേതാക്കളും, കള്ളസാക്ഷികളെ നിര്‍മ്മിക്കുന്ന രാഷ്ട്രീയക്കാരും, കൂറ്മാറുന്ന സാക്ഷികളും, പ്രതിഫലം പറ്റി കുറ്റം ഏറ്റെടുക്കുന്ന സാമൂഹ്യദ്രോഹികളും, വാടകക്കൊലയാളികളും, കക്ഷികളെ ചതിച്ചും ഒത്തുകളിച്ചും നീതിന്യായ വ്യവസ്ഥിതിയെ കളങ്കപ്പെടുത്തുന്ന മൃഗമാനസരായ വക്കീലന്മാരും ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പണ്ടും ഉണ്ടായിരുന്നു. അതുകൊണ്ട്, നീതിനിലയത്തിലും അനീതി വാഴുന്നുവെന്നു കരുതാം.

തറവാട്ടുകുളത്തില്‍ മരിച്ചുകിടന്ന കുഞ്ഞിനെ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കിയ നിലയിലായിരുന്നു പോലീസിന്റെ നടപടി. ഗ്രാമവാസികളുടെ അഭിപ്രായങ്ങള്‍ ഭിന്നിച്ചു. പിഴച്ചുപെറ്റ കുഞ്ഞിനെ കുളത്തിലെറിഞ്ഞുകൊന്നുവെന്ന് ഒരു വിഭാഗം. കൊച്ചിനെ കൊന്നു കുളത്തിലിട്ടത് കേശവപിള്ളയാണെന്ന് വേറൊരു ഭാഗം. തറവാട്ടിലെ പറമ്പിലും പാടത്തും പണിയെടുപ്പിക്കാനെത്തുന്ന ചെറുപ്പക്കാരനാണ് പെണ്ണിന്റെ വയററിലൊണ്ടാക്കിയതെന്ന് മറ്റൊരനുമാനം. കുടുംബത്തുള്ള പെണ്ണുങ്ങളെ പോലീസ് അമര്‍ത്തുമ്പോള്‍ സത്യം പുറത്തുചാടുമെന്ന് വിശ്വസിച്ചവരും വിരളമല്ല.
തറവാട്ടിലുണ്ടായിരുന്ന സ്ത്രീകളെ പരിശോധിച്ച ഡാക്ടറുടെ റിപ്പോര്‍ട്ട് പോലീസിന് അനുകൂലമാണെന്നും, അത് ക്രിമിനലന്വേഷണത്തിന് അവരെ സഹായിക്കുമെന്നും വര്‍ക്കി വക്കീല്‍ വിശ്വസിച്ചു. കുളത്തില്‍ കിടന്ന ശിശു എങ്ങനെ മരിച്ചു? കൊന്നു കുളത്തിലിടുവാന്‍ കൂടുതല്‍ സാദ്ധ്യത. വെള്ളംകുടിച്ചു മരിച്ചുവെന്നുകരുതാമോ? കുഞ്ഞിനെ കുളത്തിലിട്ടത് ആരായിരിക്കും? മൃതശരീരപരിശോധന കഴിയുമ്പോള്‍ ശിശു എങ്ങനെ മരിച്ചുവെന്ന് തിട്ടപ്പെടുത്താം. പെറ്റത് മീനാക്ഷിയെങ്കില്‍ കൊന്നതും അവള്‍ തന്നെയെന്ന തീരുമാനിത്തോടെയായിരുന്നു പോലീസിന്റെ നീക്കം.

കേശവപിള്ളയും ഭാര്യയും മകളും കോടതിയില്‍ ഹാജരായി. പോലീസ് ഇന്‍സ്‌പെക്ടറ്റര്‍ 'നന്ദകുമാറും' സര്‍ക്കാര്‍ വക്കീല്‍ 'രംഗനാഥക്കുറുപ്പും' അവിടെ ഉണ്ടായിരുന്നു. ഒരു അജ്ഞാത ശിശുവിന്റെ മരണം സംബന്ധിച്ച കേസാണ് കൊണ്ടുവന്നിരിക്കുന്നതെന്നും, ശിശുവിനെ കണ്ടെടുത്തത് തറവാട്ടുകളത്തില്‍ നിന്നാകയാല്‍, ആ വീട്ടിലുള്ളവരെ ചോദ്യം ചെയ്യുന്നതിന് പോലീസിന് വിട്ടുകൊടുക്കാന്‍ ഉത്തരവാകണമെന്നും രംഗനാഥക്കുറുപ്പ് ജഡ്ജിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പുകമറ സൃഷ്ടിച്ച് ഒരു തറവാടിന്റെ മാനവും സ്വസ്ഥതയും പോലീസ് നശിപ്പിക്കുകയാണെന്നും, കക്ഷികളെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുവാനുള്ള ആസൂത്രിതനാടകമാണ് നടത്തുന്നതെന്നും, കക്ഷികളെ കോടതിയില്‍ വരുത്തി വിചാരണ ചെയ്യാവുന്നതാണെന്നും, കേശവപിള്ളക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഹാജരായ വര്‍ക്കി വക്കീല്‍ വാദിച്ചു. വാദപ്രതിവാദങ്ങള്‍ കേട്ടെങ്കിലും, ജഡ്ജി തീരുമാനമറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞ് ഇരുകൂട്ടരും കോടതിയിലെത്താന്‍ കല്‍പിച്ചു.

(തുടരും....)

നിഴലുകള്‍ (ജോണ്‍ വേറ്റം -ഭാഗം: 2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക