Image

ജീവിതം ഇത്രയ്ക്ക് സ്മാര്‍ട്ടാവണോ? (ജോര്‍ജ് തുമ്പയില്‍- പകല്‍ക്കിനാവ് 175)

Published on 28 November, 2019
ജീവിതം ഇത്രയ്ക്ക് സ്മാര്‍ട്ടാവണോ? (ജോര്‍ജ് തുമ്പയില്‍- പകല്‍ക്കിനാവ് 175)
കഴിഞ്ഞ രണ്ടുലക്കവും പകല്‍ക്കിനാവില്‍ എഴുതിയത് ഡിജിറ്റല്‍ ഡേറ്റയുടെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. അതായത്, സ്മാര്‍ട്ട് ഡിവൈസുകള്‍ ചോര്‍ത്തുന്നതിനെക്കുറിച്ചും യുട്യൂബിലെ വീഡിയോകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചുമായിരുന്നു എഴുത്ത്. ഈ ലക്കം കൂടി അത്തരമൊരു വിഷയം കൈകാര്യം ചെയ്യുകയാണ്. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ദിവസം വാട്‌സ് ആപ്പില്‍ ലഭിച്ച ഒരു സന്ദേശമാണ് ഇതിനു കാരണം. ഒരു പിസ്സ ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്ന ഒരു കസ്റ്റമറും, ഗൂഗിള്‍ പിസ്സ സ്‌റ്റോറും തമ്മിലുള്ള ഒരു സാങ്കല്‍പ്പിക ഫോണ്‍ സംഭാഷണമായിരുന്നു ഇത്. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു,
കസ്റ്റമര്‍: ഹലോ! ഗോര്‍ഡന്‍ പിസ്സയല്ലേ?
ഗൂഗിള്‍: അല്ലല്ലോ സര്‍, ഇത് ഗൂഗിള്‍ പിസ്സയാണ്.
കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ നമ്പര്‍ തെറ്റി വിളിച്ചതാണോ?
ഗൂഗിള്‍: അല്ല സര്‍, ആ പിസ്സാ സ്‌റ്റോര്‍ ഗൂഗിള്‍ വാങ്ങി.
കസ്റ്റമര്‍: ഓ. ശരി, എനിക്കൊരു പിസ്സ ഓര്‍ഡര്‍ ചെയ്യണമായിരുന്നു.
ഗൂഗിള്‍: സാറിന്റെ പതിവ് പിസ്സയാണോ?
കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ഗൂഗിള്‍: താങ്കളുടെ കാളര്‍ ഐഡിയില്‍ നിന്ന് കഴിഞ്ഞ പതിനഞ്ചു തവണ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് 12 സ്ലൈസ് വിത്ത് ഡബിള്‍ ചീസ്, സോസേജ് തിക്ക് ക്രസ്റ്റ് പിസ്സയാണ്.
കസ്റ്റമര്‍: ഓക്കേ. അപ്പോള്‍ ഇത്തവണയും അതു തന്നെ ആയിക്കോട്ടെ.
ഗൂഗിള്‍: സര്‍ ഇത്തവണ അത് മാറ്റി ഒരു 8 സ്ലൈസ് വിത്ത് റിക്കോട്ട, ആരുഗുല ടൊമാറ്റോ പിസ്സ ആയാലോ.
കസ്റ്റമര്‍: അതുവേണ്ട. എനിക്ക് പച്ചക്കറികള്‍ ഇഷ്ടമല്ല.
ഗൂഗിള്‍: പക്ഷേ താങ്കളുടെ കൊളസ്‌ട്രോള്‍ നില അല്‍പ്പം മോശമാണ്.
കസ്റ്റമര്‍: അത് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?
ഗൂഗിള്‍: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ താങ്കളുടെ രക്തപരിശോധനാഫലം ഞങ്ങളുടെ പക്കല്‍ ഉണ്ട്.
കസ്റ്റമര്‍: ഉണ്ടായിരിക്കാം. എന്നാലും താങ്കള്‍ നിര്‍ദേശിച്ച പിസ്സ എനിക്ക് വേണ്ട. ഞാന്‍ കൊളസ്‌ട്രോളിനുള്ള മരുന്നു കഴിക്കുന്നുണ്ട്.
ഗൂഗിള്‍: പക്ഷേ താങ്കള്‍ കൃത്യമായി മരുന്നു കഴിക്കുന്നില്ലല്ലോ. നാലു മാസങ്ങള്‍ക്ക് മുന്‍പാണല്ലോ ഡ്രഗ് സെയില്‍ നെറ്റ് വര്‍ക്കില്‍ നിന്ന് താങ്കള്‍ 30 ഗുളികകളുടെ ഒരു പാക്കറ്റ് വാങ്ങിയത്.
കസ്റ്റമര്‍: ഞാന്‍ പിന്നീട് കൂടുതല്‍ ഗുളികകള്‍ മറ്റൊരു കടയില്‍ നിന്ന് വാങ്ങിയിരുന്നു.
ഗൂഗിള്‍: താങ്കളുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് അങ്ങനെയൊരു പെയ്‌മെന്റ് പോയിട്ടില്ലല്ലോ.
കസ്റ്റമര്‍: ഞാന്‍ അത് പണമായിട്ടാണ് നല്‍കിയത്.
ഗൂഗിള്‍: പക്ഷേ താങ്കളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റില്‍ അതിനുള്ള പണം താങ്കള്‍ ബാങ്കില്‍നിന്നു പിന്‍വലിച്ചതായി കാണുന്നില്ലല്ലോ.
കസ്റ്റമര്‍: എന്റെ കയ്യില്‍ വേറെ പണം ഉണ്ടായിരുന്നു.
ഗൂഗിള്‍: അതെയോ. അങ്ങനെയൊരു തുക താങ്കള്‍ കഴിഞ്ഞ തവണ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണ്‍ കാണിക്കുന്നില്ലല്ലോ.
കസ്റ്റമര്‍: മതിയായി. താനും തന്റെ പിസ്സയും പോയി തുലയൂ. ഗൂഗിളും, ഫേസ്ബുക്കും, വാട്ട്‌സാപ്പും, ട്വിറ്ററും ഒക്കെ എനിക്കു മതിയായി. ഇന്റര്‍നെറ്റും, സ്മാര്‍ട്ട്‌ഫോണും ഇല്ലാത്തതും, സദാ നിരീക്ഷണത്തിനു വിധേയനാവാത്തതുമായ ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിലേക്ക് കുടിയേറാന്‍ ഞാന്‍ തീരുമാനിച്ചു.
ഗൂഗിള്‍: താങ്കളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും സര്‍. പക്ഷേ അതിനു മുന്‍പ് താങ്കള്‍ക്ക് താങ്കളുടെ പാസ്സ്‌പോര്‍ട്ട് പുതുക്കേണ്ടിവരും. അതിന്റെ കാലാവധി കഴിഞ്ഞിട്ട് അഞ്ച് ആഴ്ചയായി!
ഇതാണ് വാട്‌സ് ആപ്പില്‍ എനിക്കു ലഭിച്ച സംഭാഷണശകലം. ഈ സംഭാഷണം ഒരു തമാശയായി കാണാന്‍ കഴിയില്ല. കാരണം ഇത് ഇന്നിന്റെ യാഥാര്‍ഥ്യമാണ്. രണ്ടു മേഖലകളില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അവിടെ ഇതും ഇതിലപ്പുറവും നടക്കും. എന്നാല്‍ ഇതില്‍ ഏതെങ്കിലുമൊന്നില്‍ നിന്നും നമുക്കു രക്ഷപ്പെടാന്‍ കഴിയുമോയെന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇല്ല എന്നു തന്നെയാണ് ഉത്തരം. സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിക്കുകയും സാമൂഹിക മാധ്യമങ്ങളിലൊന്നിലും പങ്കാളിയല്ലെങ്കില്‍ പോലും ഇത്തരം കാര്യങ്ങളില്‍ നമുക്ക് ബന്ധപ്പെടാതിരിക്കാനാവില്ല. നമ്മുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ആഗോള ഡിജിറ്റല്‍ വത്കൃത ലോകത്ത് വളരെ യാന്ത്രികമായി മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ എന്നു മാത്രം ഓര്‍മ്മിപ്പിക്കുകയാണ് ഈ കുറിപ്പ്.
Join WhatsApp News
Boby Varghese 2019-11-28 15:36:46
Very interesting. Thanks.
സത്യത്തിന് സ്മാർട്ടൻസിനും എന്ത് വില? 2019-11-28 17:01:23
ഈ കാലത്ത് സ്മാർട്ട് ആയതുകൊണ്ട് ആർക്കും ഒന്നും നേടാൻ കഴിയില്ല . പകലിനെ രാത്രിയാണെന്ന് വരുത്തി തീർക്കാൻ കഴിവുള്ളവരുടെ കാലമാണ് ഇത് .  ട്രംപിനെപ്പോലെ ഒരു ദിവസം , ഇരുപത്തി രണ്ടു കള്ളം ( ആറായിരുന്നത് ഇപ്പോൾ ഇരുപത്തി രണ്ടായി ) പറയാൻ കഴിയുമെങ്കിൽ , ഏത് കള്ളവും സത്യമായി തീരും .  അതാണ് ഇപ്പോഴത്തെ സ്മാർട്ട്നെസ്സ് എന്ന്  പറയുന്നത് . അതിനു പറ്റിയവരും , ചിന്തിക്കാൻ കഴിവില്ലാത്തവരും ഉണ്ടെങ്കിൽ പിന്നത്തെ കാര്യം പറയണ്ടല്ലോ?  സത്യത്തിന് സ്മാർട്ടൻസിനും എന്ത് വില?   
ഞാനാണ് ഗൂഗിൾ ദേവൻ 2019-11-28 17:26:20
ഞാനാണ് 'ഗൂഗ്‌ൾ' ദേവനെന്നെ 
പൂജിച്ചാൽ  നീയും നിൻ കുടുംബവും  രക്ഷപ്പെടും 
മറക്കുക നിങ്ങൾ കൃഷ്ണൻ, യേശു അള്ളായേയും 
നമിക്കുക സാഷ്ടാംഗം നിങ്ങൾ എന്നെ 
നിന്നെ കുറിച്ചുള്ള രഹസ്യമെല്ലാം 
പകൽപോലെ എൻ മുന്നിൽ തെളിഞ്ഞിരിപ്പു 
നിന്റെ ബാങ്കിലെ നിക്ഷേപങ്ങളും സമ്പാദ്യങ്ങളും 
നിന്റെ വെട്ടിപ്പ് തട്ടിപ്പ് പാപങ്ങളും 
ഗൂഗിളിൽ നോക്കിയാൽ സ്പഷ്ടമത്രേ 
ഭാര്യയെ ജോലിക്ക് വിട്ടിട്ടു നീ 
നടത്തുന്ന രഹസ്യ വേഴ്ച്ചയും എനിക്കറിയാം 
നിന്റെ ഓരോ സ്പന്ദനവും 
നിന്റെ ഫോണിലെ ചിപ്പിനുള്ളിൽ 
രഹസ്യമായി ആലേഖനം ചെയ്യുന്നുണ്ട് .
ഞാനില്ലാതെ നിനക്കൊരു ദേവനില്ല 
ഞാൻ അല്ലാതെ നിനക്ക് അന്യദൈവമില്ല. 
മസ്തികക്ഷാളനം കൊണ്ട് നിന്നെ 
ഞാനെന്റെ അടിമയാക്കി മാറ്റി 
നിത്യവും നീ എന്നെ പൂജിക്കുക 
നീ എന്നോടൊപ്പം നിത്യതയിൽ വാണിടുക 
നിന്റെ ചുണ്ടിൽ ഇനി ഒരേഒരു മന്ത്രം
ഗൂഗിൾ ശരണം ഗച്ഛാമി ഗൂഗിൾ ശരണം ഗച്ഛാമി


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക