Image

തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ (ജോസഫ് പടന്നമാക്കല്‍)

Published on 02 December, 2019
തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ (ജോസഫ് പടന്നമാക്കല്‍)
 ഭാരതത്തില്‍ അതിപുരാതനകാലം മുതലേ തിരുവിതാംകൂര്‍ രാജവംശമുണ്ടായിരുന്നു. തിരുവന്‍കോട്, വേണാട്, വഞ്ചിദേശം, കേരളം, തിരുവടിദേശം എന്നിങ്ങനെ തിരുവിതാംകൂറിനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്നു. കേരളത്തിലുള്ള തിരുവനന്തപുരം ജില്ലയും അവിടെനിന്നുള്ള തെക്കന്‍ പ്രദേശങ്ങളും പത്താം നൂറ്റാണ്ടുവരെ തമിഴ്‌നാടിന്റെ ഭാഗമായിരുന്നു. തമിഴിന്റെ ഭാഗമായിരുന്നെങ്കിലും ജാതി വിത്യാസം കേരളത്തിലുണ്ടായിരുന്നില്ല. പാണന്‍, പറയന്‍, ചാന്നാന്‍,  എന്നിങ്ങനെ ജാതി തിരിച്ചിരുന്നെങ്കിലും തൊഴിലിന്റെ അടിസ്ഥാനത്തില്‍ ഉച്ഛനീചത്വങ്ങളോ തൊട്ടു കൂടായ്മയോ തിരുവിതാംകൂറിലില്ലായിരുന്നു. പ്രാചീന മനുഷ്യര്‍ ഇവിടെ വസിച്ചിരുന്നുവെന്ന തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ കുറിപ്പുകളും സംഘം കൃതികളും, തമിഴ് പ്രാചീന ഗ്രന്ഥങ്ങളും തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ചന്ദനത്തടികളും സുഗന്ധദ്രവ്യങ്ങളും സുലഭമായിരുന്ന തിരുവിതാകൂര്‍ പ്രദേശങ്ങളെ പഴങ്കാലങ്ങളില്‍ വിദേശക്കച്ചവടക്കാര്‍ ഇഷ്ടപ്പെട്ടിരുന്നതായും കാണാം. പൗരാണിക 'ചേര' രാജാക്കന്മാര്‍ക്ക് മധുര, കോയമ്പത്തൂര്‍ മുതല്‍ കന്യാകുമാരി, തിരുവിതാംകൂര്‍ വരെ രാജ്യവിസ്തൃയുണ്ടായിരുന്നതായും കരുതപ്പെടുന്നു. അവരെ പെരുമാക്കന്മാരെന്നും ആദരവോടെ വിളിച്ചിരുന്നു.

മദ്ധ്യകാല യുഗങ്ങളില്‍ തിരുവിതാംകൂറിലും കേരളമാകെയും നമ്പൂതിരിമാരുടെ കുടിയേറ്റങ്ങളാരംഭിച്ചിരുന്നു. അന്നുവരെയില്ലാതിരുന്ന ജാതി വ്യവസ്ഥ തിരുവിതാംകൂറിലും പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.എട്ടാം നൂറ്റാണ്ടില്‍ കാലടിയില്‍ ജനിച്ച ആദിശങ്കരന്‍ അദ്വൈതം പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവനും യാത്ര ചെയ്തു. ഒമ്പതാം നൂറ്റാണ്ടില്‍ രണ്ടാം ചേര വംശം സ്ഥാപിക്കുകയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചേര വംശം ഇല്ലാതെയാവുകയും ചെയ്തു. അതിനുശേഷം കേരളം നിരവധി നാട്ടുരാജ്യങ്ങളായി ഗ്രാമീണത്തലവന്മാരുടെ ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. വേണാടും അക്കൂടെ ചെറിയ നാട്ടുരാജ്യങ്ങളില്‍പ്പെട്ട ഒരു രാജ്യമായിരുന്നു.

ചേര രാജാക്കന്മാരുടെ തലസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലുള്ള ചേര രാജാക്കന്മാരുടെ ഒരു ലിസ്റ്റുതന്നെ കൊത്തുപണികളിലും പൗരാണിക ശില്‍പ്പകലകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക കൊടുങ്ങല്ലൂരായ മഹോദയപുരത്തായിരുന്നു അവരുടെ ആസ്ഥാനം. ചരിത്രകാരുടെയും പണ്ഡിതരുടെയും ഗഹനമായ വിഷയങ്ങളില്‍ കേരളത്തിലെ പൗരാണിക രാജാക്കന്മാരായ ചേരമാന്‍ പെരുമാക്കന്മാരുടെ ചരിത്രങ്ങളും ഉള്‍പ്പെടുന്നു. വിശകലനങ്ങള്‍ തേടി വിവാദങ്ങളിലും ഏര്‍പ്പെടുന്നു. നായനാര്‍ സെയിന്റ് ചേര പെരുമാള്‍, അല്‍'വര്‍ സെയിന്റ് കുലശേഖര പെരുമാള്‍ എന്നിവര്‍ പൗരാണിക ചേരമാന്‍ പെരുമാള്‍മാരുടെ കൂട്ടത്തില്‍ അറിയപ്പെടുന്നവരാണ്. ചേരരാജാക്കന്മാരുടെ അധികാരം നാമമാത്രമായിരുന്നുവെന്നും മത, സാമൂഹിക രാഷ്ട്രനിര്‍മ്മാണ മേല്‍ക്കോയ്മ ബ്രാഹ്മണര്‍ക്കായിരുന്നുവെന്നും അധികാരം ബ്രാഹ്മണരില്‍ നിഷിപ്തമായിരുന്നുവെന്നും ചരിത്രത്തില്‍ വായിക്കുന്നു. പട്ടാളങ്ങളുള്ള ഗ്രാമത്തലവന്മാര്‍ ഗ്രാമപ്രദേശങ്ങളുടെ ഭരണ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതായും പറയപ്പെടുന്നു.

അക്കാദമിക്ക് തലങ്ങളില്‍ ചേര രാജാക്കന്മാരെപ്പറ്റി ഗഹനമായ വിവാദങ്ങള്‍ നടക്കുന്നുണ്ട്. രണ്ടാം ചേര രാജവംശം അഥവാ കുലശേഖര സാമ്രാജ്യം കേന്ദ്രികൃത അധികാരങ്ങളോടെയുള്ള ഒരു രാജ്യമായിരുന്നു. കൊടുങ്ങല്ലൂരുള്ള ചേരരാജാക്കന്മാര്‍ ചോള രാജ്യത്തിലുള്‍പ്പെട്ടതായിരുന്നു. അവര്‍ മറ്റു ചെറു രാജ്യങ്ങളുമായി യുദ്ധം നടത്തി വിജയിക്കുകയും ചോളന്മാരും പാണ്ഡിയന്‍മാരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തു. കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരെ ആധുനിക കാലത്തു പോലും ചേര രാജവംശമെന്നു പറയുന്നുണ്ട്. കൊടുങ്ങലൂര്‍ ചേരവംശം പന്ത്രണ്ടാം നൂറ്റാണ്ടില്‍ നാമാവിശേഷമായി. സ്വയം ഭരണാധികാരങ്ങളുണ്ടായിരുന്ന ഗ്രാമീണത്തലവന്മാരും വേണാടും മറ്റു ഭൂപ്രദേശങ്ങളും കൊടുങ്ങല്ലൂര്‍ ചേരരാജാക്കന്മാരുടെ നാശത്തിനുശേഷം മുക്തി നേടി.

വേണാട് ഭരിച്ചിരുന്ന ഭരണാധിപന്മാര്‍ അവരുടെ പൂര്‍വികരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍   കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളെന്ന് പറയുമായിരുന്നു. മധുരയിലുള്ള പാണ്ഡ്യന്മാരായും വേണാട്ടു പെരുമാക്കന്മാര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നു. കൊല്ലം ഭരിച്ചിരുന്ന 'രവിവര്‍മ്മ കുലശേഖര' പതിനാലാം നൂറ്റാണ്ടില്‍ പാണ്ടി നാട്ടിലും ചോളനാട്ടിലും മിലിറ്ററി പടയോട്ടങ്ങള്‍ നടത്തിയിരുന്നതായും തെളിവുകളുണ്ട്. ഭരണാധിപന്മാര്‍ സുഗന്ധ വ്യജ്ഞനങ്ങളും മസാലകളും കുരുമുളകും മറ്റു ഉല്‍പ്പന്നങ്ങളും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ചൈനയിലേക്കും അയച്ചിരുന്നു. വേണാടിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്ത് മാര്‍ക്കോപോളോ സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടായപ്പോള്‍ യൂറോപ്പ്യന്മാര്‍ കോളനികള്‍ ഉണ്ടാക്കി വേണാട്ടില്‍ താമസിക്കാന്‍ തുടങ്ങി.

വേണാട്ടിലെ അധിപന്മാര്‍ തങ്ങളുടെ മരണശേഷം തറവാട്ടു സ്വത്തുക്കളും കൊട്ടാരങ്ങളും രാജ്യവും 'അമ്മ വഴിയുള്ളവര്‍ക്കായിരുന്നു നല്‍കിയിരുന്നത്. രാജാവിന്റെ മരണശേഷം രാജ്യാവകാശം മക്കള്‍ക്കായിരുന്നില്ല. മരുമക്കത്തായം രാജവംശത്തില്‍ നിലനിന്നിരുന്നു. ഭരിക്കുന്ന രാജാവിന്റെ  സഹോദരിയുടെ മൂത്ത മകനു രാജ്യാധികാരവും രാജസ്ഥാനവും ലഭിച്ചിരുന്നു. വേണാട്ടിലെ രാജവംശത്തിലുള്ളവര്‍ മധുര രാജാക്കന്മാര്‍ക്ക് തങ്ങളുടെ പൂര്‍വിക വംശജരെന്ന നിലയില്‍ ആണ്ടുതോറും ആദരവുകള്‍ നല്‍കാറുണ്ട്.

1498ല്‍ വാസ്‌ക്കോഡി ഗാമാ കേരളത്തിലെത്തി പോര്‍ട്ടുഗീസ് കോളനികള്‍ക്ക് തുടക്കമിട്ടു. ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും കോളനികളുടെ ആധിപത്യത്തിനായി മത്സരവും തുടങ്ങി. മാര്‍ത്താണ്ഡവര്‍മ്മ ബ്രിട്ടീഷ് സഹായത്തോടെ ഡച്ചുകാരെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. അതിനുശേഷം,  ബ്രിട്ടീഷ്കാര്‍ക്ക് തിരുവിതാംകൂറിനെ തങ്ങളുടെ നിയന്ത്രണമുള്ള രാജകീയ സംസ്ഥാനമാക്കാന്‍ സാധിച്ചു. തിരുവിതാംകൂറിന്റെ മേലുണ്ടായിരുന്ന ബ്രിട്ടീഷ് നിയന്ത്രണം ഇന്ത്യ സ്വതന്ത്രമായ 1947 വരെ തുടര്‍ന്നു പോന്നിരുന്നു.

ചേര വംശം ഇല്ലാതായപ്പോള്‍ പഴയ വേണാടെന്ന രാജ്യം നിരവധി കുഞ്ഞകുഞ്ഞു രാജ്യങ്ങളായി വേര്‍തിരിഞ്ഞു പോയിരുന്നു. തൃപ്പാപ്പൂര്‍, (തിരുവിതാംകൂര്‍) ഇളയിടത്ത്, (കൊട്ടാരക്കര) ദേശിങ്കനാട് (കൊല്ലം) പേരക താവഴി (നെടുമങ്ങാട്) എന്നീ രാജ്യങ്ങള്‍ വേര്‍തിരിക്കപ്പെട്ടു.  ഇന്നും തിരുവിതാകൂറിലെ അനന്തരാവകാശികളായ രാജകുടുംബങ്ങള്‍ മൂലവംശമായ 'ചേരവംശം' എന്നറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നു.പതിനെട്ടാം നൂറ്റാണ്ടായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് (1706–1758), ചെറു രാജ്യങ്ങളെല്ലാം വെട്ടിപ്പിടിച്ച് തിരുവിതാംകുര്‍ സംസ്ഥാനമാക്കി രൂപപ്പെടുത്തി. ക്രമേണ തിരുവിതാകൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായി നവീകരിച്ചതും പുരോഗമിച്ച സംസ്ഥാനമായും അറിയപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മ മദ്ധ്യതിരുവിതാംകൂറിലെ മിക്ക പ്രഭുക്കളെയും ചെറിയ രാജാക്കന്മാരെയും യുദ്ധത്തില്‍ തോല്‍പ്പിച്ചു. അതിനുശേഷം യൂറോപ്പ്യന്‍മാരുമായി ഉടമ്പടികളുണ്ടാക്കി.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം കൊല്ലവര്‍ഷം 870 മുതല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടശേഷം 1949 വരെ നീണ്ടിരുന്നതായി കാണാം. കേരളത്തിന്റെ തെക്കുഭാഗം കന്യാകുമാരി മുതല്‍ മദ്ധ്യഭാഗവും കടന്ന് കൊച്ചിയുടെ അതിരുവരെ ഈ രാജ്യം വ്യാപിച്ചിരുന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടായപ്പോള്‍ ബ്രിട്ടീഷ് കോളനിയിലുള്ള ഒരു രാജകീയ വംശമായി തിരുവിതാംകൂര്‍ അറിയപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയില്‍ വിദ്യാഭ്യാസപരമായും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു, തിരുവിതാംകുര്‍!  പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പ്രദേശങ്ങള്‍ ചോള രാജവംശത്തിന്റെ കീഴിലായിരുന്നു.

1644ല്‍ ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല സ്ഥാപിച്ചതു മുതലാണ് തിരുവിതാംകൂറില്‍ ഇംഗ്‌ളീഷാധിപത്യത്തിന് തുടക്കമിട്ടത്. 1721മുതല്‍ 1729 വരെ വേണാട് ഭരിച്ചിരുന്ന രാമവര്‍മ്മ രാജാവിന്റെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് കമ്പനിയുമായി ഉടമ്പടി ഒപ്പു വെക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കുളച്ചലില്‍ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് രാമവര്‍മ്മ ഉടമ്പടിയില്‍ ഒപ്പു വെച്ചു. ഡച്ചുകാരും യൂറോപ്പ്യന്‍മാരുമായുള്ള വ്യവസായ വഴക്കുകളും സാധാരണമായിരുന്നു.  കൊല്ലത്തെയും കായംകുളത്തെയും സഹായിച്ചുകൊണ്ടു ഡച്ചു കമ്പനികള്‍ തിരുവിതാംകൂറിനു എതിരായി പ്രവര്‍ത്തിച്ചിരുന്നു.

1729 മുതല്‍ തിരുവിതാംകൂറിന്റെ രാജവംശങ്ങളെ ആധുനിക തിരുവിതാംകൂറിന്റെ ചരിത്രമെന്നു പറയാം. 17291758ലെ കാലഘട്ടത്തില്‍ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് കേരളം ഭരിച്ചു. അദ്ദേഹത്തെ ആധുനിക തിരുവിതാംകൂറിന്റ ശില്പിയെന്നു വിളിക്കുന്നു. ആറ്റിങ്ങല്‍ റാണി കാര്‍ത്തിക തിരുന്നാളിന്റെയും കിളിമാനൂര്‍ കൊട്ടാരം രാഘവന്‍ പിള്ളയുടെയും മകനായി മാര്‍ത്താണ്ഡ വര്‍മ്മ 1705ല്‍ ജനിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ ജനിച്ച കാലങ്ങളില്‍ തിരുവിതാംകൂര്‍ ഒരു ചെറിയ രാജ്യമായിരുന്നു. രാജ്യം അരാജകത്വത്തിലും അക്രമത്തിലും അഴിഞ്ഞാടിയിരുന്നു. വേണാട്ടു രാമവര്‍മ്മ രാജാവിന്' കാര്യങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയുമായിരുന്നു. രാമവര്‍മ്മ രാജാവിന്റെ മക്കളായ എട്ടുവീട്ടില്‍ പിള്ളമാരുടെ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ജനം മടുത്തിരുന്നു. പത്ഭനാഭസ്വാമി ടെംപിളിന്റെ നിയന്ത്രണം എട്ടുവീട്ടില്‍ പിള്ളമാര്‍ പിടിച്ചെടുത്തു. രാജ്യത്തിനു സ്വന്തമായ ഒരു പട്ടാളമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു വെല്ലുവിളിയായി ഇന്ത്യ മഹാസമുദ്രത്തില്‍ യൂറോപ്പ്യന്മാര്‍ വ്യവസായ ആധിപത്യം സ്ഥാപിച്ചിരുന്നു. രാജകീയ സഹോദരങ്ങളും പരസ്പ്പരം മല്ലടിച്ചായിരുന്നു ജീവിച്ചിരുന്നത്. എട്ടുവീട്ടില്‍ പിള്ളമാര്‍ മാര്‍ത്താണ്ഡ വര്‍മ്മയുമായി കലഹം ആരംഭിച്ചു. പത്ഭനാഭസ്വാമി ടെംപിളിന്റെ ഭരണാവകാശം സംബന്ധിച്ചുള്ള തര്‍ക്കങ്ങളുമുണ്ടായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരെ സഹായിക്കാന്‍ തമിഴ് പട്ടാളവുമുണ്ടായിരുന്നു.

മാര്‍ത്താണ്ഡ വര്‍മ്മ, എട്ടു വീട്ടില്‍ പിള്ളമാരെ നാമവിശേഷമാക്കിക്കൊണ്ട് രാജഭരണം കൈക്കലാക്കി. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തി. പടനായകനായ ഡിലനായിയെ കീഴ്‌പ്പെടുത്തി തടവുകാരനാക്കി പാര്‍പ്പിച്ചു. അദ്ദേഹത്തെ തിരുവിതാംകൂറിന്റ സൈന്യാധിപനായി രാജാവ് നിയമിച്ചു.  മാര്‍ത്താണ്ഡ വര്‍മ്മ തിരുവിതാംകൂറിലെ സൈനിക സംവിധാനം ശക്തമാക്കി. യൂറോപ്യന്‍ രീതിയിലുള്ള സൈനിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചത് ഡിലനായിയെ തടവുകാരനാക്കാന്‍ സാധിച്ചതുകൊണ്ടാണ്. ഭരണം കയ്യേറാന്‍ നിരവധി ക്രൂരമായ നയങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മ സ്വീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു ഭരണാധികാരി തിരുവിതാംകൂര്‍ ചരിത്രത്തിലുണ്ടായിട്ടില്ല.

മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ശേഷം 1758 മുതല്‍ 1798 വരെ രാമവര്‍മ്മ കാര്‍ത്തിക തിരുന്നാള്‍ രാജാവ് തിരുവിതാംകൂര്‍ ഭരിച്ചു. അദ്ദേഹത്തെ 'ധര്‍മ്മരാജാ' എന്നറിയപ്പെട്ടിരുന്നു. ടിപ്പു സുല്‍ത്താന്‍ രാജ്യം ആക്രമിക്കുകയും ടിപ്പുവിനെ പരാജയപ്പെടുത്തിയതും ധര്‍മ്മ രാജാവിന്റെ നേട്ടമായിരുന്നു. അയ്യപ്പ മാര്‍ത്താണ്ഡ പിള്ളയും രാജകേശവദാസും സമര്‍ത്ഥരായ അദ്ദേഹത്തിന്‍റെ ദിവാന്മാരായി രാജ്യഭരണത്തിലേര്‍പ്പെട്ടിരുന്നു.

ധര്‍മ്മ രാജാവിനുശേഷം  ബലരാമവര്‍മ്മ രാജാവ് പതിമൂന്നാം വയസില്‍ രാജ്യഭരണ ചുമതലകള്‍ വഹിച്ചു. അദ്ദേഹം കഴിവില്ലാത്ത, രാജ്യഭരണങ്ങള്‍ നിര്‍വഹിക്കാന്‍ അപ്രാപ്യനായ ഒരു രാജാവായി അറിയപ്പെട്ടിരുന്നു. സാമ്പത്തിക മാന്ദ്യം വന്നതുമൂലം അദ്ദേഹത്തിന്‍റെ രാജ്യം പാപ്പരായി തീര്‍ന്നിരുന്നു. 'കേണല്‍ മക്കാളയെ' രാജ്യകാര്യങ്ങള്‍ നോക്കാനായി നിയമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് കമ്പനിയും തിരുവിതാംകൂറുമായി ഉടമ്പടികള്‍ ഒപ്പു വെക്കുകയുമുണ്ടായി. ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കുന്ന ചുമതല ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു. ഒരു വര്‍ഷം അതനുസരിച്ച് എട്ടു ലക്ഷം രൂപ കപ്പവും കൊടുത്തിരുന്നു. പെട്ടെന്ന്, ദിവാനായിരുന്ന വേലുത്തമ്പിയും ബ്രിട്ടീഷ് കേണലായിരുന്ന മെക്കാളെയുമായുള്ള ബന്ധം വഷളാവാന്‍ തുടങ്ങി.

തിരുവിതാംകൂര്‍ രാജ്യം ബ്രിട്ടീഷ്‌സര്‍ക്കാരിനു കപ്പം കൊടുക്കുന്നതു നിര്‍ത്തല്‍ ചെയ്യണമെന്ന് വേലുത്തമ്പി, കേണല്‍ മെക്കാളയോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ വേലുത്തമ്പിയുടെ ആവശ്യം നിരസിക്കുകയാണുണ്ടായത്. മാത്രവുമല്ല, തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്നും കേണല്‍ മെക്കാളെ ശഠിച്ചു. കേണല്‍ മെക്കാളെയെ തിരുവിതാംകൂറിന്റെ ഉപദേശകനെന്ന സ്ഥാനത്തുനിന്നു മാറ്റണമെന്നു തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍ക്കെഴുതി. വേലുത്തമ്പി തിരുവിതാംകൂറിനെ മോചിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരോട് ഇടയേണ്ടി വന്ന വേലുത്തമ്പി തന്റെ ജീവന്‍ അപകടത്തിലാകുമെന്നും ഭയപ്പെട്ടിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനു കൊടുക്കാനുള്ള കപ്പം തിരുവിതാംകൂര്‍' നിഷേധിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ അവിടേയ്ക്ക് തിരുവിതാംകൂറിനെതിരെ പട്ടാളത്തെ അയച്ചു. പട്ടാളം കൊല്ലത്ത് 1809ല്‍ ക്യാമ്പ് ചെയ്യുകയും തിരുവിതാംകൂര്‍ പട്ടാളത്തെ തോല്‍പ്പിച്ചോടിക്കുകയും ചെയ്തു.  അതിനുശേഷം വേണാട് (തിരുവിതാംകൂര്‍)രാജാവും ബ്രിട്ടീഷുകാരും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. വേലുത്തമ്പിയുടെ സ്ഥാനത്ത് ഉമ്മിണി തമ്പിയെ ദളവായായി നിയമിച്ചു.

ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ യുദ്ധത്തിനു സാഹചര്യങ്ങള്‍ ഒരുക്കിയ വേലുത്തമ്പിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. 'മണ്ണോടി' എന്ന സ്ഥലത്തു ഒളിവിലായിരുന്ന വേലുത്തമ്പിയെ അറസ്റ്റ് ചെയ്യുമെന്നു ബോദ്ധ്യമായപ്പോള്‍ വേലുത്തമ്പി  കത്തികൊണ്ട് സ്വയം കുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വേലുത്തമ്പിയുടെ മരണം ഈസ്റ്റ് ഇന്ത്യ സര്‍ക്കാരിനെ സംബന്ധിച്ച് വളരെയേറെ ചെലവുള്ള കാര്യമായിരുന്നു. ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറിനെ സംരക്ഷിക്കാന്‍ ഒരു ബ്രിട്ടീഷ് ആര്‍മിയെ ചുമതലപ്പെടുത്തേണ്ടി വന്നു. കന്യാകുമാരിമുതല്‍ നാഞ്ചിനാട്ടിലുള്ളവര്‍ വേലുത്തമ്പിയെ സഹായിച്ചതിന്റെ പേരില്‍ ഉമ്മിണി തമ്പി ദളവായയുടെ കാലത്ത്, അവര്‍ക്ക് വളരെയധികം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.

ചങ്ങനാശേരി കൊട്ടാരത്തിലെ രാജരാജ വര്‍മ്മ കോയിത്തമ്പുരാന്റെയും റാണി ഗൗരി ലക്ഷ്മിബായിയുടെയും മകനായി 1813 ഏപ്രില്‍ പതിനാറാം തിയതി സ്വാതി തിരുന്നാള്‍ ജനിച്ചു. ബാലരാമ വര്‍മ്മയ്ക്കുശേഷം സ്വാതിതിരുന്നാള്‍ രാജ്യാവകാശിയായി. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ റാണി ലക്ഷ്മിബൈ രാജ്യം ഭരിച്ചുകൊണ്ടിരുന്നു.  പണ്ഡിതനും ബുദ്ധിമാനും സംഗീതജ്ഞനുമായിരുന്ന 'സ്വാതി തിരുന്നാള്‍ മഹാരാജാവ്, കര്‍ണ്ണാട്ടിക്കിലും ഹിന്ദുസ്ഥാനിയിലുമായി നാന്നൂറില്‍പ്പരം സംഗീതകൃതികള്‍ രചിച്ചു രാഗത്തിലാക്കിയിട്ടുണ്ട്.  ഗര്‍ഭപാത്രത്തിലായിരുന്നപ്പോഴേ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് 'ഗര്‍ഭശ്രീമാന്‍' എന്നും പറയാറുണ്ട്. കേണല്‍ മണ്‍റോ സ്വാതി തിരുന്നാളിന്റെ വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം കാണിച്ചിരുന്നു. മലയാളവും സംസ്കൃതവും ഇംഗ്‌ളീഷും ബാല്യത്തില്‍ തന്നെ പഠിക്കാന്‍ തുടങ്ങി. കൂടാതെ കന്നഡ, തമിഴ്, ഹിന്ദുസ്ഥാനി, തെലുഗു, മറാത്തി എന്നീ ഭാഷകളിലും അദ്ദേഹം നിപുണത നേടിയിരുന്നു. സയന്‍സും ജോമെട്രിയും പഠിച്ചു. പ്രായത്തില്‍ കവിഞ്ഞുള്ള അറിവില്‍ സമകാലീകര്‍ അദ്ദേഹത്തെ വിസ്മയത്തോടെ കണ്ടിരുന്നു.

 റാണിയുടെ കാലത്ത് ബ്രിട്ടീഷുകാരുമായി വളരെ സൗഹാര്‍ദമായ ബന്ധം തുടര്‍ന്നിരുന്നു. അവര്‍ ഉമ്മിണിതമ്പിയെ ഭരണത്തില്‍ നിന്നും പുറത്താക്കുകയും പകരം കേണല്‍ മണ്‍റോയെ ദിവാനായി നിയമിക്കുകയുമുണ്ടായി. രാജ്യം മുഴുവന്‍ അഴിമതി നിറഞ്ഞിരിക്കുന്നതായി മണ്‍റോയ്ക്ക് ബോധ്യമായിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കുന്ന ഒരു നിയമവും 'മണ്‍റോ' കൊണ്ടുവന്നു. വ്യക്തിപരമായി അദ്ദേഹം രാജ്യം മുഴുവന്‍ യാത്ര നടത്തുകയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ജോലിയെ വിലയിരുത്തുകയും ചെയ്തു. നികുതി ശേഖരിക്കുന്നതില്‍ അങ്ങേയറ്റം വിചക്ഷണത പുലര്‍ത്തുകയും ചെയ്തു. ശരിയായ കണക്കുകള്‍ പരിശോധിച്ചുള്ള ഓഡിറ്റ് സമ്പ്രദായവും രാജ്യത്ത് നടപ്പാക്കി. അമ്പലങ്ങളുടെ ഭരണാധികാരവും മെച്ചപ്പെടുത്തി. വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഗൗരി ലക്ഷ്മിബൈ മരിച്ചപ്പോള്‍ സഹോദരി ഗൗരി പാര്‍വതിബൈ അധികാരമേറ്റെടുത്തു. അവരുടെ ഭരണകാലത്തും കേണല്‍ മണ്‍റോയായിരുന്നു ദിവാന്‍. മണ്‍റോയുടെ നിര്‍ദേശപ്രകാരം കേസുകള്‍ തീര്‍ക്കാന്‍ കോടതികള്‍ സ്ഥാപിച്ചു. നികുതി ശേഖരിക്കലും രാജ്യത്തിന്റെ വ്യവസായ വാണിജ്യവും കൂടുതല്‍ കാര്യക്ഷമമാക്കി.

സ്വാതിതിരുന്നാളിന് രാജ്യം ഭരിക്കാനുള്ള പ്രായമായപ്പോള്‍ പതിനാറാം വയസില്‍ രാജ്യഭരണം ഏറ്റെടുത്തു.  പണ്ഡിതരും കലാകാരന്മാരും നൃത്തം ചെയ്യുന്നവരും സംഗീതം ആലപിക്കുന്നവരും അദ്ദേഹത്തിന്‍റെ രാജസദസ്സിനു അലങ്കാരമായിരുന്നു. “'ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ" എന്ന ഗാനം സ്വാതിതിരുന്നാള്‍ തൊട്ടിലിലായിരുന്നപ്പോള്‍ താരാട്ടു പാടാനായി ആട്ടക്കഥാകാരനും സംഗീതജ്ഞനുമായിരുന്ന 'ഇരയിമ്മന്‍ തമ്പി' എഴുതിയതായിരുന്നു.

 ഗവണ്മെന്റ് സെക്രട്ടറിയേറ്റ് കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായിരുന്നു, സ്വാതിതിരുനാളിന്റെ  നേട്ടങ്ങളിലൊന്ന്! മഹാരാജാസ് സ്കൂള്‍ തുടങ്ങിയതും അതിനു അടിസ്ഥാന ശിലയിട്ടതും സ്വാതിതിരുന്നാളായിരുന്നു. പിന്നീട് സ്കൂള്‍, ഹൈസ്കൂളും കോളേജുമാവുകയായിരുന്നു. 1836ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ ജനസംഖ്യയുടെ  സ്ഥിതിവിവര കണക്കുകളെടുത്തു. അന്നത്തെ ജനസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തി അറുപത്തിയെട്ടെന്നു (1,28,068) സെന്‍സസ് റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അദ്ദേഹത്തിന്‍റെ കാലത്ത് നിരവധി ഇംഗ്‌ളീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. അലോപ്പതി മെഡിസിന്‍ വികസിപ്പിച്ചു. തിരുവനന്തപുരത്ത് വാനനിരീക്ഷണാലയം സ്ഥാപിച്ചു. അച്ചടിക്ക് ആദ്യം തുടക്കമിട്ടത് അദ്ദേഹമാണ്. കുറ്റവാളികളെ മുക്കാലില്‍ കെട്ടി അടിക്കുന്ന സമ്പ്രദായവും സ്ത്രീകളുടെ തല മൊട്ടയടിക്കുന്ന ശിക്ഷാ വിധികളും നിര്‍ത്തലാക്കി. കലാകാരന്മാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. തിരുവിതാംകൂറിന്റെ പേരും പെരുമയും വര്‍ദ്ധിച്ചത് സ്വാതി തിരുന്നാളിന്റെ കാലത്താണ്.

1846 ഡിസംബര്‍ ഇരുപത്തിയേഴാം തിയതി മുപ്പത്തിമൂന്നാം വയസില്‍ സ്വാതിതിരുന്നാള്‍ മഹാരാജാവ്' മരിച്ചു. സ്വാതി തിരുന്നാളിന്റെ മരണശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ ഉത്രം തിരുന്നാള്‍ മഹാരാജാവ് 1847ല്‍ കിരീട ധാരണം ചെയ്തു.  ബഹുഭാഷാ പണ്ഡിതനായിരുന്നു. അച്ചുകുത്തു പ്രതിരോധ സമ്പ്രദായം രാജ്യത്ത് നടപ്പാക്കി. ആശുപത്രികള്‍ മെച്ചപ്പെട്ട രീതികളില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചുകൊണ്ടിരുന്നു.  1853ല്‍ കരമനയാറ്റില്‍ കേരളത്തിന്റെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചു. 1855ല്‍ ഉണ്ടായിരുന്ന അടിമ വ്യവസ്ഥിതി ഇല്ലാതാക്കി. 1860ല്‍ ഉത്രം തിരുന്നാള്‍ മഹാരാജാവ്  മരിച്ചു.

ഉത്രം തിരുന്നാളിനുശേഷം ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് 1860 സെപ്റ്റംബര്‍ ഏഴാം തിയതി ഇരുപത്തിയൊമ്പതാം വയസില്‍ കിരീടധാരണം ചെയ്തു. 1880ല്‍ മരിക്കുന്ന വരെ രാജ്യത്തിന്റെ ഭരണചുമതലകള്‍ വഹിച്ചു. ക്ഷേത്ര ഗോപുരങ്ങള്‍ പുതുക്കി പണിയുന്നതില്‍ താല്പര്യപ്പെട്ടിരുന്നു. ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ കോളേജ്, പെണ്‍ക്കുട്ടികള്‍ക്കായുള്ള സ്കൂള്‍, ആശുപത്രികള്‍ മുതലായവ സ്ഥാപിച്ചു. തൂക്കു പാലങ്ങള്‍ (പുനലൂര്‍), റോഡുകള്‍  നിര്‍മ്മിച്ചു. മലയാള നാടകത്തിന് മുതല്‍ക്കൂട്ടായി 'ശാകുന്തളം' ഇദ്ദേഹം പരിഭാഷ ചെയ്തു. തിരുവനന്തപുരത്തും മറ്റു പ്രധാന പട്ടണങ്ങളിലുമുള്ള നിരവധി ഔദ്യോഗിക കെട്ടിടങ്ങള്‍ അദ്ദേഹത്തിന്‍റെ കാലത്ത് സ്ഥാപിച്ചതാണ്.

വിശാഖം തിരുന്നാള്‍ രാജാവ് 1880 മുതല്‍ 1885 വരെ തിരുവിതാംകൂര്‍ ഭരിച്ചു. അദ്ദേഹം ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ ഇളയ സഹോദരനായിരുന്നു. കേരളത്തില്‍ ആദ്യമായി കപ്പ കൃഷിയ്ക്ക് തുടക്കമിട്ടത് വിശാഖം തിരുന്നാള്‍ മഹാരാജാവായിരുന്നു. പിന്നീട് കപ്പ ദരിദകോടികളുടെ ഭക്ഷണമായി മാറി. അദ്ദേഹം നിരവധി സാഹിത്യ രചനകളും രചിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷമേ ഭരിച്ചുള്ളൂ. 1885 ജൂലൈ മാസം വിശാഖം തിരുന്നാള്‍ മഹാരാജാവ് അന്തരിച്ചു.

1857 സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തിയതി ജനിച്ച ശ്രീമൂലം തിരുന്നാള്‍ രാജാവ് 1885 ആഗസ്റ്റ് പത്തൊമ്പതാം തിയതി മുപ്പത്തിരണ്ടാം വയസില്‍ രാജാവായി. 1887ല്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ റാണിയുടെ സുവര്‍ണ്ണ ജൂബിലി സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.ജെ.റ്റി ഹാള്‍ സ്ഥാപിച്ചു.  1888ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ കണ്ണിമേറ പ്രഭു തിരുവനന്തപുരം സന്ദര്‍ശിച്ച സ്മരണക്കായി തിരുവനന്തപുരം പാളയത്ത് കണ്ണിമെറാ മാര്‍ക്കറ്റ് സ്ഥാപിച്ചു. 1924ല്‍ ശ്രീമൂലം തിരുന്നാള്‍ മഹാരാജാവ് മരണമടഞ്ഞു.

ശ്രീ മൂലം തിരുന്നാള്‍ രാജാവിന്റ പിന്‍ഗാമികളായി രാജകുടുംബത്തില്‍ അവകാശികള്‍ ഇല്ലായിരുന്നു. തന്മൂലം മാവേലിക്കര രാജകുടുംബത്തില്‍ നിന്നും സേതു ലക്ഷ്മി ബായിയെയും സേതു പാര്‍വതി ബായിയെയും ദത്തെടുത്തു. കിളിമാന്നൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കോയിത്തമ്പുരാന്‍ സേതുപാര്‍വതി ബായിയെ വിവാഹം കഴിച്ചു. ആ ദമ്പതികളിലെ മൂത്ത മകനാണ് ശ്രീ ചിത്തിര ബാലരാമ വര്‍മ്മ മഹാരാജാവ്. അദ്ദേഹം തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്നു. 1931 മുതല്‍ 1956 വരെ തിരുവിതാംകൂര്‍ രാജ്യത്തെ നയിച്ചു.

1924ല്‍ ശ്രീ മൂലം തിരുന്നാള്‍ മരിക്കുമ്പോള്‍ ചിത്തിര തിരുന്നാളിന് പ്രായപൂര്‍ത്തിയാകാഞ്ഞതിനാല്‍ മൂത്ത സഹോദരിയായ സേതു ലക്ഷ്മി ബായി 'റീജന്റായി' രാജ്യഭരണങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. 1931 വരെ റാണി ഭരിച്ചിരുന്നു. 1936 ഒക്ടോബര്‍ മുപ്പതാം തിയതി സര്‍ സിപി രാമസ്വാമി അയ്യര്‍ ദിവാനായി ചുമതല ഏറ്റെടുത്തു. 1936ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ ക്ഷേത്ര പ്രവേശന വിളംബരം നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നവീകരിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനായും അവരുടെ നിയമ പരിരക്ഷക്കായും ലേബര്‍ കോര്‍ട്ടുകള്‍ സ്ഥാപിച്ചു.

പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവായിരുന്നു. നായന്മാര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന തിരുവിതാംകൂര്‍ പട്ടാളം എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. വ്യവസായ പുരോഗതിക്കായി വ്യവസായ ശാലകള്‍ നാടിന്റെ നാനാഭാഗത്തും സ്ഥാപിച്ചു. 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചു. തിരുവനന്തപുരത്ത് വിമാനത്താവളവും റേഡിയോ സ്‌റ്റേഷനും സ്ഥാപിച്ചതു രാജാവാണ്. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികള്‍ സ്ഥാപിച്ച മൂലം കേരളത്തില്‍ വൈദ്യുതി ലഭിക്കാന്‍ തുടങ്ങി. തിരുവനന്തപുരം പട്ടണത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. തിരുവനന്തപുരം കന്യാകുമാരി റോഡ് കോണ്‍ക്രീറ്റ് സിമന്റിട്ടു. സ്വാതി തിരുന്നാള്‍ സംഗീത കോളേജ് സ്ഥാപിച്ചതും അദ്ദേഹമാണ്. ഗവേഷണങ്ങള്‍ക്കും ശാസ്ത്ര പുരോഗതികള്‍ക്കും വഴിയൊരുക്കി, തിരുവനന്തപുരം അക്വേറിയം സ്ഥാപിച്ചു. കൂടാതെ ശ്രീ ചിത്തിര മെഡിക്കല്‍ സെന്റര്‍, പെരിയാര്‍ തേക്കടി വന്യമൃഗ സങ്കേതവും നിര്‍മ്മിച്ചതും അദ്ദേഹത്തിന്‍റെ ശ്രമമാണ്. 1949ല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ യോജിക്കപ്പെട്ടു. കലകളെയും കായിക വിനോദങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.  1956ല്‍ ഐക്യ കേരളം വന്നതില്‍ പിന്നീട് അദ്ദേഹം രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു.  1992 ജൂലൈ പന്ത്രണ്ടാം തിയതി ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവ്  മരണമടഞ്ഞു.

(തുടരും)

തിരുവിതാംകൂര്‍ രാജവാഴ്ചക്കാലത്തെ ചരിത്ര രൂപരേഖ (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Jyothylakshmy Nambiar 2019-12-03 03:18:14
കേരളീയർ അറിഞ്ഞിരിയ്ക്കേണ്ട കേരള ചരിത്രത്തെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങൾ 
Sudhir Panikkaveetil 2019-12-03 08:28:51
ഭൂതകാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് (retrace) 
ഹൃദ്യമായ അനുഭവമാണ്. ചരിത്രം പറഞ്ഞതരുന്നത് ശ്രീ 
പടന്നമാക്കൽ സാർ ആകുമ്പോൾ അതിന്റെ 
ആസ്വാദത ഏറുന്നു . കാത്തിരിക്കാം, ചരിത്രത്തിന്റെ 
വഴികളിലൂടെ സഞ്ചരിക്കാം. അറിവ് ശക്തിയാണ്.
അറിവ് അനുഗ്രഹമാണ്. അത് പകർന്നുകൊടുക്കുന്നതും 
അനുഗ്രഹമാണ്. ശ്രീ പടന്നമാക്കൽ സാറിനു എല്ലാ 
നന്മകളും നേരുന്നു. 
Joseph 2019-12-03 08:45:10
സുധീർ, ജ്യോതിലക്ഷ്മി: നല്ല കമന്റുകൾക്ക് നന്ദി. മലയാളികൾ പൊതുവെ ചരിത്രകുതുകികളാണ്. അമേരിക്കയുടെയോ റഷ്യയുടെയോ ചൈനയുടെയോ ചരിത്രം ചോദിച്ചാൽ 'വാ തോരാതെ' അവർക്ക് സംസാരിക്കാൻ സാധിക്കും. ഉഗ്രൻ രാഷ്ട്രീയ വിമർശനങ്ങളും ഫ്‌ളാറ്റ് ഫോറങ്ങളിൾ കേൾക്കാം. സോഷ്യൽ മീഡിയാകളിലും വായിക്കുന്നു. ഇന്ത്യയുടെ പൗരാണിക സംസ്ക്കാരവും രാഷ്ട്രീയവും ചർച്ചയാകുമ്പോൾ നാം പൊതുവെ അറിവിന്റെ കേദാരങ്ങളുമാണ്. എന്നാൽ നമുക്ക് തനതായ ഒരു സംസ്ക്കാരമുണ്ടായിരുന്നുവെന്ന കഥ അധികമാർക്കും അറിയത്തില്ല താനും! 

നമ്മുടെ സ്വന്തം, ഈ കേരനാട്ടിൽ, ഒട്ടും മോശമല്ലാത്ത ഒരു സംസ്ക്കാരം നമുക്കുണ്ടായിരുന്നുവെന്ന കഥ പലരും വിസ്മരിക്കുന്നു. നൂറ്റാണ്ടുകളോളം സമാധാനമായി കഴിഞ്ഞിരുന്ന കേരള ജനതയെ ഇന്നറിയണമെങ്കിൽ ജാതി തിരിക്കണം. മതം ഏതാണെന്നും അറിയണം. ചിലർക്കു തറവാടും കുടുംബമഹിമയും പ്രധാനം. 

കേരളത്തിലെ പഴയപള്ളികൾക്കെല്ലാം പള്ളി വെക്കാനുള്ള അനുവാദവും സാമ്പത്തിക സഹായവും നൽകിയിയരുന്നത് ഹൈന്ദവ രാജാക്കന്മാരായിരുന്നുവെന്ന ചരിത്രം ക്രിസ്ത്യാനികൾക്ക് തിരുത്തിയെഴുതാൻ സാധിക്കില്ല. അതുപോലെ, ഹൈന്ദവ ദേവനായ ശ്രീ അയ്യപ്പനും മുസ്ലിമായ 'വാവരും' തമ്മിലുണ്ടായിരുന്ന സൗഹാർദ്ദം കേരളത്തിന്റെ പഴങ്കാല മത സഹിഷ്ണതയെ ഉണർത്തുന്നു.  

തിരുവിതാംകൂർ ചരിത്രം ചുരുക്കമായി മാത്രമേ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂ. സമുദായ ഉഛനീചത്വങ്ങൾ ഇല്ലാത്ത, ജാതീയമായി ചിന്തിക്കാത്ത ഒരു സമൂഹം തിരുവിതാംകൂറിലുണ്ടായിരുന്നു. മദ്ധ്യയുഗത്തിൽ നമ്പൂതിരിമാർ കേരളത്തിൽ കുടിയേറാൻ തുടങ്ങിയതിൽ പിന്നീടാണ് ചാതുർവർണ്ണം തിരുവിതാംകൂറിൽ നടപ്പിലായത്. 

തിരുവിതാംകൂർ രാജാക്കന്മാർ പ്രജാവത്സലരും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാത്രം പ്രവർത്തിച്ചവരുമാണ്. വിശാഖം തിരുന്നാൾ മഹാരാജാവ് കേരളത്തിൽ 'കപ്പ' കൊണ്ടുവന്നതുകൊണ്ടാണ് തിരുവിതാംകൂർ ജനത രണ്ടു ലോകമഹായുദ്ധ കാലങ്ങളിലും ഭക്ഷണ ക്ഷാമം കാര്യമായി അനുഭവിക്കാതിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ എല്ലാവരും തന്നെ കലകളെയും സംഗീതത്തെയും പ്രോത്സാഹിപ്പിക്കുമായിരുന്നു. സ്വാതിതിരുനാളിന്റെ രാജസദസ്സ് കലാകാരന്മാരെയും സംഗീതജ്ഞന്മാരെയും കൊണ്ട് നിറഞ്ഞിരുന്നുവെന്നും നാം വായിക്കുന്നു. 
   
ടിങ്കന്‍ ഭഗവാന്‍ 2019-12-03 09:10:53
 കേരളത്തില്‍ കപ്പ കൊണ്ടുവന്നത്  തെക്കേ അമേരിക്കയില്‍ നിന്നും സാപനീഷ് കാര്‍  എന്നാണല്ലോ എന്‍റെ അറിവ്. 
ആദി ശങ്കരന്‍ 2019-12-03 09:27:45
 32 വയസില്‍ ആദി ശങ്കരന്‍ മരിച്ചു. ശാരിരിക രോഗങ്ങള്‍ ആയിരുന്നു കാരണം. ആരോഗ്യം ഉള്ള മനസ്സില്‍ നിന്നേ നല്ല ചിന്തകള്‍ ഉണ്ടാകുകയുള്ളൂ.
-ചാണക്യന്‍ 
ഗര്‍ഭ ശ്രിമാന്‍ 2019-12-03 09:36:02
ഗര്‍ഭപാത്രത്തിലായിരുന്നപ്പോഴേ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് 'ഗര്‍ഭശ്രീമാന്‍' എന്നും പറയാറുണ്ട്
 അന്ന് കാലത്ത് ഗര്‍ഭസ്ഥ ശിസു ആണ്‍ കുട്ടി ആണ് എന്ന് അറിയുവാന്‍ ഉള്ള ടെക്നോളജി ഉണ്ടായിരുന്നോ?-നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക