Image

നിഴലുകള്‍- (ഭാഗം:4- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 04 December, 2019
നിഴലുകള്‍- (ഭാഗം:4- ജോണ്‍ വേറ്റം)
'ഒരു സ്ത്രീ പ്രസവിച്ചാല്‍ അത് ആദ്യപ്രസവമോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയും' എന്ന ചോദ്യത്തിന് 'പ്രസവിച്ച സ്ത്രീയോട് ചോദിച്ചറിയാമല്ലോ' എന്നായിരുന്നു ഉത്തരം. 'പരസഹായം കൂടാതെയും, മൗനമായും, രഹസ്യമായും ഒരു യുവതിക്ക് പ്രസവിക്കാന്‍ കഴിയുമോ' എന്ന സ്പഷ്മായ ചോദ്യത്തിന് 'അങ്ങനെ സംഭവിക്കാറുണ്ട്' എന്നായിരുന്നു കുറുകിയ മറുപടി. 'പരസഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും, പ്രസവനേരത്ത് സ്ത്രീകള്‍ കരയാറില്ലെ' എന്നായിരുന്നു വേറൊരു ചോദ്യം. കരയാതെ പ്രസവിക്കുന്നവരും ഉണ്ട് എന്ന് സാക്ഷി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ മരിച്ചുകിടക്കുന്ന കുഞ്ഞിനെയും ജീവനുള്ള കുഞ്ഞിനെയും പ്രസവിക്കുന്നത് ഒരു പോലെയല്ലയെന്നും ചോദ്യത്തിനുത്തരമായി മൊഴി നല്‍കി. 'ഡാക്ടര്‍ പ്രസവിച്ചിട്ടുണ്ടോ' എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ടെന്നായിരുന്നു പെട്ടെന്ന് നല്‍കിയ മറുപടി. ഡാക്ടര്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ച മക്കള്‍ എത്രയുണ്ടെന്നായിരുന്നു വേറൊരു നിര്‍ണ്ണായക ചോദ്യം. അതിന് ഉത്തരം പറായതെ ഡാക്ടര്‍ സംശയിച്ചു നിന്നു. സര്‍ക്കാര്‍ വക്കീല്‍ കുതിച്ചെഴുന്നേറ്റു. മാന്യതയുള്ളൊരു സാക്ഷിയുടെ വ്യക്തിപരകാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണിത്. 

കുടുംബരഹസ്യങ്ങളന്വേഷിക്കുന്നത് കോടതിയില്‍ വച്ചല്ലെന്നും വ്യക്തിഹത്യചെയ്യുന്ന ചോദ്യങ്ങള്‍ അനുവദിക്കരുതെന്നും ജഡ്ജിയോട് പറഞ്ഞു. അപ്പോള്‍, വര്‍ക്കിവക്കീല്‍ ജഡ്ജിയെ നോക്കിനിന്നു പ്രതിരോധിച്ചുകൊണ്ട് പ്രസ്താവിച്ചു: ഈ കേസില്‍ ആരോപിച്ചിരിക്കുന്ന കുറ്റം ക്രൂരവും ഗൗരവമുള്ളതും ആസൂത്രിതവുമാണ്. അത് തെളിയിക്കുന്നതിന് ആവശ്യമുള്ളത് ആശ്രയയോഗ്യമായ തെളിവാണ്. ആരോപണം ശരിയോ തെറ്റോ എന്ന് തെളിയിക്കുന്നതിനുള്ള അന്വേഷണമാണ് നടത്തുന്നത്. ആയതിനാല്‍, വാസ്തവമറിയാന്‍ അനുവദിക്കണം, വിസ്താരം തുടരാന്‍ ജഡ്ജി അനുവദിച്ചു. വര്‍ക്കി വാദം തുടര്‍ന്നു. ഒരു സ്ത്രീയില്‍ പ്രസവത്തോടെ ഉണ്ാകുന്ന രക്തസ്രാവത്തിനും മാസമുറയിലുണ്ടാകുന്ന രക്തത്തിനും തമ്മില്‍ വ്യത്യാസം ഉണ്ടോ എന്നും, വ്യത്യാസമുണ്ടെങ്കില്‍ അത് കാഴ്ചയാല്‍ തിരിച്ചറിയാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, രക്തസ്രാവത്തിന്റെ തരവും സ്വഭാവവുമനുസരിച്ച് രക്തത്തിന്റെ ഘനത്തിനും നിറത്തിനും അംശമായ വ്യത്യാസം ഉണ്ടാവുമെന്നും, പ്രസവത്തില്‍ ഒഴുകിവരുന്നത് പുതുരക്തമായിരിക്കുമെന്നും ഡാക്ടര്‍ വിശദീകരിച്ചു. ആരോപിതരുടെ തറവാട്ടു കുളത്തില്‍ നിന്നും കിട്ടിയ ശിശുവിനെ കണ്ടപ്പോള്‍ അതിന് എന്ത് പ്രായം ഉണ്ടായിരുന്നുവെന്ന് പറയാമോ എന്ന ചോദ്യത്തിന്, ശിശുവിനെ കണ്ടില്ലെന്നും കാണേണ്ട ആവശ്യം തനിക്കില്ലെന്നും സാക്ഷി പറഞ്ഞു. അതോടെ അന്നത്തെ ന്യായവിസ്താരം അവസാനിച്ചു. പിറ്റേന്ന് ഡാക്ടര്‍ ഹാജരായില്ല. അതുകൊണ്ട്, വിചാരണം മാറ്റിവച്ചു.

അധികാരത്തെ അഴിമതിക്കുപയോഗിക്കുന്നവര്‍ ഭരണതലങ്ങളില്‍ ഉണ്ടെന്നും, ്അവരുടെ ആയുധങ്ങള്‍ അക്രമവും അനീതിയുമാണെന്നും, വര്‍ക്കിക്ക് അറിയാമായിരുന്നു. അതുകൊണ്ട്, തന്റെ കക്ഷിയെ രക്ഷിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചു. കൊലക്കുറ്റം ചെയ്തുവെന്ന ഗാഢമായ സംശയമാണ് കോടതിയില്‍ കൊണ്ടുവന്നിട്ടുള്ളതെന്നും അതിനെ എങ്ങനെ വിച്ഛേദിക്കുമെന്നും പറഞ്ഞു. സാക്ഷി വിവരണവും, സാഹചര്യത്തെളിവും, ദുരൂഹത സൃഷ്ടിച്ച ശിശു എന്ന തൊണ്ടിമുതലും നീതിപീഠം നിരത്തിവക്കും. ആ പരിശോധന വിധിവാചകമെഴുതാന്‍ സഹായിക്കും. വര്‍ക്കിയുടെ ചിന്ത തീഷ്ണവും ഇച്ഛാഭംഗമുള്ളതുമായി. ഇത്രത്തോളം സങ്കീര്‍ണ്ണമായൊരു കേസ് മുമ്പ് കൈകാര്യം ചെയ്തിട്ടില്ല. കേസിന്റെ പിന്നില്‍ ഒരു വഞ്ചകരഹസ്യം മറഞ്ഞിരിപ്പുണ്ട്! അത് എന്താണ്? വാസ്തവം വെട്ടത്ത് വരണം. അതിന്റെ അറിവില്ലായ്മ ഒരു നിര്‍ദോഷിയെ ശിക്ഷക്ക് ഏല്പിച്ചുകൊടുക്കരുത്. തന്റെ വാക്കുകള്‍ ഇരുട്ടിലെ വെട്ടലുകളാകരുത്. സുരക്ഷയിലേക്കുള്ള മാര്‍ഗ്ഗദര്‍ശനത്തിന് മനസ് ധ്യാനനിരതമായി.

നിശ്ചയിച്ചപ്രകാരം ന്യായവിസ്താരം തുടര്‍ന്നു. സാക്ഷി സ്ഥാനത്ത് നിന്ന ഡാക്ടറോട് വര്‍ക്കിവക്കീല്‍ ചോദിച്ചു: എന്റെ കക്ഷിയെ കണ്ടു സംസാരിക്കയും ദേഹപരിശോധന നടത്തുകയും ചെയ്തതിനുശേഷം, തയ്യാറാക്കുകയും കോടതിക്കുകൊടുത്തതുമായ സത്യവാങ്മൂലം, സ്വമനസ്സാലെ രേഖപ്പെടുത്തിയതും വാസ്തവ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്നും കോടതി മുമ്പാകെ വീണ്ടും സമ്മതിക്കുന്നു, അല്ലെ എ്ന്ന ചോദ്യത്തിന് 'സമ്മതിക്കുന്നു' എന്ന് പറഞ്ഞു. കേസിലെ കുറ്റാരോപണത്തിന്റെ മുഖ്യകാരണം അഥവാ പ്രേരണ ഉണ്ടാക്കിയത് പ്രസ്തുത രേഖയാണെന്ന് അറിയാമോ എ്ന്നു ചോദിച്ചപ്പോള്‍ 'അറിവില്ല' എന്താണ് പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ, കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നറിയാമോ' എന്ന ചുഴിഞ്ഞ ചോദ്യത്തിന് 'മനസ്സിലാകുന്നില്ല' എന്നാണ് പറഞ്ഞത്. 'ഡാക്ടര്‍ വാസ്തവസംഗതി മറച്ചുവച്ചത് പരോക്ഷമായൊരു കുറ്റമാണെന്ന് അറിയാമോ'എന്ന് ചോദിച്ചപ്പോഴും 'മനസ്സിലാകുന്നില്ലാ'യെന്ന് അസ്വസ്ഥതയോടെ ഡാക്ടര്‍ പറഞ്ഞു. മറ്റൊരു ചോദ്യം ചോദിക്കുന്നതിനുമുമ്പ് രംഗനാഥക്കുറുപ്പ് ചാടിയെഴുന്നേറ്റു ഉച്ചത്തില്‍ പറഞ്ഞു: ഇവിടെ നടത്തുന്നത് ന്യായവിസ്താരമല്ല. കുറ്റാരോപണമാണ്. മനസ്സിലാകാത്ത കുറുക്കന്‍ ചോദ്യമെറിഞ്ഞ് സാക്ഷിയെ മയക്കാനാണ് ശ്രമം. നേരെ ചൊവ്വെ ചോദിക്കാനും പറയാനും അറിയത്തില്ലെങ്കില്‍ പിന്നെ. ചോദ്യം ലളിതമാക്കണമെന്ന് ജഡ്ജി വര്‍ക്കി വക്കീലിനെ ഉപദേശിച്ചു. വര്‍ക്കി തുടര്‍ന്നു ചോദിച്ചു.

അധികാരസ്ഥാനത്തുള്ളവരുടെ ബുദ്ധിയുപദേശമനുസരിച്ചാണോ ഡോക്ടര്‍ സത്യവാങ്മൂലം തയ്യാറാക്കിയത്.' 'അല്ലാ'യെന്നായിരുന്നു മറുപടി. 'തറവാട്ടില്‍ ചെന്നപ്പോള്‍ സ്ത്രീകളുമായുള്ള അഭിമുഖസംഭാഷണത്തിന്റെ കുറിപ്പ് പോലീസിനെ കാണിച്ചുവോ' എന്ന ചോദ്യത്തിന് 'കാണിച്ചു' എന്ന് സമ്മതിച്ചു. 'പോലീസ് തയ്യാറാക്കിത്തന്നെ സത്യവാങ്മൂലത്തിലാണോ ഒപ്പിട്ടുകൊടുത്തത്' എന്ന ചോദ്യത്തിനും 'അല്ലാ ' എന്ന് ഉത്തരം പറഞ്ഞു. ഒരു സ്ത്രീയുടെ പ്രസവത്തോടെ ഉണ്ടാകുന്ന രത്തസ്രാവത്തിനും മാസമുറയില്‍ ഉണ്ടാകുന്ന സ്രവണത്തിനും തമ്മില്‍ വ്യത്യാസം ഉണ്ടോയെന്നും, രണ്ടിനെയും വേര്‍തിരിച്ചറിയാന്‍ ഡാക്ടര്‍ക്ക് സാധിക്കുമോയെന്നും ചോദിച്ചപ്പോള്‍ അങ്ങനെ വേര്‍തിരിച്ചുകാണേണ്ട ആവശ്യം ഉണ്ടായില്ലെന്നു പറഞ്ഞു. ഈ കേസിലെ ഒരു കക്ഷി പ്രസവിച്ചുവെന്ന് രേഖമൂലമായിട്ടോ അല്ലാതെയോ ഡാക്ടര്‍ പോലീസിനെ അറിയിച്ചുണ്ടോ' എന്ന ചോദ്യത്തിന് പ്രസവിച്ചു എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു വ്യക്തമായ ഉത്തരം. പ്രസവിച്ചുവെന്ന് തിട്ടമായി പറഞ്ഞില്ല. പ്കഷെ, പ്രസവിച്ചുവെന്നു സംശയം രേഖപ്പെടുത്തിയെന്നു സമ്മതിക്കുന്നുവോ എ്‌ന ചോദ്യത്തിന് ഇടറിയ ശബ്ദത്തില്‍ 'ഉവ്വ് ' എന്ന് സാക്ഷി പറഞ്ഞു. ഡാക്ടര്‍ക്കുണ്ടാ സംശയം അഥവാ അനുമാനം കുറ്റാരോപണത്തിന് പോലീസിനെ പ്രേരിപ്പിച്ചുവെന്ന് അറിയാമോ എന്ന ചോദ്യത്തിന് സാക്ഷി മറുപടി പറയുന്നതിനുമുമ്പായി സര്‍ക്കാര്‍ വക്കീല്‍ എഴുന്നേറ്റ് ജഡ്ജിയെ നോക്കിപ്പറഞ്ഞു: ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചു പോലീസിന് സംശയമുണ്ടാകുന്നത് സാധാരണമാണ്. സംശയം തെറ്റും കുറ്റവുമല്ല. കുറ്റാന്വേഷണത്തിന് അത് ആവശ്യമാണ്. കുറ്റവാളികളെ കണ്ടെത്തുന്ന വഴിയാണ് സംശയം. ആരേയും സംശയിക്കാതെ കുറ്റാന്വേഷണം സാദ്ധ്യമല്ല. അതറിയാതെ പിച്ചുംപേയും പറയുന്നത് ശരിയല്ല. ഈ കേസില്‍ സംശയിക്കാന്‍ പ്രേരിപ്പിച്ചതു തറവാട്ടുകുളത്തില്‍ ചത്തുകിടന്ന ചോരക്കുഞ്ഞാണ്, സാക്ഷിയല്ല. 'പോസ്റ്റ്‌മോര്‍ട്ടം'' റിപ്പോര്‍്ട്ടില്‍ പറഞ്ഞിരിക്കുന്നത് ശിശു പ്രസവത്തോടെ മരിച്ചുവെന്നാണ്. പ്രസവസമയത്ത് തള്ളപിള്ളയുടെ ജീവനെടുത്തസംഭവങ്ങള്‍ കെട്ടുകഥകളല്ല. ഇതൊന്നുമറിയാതെ വിരോധാഭാസം വിളമ്പിയാല്‍ ഫലിക്കുമോ?' അതു ശ്രദ്ധിച്ചുകേട്ടെങ്കിലും 'വാദം തുടരട്ടെ' യെന്നായിരുന്നു ജഡ്ജിയുടെ നിര്‍ദ്ദേശം. വര്‍ക്കി ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും സാക്ഷി ഉത്തരം പറഞ്ഞില്ല. സംശയിച്ചുനിന്നു. സംഭവദിവസം ഡാക്ടര്‍ തറവാട്ടിലെത്തിയപ്പോള്‍ കണ്ടതും കേട്ടതും ചോദിച്ചറിഞ്ഞതുമായ എല്ലാ കാര്യങ്ങളും സത്യവാങ്ങ്മൂലത്തില്‍ ചേര്‍ത്തുവെന്ന് ഇപ്പോഴും സമ്മതിക്കുന്നുണ്ടോയെന്ന് ചോദിച്ചു. 'ഉണ്ട്' എന്ന് ഡാക്ടര്‍ മറുപടി നല്‍കി. തറവാട്ടില്‍ ചെന്നതിനുശേഷം ഡാക്ടര്‍ എന്ത് ചെയ്തുവെന്ന് കോതി മുമ്പാകെ വിശദീകരിക്കണമെന്ന് വര്‍ക്കി പറഞ്ഞു. അതുകേട്ടു ഡാക്ടര്‍ രംഗനാഥക്കുറുപ്പിനെ നോക്കി. അനുമതി നല്‍കുന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി. ഡാക്ടര്‍ കരുതലോടെ വിവരിച്ചു:
(തുടരും....)

നിഴലുകള്‍- (ഭാഗം:4- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക