ആറ് പതിറ്റാണ്ടുകളോളമായി നിലവിലുള്ള രാജ്യത്തെ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തി ലോക്സഭയിലും രാജ്യസഭയിലും അത് പാസാക്കിയെടുത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ 'പൗരത്വ ഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 - CAB) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.
നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ ബില്ലില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൗരത്വം നേടുന്നതിന് മുസ്ലിംകള്ക്കും തുല്യ അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം, മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ മതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയില്ല. ബില്‍ പാസാക്കുന്നതിനു മുന്‍പ് ഇത് മനസ്സിലാക്കണമായിരുന്നു.
ഈ ബില്ലിന്റെ സ്വീകാര്യത ഇന്ത്യയുടെ ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളില്‍ ചോദ്യചിഹ്നമുയര്‍ത്തുകയാണ്. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാക്കിസ്താന് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കി. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതു മുതല്‍, രാജ്യത്തെ മുസ്ലിംകള്ക്കിടയില് അസ്വസ്ഥത പടര്‍ന്നിരുന്നു. ആ അസ്വസ്ഥത ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്, പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍.
ഈ ബില്ലില്‍ പതിയിരിക്കുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ താമസമാക്കിയിട്ടുള്ള മുസ്ലിം അഭയാര്‍ഥികളെ നിയമവിരുദ്ധ അഭയാര്‍ഥികളായി പ്രഖ്യാപിക്കും. നിലവിലെ നിയമമനുസരിച്ച്, നിയമവിരുദ്ധമായി വന്ന ആളുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാം അല്ലെങ്കില്‍ തടങ്കലില്‍ വയ്ക്കാം, അവര്‍ക്ക് ഇന്ത്യയില്‍ ജനിച്ച മക്കള്‍ക്ക് സ്വന്തം രാജ്യമില്ലാതാക്കാം.... ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ മറ്റൊരു റോഹിങ്ക്യ രൂപപ്പെടുമെന്ന് അര്‍ത്ഥം. രാജ്യത്തെ മുസ്ലിംകളെ അസ്വസ്ഥരാക്കുന്നതും ഈ വിഷയം തന്നെ.
ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഒരു അമുസ്ലിം അഭയാര്‍ഥിക്ക് ഇന്ത്യയില്‍ പതിനൊന്നു വര്‍ഷം ചെലവഴിക്കേണ്ടി വന്നെങ്കില്‍, ഈ ബില്‍ നിയമമായി വന്നാല്‍ അവര്‍ക്ക് ആറ് വര്‍ഷം ഇന്ത്യയില്‍ ജീവിച്ച ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. സമത്വ നിയമത്തിന് വിരുദ്ധമായ, മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനേ ഈ നിയമം കൊണ്ട് സാധിക്കൂ.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ബില്ലിനെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. ആസാം, അരുണാചല്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍, അവരുടെ സാമൂഹിക അന്തരീക്ഷം നശിപ്പിക്കാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഭൂരിഭാഗം ഹിന്ദുക്കളും സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം.
ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിംകള് രണ്ടാമത്തെ പ്രധാന ഭൂരിപക്ഷ സമുദായമാണ്. എന്നാല്‍, ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും മുസ്ലിംകള്ക്കും അനധികൃത അഭയാര്‍ഥികള്‍ക്കുമായി ഈ
ആനുകൂല്യം ലഭിക്കില്ലെന്നും പറയുന്നു. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ പുറത്താക്കും. ഈ രീതിയില്‍, ഇന്ത്യയിലെ ജനസംഖ്യയുടെ അനുപാതം വഷളാകുകയും മുസ്ലിംകള് ഇന്ത്യയില്‍ ന്യൂനപക്ഷമായി തുടരുകയും ചെയ്യും.
ഇന്ന്, ഇന്ത്യയില്‍ ഇത്രയധികം മുസ്ലിംകള് ഉണ്ടായിരുന്നിട്ടും, വിരലിലെണ്ണാവുന്നവര്‍ മാത്രമേ മുഖ്യധാരയില്‍ കാണപ്പെടുന്നുള്ളൂ, അത് രാഷ്ട്രീയത്തിലായാലും.
വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. വര്‍ണ്ണ/വര്‍ഗ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും കപടശാസ്ത്രങ്ങളുടെയും സഹായത്തോടെ ഇതിന്റെ വക്താക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. അവര്‍ അവകാശപ്പെടുന്നത്, മനുഷ്യര്‍ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നും, ഒരു വിഭാഗത്തിനേക്കാള്‍ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകള്‍ സഹജമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമെന്നും അത്തരം മേധാവി വംശങ്ങള്‍ക്ക് അധമ വംശങ്ങളുടെ മേല്‍ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്.
പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നടപടിയാണെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്.എഫ്) അഭിപ്രായപ്പെട്ടതും ഈ വിഷയം ഗൗരവമായി കണ്ടതുകൊണ്ടാണ്. മത ബഹുസ്വരത ഇന്ത്യയുടെയും അമേരിക്കയുടെയും അടിത്തറയാണ്. മതത്തെ പൗരത്വത്തിന്റെ അടിത്തറയാക്കുന്നത് ഈ അടിസ്ഥാന ജനാധിപത്യ തത്വത്തെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് കമ്മീഷന് പറഞ്ഞത്.
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത രീതി തന്നെ മുസ്ലിംകളെ പൂര്‍ണ്ണമായും അവഗണിക്കുന്നതിന് തുല്യമാണ്. മതേതര രാജ്യമായ ഇന്ത്യയില്‍, മതേതരത്വ സംസ്കാരത്തില്‍ വിശ്വസിക്കുന്നവര്‍, ഇന്ത്യന്‍ ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കൂട്ടുനില്ക്കുകയില്ല.
'Apartheid' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളുത്തവരുമായുള്ള വിവേചനം, നാസി ജര്‍മ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയവയിലെല്ലാം വംശ മഹിമയുടെയും വര്‍ണ്ണ വിവേചനത്തിന്റെയും വ്യത്യസ്ത തലങ്ങള്‍ അടങ്ങിയിരിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് 726 പ്രമുഖ വ്യക്തികള്‍ കേന്ദ്ര സര്‍ക്കാരിന് ഈയ്യിടെ എഴുതിയ കത്ത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഈ ബില്‍ വിവേചനപരവും ഭിന്നിപ്പിക്കുന്നതും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതര തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും രാജ്യത്തൊട്ടാകെയുള്ള എന്‍ആര്‍സിയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കത്തുകള്‍ എഴുതിയ ഈ 726 പേരില്‍ ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍, അക്കാദമിക്, അഭിഭാഷകര്‍, മുന്‍ ജഡ്ജിമാര്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ബില്‍ പിന്‍വലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ നിര്‍ദ്ദിഷ്ട നിയമം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റുമെന്നും ഇത് ഭരണഘടന നല്കുന്ന ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ പറയുന്നു.
'സാംസ്കാരിക, വിദ്യാഭ്യാസ സമുദായങ്ങളില്‍ പെട്ട നാമെല്ലാവരും ഈ ബില്ലിനെ ഭിന്നിപ്പും വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അപലപിക്കുന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി ഉള്ളതുകൊണ്ട് ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ ഉണ്ടാക്കും. ഇത് അടിസ്ഥാനപരമായി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും. അതിനാലാണ് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്' എന്നാണ് കത്തിലെ ഉള്ളടക്കം.
ഇന്ത്യന്‍ പൗരത്വം എന്നത് സമത്വത്തിന്റെയും വിവേചനരഹിതത്തിന്റെയും തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോഴും അതിനുശേഷവും സമഗ്രവും സംയോജിതവുമായ ദേശീയതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എല്ലാ ജാതി, മത, ഭാഷ, ലിംഗഭേദം, തുല്യവും വിവേചനവുമില്ലാത്ത ജനങ്ങളാണ് ഇന്ത്യയിലേതെന്ന് അംഗീകരിക്കുകയും ചെയ്തതാണ്. ഈ അടിസ്ഥാനപരമായ പ്രതിബദ്ധതയ്ക്കും ചരിത്രത്തിനും വിരുദ്ധമായി, കഴിഞ്ഞ ആറ് വര്‍ഷമായി, ഇന്ത്യന്‍ ദേശീയതയുടെയും പൗരത്വത്തിന്റെയും ഈ ഭരണഘടനാ അടിത്തറയെ ആക്രമിക്കാനും പുനര്‍നിര്‍വചിക്കാനും തുടങ്ങിയത് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെയാണ്. പ്രത്യേകിച്ചും ഇപ്പോള്‍, പുതുതായി തയ്യാറാക്കിയ പൗരത്വ ഭേദഗതി ബില്‍ 2019. രണ്ടാമത്തേത് National Population Register (NPR), National Register of Citizens (NRC) എന്നിവ.
ഈ നീക്കങ്ങളെ വ്യക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണം. മൂന്ന് ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014നു മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ അമുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്ദാനം അപലപനീയമാണ്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജെനക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന ഭേദഗതികള്‍ മുസ്ലീംകളെ ഒഴിവാക്കുന്നതിനായി മാത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. ഉദാഹരണത്തിന്, പാക്കിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന അഹമ്മദീയര്‍ക്കും, മ്യാന്മറില് നിന്നുള്ള റോഹിംഗ്യകള്‍ക്കും, ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ പോലുള്ള അഭയാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല.
എന്‍ പി ആറും, എന്‍ സി ആറും രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ വിഭജനവും അരാജകത്വവും സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്.
