കെ.സി.ആര്‍.എം നോര്‍ത്ത് അമേരിക്ക ഇക്കഴിഞ്ഞ ഡിസംബര്‍ പതിനൊന്നാം തിയതി സംഘടിപ്പിച്ച ടെലി കോണ്‍ഫറന്‍സില്‍ ന്യൂഡല്‍ഹി സെന്റ്. സേവിയേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന റെവ. ഡോ. വത്സന്‍ തമ്പുവിന്റെ 'മതം' എന്ന വിഷയത്തോടാധാരമാക്കിയുള്ള പ്രഭാഷണം ശ്രവിക്കാനിടയായി. 'മതം മനുഷ്യനുവേണ്ടിയോ അതോ മനുഷ്യന്‍ മതത്തിനുവേണ്ടിയോ' എന്ന വിഷയം അദ്ദേഹം വളരെ യുക്തിപൂര്‍വം അവതരിപ്പിക്കുകയും കേട്ടുകൊണ്ടിരുന്ന അമേരിക്കയിലെ നാനാ ഭാഗത്തു വസിക്കുന്ന നവീകരണ ചിന്താഗതിക്കാരായ പ്രവാസികള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ചോദ്യോത്തരവേളകളില്‍ അദ്ദേഹം നല്‍കിയ ഉത്തരങ്ങള്‍' സരസവും പണ്ഡിതോചിതവുമായിരുന്നു. 'വത്സന്‍ തമ്പു' കല്‍ക്കട്ടയില്‍നിന്ന് പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ സുപ്രസിദ്ധ വാഗ്മിയും എഴുത്തുകാരനുമായ എ.സി ജോര്‍ജ് ഈ കോണ്‍ഫറന്‍സിനെ കൊച്ചിയില്‍നിന്നും മോഡറേറ്റ് ചെയ്തു. പ്രസിഡന്റ് ചാക്കോ കളരിക്കല്‍ ഡിട്രോയിറ്റില്‍നിന്നു ടെലികോണ്‍ഫറന്‍സില്‍ സംബന്ധിച്ചവരെ സ്വാഗതവും ചെയ്തു.
ദൈവശാസ്ത്രത്തെ ഉള്‍ക്കൊണ്ടുള്ള പ്രബന്ധമായിരുന്നതിനാല്‍ വിഷയവുമായി എനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കില്ലായിരുന്നു. മതവുമായി കാര്യമായി ബന്ധം പുലര്‍ത്താത്ത എനിക്ക് അവരുടെ ചര്‍ച്ചകളില്‍ പങ്കുചേരാതെ കേള്‍വിക്കാരനെപ്പോലെ നിശബ്ദനായി മാറിനില്‍ക്കേണ്ടിയും വന്നു. മതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാത്ത എന്റെ മനസും മതമെന്തെന്നറിയാന്‍ തമ്പുവിന്റെ പ്രഭാഷണത്തോടൊപ്പം ജിജ്ഞാസഭരിതനായിരുന്നു. മതത്തെ അദ്ധ്യാത്മികതയില്‍ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. ആദ്ധ്യാത്മിക ചിന്തകളുമായി, ദൈവവുമായി, ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഈ പ്രഭാഷണം ഒരു മാര്‍ഗ്ഗദീപം തന്നെ! എന്നാല്‍ ഒരു യുക്തിവാദിക്ക് അത്തരം തീയോളജിക്കല്‍ മുദ്രണം ചെയ്ത ചിന്തകള്‍ അനുകൂലിക്കുവാന്‍ സാധിച്ചെന്നും വരില്ല.
മതം മനുഷ്യനുവേണ്ടിയോ എന്ന ചോദ്യത്തിനുത്തരമായി 'മതത്തിന്റെ ആവശ്യമെന്തെന്നു' മറുചോദ്യമുണ്ടാകാം. ഉത്തരം കിട്ടില്ല! മതമില്ലാത്ത നിരവധി സമൂഹങ്ങള്‍ ലോകത്തുള്ള സ്ഥിതിക്ക് ഈ ചോദ്യവും പ്രസക്തമായിരിക്കില്ല. ഇനി, മനുഷ്യന്‍ മതത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനും ഉത്തരം പറയാന്‍ മിടുക്കരായവര്‍ ദൈവശാസ്ത്ര ബിരുദക്കാര്‍ തന്നെയാണ്. വാസ്തവത്തില്‍ മതം മനുഷ്യനുവേണ്ടിയുമല്ല; മനുഷ്യന്‍ മതത്തിനുവേണ്ടിയുമാകരുത്. മനുഷ്യന്‍ മനുഷ്യനായി ജീവിക്കണം. ഓരോ രാജ്യത്തിലെയും നിയമ സംഹിതകളില്‍ ജീവിക്കുന്ന മനുഷ്യന് മതം ഒരു ചൂണ്ടുപലകയല്ല. മനുഷ്യത്വത്തില്‍ക്കൂടി മനുഷ്യനെ കാണുകയാണ് വേണ്ടത്. അതിനിടയില്‍ നുഴഞ്ഞു കയറിയ ഒന്നാണ് മതമെന്നുള്ളത്! അക്കൂടെ മതത്തെ വിറ്റു ജീവിക്കുന്ന കുറെ പുരോഹിത സമൂഹങ്ങളും മതങ്ങളെ നിയന്ത്രിക്കുന്നു.
ഡോക്ടര്‍ വത്സന്‍ തമ്പു മതാചാരങ്ങളെ വിമര്‍ശനാത്മക രൂപേണ കാണുന്നു. 'മതത്തില്‍ നിലവിലുള്ള പല ആചാരങ്ങളും ദുരാചാരങ്ങളാണെന്നും സത്യത്തെ തേടിക്കൊണ്ടുള്ള നിതാന്തമായ അന്വേഷണമാണ് കാലത്തിന്റെ ആവശ്യമെന്നും' അദ്ദേഹം പറഞ്ഞു. 'അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നുള്ളത്' യേശുവിന്റെ വചനമാണ്. വിശുദ്ധരായവര്‍ സത്യം അന്വേഷിക്കുന്നു. എന്നാല്‍ പുരോഹിതന്റെ സത്യവും ധര്‍മ്മവും വാചാലമായ നിലപാടുകളോടെ വെറും വാക്കാല്‍ മാത്രം അവശേഷിച്ചു. അയാളുടെ വേദ പ്രമാണം പണം മാത്രമായിരുന്നു. പണമായിരുന്നു അയാളുടെ ദൈവവുമെന്ന് ഡോക്ടര്‍ തമ്പു പറഞ്ഞു. ചോദ്യം ചോദിക്കുന്നവനാണ് ആത്മീയതയുള്ളവനെന്നും തമ്പു വിശ്വസിക്കുന്നു. ആത്മീയതയ്ക്കുവേണ്ടി പുരോഹിതനെ ആശ്രയിക്കണ്ടെന്നും ദൈവത്തിനിടയില്‍ ഒരു ഇടനിലക്കാരനെ ആവശ്യമില്ലെന്നും ആവശ്യമുള്ളത് നാം തന്നെ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ മുഴങ്ങിയിരുന്നു. ദൈവവും മതവും വിചിന്തനം ചെയ്യുന്നവര്‍ക്ക് തമ്പുവിന്റെ പ്രഭാഷണം മനസിന് കുളിര്‍മ്മ നല്‍കും. ദൈവത്തെയും മതത്തെയും സ്വന്തം ജീവിതത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നവക്ക് തമ്പു പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നും വരില്ല.
ആരും ഒരു മതവുമായിട്ടല്ല ജനിക്കുന്നത്. ജനിക്കുമ്പോള്‍ സ്വന്തമായി ഒരു രാജ്യവുമില്ല. ചിലപ്പോള്‍ ആകാശത്തില്‍ വിമാനത്തിലായിരിക്കാം ഒരുവന്‍ ജനിക്കുന്നത്! ശൈശവത്തില്‍ മാമ്മോദീസ മുങ്ങുന്ന ഒരു കുഞ്ഞിന് അവന്റെ മതം എന്താണെന്ന് അവന്‍ അല്ലെങ്കില്‍ അവള്‍ അറിയില്ല! അതിനുശേഷം കുഞ്ഞിന്റെ തലയില്‍ പ്രോഗ്രാം തുടങ്ങുന്നു. താന്‍ ഹിന്ദുവാണ്, മുസ്ലിമാണ്, ബ്രാഹ്മണനാണ്, നായരാണ്, സീറോ മലബാറാണ്, മുന്തിയ ജാതിയാണ്, ഓര്‍ത്തോഡോക്‌സാണ്' എന്നെല്ലാം തലയില്‍ പ്രോഗ്രാം ചെയ്യാന്‍ ആരംഭിക്കും. പിന്നീട്, ക്രിസ്ത്യാനികളാണെങ്കില്‍ ഇല്ലാത്ത ഒരു തോമ്മാശ്ലീഹായെയും തലയ്ക്കുള്ളില്‍ കയറ്റും. അവിടെ മനുഷ്യന്‍ മതത്തെ സൃഷ്ടിക്കുകയാണ്. ഈ മതങ്ങളെല്ലാം കൂടി വയലാര്‍ പാടിയതുപോലെ ദൈവങ്ങളെയും സൃഷ്ട്ടിക്കുന്നു.
ഓരോ സഭയിലും ജാതിയ സമൂഹങ്ങളിലും ക്രിസ്തുവിനു തന്നെ പല സ്വഭാവ രൂപഭാവങ്ങളാണുള്ളത്. നമുക്കെല്ലാം പൂച്ചക്കണ്ണുള്ള യൂറോപ്പ്യന്‍ ക്രിസ്തുവിന്റെ പടങ്ങളെയും രൂപങ്ങളെയുമാണിഷ്ടം! പഴയ നിയമത്തിലെ കൃസ്തു കോപിഷ്ഠനാണ്. ആ ദൈവത്തിന് പ്രതികാരം ചെയ്യണം. മനുഷ്യനെ പരീക്ഷിക്കണം. സ്വന്തം മകനെ ബലി കൊടുക്കാന്‍ ആവശ്യപ്പെടുന്നു. ബാബേല്‍ ഗോപുരം തകര്‍ക്കുന്നു. പാപികളെന്നു പറഞ്ഞു സോദം ഗോമോറോ നശിപ്പിക്കുന്നു. എന്നാല്‍, പുതിയ നിയമത്തിലെ യേശുവെന്ന ക്രിസ്തു കരുണാമയനാണ്. ബലിയല്ല കരുണയാണ് വേണ്ടതെന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ പരസ്പ്പര വിരുദ്ധമായ ഒരേ ദൈവത്തിനെ, ഓന്തിന്റെ സ്വഭാവം പോലെ ഭാവങ്ങള്‍ മാറ്റുന്ന ഒരു ദൈവത്തെ മനുഷ്യന്‍ പൂജിക്കുന്നു. പോരാ! പുരോഹിതന്റെ ദൈവത്തിന് നാം സ്‌തോത്ര ഗീതങ്ങള്‍ പാടിക്കൊണ്ടിരിക്കണം. ഹല്ലേലൂയാ, ഹരേ റാം എന്നൊക്കെയുള്ള ഭാഷകളില്‍ക്കൂടി അവനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കണം പോല്‍! അല്ലാത്ത പക്ഷം എരിയുന്ന തീയില്‍ പൊരിക്കുന്ന നരകവും! അവിടെ അട്ടയും പുഴുവും തേളുമുണ്ട്! ഹിന്ദുവായ ഗാന്ധി നരകത്തിലും മറിയക്കുട്ടിയെ കൊന്ന ബെനഡിക്റ്റ് സ്വര്‍ഗ്ഗത്തിലും. മതമെന്നു പറയുന്നത് എന്തൊരു വിരോധാഭാസം! ചിന്തിക്കൂ!!! ജനിക്കുമ്പോഴേ തറവാട്ടു മഹിമ, പോരാഞ്ഞു ജാതി മഹത്വം പഠിപ്പിക്കുകയും ചെയ്യുന്നു.
മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് കത്തോലിക്കരെ 'സീറോ മലബാര്‍' എന്ന പേരിലല്ല അറിയപ്പെട്ടിരുന്നത്. ഈ വാക്കുതന്നെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയത് അമേരിക്കയില്‍ സീറോ മലബാര്‍ പള്ളികള്‍ സ്ഥാപിച്ചതുമുതലാണ്. ഞാനും ഈ സഭയുടെ അംഗമാണെന്ന് ആരൊക്കെയോ പറഞ്ഞു! എന്റെ എസ് എസ് എല്‍ സി ബുക്കില്‍ കുറിച്ചിരിക്കുന്നത് 'റോമന്‍ സിറിയന്‍ കാത്തലിക്ക്' എന്നാണ്. അന്ന്, എന്റെ ജാതി ഉള്‍പ്പെട്ടുള്ള ആ ബുക്ക് കൈവശം ലഭിച്ചപ്പോള്‍ അഭിമാനം കൊണ്ടിരുന്നു. അതായിരുന്നു എന്റെ തലച്ചോറിനുള്ളില്‍ എനിക്ക് ലഭിച്ചിരുന്ന പ്രോഗ്രാമിങ്ങും.
എഴുപതുകളില്‍ അമേരിക്കയില്‍ മലയാളികള്‍ കുടിയേറുന്ന സമയം നാട്ടില്‍നിന്നും പട്ടക്കാരെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. അന്നു ചെറിയ സമൂഹമായിരുന്ന ഓരോ മലയാളിക്കും പരസ്പ്പരം സഹായം ആവശ്യമായിരുന്നു. ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും കത്തോലിക്കനോ ഓര്‍ത്തോഡോക്‌സോ എന്തുമാകട്ടെ, ജാതി അവനു പ്രശ്‌നമായിരുന്നില്ല. പരസ്പ്പരം സ്‌നേഹത്തോടെ കുടുബങ്ങളും കഴിഞ്ഞിരുന്നു. അവിടേക്കാണ്, പുരോഹിതരുടെ ഇറക്കുമതികള്‍ ആരംഭിച്ചത്. പള്ളികള്‍ പണി തുടങ്ങി. പിരിവുകള്‍ ആരംഭിച്ചു. പരസ്പ്പരം മുന്തിയ ജാതി ആരെന്നുള്ള മത്സരങ്ങളും തുടങ്ങി. അമേരിക്കയില്‍ തോമ്മാശ്ലീഹായും വന്നു. ഇറക്കുമതി ചെയ്ത പുരോഹിതര്‍, സ്‌നേഹമായി കഴിഞ്ഞിരുന്ന ഭാര്യയേയും ഭര്‍ത്താവിനെയും തമ്മില്‍ തല്ലിപ്പിക്കാനും തുടങ്ങി. ചങ്ങാതികളായിരുന്നവര്‍ പരസ്പ്പരം കണ്ടാല്‍ മിണ്ടാതുമായി. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും കുടുംബങ്ങള്‍ മത്സരത്തോടെയും ശത്രുതയോടെയും കഴിയുന്നവരുമുണ്ട്. ഈ നാട്ടില്‍ വന്നെത്തിയ മതങ്ങളും പുരോഹിതരും ഉപജീവനത്തിനായി വന്ന മലയാളികളെ തമ്മില്‍ വിഭിന്ന തട്ടുകളിലുമാക്കി.
എല്ലാ മതങ്ങളും സ്ത്രീയെ അടിച്ചു താഴ്ത്തിയിരിക്കുകയാണ്. പുരുഷന്റ തല ക്രിസ്തുവിന്റേതും സ്ത്രീയുടെ തല പുരുഷന്റേതുമെന്നൊക്കെയുള്ള വചനങ്ങളും പഠിക്കണം. സ്ത്രീ ഒരു മതത്തില്‍ ഉപഭോഗ വസ്തു മാത്രം. അവളെ അങ്ങനെ കരുതുന്നതും സ്ത്രീക്കിഷ്ടമാണ്. അവള്‍ക്ക് പര്‍ദ്ദ ധരിക്കണം! പള്ളിയില്‍ തലമുണ്ടിട്ടു മൂടണം! കന്യാസ്ത്രീകളെ അറബിയുടെയും യഹൂദന്റെയും വേഷം കെട്ടിക്കണം! ഒരു നൂറ്റാണ്ടു മുമ്പ് സ്ത്രീ മാറു മറയ്ക്കാന്‍ പാടില്ലായിരുന്നു. ബ്രാഹ്മണസ്ത്രീ 'സ്പാര്‍ത്ത' വിചാരണങ്ങളെ നേരിടണമായിരുന്നു. സര്‍വ്വവിധ വിലക്കും പുരുഷമതം അവള്‍ക്ക് കൊടുത്തിരിക്കുകയാണ്. സവര്‍ണ്ണാശ്രമം ചിലരുടെ രക്തത്തില്‍ ഒഴുകുന്നു. ദളിതനെ പച്ചയോടെ ചുട്ടുകൊല്ലുന്ന വ്യവസ്ഥിതി ഇന്നും വടക്കേ ഇന്ത്യയിലുണ്ട്. പാക്കിസ്ഥാനില്‍ മുസ്ലിമുകളല്ലാത്തവരുടെ ജീവിതം ഭീതി ജനകമാണ്. സമ്പന്ന രാജ്യമായ അമേരിക്കയില്‍ ജീവിക്കുന്ന നമുക്ക് മതം എന്ന വ്യത്യാസം മനസിലാവില്ല. അത് മനസിലാവണമെങ്കില്‍ മതഭ്രാന്തന്മാര്‍ വസിക്കുന്ന വടക്കേ ഇന്ത്യയില്‍ ജീവിക്കണം. പ്രാകൃത ദൈവങ്ങളും ക്രൂര ദൈവങ്ങളുമെല്ലാം നിറ വര്‍ണ്ണ ഭംഗികളോടെ അവരുടെയിടയില്‍ വസിക്കുന്നു.
മനുഷ്യന്‍ മനുഷ്യനെ തിന്നിരുന്ന കാട്ടാള ജീവിതകാലത്തായിരിക്കാം പ്രവാചകരും മതവുമൊക്കെ ആരംഭിച്ചത്. മതങ്ങളുടെ കാലപ്പഴക്കം കൂടുന്തോറും ബാര്‍ബേറിയന്‍ ചിന്താഗതികള്‍ ആ മതങ്ങളില്‍ കാണാന്‍ സാധിക്കും. അത് ഗ്രീക്ക് മതത്തിലും ഹിന്ദു മതത്തിലുമുണ്ട്. പേഗനീസം വളര്‍ത്തുന്ന ക്രിസ്തുമതത്തിലുമുണ്ട്. എല്ലാ സെമറ്റിക്ക് മതങ്ങളിലും അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിവരുന്നവര്‍ മനുഷ്യനെ നയിക്കുന്നു.
മതങ്ങള്‍ നല്‍കുന്ന ധാര്‍മ്മിക മൂല്യങ്ങളാണ്, ലോകത്തുള്ള ശാന്തിയും സമാധാനത്തിനും നിദാനമെന്നു പുരോഹിതര്‍ പറയുന്നു. അത് ശരിയല്ല! മനുഷ്യരെ ജാതികളായി തിരിച്ച് കുറേപേര്‍ക്കു മാത്രം സുഖം നല്‍കുന്ന മതങ്ങള്‍ എന്ത് സമാധാനമാണ് ഉണ്ടാക്കുന്നത്. തെറ്റും ശരിയും ഏതെന്ന് തിരിച്ചറിയാനുള്ള വിശേഷബുദ്ധി നമ്മുടെ കൈവശമുള്ള സ്ഥിതിക്ക് മതത്തന്റെ ആവശ്യമെന്തിന്? നമുക്ക് ശരിയെന്നുള്ള ചില കാര്യങ്ങള്‍ മതത്തിലുണ്ടെന്നു കരുതി മതം മാത്രമാണ് ശരിയെന്നു വിചാരിക്കുന്നത് ഭോഷത്വം മാത്രം. ബൈബിള്‍ അനുസരിച്ച് ജീവിക്കണമെന്ന് ചില പുരോഹിതര്‍ പറയും. ബൈബിളിലെ 'ഉത്തമ ഗീതങ്ങളും' 'ലോത്ത് പ്രവാചകനും' നമ്മുടെ സന്മാര്‍ഗികതയ്ക്ക് ചേര്‍ന്നവയുമല്ല.
മനുഷ്യന്‍ ജീവിക്കുന്നത് മതങ്ങള്‍ കല്പിക്കുന്നതുപോലെയല്ല. ഓരോ മനുഷ്യന്റെയും ജീവിത സാഹചര്യങ്ങള്‍ അനുസരിച്ച് അവന്‍ ജീവിക്കുന്നു. രാജ്യങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ നിയമങ്ങള്‍ കാണും. രാജ്യത്തിന്റെ നിയമങ്ങളും പോലീസും സമൂഹത്തിന്റെ സംവിധാനങ്ങളും അനുസരിച്ചാണ് നമുക്ക് ജീവിക്കേണ്ടത്. അവിടെ മതത്തിന് ഒരു സ്ഥാനവുമില്ല. ഒരുവനു ശിക്ഷ വിധിക്കുന്നത് കോടതിയാണ്, മതമല്ല. സമൂഹം അംഗീകരിച്ചിരിക്കുന്ന നിയമം ചിലപ്പോള്‍ മതം അംഗീകരിക്കാം. ചിലപ്പോള്‍ മതം അംഗീകരിക്കാതെയും വരാം. അവിടെ ദേശീയ ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മതത്തെ നാം അനുസരിക്കാതെ തിരസ്ക്കരിക്കേണ്ടിയും വരുന്നു.
മതം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറവായിരിക്കുമെന്നു ചിലര്‍ ചിന്തിക്കുന്നു. അതു തെറ്റായ കണക്കാണ്. മതത്തിന്റ സ്വാധീനം കുറയുന്ന രാജ്യങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ക്കു ശമനം വരുന്നത്. എല്ലാ ഭീകരതയ്ക്കും തുടക്കം മതം തന്നെയാണ്. ബില്‍ലാദനം ഹിറ്റലറും ഗോഡ്‌സെയും മതത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. ഭഗവദ് ഗീത ഉരുവിട്ടുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത്. ഒറ്റുകാരനായ യൂദാസും യേശുവിനൊപ്പം നടന്നവനായിരുന്നു. അവനും കേട്ടുവളര്‍ന്നത് ദൈവിക പ്രഭാഷണങ്ങള്‍ തന്നെയായിരുന്നു. മുപ്പതു വെള്ളിക്കാശിന് അവന്‍ ഗുരുവിനെ ഒറ്റു കൊടുത്തെങ്കില്‍, ഇന്നുള്ള അള്‍ത്താരയുടെ ഒറ്റുകാര്‍ തട്ടിയെടുക്കുന്ന കോടാനുകോടി വെള്ളിക്കാശുകളുടെ കണക്കുകള്‍ എത്രയെന്നു വിവരിക്കാനും സാധിക്കില്ല. 'ചര്‍ച്ച് ആക്റ്റ്' അവരെ ഭയപ്പെടുത്തുന്നു. അവരുടെ സ്വത്തുക്കളുടെ മേലുള്ള സര്‍ക്കാരിന്റെ ഓഡിറ്റിനെയും നിഷേധിക്കുന്നു. ആദിമസഭയിലെ വ്യവസ്ഥിതിയെ അംഗീകരിക്കാനും തയ്യാറല്ല.
ഏതോ കാലത്ത് ആരോ ഉണ്ടാക്കിവെച്ച മതനിയമങ്ങള്‍ നാം എല്ലാ കാലത്തും ഒരുപോലെ പരിപാലിക്കണമെന്നില്ല. മതേതരത്വ രാജ്യമെന്നു വിചാരിച്ചിരുന്ന, ഇന്ത്യയില്‍' പൗരത്വ അവകാശത്തിനു തന്നെ മാറ്റം വരുത്തിയിരിക്കുന്നു. അഭയാര്‍ഥികള്‍ക്ക് പൗരത്വം കൊടുക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ മുസ്ലിമുകളെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള നിയമം ഉണ്ടാക്കിയിരിക്കുന്നു. ഇന്ന് നാം ശരിയെന്നു വിചാരിക്കുന്നത് നാളെ ശുദ്ധ അബദ്ധമായി മാറുമെന്നുള്ളതാണ് സത്യം.
സ്വവര്‍ഗ ജീവിതം സഭയുടെ നിയമം അനുസരിച്ച് പാപം! എന്നാല്‍ സ്വവര്‍ഗ വിവാഹം ഔദ്യോഗികമായി സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. ഇന്നലത്തെ അബദ്ധം ഇന്ന് ആചാരമാകുംപോലെ ഇന്നത്തെ ആചാരം നാളത്തെ അബദ്ധമാകാം! മതം ഒരു വ്യവസായമായി പോവുന്നു. അതിന്റെ ലാഭം പുരോഹിതര്‍ക്ക് മാത്രം! അല്‌മേനി നിക്ഷേപിക്കുന്ന പൈസയുടെ മുതലും പലിശയും കൂട്ടി സ്വര്‍ഗത്തില്‍ ലഭിക്കും. അത്തരം ഒരു തട്ടിപ്പാണ് മതപ്രസ്ഥാനങ്ങളും പുരോഹിതരും നടത്തുന്നത്.
ഇന്ത്യയില്‍ പുതിയ കാര്‍ വന്നപ്പോള്‍ അംബാസഡര്‍ കമ്പനിക്കാര്‍ പുത്തനായി വന്ന കാര്‍ നിര്‍മ്മാതാക്കളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശ്രമിച്ചിരുന്നു. അവരുടേത് നിലനിര്‍ത്താനും ശ്രമിച്ചിരുന്നു. കാലം മാറിയപ്പോള്‍ മതത്തിനു പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ലൂസിയുടെ പുസ്തകം സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നു! മാറ്റങ്ങള്‍ കൂടിയേ തീരൂ! ചര്‍ച്ച് ആക്റ്റും സ്ത്രീകള്‍ക്ക് പൗരാഹിത്യം കൊടുക്കേണ്ടതുമായ സാമൂഹിക മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു.
കത്തോലിക്ക മതത്തിനുമാത്രമായി ദൈവം ഇല്ലെന്ന് മാര്‍പാപ്പയും പറഞ്ഞു. "സ്വവര്‍ഗ രതിക്കാരെ വിധിക്കാന്‍' ഞാന്‍ ആരെന്നുള്ള" ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രസ്താവനയും സഭയുടെ ഒരു വിപ്ലവ മുന്നേറ്റമായിരുന്നു. എങ്കിലും മതത്തിനു മാറ്റം സംഭവിക്കണമെങ്കില്‍ ആയിരം കൊല്ലം വേണ്ടി വരുന്നു. മതത്തിന്റെ പരിണാമം വളരെ സാവധാനമാണ്. മാറ്റങ്ങള്‍ മൂലം ശതകോടി വര്‍ഷങ്ങളുടെ ചരിത്രമറിയുന്ന ദൈവത്തിന്റെ ത്രികാല ജ്ഞാനവും മാറ്റേണ്ടതായി വരുന്നു. ആയിരം വര്‍ഷം മുമ്പ് നടപ്പാക്കിയിരുന്ന സ്വവര്‍ഗാനുരാഗികളെ മതഭ്രഷ്ട് കല്പിച്ചിരുന്നതും സവര്‍ണ്ണ ജാതി വ്യവസ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നു. ഇത്രമാത്രം ത്രികാല ജ്ഞാനമുള്ള ഈ ദൈവത്തിന് അന്നുണ്ടാക്കിയ നിയമങ്ങള്‍ ഒക്കെ മാറ്റപ്പെടുമെന്നു അറിഞ്ഞു കൂടായിരുന്നോ? ഇപ്പോഴത്തെ മാര്‍പാപ്പ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ആളാണ്. അപ്പോള്‍ വിശ്വാസത്തിനും പരിക്കേല്‍ക്കും. അതും മതത്തിന് ഒരു വെല്ലുവിളിയായി തീരുന്നു.
ഇ-മലയാളിയില്‍ നിന്നുള്ള ലിങ്കുകള്‍ എന്തു കൊണ്ടോ ഫെയ്‌സ്ബുക്കില്‍ വരുന്നില്ല. പോസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഫെയ്‌സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡാര്‍ഡ്‌സിനു എതിരാണെന്നു സന്ദേശം വരും.
തികച്ചും നിരുപദ്രവമായ കമ്യൂണിറ്റി വാര്‍ത്തകളാണു ഇ-മലയാളി കൊടുക്കുന്നത്. ചുരുക്കം രാഷ്ട്രീയ ലേഖനങ്ങളുമുണ്ട്. പക്ഷെ ഏത് അഭിപ്രായം പറയാനും അവസരം കൊടുക്കുന്നുണ്ട്.
അതിനാല്‍ ലിങ്ക് വരാത്തതിന്റെ കാരനം വ്യക്തമല്ല. ലിങ്ക് പോസ്റ്റ് ചെയ്യുന്നവര്‍ അതു വന്നില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനു തന്നെ അതു സംബന്ധിച്ചു മറുപടി കൊടുത്താല്‍ നന്നായിരിക്കും.