ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യും രാവില്‍ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ കൊച്ചു കൊച്ചു നക്ഷത്രങ്ങള്‍ മിന്നി മിന്നിത്തിളങ്ങുന്നതു കണ്ട് ആട്ടിടയര്‍ തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് കാവലാളായി പുല്‍മേടയിലേക്ക് കിടന്ന് ഒന്നു മയങ്ങിക്കാണും. പാതിരാത്രി ഏങ്ങും തികഞ്ഞനിശബ്ദത അവര്‍ കണ്ണ് തുറന്ന് ആകാശത്തിലേക്കു നോക്കി ഒരു വലിയ വെളളി വെളിച്ചം കണ്ടു പരിഭ്രാന്തരായി . അതാ ഒരു വെള്ളിനക്ഷത്രം അതിന്റ പ്രകാശരശ്മികള്‍ തങ്ങളുടെ കണ്ണിലേക്കു പതിഞ്ഞു കണ്ണുകള്‍ ചിമ്മി അടയുന്നു. ദൂതന്‍ അവരോടു പറഞ്ഞു " ഭയപ്പെടേണ്ടാ സകല ജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാ സന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു നിങ്ങളുടെ പാപഭാരം പോക്കി ലോകത്തെ രക്ഷിപ്പാന്‍ ദൈവപുത്രന്‍ ദാവീദിന്റെ പട്ടണമായ ബേതലഹേമില്‍ പിറന്നിരിക്കുന്നു. നിങ്ങള്‍ അവനെ പോയി കണ്ടു കുമ്പിട്ടാരാധിക്കുവീന്‍
അവര്‍ നക്ഷത്രം ലക്ഷ്യമാക്കി യാത്രയായി. പതിവില്ലാതെ പാതിരാത്രിയില്‍ പക്ഷികളുടെ കളകളശബ്ദം കേട്ടുകൊണ്ടും ഉണ്ണിയേശുവിന്റെ ജനനം അറിയിച്ചു കൊണ്ടും അവര്‍ യാത്ര തുടര്‍ന്നു .ആദ്യത്തെ ക്രിസ്തുമസ്സ് കരോള്‍ അവിടെ തുടങ്ങുന്നു . കാലികള്‍ മേയുന്ന ഗോശാലയില്‍ ശീതള രാവിവില്‍ ഒരു വെള്ളക്കീറ്റു ശീലയില്‍ കിടന്നു പുഞ്ചിരി തൂകുന്ന ഉണ്ണിയേശുവിനെ കണ്ട്അവര്‍ താണു വണങ്ങി കുമ്പി ട്ടാരാധിച്ചു.
ക്രിസ്തുമസ്സ് എന്നാല്‍ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നവനും ചരിത്രത്തെ മാറ്റി മറിച്ചവനുമായ നസ്രത്തിലെ യേശു ക്രിസ്തുവിന്റെ ജനനരേഖയാണ് .അതായത് പ്രപഞ്ചസൃഷ്ടാവായ ദൈവം ചരിത്രത്തിലേക്കു മനുഷ്യനായി പ്രവേശിച്ച മഹാ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ്. ആയതിനാല്‍ തീര്‍ച്ചയായും ക്രിസ്തുമസ് ആഘോഷിക്കപ്പെടേണ്ടതാണ്.
എന്നാല്‍ ഇന്ന് ക്രിസ്തുമസ്സ് ട്രീ യും നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും ക്രിസ്തുമസ്സ് കേക്കും പാര്‍ട്ടികളും കൊണ്ടാടി ക്രിസ്തുവിനെ നാം വരവേല്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഉണ്ണിയേശു നിറയുന്നുണ്ടോ എന്ന ഒരു ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട് കാരണം ഇന്ന് ലോകമെങ്ങും അശാന്തി,അക്രമങ്ങള്‍, പീഡനങ്ങള്‍, കൊള്ള, കൊലപാതകം തമ്മില്‍ തമ്മില്‍ കലഹം സഭകളില്‍ പോലും സമാധാനം നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.
എന്താണ് ഇതിനു പരിഹാരം ??
നമ്മളില്‍ നന്‍മ നിറച്ചു കൊണ്ട് പരസ്പരം സ്‌നേഹിച്ച് വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി സ്വയം ജ്വലിക്കുന്ന നക്ഷത്രങ്ങളായി മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിയണം. എങ്കില്‍ മാത്രമെ കിസ്തുമസ്സ് ആഘോങ്ങള്‍ക്കു പ്രസക്തിയുള്ളു.
അതിനായി എളിമയുടെ പുല്‍ക്കൂട്ടില്‍ നമുക്ക് കുമ്പിട്ടു നില്‍ക്കാം . നമ്മുടെ പാപങ്ങളെല്ലാം ഈ ക്രിസ്തുമസ്സ് വേളയില്‍ കഴുകി കളഞ്ഞ് ഉണ്ണിയേശുവിന്റെ ചാരത്തണയാം .അവന്‍ നമ്മെ രക്ഷിക്കുമാറാകട്ടെ .എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍...
മോന്‍സി കൊടുമണ്‍.