ക്രിസ്മസ് കാലമെത്തി. ഇവിടെയെല്ലായിടത്തും ക്രിസ്മസ് മരങ്ങളില്‍ നക്ഷത്രങ്ങള്‍ പൂവിട്ടു തുടങ്ങിയിരിക്കുന്നു. വെറും പ്ലാസ്റ്റിക്ക് ക്രിസ്മസ് മരങ്ങളാണ് ഇവയെന്നു കരുതരുത്. എല്ലാം നാച്വറല്‍, ഒര്‍ജിനല്‍. ലോകത്തില്‍ ഇത്തരത്തില്‍ സ്വാഭാവികമായ ക്രിസ്മസ് മരങ്ങള്‍ ഒരുക്കുന്നതില്‍ അമേരിക്കക്കാര്‍ എക്കാലത്തും മുന്നിലാണ്. അത് എല്ലാ വര്‍ഷവും വര്‍ദ്ധിക്കുന്നതല്ലാതെ തെല്ലും കുറയുന്നതേയില്ല. ക്രിസ്മസ് ട്രീ കട്ടിങ് എന്നത് പലേടത്തും വലിയൊരു ചടങ്ങു തന്നെയാണ്. അതിനെക്കുറിച്ചുള്ള വാര്‍ത്തകളും പരസ്യങ്ങളുമാണ് പ്രാദേശിക പത്രങ്ങളുടെ പേജുകളിലെങ്ങും. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അവധിക്കാലത്ത് ക്രിസ്മസ് മരങ്ങള്‍ വാങ്ങുകയും അലങ്കരിക്കുകയും ചെയ്യുന്നു. ട്രീ ഫാമില്‍ നിന്നോ ദേശീയ വനത്തില്‍ നിന്നോ വിളവെടുക്കുന്നവയാണ് ഇതില്‍ പലതും. ഞാന്‍ പലപ്പോഴും അന്തിച്ചിട്ടുണ്ട്, ഇതിനു മാത്രം ക്രിസ്മസ് മരങ്ങള്‍ ഇവിടേക്ക് എവിടെ നിന്നുവരുന്നുവെന്ന്? ക്യാനഡയില് നിന്നാണ് വരുന്നതെന്നു കരുതിയെങ്കിലും എനിക്കു തെറ്റി, അതെല്ലാം ഇവിടെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നു തന്നെ വെട്ടിയെടുക്കുന്നവയാണ്. പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്രിസ്മസ് ട്രീ കട്ടിങ്ങ് വലിയൊരു അഭിമാനമാണ്. അതവരുടെ കുടുംബമഹിമ ഉയര്‍ത്തിപിടിക്കുകയും ആഭിജാത്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിനു മൈല്‍ ദൂരത്തു നിന്നു പോലും ട്രക്കുകളില്‍ ക്രിസ്മസ് ട്രീ കൊണ്ടുവരുന്നവരുണ്ട്. അതിനു വേണ്ടിയുള്ള കഷ്ടപ്പാടു കാണുമ്പോള്‍ ചിരി തോന്നാമെങ്കിലും അതിലവര്‍ അഭിമാനം കണ്ടെത്തുന്നുവെന്നത് സംസ്ക്കാരത്തിന്റെ വ്യതിയാനമാണ്.
1930 കള്‍ക്ക് മുമ്പ്, ക്രിസ്മസ് മരങ്ങള്‍ സാധാരണയായി ഒരു വ്യക്തിയുടെ ഭൂസ്വത്തിലുണ്ടെങ്കില് അലങ്കാരത്തിനു വേണ്ടി ക്രിസ്മസ് കാലത്ത് വെട്ടിയെടുത്തിരുന്നു. കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ചതോടെ, ഇത്തരം മരങ്ങള്‍ തേടി കാട്ടിലേക്ക് ട്രക്കിങ്ങിനു പുറപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. പിന്നീടാണത് ബിസിനസ് ആയി മാറിയതും, ക്രിസ്മസ് കാലത്ത് മരങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാനുമൊക്കെ തുടങ്ങിയത്. അതോടെ മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റാന്‍ പറ്റില്ലെന്ന് ഓരോ സംസ്ഥാനവും നിയമമിറക്കി. പക്ഷേ, ദേവദാരുക്കളും പൈന്‍ മരങ്ങളുമടക്കുള്ള പാഴ്മരങ്ങള്‍ ക്രിസ്മസ് ട്രീയ്ക്കു വേണ്ടി മാത്രമായി ഇപ്പോള്‍ വ്യാപകമായി വളര്‍ത്തുന്നുമുണ്ട്. ഇപ്പോള്‍, ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ട്രീ ഫാമുകളിലും മിക്ക ക്രിസ്മസ് മരങ്ങളും കൃത്രിമമായി വളര്‍ത്തുന്നു. ഇവിടെ നിന്നുള്ള ക്രിസ്മസ് മരങ്ങളില്‍ 98 ശതമാനവും ആവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ഓര്‍ഡര്‍ നല്കിയാല് വീടുകളില്‍ നേരിട്ട് എത്തിക്കുന്നു. ഇങ്ങനെ ക്രിസ്മസ് മരങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്ന രണ്ട് പ്രധാന പ്രദേശങ്ങള്‍ പോര്‍ട്ട്ലാന്‍ഡിനടുത്തുള്ള ക്ലാക്കാമസ് കൗണ്ടി, നോര്‍ത്ത് കരോലിനയിലെ ബ്ലൂ റിഡ്ജ് പര്‍വതനിരകള്‍ എന്നിവയാണ്. വെസ്റ്റ് കോസ്റ്റിലെ സരളവൃക്ഷമാണ് പ്രധാനമായും ക്രിസ്മസ് മരങ്ങള്‍. ഇത് പ്രാഥമികമായി ഒറിഗണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വളരുന്നു. കിഴക്കന്‍ തീരത്തെ ഫ്രേസര്‍ സരളവൃക്ഷമാണ് പ്രധാനമായും നോര്‍ത്ത് കരോലിനയില്‍ വളര്‍ത്തുന്നത്. നോര്‍ത്ത് കരോലിന കിഴക്കന്‍ തീരത്തിനു മുകളിലേക്കും താഴേക്കും കയറ്റുമതി ചെയ്യുന്ന മരങ്ങള്‍ മിസിസിപ്പിയില്‍ നിന്നും ഉത്പാദിപ്പിക്കുന്നവയാണ്. ഒറിഗോണും വാഷിംഗ്ടണും പശ്ചിമതീരം ഭാഗത്തേക്കു കയറ്റി അയയ്ക്കുന്ന മരങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഗ്രേറ്റ് തടാകങ്ങളിലും തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും വളരുന്ന മരങ്ങളില്‍ പലതും ഈ പ്രദേശത്താണ് വില്‍പ്പനയ്ക്കെത്തുന്നത്. ട്രീ ഫാമുകള്‍ക്ക് മുമ്പ്, ക്രിസ്മസ് ട്രീകള്‍ ഓരോ പ്രദേശത്തെയും കോണിഫറുകളുടെ (പൈന്‍, റെഡ്വുഡ്, സീഡര്, ജൂനിപര്‍, ഫിര്‍ തുടങ്ങിയവ കോണിഫര്‍ ആണ്. അനാവൃതബീജികള്‍ ആണിത്.) സ്വഭാവമായിരുന്നു. തെക്ക് പൈന്മരങ്ങളും ദേവദാരുക്കളും ക്രിസ്മസ് മരങ്ങളാക്കി മാറ്റിയപ്പോള്‍, കിഴക്കന്‍ തീരത്ത് ഫ്രേസിയര്‍ ഫര്‍ണറുകളും, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ബല്‍സം ഫിറുകളെയും ക്രിസ്മസ് കാലത്ത് മുറിച്ചെടുത്തു. ഗ്രേറ്റ് തടാകങ്ങളിലേക്ക് പടിഞ്ഞാറോട്ട് നീങ്ങിയാല്‍, സ്കോച്ച് പൈന്‍സും സ്പ്രൂസുകളും പ്രിയങ്കരമായിരുന്നു. റോക്കി പര്‍വതനിരകളിലും വെസ്റ്റ് കോസ്റ്റിലും ഈ സരളവൃക്ഷങ്ങള് പലപ്പോഴും ക്രിസ്മസ് കാലത്ത് വെട്ടിമാറ്റും.
"രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രിയപ്പെട്ട കോണിഫര്‍ ഉണ്ട്. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ആ വൃക്ഷങ്ങളെ ഇഷ്ടപ്പെടുന്നു', നാഷണല്‍ ക്രിസ്മസ് ട്രീ അസോസിയേഷന്റെ സീസണല്‍ വക്താവ് ഡഗ് ഹണ്ട്ലി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍പോസ്റ്റില്‍ വന്ന ലേഖനത്തില്‍ പറയുന്നു, പടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍, ഒറിഗോണ്‍, വാഷിംഗ്ടണ്‍, മൊണ്ടാന, വ്യോമിംഗ്, കൊളറാഡോ എന്നിവിടങ്ങളിലെ നിരവധി ദേശീയവനങ്ങള് ക്രിസ്മസ് മരങ്ങള്‍ മുറിക്കാനുള്ള പെര്‍മിറ്റുകള്‍ വില്‍ക്കുന്നു. അത് ആളുകള്‍ക്ക് അവരുടെ ക്രിസ്മസ് ട്രീ വെട്ടിമാറ്റാന്‍ അവസരമൊരുക്കുന്നു. കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാമെങ്കിലും ക്രിസ്മസ് മരങ്ങള്‍ തേടിയുള്ള യാത്രകള്‍ ഇന്നുമുണ്ട്. കുടുംബസമേതം ക്യാരവാന്‍ വാടക്യ്ക്കെടുത്ത് "ക്രിസ്മസ് വെക്കേഷന്' നടത്തുന്നവര്‍ മടങ്ങുമ്പോള്‍ ഒരു ക്രിസ്മസ് ട്രീയും ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവും. മരങ്ങള്‍ ഇങ്ങനെ വെട്ടിമാറ്റിയാല്‍ പ്രകൃതിക്കു ദോഷമാവില്ലേയെന്നൊക്കെ എനിക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, ഇവ മഞ്ഞുകാലത്ത് വെട്ടിമാറ്റിയില്ലെങ്കില്‍ ഇലകള്‍ പൊഴിച്ച് പിന്നീട് കാട്ടുതീയ്ക്ക് വളമായി മാറുമെന്നതാണ് കഥ. അതു കൊണ്ടു തന്നെ പലേടത്തും ഇത് സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. ഒരു മരത്തെയും അതിന്റെ വേരുകളോടെ പുറത്തെടുക്കുന്നത് നിയമവിരുദ്ധമാണ്. കടുത്ത ശിക്ഷ തന്നെ കിട്ടും. വെട്ടിമാറ്റാനേ പാടുള്ളു എന്നര്‍ത്ഥം. ആവശ്യക്കാര്‍ മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ നല്ല പിഴ തന്നെ കൊടുക്കേണ്ടി വരുമെന്നര്‍ത്ഥം.
ക്രിസ്മസ് മരം എന്നത് വലിയൊരു അഭിമാനത്തിന്റെ ലക്ഷണമാണ് പലര്‍ക്കും. അത് പ്രസിഡന്‍ഷ്യല്‍ ഹൗസിനു പോലും അങ്ങനെ തന്നെ. വാഷിംഗ്ടണ്‍ ഡി.സിയില്‍ വൈറ്റ് ഹൗസിന് മുന്നില്‍ ദേശീയ ക്രിസ്മസ് ട്രീ ഒരു പ്രതീകം പോലെ നില്ക്കുന്നതു കാണാം. 1973 മുതല്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസ് പരിപാലിക്കുന്ന ഇത് പെന്‍സില്‍വാനിയയില്‍ നിന്ന് പറിച്ചുനട്ടതാണ്. വൈറ്റ് ഹൗസിന്റെ ബ്ലൂ റൂമില്‍ ഫീച്ചര്‍ ചെയ്തിട്ടുള്ള ഈ വൃക്ഷം പ്രാദേശിക, സംസ്ഥാന ക്രിസ്മസ് ട്രീ ഓര്‍ഗനൈസേഷനുകള്‍ തമ്മിലുള്ള ഒരു നീണ്ട മത്സരത്തിന്റെയും തുടര്‍ന്ന് ഒരു ദേശീയ മത്സരത്തിന്റെയും ഫലമാണ്.
ഈവര്‍ഷത്തെ ക്യാപിറ്റല്‍ ക്രിസ്മസ് ട്രീ കട്ടിംഗ് ചടങ്ങ് നവംബര്‍ 6 ന് എന്‍.എം റെഡ് റിവറിലാണ് നടന്നത്. ഈ വര്‍ഷം 60 അടി ഉയരമുള്ള ഒരു ബ്ലു മഷ്റൂമാണ് ഈ വൃക്ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലാ വര്‍ഷവും ക്യാപിറ്റല്‍ ക്രിസ്മസ് ട്രീ വെട്ടിമാറ്റുന്നു. ഈ വര്‍ഷത്തെ മരം ന്യൂ മെക്സിക്കോയിലെ കാര്സണ് നാഷണല്‍ ഫോറസ്റ്റില്‍ നിന്നുള്ളതാണ്. ഇത് ന്യൂ മെക്സിക്കോയിലെ ആളുകള്‍ നിര്‍മ്മിച്ച കരകൗശല ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വര്‍ഷം തോറും, മരം മുറിക്കുന്ന സ്ഥലത്തും കാപ്പിറ്റലിന്റെ വെസ്റ്റ് പുല്‍ത്തകിടിയിലും മരം കത്തിക്കുന്ന ഒരു ചടങ്ങ് നടക്കുന്നുണ്ട്. അങ്ങനെ വിശേഷങ്ങളേറെയുണ്ട് ക്രിസ്മസ് മരങ്ങള്‍ക്ക്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുമ്പോഴും ശിഖരങ്ങള്‍ പുറത്തേക്ക് കാണിച്ച് നക്ഷത്രങ്ങള്‍ക്കു പാതയൊരുക്കുന്ന വിശുദ്ധിയുടെ ഈ പ്രതീകകള്‍ ദിവ്യാത്ഭുതത്തോടെയാണ് എവിടെയും നിലകൊള്ളുന്നത്. ഓരോ ക്രിസ്മസ് ട്രീയും കാണുമ്പോഴും ഉള്ളില്‍ പൊന്തി വിടരുന്ന ചിന്തയും മറ്റൊന്നല്ല.