ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി രാജ്യമൊട്ടാകെ പ്രകടനവും പ്രക്ഷോഭണങ്ങളും പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പലവിധ വിവരങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യമേത് മിഥ്യയേത് എന്ന് വിവേചിച്ചറിയാനാവാത്ത അവസ്ഥ.
നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും അതില്‍ മുസ്ലിങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന സംശയമാണ് ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ക്ക് കാരണം.
ഈ ബില്ലിന്‍റെ സ്വീകാര്യതയെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിരവധിയാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു എന്നു പറയുമ്പോള്‍ തന്നെ ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കിയതാണ് കൂടുത പ്രശ്‌നസങ്കീര്‍ണ്ണമായത്.
എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന ഒരു മുസ്ലിമിനും ആശങ്കപ്പെടേണ്ടതില്ലെന്നും, അവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകുകയില്ലെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനവസരത്തില്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വിളംബരം കത്തുന്ന തീയ്യില്‍ എണ്ണയൊഴിച്ചപോലെയായിത്തീരുകയാണ്.
1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയില്‍ ജനിച്ചവരോ അല്ലെങ്കില്‍ മാതാപിതാക്കള്‍ ഈ തിയതിക്ക് മുമ്പ് ജനിച്ചവരോ ആണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യത്ത് നിന്നുള്ളവരായാലും സ്വാഭാവിക ഇന്ത്യന്‍ പൗരത്വം ലഭിക്കും. അസമിലാണെങ്കില്‍ 1971 വരെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും നിയമപരമായി ഇന്ത്യന്‍ പൗരന്മാരാണ്. അതിനാല്‍ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം.
2004ലെ നിയമ ഭേദഗതി പ്രകാരം 1987 ജൂലൈ ഒന്നാണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. എന്നാല്‍ അസമിലാകട്ടേ 1971ആണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. അതായത് ഈ വര്‍ഷം വരെ ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും ഇന്ത്യന്‍ പൗരന്മാരായിരിക്കും. അതിന് മതമോ ജാതിയോ വര്‍ഗമോ അടിസ്ഥാനമാക്കില്ലെന്നുമാണ് നിയമം. ഇക്കാര്യം തെളിയിക്കാന്‍ സാധാരണ രേഖകള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. വോട്ടേഴ്‌സ് ഐഡി പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ അറിയിപ്പ്. ഇവ യാത്രാരേഖകളോ ഇന്ത്യയില്‍ താമസിക്കുന്നു എന്നതിന്റെ തെളിവായി സമര്‍പ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മറുവശത്ത് ഒരാളുടെ ജനന തീയതി, അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകള്‍ ഹാജരാക്കി ഇന്ത്യയുടെ പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില പൊതുരേഖകള്‍ കൂടി ഹാജരാക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.
തിരിച്ചറിയല്‍ രേഖകളില്ലാത്ത നിരക്ഷരരായവര്‍ക്ക് അവരുടെ സമുദായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രാദേശിക രേഖകളോ സാക്ഷികളെയോ ഹാജരാക്കാന്‍ സാധിക്കുമെന്നും, നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ചാണ് അത് തയ്യാറാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ക്കും ഇന്ത്യന്‍ പൗരത്വം എളുപ്പത്തില്‍ ലഭിക്കില്ല, അതിന് യോഗ്യത തെളിയിക്കേണ്ടിവരുമെന്നും പറയുന്നു.
സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്നതുതന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശില. ഭരണക്രമത്തില്‍ ജാതിമതവര്‍ഗലിംഗ ഭേദമന്യേ 18 വയസ്സു തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കിയിരിക്കുന്നു. ഭൂസ്വത്ത്, പദവി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയൊന്നും ഇതിനൊരു മാനദണ്ഡമല്ല. 1950ലെ നിയമം 20ാം വകുപ്പ് പ്രകാരം ഒരു നിയോജകമണ്ഡലത്തില്‍ 'സാധാരണ താമസ'ക്കാരനായ ഒരു പൗരന് പ്രസ്തുത നിയോജകമണ്ഡലത്തിലെ പൊതുവോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നു പറയുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും പൊതുവായ വോട്ടര്‍ പട്ടികയില്‍ വോട്ടവകാശം ഉള്ള ഒരാള്‍ ഒരു സമ്മതിദായകന്‍ എന്ന നിലയില്‍ പേര് ചേര്‍ത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ പൊതുതെരഞ്ഞെടുപ്പിനും മുമ്പ് അല്ലെങ്കില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലെയും ജനുവരി 1ാം ദിവസം 'യോഗ്യത കണക്കാക്കുന്ന തീയതി' യായി സ്വീകരിച്ച് അന്ന് 18 വയസ്സു തികയുന്ന ഏതൊരു പൗരനും തെരഞ്ഞെടുപ്പു പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സമ്മതിദായകരെ തിരിച്ചറിയുന്നതിന് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിന് 1960ലെ സമ്മതിദായക രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ കാണാം (ചട്ടം 28). സമ്മതിദായകന്റെ ഫോട്ടോ സഹിതമുള്ള കാര്‍ഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം.
ഇനി ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആരൊക്കെയാണെന്നു നോക്കാം: 1) 2004 ലെ പൗരത്വ നിയമഭേദഗതി നിയമപ്രകാരം 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍ (ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും കുഴപ്പമില്ല) ഇന്ത്യന്‍ പൗരന്മാരാണ്. 2) 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ 3നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍. 3) മുകളില്‍ പറഞ്ഞ കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജനിച്ച മാതാപിതാക്കളുടെ മക്കള്‍. 4) 1992 ഡിസംബര്‍ 10നും 2004 ഡിസംബര്‍ 3നും ഇടയില്‍ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വ്യക്തികള്‍. ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും. 5) 2004 ഡിസംബര്‍ 3നും അതിന് ശേഷവും ഇന്ത്യയില്‍ ജനിച്ചവര്‍ അവരുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനോ, മറ്റെയാള്‍ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയോ ചെയ്യണം.
എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ആധാര്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും, വോട്ടേഴ്‌സ് ഐഡിയും ലഭിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ ഒരാള്‍ക്ക് മേല്പറഞ്ഞവ കൊടുക്കുകയുള്ളൂ. വിദേശികള്‍ക്കോ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പ്രവാസികള്‍ക്കോ ഒരിക്കലും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ലഭിക്കാന്‍ സാധ്യതയില്ല.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കപ്പെടുന്നതാണ് പാസ്‌പോര്‍ട്ട്. 1967ലെ പാസ്‌പോര്‍ട്ട് നിയമപ്രകാരം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയത തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. അതിന്റെ ആദ്യത്തെ പേജില്‍ അച്ചടിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഒരു ഇന്ത്യന്‍ പൗരന് വിദേശരാജ്യങ്ങളില്‍ എവിടെയായാലും മതിയായ സംരക്ഷണം നല്‍കണമെന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന കാണാം.....
"These are to request and require in the name of The President of the Republic of India all those whom it may concern to allow the bearer to pass freely without let or hindrance and to afford him or her, every assistance and protection of which he or she may stand in need"
By Order Of The President of the Republic of India
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതുപോലെ, പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കില്‍ പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പാസ്‌പോര്‍ട്ടും വ്യാജമല്ലേ.... ?
കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നല്‍കിയിരിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. ആസൂത്രണ കമ്മീഷനു കീഴില്‍ എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിചിട്ടുള്ള യുണിക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) എന്ന ഏജന്‍സി വഴി വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കൃഷ്ണമണിയുടെ ചിത്രം (കണ്ണിന്റെ എറിസ് വിവരം) എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.
നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. 2011ല്‍ ഈ പദ്ധതി പൂണ്ണമായി നടപ്പിലായി.
ആധാര്‍ അത്ര എളുപ്പത്തില്‍ കിട്ടാവുന്ന ഒന്നല്ല. നിരവധി രേഖകള്‍ക്കു പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ (പേരും ജനനത്തീയതിയും ഉണ്ടാകണം), ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി എന്നിവയും ഹാജരാക്കിയാലേ ആധാര്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ
ഈ ആധാര്‍ കാര്‍ഡാണ് ഇപ്പോള്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്രം വിളംബരം ചെയ്തിരിക്കുന്നത്.
1950ലെ നിയമം 20ാം വകുപ്പ് പ്രകാരം പതിനെട്ടു വയസ്സു തികഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ വോട്ടു ചെയ്ത് അധികാരത്തില്‍ കയറിയവരാണ് ഇപ്പോള്‍ നിയമത്തെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് ഒന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്, ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനോ, ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനോ, തിരുത്താനോ അര്‍ഹതയോ അവകാശമോ ഉണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. വോട്ടര്‍ ഐ ഡി, ആധാര്‍ മുതലായവ ഉപയോഗിച്ച് വോട്ടു ചെയ്ത ലക്ഷക്കണക്കിന് സമ്മതിദായകര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. തന്നെയുമല്ല കേന്ദ്ര സര്‍ക്കാരിനെ പിരിച്ചുവിട്ട് മറ്റൊരു തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമായിരുന്നോ എന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം.