Image

2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 27 December, 2019
2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)
മനസില്‍ പതിഞ്ഞ ഓര്‍മ്മകളുമായി 2019 എന്ന വര്‍ഷവും ഇനി ചരിത്രമായി മാറുന്നു.   മുന്‍കാലങ്ങളെപ്പോലെ പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു വര്‍ഷമാണ്  കടന്നുപോയത്.  ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും മുന്‍ വര്‍ഷങ്ങളെപ്പോലെ  കഴിഞ്ഞുപോയ  വര്‍ഷത്തിനും മാറ്റമില്ലായിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദങ്ങള്‍ക്കുപകരം മുറവിളികളുടെയും ഒച്ചപ്പാടുകളുടെയും അക്രമങ്ങളുടെയും ശബ്ദമായിരുന്നു എവിടെയും!  പ്രത്യക്ഷമായും പരോക്ഷമായും 2019ലെ  രാഷ്ട്രീയ തീരുമാങ്ങള്‍ ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഇന്ത്യയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളും അസംബ്‌ളി തിരഞ്ഞെടുപ്പുകളും ജനങ്ങളുടെ വികാരങ്ങളെയും   ആവേശങ്ങളെയും   തീവ്രമായി ഉണര്‍ത്തിയിരുന്നു.  ചന്ദ്രയാന്‍, പൗരത്വ ഭേദഗതി നിയമങ്ങള്‍, സ്ത്രീകളുടെ സുരക്ഷിതത്വം, തെരുവുകളിലെ ശക്തമായ പ്രകടനങ്ങള്‍ മുതലായവകള്‍ 2019 ലെ പ്രധാനപ്പെട്ട ചര്‍ച്ചകളായിരുന്നു. ഹോങ്കോങ്ങില്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതും പാരീസില്‍ 850 വര്‍ഷം പഴക്കമുള്ള കത്തീഡ്രല്‍ തീകത്തി നശിച്ചതും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോണ്‍ഗ്രസ്സ് പ്രമേയത്തിലൂടെ ഇമ്പിച്ചു ചെയ്തതും  ആഗോള വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു.

2019 ഭാരതത്തെ സംബന്ധിച്ചിടത്തോളം ശുഭമായിട്ടല്ല കടന്നുപോവുന്നത്. ഭാവിയില്‍ എന്തു സംഭവിക്കുമെന്നു പറയാന്‍ സാധിക്കാത്ത വിധം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം വരുത്തിയെന്ന് വലിയൊരു വിഭാഗം ഇന്ത്യന്‍ ജനത വിശ്വസിക്കുന്നു. കേരളം ഉള്‍പ്പടെ ഇന്‍ഡ്യ മുഴുവന്‍ പുതിയ പൗരത്വ ബില്ലിനെതിരെ പ്രതിക്ഷേധങ്ങള്‍  ആളിക്കത്തുന്നു. കാശ്!മീരിലെ പീഡനങ്ങള്‍ക്കെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും ഹിന്ദുവും മുസല്‍മാനുമായുള്ള  വേര്‍തിരിവിനെതിരെയും മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടായി കാണുന്നതിനെതിരെയും പൗരത്വ ബില്ലിനെതിരെയും നാഷനല്‍ പൗരത്വ രജിസ്റ്ററിനെതിരെയും ഭരണഘടനയുടെ മൗലികാവകാശങ്ങളെ തിരസ്‌ക്കരിക്കുന്നതിനെതിരെയും ജനാധിപത്യത്തിന്റെ മഹത്വത്തിന് കളങ്കം വരുത്തിയതിനെതിരെയും നാടെങ്ങും   പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.  ജീവനും രക്തവും കൊടുത്തുനേടിയ മതേതരത്വം അപകടത്തിലെന്നു  രാജ്യത്തിലെ വലിയൊരു ജനവിഭാഗം വിശ്വസിക്കുന്നു.  370ാം വകുപ്പ് എടുത്തു കളയല്‍, കാശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുകയും  ചെയ്തു.

2019ലെ പതിനേഴാം ലോകസഭാ പൊതുതിരഞ്ഞെടുപ്പ്  ഏപ്രില്‍ പതിനൊന്നു മുതല്‍  മെയ് പത്തൊമ്പതു വരെ ഏഴു ഘട്ടങ്ങളിലായി നടത്തിയിരുന്നു. മെയ് ഇരുപത്തിമൂന്നാം തിയതി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 900 മില്യണ്‍ ജനങ്ങള്‍ വോട്ടുചെയ്യാന്‍ യോഗ്യരായിരുന്നു. 67 ശതമാനവും ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തിയതും സ്ത്രീകളുടെ പങ്കാളിത്വവും ചരിത്രം കുറിച്ചു.  ഭാരതീയ ജനത പാര്‍ട്ടി 303 സീറ്റുകളില്‍ വിജയികളായി ഭൂരിപക്ഷ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി ഐക്യമത്യ മുന്നണി മൊത്തം 353 സീറ്റുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തിനര്‍ഹമാവുകയുമുണ്ടായി.  37.3 ശതമാനം മൊത്തം വോട്ടുകള്‍ നേടുകയും ചെയ്തു.  അതേ സമയം എന്‍ഡി എ ഐക്യമുന്നണി അറുപതു കോടി വോട്ടര്‍മാരില്‍ 45 ശതമാനം വോട്ടുകള്‍ നേടുകയുമുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 52 സീറ്റുകളും കോണ്‍ഗ്രസ്സ് ഐക്യമുന്നണി മൊത്തം 91  സീറ്റുകളും നേടിയിരുന്നു.

2019 ആഗസ്റ്റ് ഒമ്പതാം തിയതി രാജ്യസഭയിലും ലോകസഭയിലും കാശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബില്ല് പാസാക്കി പ്രസിഡണ്ട് ഒപ്പിടുകയും ചെയ്തു. ബുധനാഴ്ച പാതിരാത്രി സമയം ജമ്മു കാശ്മീരും ലഡാക്കും രണ്ടു പ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാക്കുകയും അന്നുവരെ സ്വയം ഭരണ പ്രദേശമായിരുന്ന കാശ്മീരിന്റെ  പദവി എടുത്തു കളയുകയും ചെയ്തു. ഭരണഘടനയുടെ കാശ്മീരിന്റെ പ്രത്യേക അവകാശമായ 370 എടുത്തു കളയുകയും 70 വര്‍ഷമായി നിലവിലിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുകയും ചെയ്തു. 1947 ല്‍ ഉണ്ടാക്കിയ നിയമമാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പതിനായിര കണക്കിന് പട്ടാളത്തെ കാശ്മീരില്‍ അയച്ചു. മില്യണ്‍ കണക്കിന് കാശ്മീരികള്‍ ജീവിക്കുന്നത് പൂട്ടിയിട്ട ഭവനങ്ങള്‍ക്കുള്ളിലെന്ന പോലെയാണ്. ഇന്റര്‍നെറ്റും ഫോണും വിച്ഛേദിച്ചു. രാഷ്ട്രീയ നേതാക്കന്മാരെയും പ്രസിദ്ധരായവരെയും ജയിലില്‍ അടച്ചിരിക്കുന്നു.  ജോലിക്കു പോകാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാനും സാധിക്കാത്ത ദുരന്താവസ്ഥയാണ് കാശ്മീരില്‍  നിലവിലുള്ളത്. ഭരണഘടനാ 370 നീക്കം ചെയ്തത് രാഷ്ട്രത്തിന്റെ ദൃഢതയ്ക്കും സുസ്ഥിരതയ്ക്കുമുള്ള പുത്തനായ ഒരു  അദ്ധ്യായമാണെന്ന്'  പ്രധാനമന്ത്രി മോദി രാഷ്ട്രത്തോടായി പറഞ്ഞിരുന്നു.

1955ല്‍ 'ഇന്ത്യ' പാസാക്കിയ പൗരത്വബില്ലിനെ ഭേദഗതി ചെയ്തുകൊണ്ട് 2019ല്‍  പാര്‍ലമെന്റിലും രാജ്യസഭയിലും നിയമം പാസാക്കി; ബില്ലിനെ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നീ അഭയാര്‍ത്ഥികളായ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയുടെ പൗരത്വവകാശങ്ങള്‍ക്ക് യോഗ്യമാകുന്നു. പുതിയ നിയമം അനുസരിച്ചു 2014ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ കുടിയേറിയവരായ മുസ്ലിമുകള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം ലഭിക്കാന്‍ അവകാശമുണ്ടായിരിക്കും. 2019 ഡിസംബര്‍ നാലാംതീയതി ഇന്ത്യന്‍ പാര്‍ലമെന്റും 2019 ഡിസംബര്‍ പതിനൊന്നാംതിയ്യതി രാജ്യസഭയും ഈ നിയമം പാസ്സാക്കി. രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമത്തിന്റെ സാധുതകള്‍ ഉണ്ടാവുകയും ചെയ്തു. ഇനി നിയമം പ്രാബല്യത്തില്‍ വരേണ്ടതായുണ്ട്. അതിനുമുമ്പ് സുപ്രീം കോടതിയുടെ തീരുമാനങ്ങളും ബാധകമായിരിക്കും. ആസാമില്‍ ക്രമസമാധാനത്തിനായി 5000 പാരാ മിലിറ്ററി ട്രൂപ്പിനെ ഇന്ത്യ സര്‍ക്കാര്‍ ഇറക്കിയിരിക്കുകയാണ്. ആസ്സാമിലും ത്രിപുരയിലും ഇന്റെനെറ്റ് സംവിധാനങ്ങള്‍ ബ്ലോക്ക് ചെയ്തു. അവിടെ ജനജീവിതം ദുഷ്‌ക്കരമാകുന്നു. രാജ്യം അക്രമത്തിലേക്ക് നീങ്ങുന്ന കാഴ്ചകളാണ് കാശ്മീര്‍ മുതല്‍ കേരളം വരെ കാണപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍  ഏറ്റവും വലിയ ജനരോക്ഷമാണ് ഇന്ന് നാടെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്.

2019 മാര്‍ച്ചില്‍  'ഡൊണാള്‍ഡ് ട്രംപിന്റെ' അധികാരവിനിയോഗത്തെപ്പറ്റി യുഎസ് അറ്റോര്‍ണി 'വില്യം ബാര്‍',  രണ്ടുവര്‍ഷത്തോളം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ചുരുക്കം പ്രസിദ്ധീകരിച്ചിരുന്നു.  റിപ്പോര്‍ട്ടനുസരിച്ച്  2016ലെ   തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ റഷ്യയുമായി  ട്രംപും  അദ്ദേഹത്തിന്റെ രഹസ്യാന്വേഷകരും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നു തെളിഞ്ഞിരുന്നു. ട്രംപിനെ കോണ്‍ഗ്രസ് ഹൌസ് ഇമ്പീച്ച് ചെയ്തതാണ്,  ഈ വര്‍ഷത്തെ ചരിത്രത്തിലെ വലിയ ഒരു സംഭവം. കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്റ് ട്രംപും ഉക്രേനിയന്‍ പ്രസിഡണ്ടു 'വോളോഡിമിര്‍ സിലിന്‍സ്‌ക്യ' (ഢീഹീറ്യാ്യൃ ദലഹലിസ്യെ)യുമായുള്ള രഹസ്യ സംഭാഷണം ഇമ്പിച്ച്‌മെന്റ് വരെ എത്തി. അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡണ്ടായ ജോ ബൈഡന്റെ മകന്റെ ഉെ്രെകനിലുള്ള ബിസിനസ് സാമ്രാജ്യത്തെപ്പറ്റിയുള്ള അന്വേഷണം നടത്താന്‍ ഉെ്രെകന്‍ പ്രസിഡണ്ടിനെ പ്രേരിപ്പിക്കുന്നതായിരുന്നു സംഭാഷണം. ജോ ബൈഡന്‍  അമേരിക്കയുടെ ഡെമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥിയായി ജയിക്കാന്‍ സാധ്യതയുള്ള സമയത്താണ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ എതിരാളിയുടെ ബിസിനസ്സ് ബന്ധവുമായുള്ള അന്വേഷണവുമായി ട്രംപ് അധികാര സ്ഥാനത്തിരുന്നുകൊണ്ട് ഒരു വിദേശ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. ഉക്രേനിയന്‍ സര്‍ക്കാരിനുള്ള  400 മില്യണ്‍ ഡോളര്‍ മിലിറ്ററി സഹായം അമേരിക്കന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ബൈഡന്റെ മകനെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാമെന്നുള്ള  വ്യവസ്ഥയില്‍ ബ്ലോക്ക് ചെയ്ത ഫണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

 സെപ്റ്റമ്പര്‍ മാസം ഹൌസ് സ്പീക്കര്‍ 'നാന്‍സി പെലോസി' പ്രസിഡന്‍ഡിനെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. നവംബര്‍ മാസത്തില്‍ അതേ സംബന്ധിച്ചുള്ള വിസ്താരവും തുടങ്ങി. ഇമ്പീച്ച് മെന്റ് വിസ്താരം നേടുന്ന അമേരിക്കയിലെ നാലാമത്തെ പ്രസിഡണ്ടാണ് ട്രംപ്. ആന്‍ഡ്രൂ ജാക്‌സന്‍, റിച്ചാര്‍ഡ് നിക്‌സണ്‍, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍. അധികാരം ദുര്‍വിനിയോഗം ചെയ്യല്‍, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തല്‍, എന്നിവകളായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍. ഡിസംബര്‍ പതിനെട്ടാം തിയതി ഹൌസ് ഓഫ് റെപ്രെസെന്റിറ്റീവ്‌സ്  ഇമ്പീച്ച് ചെയ്യാനുള്ള പ്രമേയം വോട്ടിനിടുകയും  പാസാവുകയും ചെയ്തു. അങ്ങനെ അമേരിക്കയുടെ ചരിത്രത്തില്‍ ഇമ്പീച്ച് ചെയ്ത  മൂന്നാമത്തെ പ്രസിഡണ്ടായി പ്രസിഡന്റ് ട്രംപ് സ്ഥാനം പിടിക്കുകയും ചെയ്തു.

കോളേജ് അഡ്മിഷന്‍ ലഭിക്കുന്നതിന് കോഴ കൊടുത്ത അമേരിക്കയിലെ  പ്രസിദ്ധ ഹോളിവുഡ് നടികളുടെ മേലും നടന്മാരുടെ പേരിലും പ്രമാദമായ കേസുകള്‍ ചാര്‍ജു ചെയ്തിരിക്കുന്നതും  2019 ലെ ഡയറിയില്‍ കുറിച്ചിരിക്കുന്നു.  പ്രവേശനം  ലഭിക്കുന്നതിനായി  കോളേജ് അധികാരികളെ സ്വാധീനിക്കുന്ന ഈ കൂടിയാലോചന അമേരിക്കയില്‍ മുഖ്യധാരാ മീഡിയാകളില്‍  വാര്‍ത്തകളായുണ്ടായിരുന്നു.  'ബോസ്റ്റണ്‍' കോടതിയില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കുറ്റാരോപിതരായവര്‍ പുറത്തിറങ്ങുമ്പോള്‍ അനേകം റിപ്പോര്‍ട്ടര്‍മാര്‍ അവര്‍ക്കു ചുറ്റും കൂടിയിരുന്നു. ഇരുപതുകൊല്ലം വരെ ശിക്ഷിക്കാവുന്ന വകുപ്പുകളാണ് അവരുടെമേല്‍ ചുമത്തിയിരിക്കുന്നത്. ചിലരെ ഹൃസ്വമായ കാലങ്ങളിലേക്ക് കോടതി ശിക്ഷിക്കുകയും ചെയ്തു.    കോഴ വിവാദത്തില്‍  കഴിഞ്ഞ മാര്‍ച്ചില്‍   ഏകദേശം അമ്പത് വിദ്യാര്‍ഥികളുടെമേല്‍ കേസ് ചാര്‍ജ് ചെയ്തിരുന്നു.   'ഫെലിസിറ്റി ഹഫ് മാന്‍', 'ലോറി ലൗഗിന്‍' എന്നീ നടന്മാരുള്‍പ്പടെ, ധനികരായ മാതാപിതാക്കന്മാര്‍  ലക്ഷക്കണക്കിന് ഡോളര്‍  പ്രവേശനത്തിനായി കോളേജ് അഡ്മിഷന്‍ കൗണ്‍സിലര്‍  'വില്ലിന്‍ റിക്കിന്' നല്‍കിയെന്നും തെളിഞ്ഞു.  വ്യാജ അതലറ്റുകള്‍ക്കും കൃത്രിമമായ  ടെസ്റ്റ് സ്‌കോറുകള്‍ നേടിയവര്‍ക്കും   ഐവി ലീഗ് കോളേജുകളില്‍ പ്രവേശനം നല്‍കിയതുമൂലം   ക്രിമിനല്‍ കേസുകള്‍ തുടരുന്നു.

മദ്ധ്യ ഹോങ്കോങ്ങില്‍ രാജ്യം വിഭജിക്കത്തക്കവിധം 2019 ജൂണ്‍ പന്ത്രണ്ടാം തിയതി ചൈന വന്‍കരയ്‌ക്കെതിരെ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.  ജൂണ്‍ മാസത്തില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ മാസങ്ങളോളം നീണ്ടു നിന്നിരുന്നു. ഹോങ്കോങ്ങില്‍ രാഷ്ട്രീയ കുറ്റവാളികളെ ചൈന വന്‍കരയില്‍ വിസ്തരിക്കാനുള്ള ഒരു ബില്ലായിരുന്നു   ജനങ്ങളെ പ്രകോപിച്ചത്. ഏകദേശം ഒരു മില്യണ്‍ പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. 1997 വരെ ഹോങ്കോങ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. ചൈനയുടെ ഭരണത്തെക്കാളും അന്ന് അവര്‍ക്ക് ബ്രിട്ടീഷ് ഭരണം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഈ സ്വാതന്ത്ര്യം അപകടത്തിലാകുമെന്നും ജേര്‍ണലിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും ചൈന വന്‍കര വിസ്തരിക്കുമെന്നും ഹോങ്കോങ് ജനത ഭയപ്പെട്ടിരുന്നു. ബില്ല് സെപ്റ്റംബറില്‍ പിന്‍വലിച്ചെങ്കിലും ഇന്നും ഹോങ്കോങ്ങില്‍ അസ്വസ്ഥത തുടരുന്നു. പോലീസും പ്രതിക്ഷേധക്കാരും തമ്മില്‍ അക്രമപരമായ ഏറ്റുമുട്ടലുകള്‍ നിത്യം പതിവാണ്.

2019 ഏപ്രില്‍ മാസം ജപ്പാന്റെ ചക്രവര്‍ത്തി അകിഹിതോയും രാജ്ഞി മിച്ചിക്കോയും (അസശവശീേ, ംശവേ ഋാുൃല ൈങശരവശസീ) സ്ഥാനത്യാഗം ചെയ്തു. മുപ്പതു വര്‍ഷം അദ്ദേഹം ജപ്പാന്റെ രാജകീയ സിംഹാസനം അലങ്കരിച്ചിരുന്നു. കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ആദ്യമായി സ്ഥാനത്യാഗം ചെയ്ത രാജാവാണ് അദ്ദേഹം. 2016 മുതല്‍ അദ്ദേഹം ജാപ്പനീസ് നിയമനിര്‍മ്മാതാക്കളോട്  നിയമം മാറ്റാനും തന്നെ ഈ രാജകീയ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രാജാവിന് സ്ഥാന ത്യാഗം ചെയ്യാമെന്നുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. അകിഹിതോയുടെ മകന്‍ 'നാരു ഹിതോ' അടുത്ത കിരീടാവകാശിയായി ചുമതലയേറ്റെടുത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ  2019  മെയ് ഇരുപത്തിനാലാം തീയതി രാജിവെച്ചു.  യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്ന പ്രശ്!നം സംബന്ധിച്ചായിരുന്നു രാജി.  മൂന്നുവര്‍ഷത്തോളം അവര്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്നു.  കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതാവായിരുന്നു അവര്‍.  പാര്‍ലമെന്റിന്റെ അവിശ്വസ പ്രമേയങ്ങളെ അവര്‍ തരണം ചെയ്തിരുന്നെങ്കിലും യൂറോപ്പ്യന്‍  യൂണിയനുമായി മൂന്നു പ്രാവശ്യം  കരാര്‍ ഉണ്ടാക്കുന്നതില്‍'  പരാജയപ്പെട്ടത് അവരുടെ രാജിക്കു കാരണമായിരുന്നു. ലണ്ടന്‍ മേയറായിരുന്ന 'ബോറിസ് ജോണ്‍സണ്‍'  ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയും ഏറ്റെടുത്തു. സസ്സെക്‌സിലെ ഡ്യൂക്കായ പ്രിന്‍സ് ഹാരിയ്ക്കും ഭാര്യ മെഗാന്‍ മാര്‍ക്ലെയ്ക്കും  മെയ് ആറാംതീയതി ആദ്യത്തെ ആണ്‍കുട്ടി ജനിച്ചു. ബ്രിട്ടനിലെ ഏഴാം കിരീടാവകാശിയാണ് ഈ കുഞ്ഞ്.

'ഉര്‍സുല വോന്‍ ഡെര്‍ 'എന്ന വനിത യൂറോപ്പ്യന്‍ യൂണിയന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതും 2019 ലെ സുപ്രധാന വാര്‍ത്തയായിരുന്നു. 'ജീന്‍ ക്ലോഡ് ജങ്കറിന്റെ' പിന്‍ഗാമിയായിട്ടാണ് അവര്‍ ഈ ഉന്നത പദവി അലങ്കരിക്കുന്നത്.   ആദ്യമായിട്ടാണ് ഒരു സ്ത്രീ യൂറോപ്പ്യന്‍ യൂണിയന്റെ തലപ്പത്ത് എത്തുന്നത്.  ബെല്‍ജിയത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ ഡിസംബര്‍ ഒന്നിന് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. രാഷ്ട്രീയ ജീവിതം ജര്‍മ്മനിയിലായിരുന്നു. 2005 മുതല്‍ 2019 വരെ ജര്‍മ്മന്‍ സര്‍ക്കാരിന്റെ പല ഔദ്യോഗിക ചുമതലകളും വഹിച്ചിരുന്നു. ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രറ്റിക്ക് പാര്‍ട്ടിയിലും ഈ അറുപത്തൊന്നുകാരി പ്രവര്‍ത്തിച്ചിരുന്നു.

ഫ്രാന്‍സില്‍ നോട്ടര്‍ഡാമിലുണ്ടായ  തീപിടുത്തം ലോകം മുഴുവന്‍ ശ്രദ്ധേയമാവുകയും പ്രധാന വാര്‍ത്തകളില്‍ ഒന്നാവുകയും ചെയ്തു.  850 വര്‍ഷം പഴക്കമുള്ള കത്തീഡ്രലാണ് അഗ്‌നിക്കിരയായത്. കത്തീഡ്രലിന്റെ മേല്‍ക്കൂര മുഴുവനായി കത്തി നശിച്ചിരുന്നു. തീപിടുത്തത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. കത്തീഡ്രലിന്റെ കാലാകാലങ്ങളായ  നവീകരണ പണികള്‍ തീപിടുത്തത്തിനു കാരണമാകാമെന്നും അനുമാനിക്കുന്നു. നോട്ടര്‍ഡാം കത്തീഡ്രല്‍ അഞ്ചുവര്‍ഷം കൊണ്ട് പുതുക്കി പണിയുമെന്ന് പ്രസിഡന്റ് 'ഇമ്മാനുവേല്‍ മാക്രോണ്‍' പ്രസ്താവിച്ചെങ്കിലും അതിന്റെ പണി തീരണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും  വസ്തു സംബന്ധമായ  വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

'കാട്ടുതീ' ബ്രസീലിലുള്ള ആമസോണ്‍ വനങ്ങള്‍ കത്തിയെരിയാന്‍ കാരണമായി. കഴിഞ്ഞ ഓഗസ്റ്റില്‍ ഉണ്ടായ തീപിടുത്തം ചരിത്രം കുറിക്കുന്നതായിരുന്നു. വനങ്ങള്‍ നശിപ്പിച്ച് കൃഷി ഭൂമിയാക്കുന്നതിലും വ്യവസായവല്‍ക്കരണം നടത്തുന്നതിലും അവിടെയുള്ള പരിസ്ഥിതി വാദികള്‍ 'പ്രസിഡന്റ് ജൈര്‍ ബോള്‍സെന്റൊ'യെ പഴി ചാരുന്നുണ്ട്.   തെക്കേ അമേരിക്കയിലെ ഒമ്പതു  രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണ്‍ വനങ്ങള്‍ ലോകത്തിലെ ഏറ്റവും വിസ്തൃതമായ വനം പ്രദേശങ്ങളാണ്. പരിസ്ഥിതി സംസ്‌ക്കരണത്തിന് ഏറ്റവുമധികം ഒച്ചപ്പാട് ഉണ്ടാവുന്ന പ്രദേശവുമാണ്, അവിടം.  ലോകത്ത് ആവശ്യമുള്ള 20 ശതമാനം ഓക്‌സിജന്‍ ഉത്ഭാദിപ്പിക്കുന്നത് ഈ വനഭൂമിയാണ്. അതുകൊണ്ട് ഈ പ്രദേശങ്ങളെ ഭൂഗോളത്തിന്റെ ശ്വാസനാളങ്ങളായി  അറിയപ്പെടുന്നു.

ബ്രെസീലില്‍ 2019 ജനുവരി പതിനഞ്ചിന് ബ്രൂമഡിന്യോ അണക്കെട്ടു പൊട്ടിയപ്പോള്‍ മുന്നൂറില്‍ പ്പരം ജീവനുകളാണ് ഒലിച്ചുപോയത്. എത്രപേര്‍ അപകടത്തില്‍ കുടുങ്ങിയെന്നു കൃത്യമായ ഒരു കണക്കും ലഭ്യമല്ല. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ  ദിനങ്ങളാണ് 2019 നല്‍കിയിട്ടു പോവുന്നത്. മണ്ണും വെള്ളവുമൊലിച്ചു സമീപ പ്രദേശങ്ങളിലെ വീടുകള്‍ മുഴുവന്‍ മൂടിപോയിരുന്നു.

2019  മാര്‍ച്ചു പതിനഞ്ചാം തിയതി ന്യൂസിലാന്‍ഡില്‍ രണ്ടു മുസ്ലിം ദേവാലയങ്ങളിലായി ആയുധ ധാരികള്‍ വെടിവെപ്പ് നടത്തി നിരവധി പേര്‍ മരിച്ചു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂര്‍ണ്ണമായ സംഭവമായിരുന്നു അത്. പ്രധാനമന്ത്രി  'ജസിന്ത ആര്‍ഡണ്‍ ' മോസ്‌ക്കില്‍  വന്നവരെയെല്ലാം ആലിംഗനം ചെയ്തുകൊണ്ട് അശ്വസിപ്പിക്കുന്നതും ഹൃദ്യമായിരുന്നു.   വെടിപ്പില്‍ 51 പേര്‍ മരിക്കുകയും  49 പേര്‍ മുറിവേല്‍ക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിലെ  ഇസ്‌ലാമിക സെന്ററില്‍ തോക്കു ധാരിയുടെ വെടിവെപ്പിനുശേഷം പ്രധാനമന്ത്രി 'ജസിന്ത ആര്‍ഡീന്‍'' ദേശീയ തലത്തില്‍ തോക്ക് കൈവശം വെക്കുന്നതു നിരോധിക്കുകയുമുണ്ടായി.

അമേരിക്കയില്‍ ആഗസ്റ്റ് മാസത്തിലുണ്ടായ രണ്ടു വെടിവെപ്പുകളും ഭീകരവും  ഭയഭരിതവുമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ഒന്ന് 'എല്പ്പാസായിലെ  'വെടിവെപ്പും അടുത്തത് ഒഹായോയിലുള്ള 'ഡേറ്റോണ്‍' എന്ന സ്ഥലത്തും വെടിവെപ്പുകള്‍ നടന്നു.  29 ആളുകളുടെ ജീവന്‍ അപഹരിക്കുകയും 50ല്‍ കൂടുതല്‍ ജനം മുറിവേല്‍ക്കുകയുമുണ്ടായി. 2019ലെ കണക്കനുസരിച്ച് 369 വെടിവെപ്പുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ടായിട്ടുണ്ട്. 28 കൂട്ടമരണങ്ങളും സംഭവിച്ചിട്ടുണ്ട്.

2019 ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി യുഎസ് ഓപ്പറേഷന്‍ സ്‌ക്വാഡില്‍ നിന്നും രക്ഷപെടാന്‍ കഴിയാതെ സ്വയം ദേഹത്തു ഘടിപ്പിച്ച ബോംബുസ്‌ഫോടനത്തില്‍  ഐഎസ്എസ് തീവ്ര സുപ്രീം കമാണ്ടര്‍ 'ബാഗ്ദാദി' ആത്മഹത്യ ചെയ്തു. അയാളോടൊപ്പം മൂന്നു മക്കളും മരണപ്പെട്ടു. ബാഗ്ദാദി രക്ഷപെടാന്‍ ശ്രമിക്കുന്ന സമയത്തും ജീവനുംകൊണ്ട് ഓടുമ്പോഴും ഉച്ചത്തില്‍  നിലവിളിക്കുന്നുണ്ടായിരുന്നു. 'ബാഗ്ദാദിയെ' തേടിയുള്ള അമേരിക്കന്‍ ഓപ്പറേഷന് പേരിട്ടത് 'കൈല മുള്ളര്‍' എന്നായിരുന്നു. കൈലയുടെ അമ്മ 'മാര്‍ഷാ മുള്ളര്‍' മകളുടെ പേരിലുള്ള ഓപ്പറേഷന്റെ പേരുകേട്ടപ്പോള്‍ കരഞ്ഞുപോയി. 'ദൈവമേ, 'കൈല' എത്ര നല്ല സമ്മാനമാണ് തങ്ങള്‍ക്കു തന്നിട്ടുപോയതെന്നും' ആ 'അമ്മ വിലപിച്ചുകൊണ്ടു പറഞ്ഞു. കൈല  2012മുതല്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി  സാമൂഹിക സേവനം ചെയ്യുകയായിരുന്നു. 2015ല്‍ അവര്‍ കൊല്ലപ്പെട്ടു.

ഏപ്രില്‍ ഇരുപത്തിയൊന്നാം തിയതി ശ്രീ ലങ്കയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയിലും മൂന്നു ആഡംബര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമം ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുന്നോറോളം പേരാണ് ആക്രമത്തില്‍ വെടിയേറ്റ് മരിച്ചത്. അഞ്ഞൂറില്‍ കൂടുതല്‍ ജങ്ങള്‍ക്കു  വെടിവെപ്പില്‍ പരിക്കേല്‍ക്കുകയുമുണ്ടായി. തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കുശേഷം ആദ്യമായിട്ടാണ് ഇത്രമാത്രം മനുഷ്യ കുരുതികള്‍ ശ്രീലങ്കയില്‍ സംഭവിച്ചത്.  മരിച്ചവരില്‍ നിരവധി വിദേശികളും ഇന്ത്യക്കാരുമുണ്ടായിരുന്നു.  അവരില്‍ ഒരു മലയാളിയുടെ ജീവനും നഷ്ടപ്പെട്ടു. 'നാഷണല്‍ തൗഹീദ്  ജമാഹത്തു' ഭീകരസംഘടനയില്‍ പെട്ട ഏഴു ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്.  സ്‌ഫോടനം നടത്തിയവരെല്ലാം ശ്രീലങ്കക്കാരായിരുന്നു.

ചന്ദ്രന്റെ ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളില്‍ ചൈനയുടെ വാഹനം എത്തിയതും  ശാസ്ത്രത്തില്‍ ചൈന കൈവരിച്ച  നേട്ടമായിരുന്നു. അതിവേഗം കുതിച്ചുപായുന്ന ചൈനയുടെ ശൂന്യാകാശ ടെക്കനോളജി സ്ഥാപിച്ചത് 2003ലാണ്. കഴിഞ്ഞ ജനുവരിയില്‍ ചൈനയുടെ റോ ബോട്ടിക്ക് സ്‌പേസ് വാഹനം, 'ചാങ്‌സ്4' ചന്ദ്രന്റെ ഇരുണ്ട ഭൂമിയിലിറങ്ങിയ ആദ്യത്തെ വാഹനമായിരുന്നു. സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും വാഹനങ്ങള്‍ ചന്ദ്രനില്‍ എത്തിയിട്ടുണ്ടെങ്കിലും ആ വാഹനങ്ങള്‍ ഭൂമിയോടഭിമുഖമായ പ്രദേശങ്ങളിലെയാണ് പടങ്ങള്‍ എടുത്തിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബര്‍ മാസം 'നാസാ'യുടെ ശൂന്യാകാശ സഞ്ചാരികളായ 'ക്രിസ്റ്റിന കോച്ചും' 'ജെസീക്ക മേയറും'  ശൂന്യാകാശത്ത്  ഏറ്റവും കൂടുതല്‍ 'നടത്തം'   പൂര്‍ത്തിയാക്കിയ ആദ്യത്തെ രണ്ടു സ്ത്രീകളായി ചരിത്രം കുറിക്കപ്പെട്ടു.  അമേരിക്ക ആദ്യമായി ശൂന്യാകാശ യാത്രക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ പദ്ധതിയിട്ടത് 1978ലാണ്. 1983ല്‍ സോവിയറ്റ് യൂണിയന്‍ രണ്ടു സ്ത്രീകളെ ശൂന്യാകാശത്ത് അയക്കുകയും ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 'കോച്ചും' 'മേയറും' 2013ലെ ശൂന്യാകാശ പരിശീലന ക്ലാസ്സില്‍ പ്രായോഗിക പരിജ്ഞാനം നേടിയവരാണ്. ആദ്യമായി സ്ത്രീ ജനങ്ങളില്‍നിന്നും ശൂന്യാകാശത്തില്‍  ഏറ്റവും കൂടുതല്‍ നടന്നുകൊണ്ടു ഉലാത്തിയവരും  ഇവര്‍ തന്നെ.

2019ല്‍  ആദ്ധ്യാത്മിക ലോകത്തില്‍ ഏറ്റവും ശ്രദ്ധപറ്റിയ  മഹത്‌വ്യക്തി ഫ്രാന്‍സീസ് മാര്‍പാപ്പാ തന്നെയാണ്.  ഫെബ്രുവരി മാസത്തില്‍ അദ്ദേഹം  യുഎഇ യും അറബിനാടുകളും സന്ദര്‍ശിക്കുകയുണ്ടായി.  ചരിത്രത്തിലാദ്യമാണ്  ഒരു മാര്‍പാപ്പാ അറബി നാട്ടിലെത്തുന്നത്. അബുദാബിയില്‍ എത്തിയ മാര്‍പാപ്പായെ അബുദാബി കിരീടാവകാശിയായ 'ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദ്'  സ്വീകരിച്ച് ആനയിക്കുകയുണ്ടായി. സര്‍വ്വ മത സമ്മേളനത്തിലും ലക്ഷക്കണക്കിന് ജനം പങ്കെടുത്തിരുന്നു. ലോക സമാധാനം ലക്ഷ്യമിട്ടായിരുന്നു മാര്‍പാപ്പായുടെ ഈ യാത്ര.  രണ്ടു വലിയ മതങ്ങളായ ഇസ്‌ലാമും ക്രിസ്തുമതവും  തമ്മിലുള്ള കൂടിച്ചേരലില്‍  അറബി ലോകം  സഹകരിക്കുകയും ചെയ്തു.   മതങ്ങള്‍  തമ്മിലുള്ള അകല്‍ച്ചകളും കുറയുന്നത് ഈ ആത്മീയ കൂട്ടായ്മകളില്‍ പ്രകടമായിരുന്നു.

ഹൃസ്വമായ ജീവിതമാണ് നമുക്കെല്ലാമുള്ളത്.  വിട പറയുന്ന 2019ല്‍ സ്‌നേഹമുണ്ടായിരുന്നു. ചിരിയും വെറുപ്പുമുണ്ടായിരുന്നു. വെറുപ്പിനെ നാം ഇല്ലാതാക്കണം. കഴിഞ്ഞതിനെപ്പറ്റി നാം ആകുലപ്പെടേണ്ടതില്ല! സുന്ദരമായ പ്രപഞ്ചകണികയില്‍  2020 സഞ്ചരിക്കട്ടെയെന്നും കാംഷിക്കുന്നു.   ശാന്തിയും സമാധാനവും എവിടെയും ലോകമെമ്പാടും വിതറട്ടെയെന്നും  അഭിലാഷിക്കാം! ഓരോ വര്‍ഷത്തിന്റെ ആരംഭവും മറ്റൊരു വര്‍ഷത്തിന്റെ അവസാനവുമാണ്.  ഗുഡ് ബൈ 2019! ആരംഭത്തിന്റെ പുതുവര്‍ഷം നന്മകള്‍ വിതക്കട്ടെ! മാറ്റങ്ങളുടെ മുഴക്കമേറിയ നവദിനങ്ങളുടെ  ശുഭാശംസകള്‍ ഏവര്‍ക്കും എന്റെ  പ്രിയപ്പെട്ട വായനക്കാര്‍ക്കും നേരുന്നു.

2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)2019 ലെ സംഭവജടിലമായ വാര്‍ത്തകള്‍, അവലോകനം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-12-27 22:32:41
ഒരു തിരശീലയിൽ   തെളിയുന്ന ചിത്രം പോലെ 
പ്രശസ്ത രാജ്യങ്ങൾ 2019 ലൂടെ കടന്നുപോയത് 
ശ്രീ പടന്നമാക്കൽ സാർ വിവരിച്ചിരിക്കുന്നു. 
അനർഗ്ഗളമായി ഒഴുകുന്ന ഭാഷാഭംഗിയിൽ 
സംഭവബഹുലമായ 2019 വിടപറയുന്നതിനു മുമ്പ് 
നമ്മെ സന്ദർശിച്ച പ്രതീതി. അഭിനന്ദനങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക