വിടരാത്ത പൂവിനു സുഗന്ധം ഇല്ല
വിടര്‍ന്ന പൂവിനു അതിന്റെ സുഗന്ധം സ്വന്തം അല്ല
വിടര്‍ന്നാല്‍ വിട പറയാതെ തിരികെ നോക്കാതെ
ഒരിക്കലും തിരികെ വരാതെ അകലുന്നു സുഗന്ധം
നീ എന്റേത് മാത്രം, എന്റെ സ്വന്തം എന്നു പൂ വിതുമ്പുന്നു
എന്നാല്‍ അനന്തതയിലേക്ക് സ്വയം ബലിയായി
എന്നേ അകന്നു സുഗന്ധം
ഞാന്‍ എന്റെ പോലും സ്വന്തം അല്ല,
ആരുടേയും സ്വന്തം അല്ല, എന്നു മന്ത്രിക്കുന്നു സുഗന്ധം
മണ്ണിലേക്ക് മടങ്ങുന്നു ഉണങ്ങി വീഴുന്ന പൂക്കള്‍
അനന്തതയില്‍ ലയിക്കുന്ന സുഗന്ധം നിത്യത നേടുന്നു
ജീവിതം പൂ പോലെ
കര്‍മ്മങ്ങള്‍ സുഗന്ധം പോലെ
മനുഷ്യര്‍ കാണാതെ എവിടെ എല്ലാം എത്രയോ പൂക്കള്‍ വിരിയുന്നു
എല്ലാം എല്ലാം എനിക്ക് വേണ്ടി എന്നു മൂഢന്‍ മനുഷ്യന്‍
എല്ലാ പൂക്കളും മനുഷ്യരേക്കാള്‍ ഉത്തമം
മതം ഇല്ല ആധി ഇല്ല വര്‍ണ്ണം ഇല്ല പൂക്കള്‍ക്ക്
ഞാന്‍ ഞാന്‍ എന്റെ സ്വന്തം എന്റേത് മാത്രം
എന്ന അനേകം ചങ്ങലകള്‍ കൊണ്ട് സ്വയം വിലങ്ങുകള്‍
പൂട്ടുന്നു മനുഷ്യര്‍
അവര്‍ ഒരിക്കലും സുഗന്ധം ആകുന്നില്ല
പൂവിനെപോലെ പൂഴിയില്‍ പൂണ്ട് നശിക്കുന്നു.
*********