പഴയതൊക്കെ എണ്ണിപ്പറഞ്ഞ് പുഴ കരയുകയായിരുന്നു
നാളേറെക്കൂടിയാണ് അവര്‍ തമ്മില്‍ കാണുന്നത്
അറിഞ്ഞുപെയ്ത മഴയുടെ മറക്കുടയ്ക്കുള്ളില്‍
അവളും കണ്ണീരടക്കാന്‍ പാടുപെട്ടു.
അവള്‍ പോയ ശേഷം പുഴയെ കേള്‍ക്കാന്‍
ആരുമുണ്ടായിരുന്നില്ലത്രേ!
അപ്പോഴാണ് പുഴയുടെ നെഞ്ചില്‍ വീഴുന്ന
മഴത്തുള്ളികള്‍ തിളച്ചുമറിയുന്നതവള്‍ കണ്ടത്.
മഴകൊണ്ട് മറച്ചുപിടിച്ച അവളുടെ മനസ്സും
തിളച്ചു തൂവുകതന്നെയായിരുന്നു!
ഇവിടെയാണവള്‍ കുട്ടിക്കാലത്തിന്റെ
കൊച്ചു സങ്കടങ്ങള്‍ കഴുകിക്കളഞ്ഞത്
കവിളില്‍ ചുവപ്പിട്ട കൗമാരസ്വപ്നങ്ങള്‍ ഒഴുക്കിവിട്ടത്
ഒരുകുടക്കീഴില്‍ സ്വപ്നം നെയ്തു നടന്നു നീങ്ങുന്ന
യൗവ്വനങ്ങള്‍ കണ്ട് വെറുതെ കൊതികൊണ്ടത്.
പുഴയ്ക്കും പറയാനേറെയുണ്ടായിരുന്നു
കാറ്റിലാടുന്ന ആറ്റുവഞ്ചികള്‍ കൂട്ടുകാരായത്
വായാടിപ്പെണ്ണുങ്ങളുടെ പരദൂഷണക്കഥകേട്ട് ചിരിച്ചത്
വെയിലില്‍ മദിച്ചുനില്‍ക്കുന്ന കരിമ്പാറക്കൂറ്റനെ പ്രണയിച്ചത്
തന്റെ ആഴങ്ങളില്‍, ഒരു കുഞ്ഞുജീവന്‍ പൊലിഞ്ഞപ്പോള്‍
പുഴ ഒഴുകാന്‍ മറന്ന് നിശ്ചലമായത്
കടന്നു പോകുമ്പോഴൊക്കെയും അച്ഛന്‍കണ്ണുകളില്‍
എരിഞ്ഞ പകയില്‍ പുഴ വരണ്ടുണങ്ങിപ്പോയത്
അമ്മക്കണ്ണുകള്‍ ഒഴുക്കിയ കണ്ണുനീരില്‍
പുഴയുടെ ഹൃദയം വെന്തുപോയത്.
ഈയിടെയായി നിത്യവും മദംപൊട്ടിക്കലിപൂണ്ട്
കലങ്ങിയൊഴുകുന്ന പുഴയെ സ്വപ്നംകണ്ട്
ഞെട്ടിയുണരാന്‍ തുടങ്ങിയപ്പോഴാണ്
അവള്‍ ഈ മടക്കയാത്രയ്‌ക്കൊരുങ്ങിയത്.
ഇപ്പോള്‍ അവളും പുഴയും പരസ്പരം
കണ്ണില്‍ കണ്ണു നട്ടിരിക്കുകയാണ്
മൗനവേഗങ്ങളില്‍ മഴയുടെ താളങ്ങളില്‍ അവര്‍ വീണ്ടും
നെഞ്ചിടിപ്പറിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുകയാണ്!