Image

അതിരുകള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 15 January, 2020
അതിരുകള്‍ (കവിത: മഞ്ജുള ശിവദാസ്)
മാത്രകള്‍ക്കൊണ്ടത്ര നിഷ്പ്രയാസം
തകര്‍ത്തീടുവനാമോ മനുഷ്യബന്ധം.
അത്രയും നേര്‍ത്തൊരു കണ്ണിയാണോ
മര്‍ത്യരെത്തമ്മില്‍ക്കൊരുത്ത സ്‌നേഹം.

അതിതീവ്രദേശീയബോധം മനുഷ്യരില്‍
അര്‍ബുദം പോലെപ്പടര്‍ന്നിടുമ്പോള്‍,
ലഹരിയായുള്ളില്‍ നുരയ്ക്കും മതഭ്രമം
മര്‍ത്യ മസ്തിഷ്കം ഭരിച്ചിടുമ്പോള്‍,

പിളരുന്നതംബരച്ചോട്ടില്‍ സ്വയം
മുളച്ചുടലറിയാതെപ്പടര്‍ന്ന ബന്ധം.
അണയുന്നതാരും കൊളുത്താതെ കത്തി
പ്രകാശം ചൊരിഞ്ഞതാം സ്‌നേഹദീപം.

അതിരുകള്‍ക്കോരോ പുറത്തുമായ് നാം
ബദ്ധശത്രുക്കളായതെന്നാര്‍ക്കുവേണ്ടി?
ചുറ്റിപ്പിണഞ്ഞു പടര്‍ന്ന ബന്ധങ്ങളെ
വെട്ടിപ്പിളര്‍ന്ന വ്യാമോഹികള്‍ക്കായ്.

ഹൃത്താല്‍ക്കൊരുത്തതന്നറ്റുപോയി
ഉറ്റവര്‍ പറ്റം പിരിഞ്ഞു പോയി.
വെട്ടിപ്പകുത്തവര്‍ മാഞ്ഞെങ്കിലും,നിണം
പൊടിയുമാമുറിവുകളില്‍ നിന്നുമെന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക