Image

ഈ രാജകുമാരനും രാജകുമാരിക്കും സംഭവിക്കുന്നത്...(പകല്‍ക്കിനാവ് 184: ജോര്‍ജ് തുമ്പയില്‍)

Published on 23 January, 2020
ഈ രാജകുമാരനും രാജകുമാരിക്കും സംഭവിക്കുന്നത്...(പകല്‍ക്കിനാവ് 184: ജോര്‍ജ് തുമ്പയില്‍)
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം എന്നൊന്നും ആരും വിചാരിക്കേണ്ട. കാരണം, ഇതൊരു വലിയ ലോകകാര്യം തന്നെയാണ്. റോയല്‍ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്ലിന്റെയും കാര്യമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഇരുവരും രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം അടുത്തിടെ പ്രഖ്യാപിച്ചതോടെ, ഞെട്ടിയതു ലോകമാണ്. ഭാരതത്തില്‍ അശോകചക്രവര്‍ത്തിയും ശ്രീബുദ്ധനുമൊക്കെ ഇങ്ങനെ രാജകീയ പദവി വിട്ടെറിഞ്ഞിട്ട് പോയിട്ടുണ്ടെങ്കിലും ആധുനികലോകത്തില്‍ ഇത്തരമൊരു കാഴ്ച ഇത് ആദ്യത്തേതായിരുന്നു. ഈ രാജകുമാരനും രാജകുമാരിക്കും എന്തു സംഭവിച്ചുവെന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. അവര്‍ രാജകീയ ആഡംബരത്തില്‍ നിന്നും മാറി സാധാരണക്കാരില്‍ സാധാരണക്കാരായി മാറാന്‍ പോകുന്നുവെന്നതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.

ഞെട്ടിക്കുന്ന വാര്‍ത്തയുടെ അര്‍ത്ഥം രണ്ടുപേര്‍ക്കും രാജകീയ പദവികള്‍ നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല, കിരീടത്തില്‍ നിന്ന് "പരമാധികാര ഗ്രാന്റ്' വഴി അവര്‍ക്ക് മേലില്‍ പണം ലഭിക്കുകയില്ലെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. "സാമ്പത്തികമായി സ്വതന്ത്രരാകാന്‍' അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ബ്രിട്ടനില്‍ നിന്നുള്ള വാര്‍ത്ത. അങ്ങനെ വന്നാല്‍, അവര്‍ക്കു പുറത്തു ജോലി ചെയ്യാനും അതുവഴി സമ്പാദിക്കാനും അവര്‍ യോഗ്യരാകും. 2016 നവംബര്‍ മുതല്‍ പരസ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഇരുവര്‍ക്കും ശ്രദ്ധേയമായ റെസ്യൂമെകളുണ്ട്. ഹാരി രാജകുമാരന്റെ മുഴുവന്‍ തലക്കെട്ടും വെയില്‍സ് രാജകുമാരന്‍ ഹെന്‍റി എന്നാണ്, വെയില്‍സിലെ ചാള്‍സ് രാജകുമാരന്റെയും വെയില്‍സിലെ അന്തരിച്ച രാജകുമാരി ഡയാനയുടെയും മകന്‍ എന്നാണ് അദ്ദേഹം രാജകീയ പദവികള്‍ വലിച്ചെറിഞ്ഞാലും  അറിയപ്പെടുന്നത്. വില്യം രാജകുമാരന്റെ മുപ്പത്തഞ്ചുകാരനായ ഈ ഇളയ സഹോദരന്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം കൂടുതല്‍ സമയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ലോകപ്രശ്‌നങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്നു. പരിക്കേറ്റ, രോഗികളായ സേവന ഉേദ്യാഗസ്ഥര്‍ക്കായുള്ള കായിക ഇനമായ ഇന്‍വിക്റ്റസ് ഗെയിമുകളും അദ്ദേഹം നടത്തുന്നു.

ഹാരി രാജകുമാരന്റെ എല്ലാ അംഗീകാരങ്ങളിലും, അദ്ദേഹത്തിന്റെ വിശ്വാസത്തിനും പാരമ്പര്യത്തിനും പുറമേ, അദ്ദേഹത്തിന്റെ ആസ്തി 40 മില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. അതില്‍ പിതാവ് ചാള്‍സ് രാജകുമാരന്റെ വാര്‍ഷിക അലവന്‍സും അന്തരിച്ച അമ്മ ഡയാന രാജകുമാരിയില്‍ നിന്നുള്ള അവകാശവും ഉള്‍പ്പെടുന്നു. ഭാര്യയുടെ പശ്ചാത്തലവും ശ്രദ്ധേയമാണ്. ആരാണ് ഈ മേഗന്‍ എന്ന് അറിയാമോ? മുഴുവന്‍ പേര്, റേച്ചല്‍ മേഗന്‍ മെര്‍ക്കല്‍ (ജനനം ഓഗസ്റ്റ് 4, 1981) അമേരിക്കന്‍ നടിയും, മനുഷ്യത്വ പ്രചാരകയും മുന്‍ ലൈഫ്‌സ്‌റ്റൈല്‍ ബ്ലോഗറും മോഡലുമാണ്. 2017 നവംബറില്‍ ഹാരി രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തെത്തുടര്‍ന്ന്, മേഗന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായി. തുടര്‍ന്ന് അഭിനയജീവിതത്തില്‍നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലാണ് മേഗന്‍ ജനിച്ചതും വളര്‍ന്നതും. 2003ല്‍ തീയേറ്റര്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നിവയില്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.

ഗെറ്റ് ഹിം ടു ദി ഗ്രീക്ക് ആന്റ് റിമമ്പര്‍ മി, 2011 ല്‍ പുറത്തിറങ്ങിയ ഹൊറിബിള്‍ ബോസ് എന്നീ രണ്ട് ചിത്രങ്ങളില്‍ മേഗന്‍ പ്രത്യക്ഷപ്പെട്ടു. റിമമ്പര്‍ മി എന്ന ചിത്രത്തിലെ അഭിനയത്തിന് 187,000 ഡോളറും ദ കാന്‍ഡിഡേറ്റ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് 171,429 ഡോളറും പ്രതിഫലം നേടിയത്രേ. ഹിറ്റ് ടിവി ഷോയായ "സ്യൂട്ട്‌സ്' എന്ന സിനിമയില്‍ റേച്ചല്‍ സെയ്ന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മേഗന്‍ ശ്രദ്ധേയയാവുന്നത്. കൂടാതെ, മറ്റ് ചില ജനപ്രിയ ഷോകളായ "സിഎസ്‌ഐ: മിയാമി', '90210' എന്നിവയിലും അവര്‍ പ്രത്യക്ഷപ്പെട്ടു. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ മേഗന്‍ ഒരു ഫ്രീലാന്‍സ് കാലിഗ്രാഫിസ്റ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍, ടിവി താരത്തിന് "സ്യൂട്ടുകള്‍' എന്ന എപ്പിസോഡിന് 50,000 ഡോളറില്‍ കൂടുതല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വളര്‍ന്നുവരുന്ന അഭിനയ ജീവിതത്തിനു പുറമേ, സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കും മറ്റു ബ്രാന്‍ഡിങ് ഡീലുകള്‍ക്കുമായി മേഗന്‍ പ്രതിവര്‍ഷം 80,000 ഡോളറിനു മേല്‍ സമ്പാദ്യമുണ്ടത്രേ. ആത്യന്തികമായി, നിലവില്‍ അവരുടെ റോയല്‍ ഹൈനെസ്, ഡച്ചസ് ഓഫ് സസെക്‌സ് എന്ന് വിളിക്കപ്പെടുന്ന മേഗന്റെ മൂല്യം 5 മില്യണ്‍ ഡോളറിനു മുകളിലാണ്.

ബ്രിട്ടീഷ് രാജവാഴ്ചയില്‍ നിന്ന് ഈ ദമ്പതികള്‍ ഔദ്യോഗികമായി പിന്മാറുകയാണെങ്കിലും, അവര്‍ക്ക് ഇതിനകം തന്നെ ആവേശകരമായ നിരവധി തൊഴില്‍ അവസരങ്ങള്‍ അണിനിരന്നിട്ടുണ്ട്. മേഗന്‍ അടുത്തിടെ ഡിസ്‌നിയുമായി ഒരു വോയ്‌സ്ഓവര്‍ കരാര്‍ ഒപ്പിട്ടു. കൂടാതെ, നിരവധി ബ്രാന്‍ഡ് അംബാസിഡര്‍ ആകാനുള്ള കരാറുകളും ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. കുഞ്ഞിനെ വളര്‍ത്തുന്ന സമയത്ത് ബ്രിട്ടനിലും അമേരിക്കയിലും ചെലവഴിക്കാനാണു മേഗന്റെയും ഹാരിയുടെയും തീരുമാനം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങുന്ന ഇവര്‍ ജനഹൃദയങ്ങളിലേക്കാണ് കുടിയിറങ്ങുന്നത്. വില്യം രാജകുമാരനേക്കാള്‍ ജനകീയ പിന്തുണയുള്ളതും ഹാരിക്കു തന്നെ. ഇവര്‍ കൂടുതല്‍ സമയവും ജനങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുടുതല്‍ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ഹാരിയും മേഗനും സൃഷ്ടിക്കാന്‍ പോകുന്നതും പുതിയൊരു സന്ദേശമാണ്. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്ക് എന്ന തരത്തിലുള്ള ഒരു മേച്ചില്‍പ്പുറമല്ലെങ്കില്‍ കൂടി...

Join WhatsApp News
നിങ്ങളും ഒരു രാജ കുമാരന്‍ അല്ലേ! 2020-01-23 18:49:18
നിങ്ങളും ഒരു രാജ കുമാരന്‍, ഞാനും, നമ്മള്‍ എല്ലാം രാജ കുമാരനും കുമാരിയും രാജാവും രാഞ്ഞിയും. പിന്നെ എന്തിനു ആണ് വെറുതെ വല്ലവരുടെയും പൊക്കി കാണിക്കുന്നത് - നാരദന്‍
M. A. ജോർജ്ജ് 2020-01-24 12:21:42
രാജാവ് എന്നും രാജാവ് തന്നെ. ജനഹൃദയങ്ങളിൽ അവരുടെ സ്ഥാനം പ്രഥമം തന്നെ. അലിഖിത നിയമ സംവിധാനത്തിന്റെ തലപ്പത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ഈ രാജത്വം അനേകം ജനതകളുടെ ആത്മാവിഷ്ക്കാരമാണ്. അവർ അതിനെ ഭവ്യമായി തന്നെ കൊണ്ടു നടക്കുന്നു. എനിക്കതിൽ അസൂയ ഉണ്ട്. പക്ഷെ പറഞ്ഞീട്ട് എന്തു കാര്യം. തുമ്പയിലിന് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക