Image

ഡല്‍ഹി വിമാനത്താവളത്തിലെ പോലീസുകാരനും പൗരത്വ നിയമവും (ത്രിശങ്കു)

Published on 08 February, 2020
ഡല്‍ഹി വിമാനത്താവളത്തിലെ പോലീസുകാരനും പൗരത്വ നിയമവും (ത്രിശങ്കു)
ബുക്കര്‍ പ്രൈസ് കിട്ടിയ, പിന്നീട് ഹോളിവിഡ് സിനിമയാക്കിയയ ലൈഫ് ഓഫ് പൈ എന്ന നോവലില്‍ തിരുവനന്തപുരം മ്രുഗശാാലയും മൂന്നാറുമൊക്കെ വിവരിക്കുന്നുണ്ട്. അതിന്റെ രചയിതാവ് കാനഡയില്‍ നിന്നുള്ള യാന്‍ മാര്‍ട്ടല്‍ ആമുഖത്തില്‍ പറയുന്നത് ആകെ സ്ഥിതി മോശമായിരിക്കുമ്പോള്‍ (സാമ്പത്തികമായി) ആശ്വാസത്തിനു ഇന്ത്യയിലേക്കു പോകുകയായിരുന്നു എന്നാണ്. അവിടെ ചെലവ് കുറവ് എന്നത് ഒരു കാരണം. മടങ്ങി വന്ന ശേഷമാണു വന്‍ വിജയമായ ഈ പുസ്തകം എഴുതിയത്.

ത്രിശങ്കു ഇന്ത്യയില്‍ പോയതും സമാന ലക്ഷ്യത്തോടെയാണ്.മനസിനും ശരീരത്തിനും നവോന്മേഷം കിട്ടണം.

കിട്ടിയോ എന്നു ചോദിച്ചാല്‍ കുറെ അനുഭവങ്ങള്‍ കിട്ടി എന്ന് ഉത്തരം. ഏതാനും ദിവസത്തെ യാത്രയില്‍ ഇത്രയധികം അനുഭവങ്ങള്‍ ഉണ്ടാവുമോ എന്നു അതിശയം തോന്നുന്നു. നല്ല അനുഭവവും ചീത്ത അനുഭവവും.

അതിലൊന്നാണു ഡല്‍ ഹി വിമാനത്താവളത്തിലെ എക്‌സിറ്റില്‍ കാവലിരിക്കുന്ന പോലീസുദ്യോഗസ്ഥന്‍. പ്രായമുള്ളതിനാല്‍ പോലീസ് മൂത്ത് എസ്.ഐ. ആയതാണെന്നുറപ്പ്.

ത്രിശങ്കുവും ഭാര്യയും മകളും ട്രോളിയും ഉന്തി വാതില്ക്കലെത്തുന്നു. ഭാര്യയെയും മകളെയും അവിടെ നിര്‍ത്തിയിട്ട് പുറത്ത് ടാക്‌സി വന്നോ എന്നു പോയി നോക്കി. വന്നിട്ടുണ്ട്. തിരിച്ച് കയറി ട്രോളി എടുക്കണം.

പക്ഷെ അയാള്‍ അമറി, 'നീച്ചേ.' ട്രോളിയും കുടുംബത്തെയും ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അയാള്‍ അമറല്‍ തുടര്‍ന്നു, 'നീച്ചെ.'

എന്താണ് ഈ നീച്ചെ? ഊപ്പര്‍, നീച്ചെ എന്നു ഹിന്ദി പഠിച്ചിട്ടുണ്ട്. ഇവിടെ അതിന്റെ അര്‍ഥം മനസിലായില്ല. വല്ല തെറിയുമാണോ?

ത്രിശങ്കുവിനു ഒരു ഊശാന്താടി ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നൂ വന്ന വല്ല മുസ്ലിമും ആയിരിക്കുമെന്ന് അയാള്‍ കരുതിയിരക്കാം. മതം നോക്കി ഒക്കെയാണല്ലൊ ഇന്ത്യയില്‍ കാര്യങ്ങള്‍.

എന്തായാലും അയാളോടു മല്ലടിക്കാതെ ഭാര്യയും മകളും ട്രോളി ഉന്തി പുറത്തു വന്നു.

ചെറിയ ഒരു സംഭവം. അന്നേരേ മറക്കേണ്ടതാണ്. എന്നിട്ടും അത് മനസില്‍ ഉടക്കി കിടക്കുന്നു. നീച്ചെ പറയുന്നതിനു പകരം അയാള്‍ക്ക് പറയാമായിരുന്നു ഇവിടെ നോ എന്റ്രി ആണ്, തിരിച്ചു കയറാന്‍ പറ്റില്ല. അതിന്റെയും ആവശ്യമില്ല, അയാളുടെ കണ്മുന്നിലാണു എല്ലാം നടക്കുന്നത്. ട്രോളിയും വലിച്ച് ഉടന്‍ സ്ഥാലം വിട്ടു കൊള്ളുമെന്ന് അയാള്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ല. എന്നിട്ടും അയാളുടെ നീചമായ അധികാരം കാണിച്ചു.

ഇതിപ്പോള്‍ പറയാന്‍ കാരണമുണ്ട്. ഇന്ത്യാക്കാര്‍ പൗരത്വം തെളിയിക്കാന്‍ രജിസ്ട്രാറെ നിയമിക്കുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതായത് ഉദ്യോഗസ്ഥരുടെ മുന്നില്‍ പോയി പൗരനാണെന്നു തെളിയിക്കണം.

നിയമം കടുകിട ലംഘിക്കാതെ എല്ലാം കീത്താബില്‍ പറയുന്ന പോലെ ചെയ്യണം എന്നു കരുതുന്ന ഉദ്യോഗസ്ഥരായിരിക്കുമല്ലോ പൗരത്വം പരിശോധിക്കുന്നത്. ആ രേഖയില്ല, ഈ രേഖയില്ല, എന്നു പറഞ്ഞു പൗരത്വം നിഷേധിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.

ഇത്തരക്കാരുടെ മുന്നില്‍ ഇന്ത്യന്‍ പൗരനെ എറിഞ്ഞു കൊടുക്കണോ?

അമേരിക്കയില്‍ ഉദ്യോഗസ്ഥര്‍ ഇരിക്കുന്നത് ജനത്തെ സഹായിക്കാന്‍ വേണ്ടിയാണ്- പറ്റുമെങ്കില്‍. ഇന്ത്യയിലോ? ജനത്തെ ഭരിക്കാന്‍ വേണ്ടി. ജനത്തിനു ഉപകാരം ചെയ്യുന്ന, സ്വന്തം ജോലി ആത്മാര്‍ഥതയോടെ ചെയ്യുന്ന എത്ര ഉദ്യോഗസ്ഥരുണ്ട്?

ഒ.സി.ഐ. കാര്‍ഡിന്റെ കാര്യത്തില്‍ നാം കണ്ടു കൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ നിയമം ഉണ്ടാക്കും. ഉദ്യോഗസ്ഥര്‍ അതിനു നൂറു വ്യാഖ്യാനമുണ്ടാക്കി ജനത്തെ ദ്രോഹിക്കും. അവര്‍ക്ക് പറയാന്‍ രാജ്യ സുരക്ഷ മുതല്‍ നൂറു ന്യായമുണ്ടായിരിക്കും.

പൗരത്വം പരിശോധിക്കണമെന്നു ബി.ജെ.പിക്കും ആര്‍.എസ്.എസിനുമാണു നിര്‍ബന്ധം. ഒരു തെറ്റുമില്ല. നിങ്ങള്‍ വന്ന് പരിശോധിക്കുക. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുക. നിങ്ങളാവുമ്പോള്‍ കാര്യങ്ങള്‍ പറയാം. ഒരു പക്ഷെ വ്യക്തിപരമായി അറിയാവുന്നവരുമായിരിക്കാം.

പൗരത്വ നിയമത്തെ ആരാണ് എതിര്‍ക്കുന്നത്? വിദേശികളെ കണ്ടെത്താന്‍ സര്‍വ ഇന്ത്യാക്കാരുടെയും പൗരത്വം പരിശോധിക്കണമെന്നു പറയുന്നതില്‍ എന്താണു യുക്തി? അതു പോലെ ഇത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് എതിരായ നീക്കമാണെന്നു അവര്‍ വിശ്വസിക്കുന്ന സ്ഥിതി വന്നതിനു ആരാണു ഉത്തരവാദി?
Join WhatsApp News
Sudhir Panikkaveetil 2020-02-08 15:38:56
സായിപ്പുമാർ 1947 ൽ പോയെങ്കിലും അവരുടെ പ്രേതങ്ങൾ മറ്റുള്ളവരെ അടിമകളായി കാണുന്നു. പൗരത്വ നിയമത്തെക്കാൾ പൗരന്മാരുടെ അവകാശങ്ങളെ മാനിക്കുമെന്ന ഒരു നിയമമാണ് വേണ്ടത്.
Joseph Abraham 2020-02-09 12:48:29
താങ്കളുടെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ് . അമേരിക്കയിലെ ഗവർമെന്റ് ഉദ്യോഗസ്ഥരുടെ മുൻപിൽ ഒരാൾ വന്നാൽ എങ്ങിനെ അയാളുടെ അപേക്ഷ സ്വീകരിച്ചു കാര്യങ്ങൾ നടത്തിക്കൊടുക്കാമെന്നാണ് നോക്കുക . ഇന്ത്യയിൽ നേരെ തിരിച്ചാണ് എങ്ങിനെയാണ് ഒരു അപേക്ഷ തള്ളാമെന്നാണ് അവർ ആദ്യം പരിശോധിക്കുക . ആളുകളെ ഒരു കാര്യത്തിനുവേണ്ടി പലവുരു നടത്തുക . വാഷിങ്ങ്ടൺ ഡി സി യിൽ കോൺസുലേറ്റിൽ ചെന്ന എന്റെ ബന്ധുവിൻറെ അപേക്ഷയിൽ പാസ്‌പോർട്ടിന്റെ ഒരു ഫോട്ടോ സ്റ്റാറ്റു കോപ്പിയുടെ കുറവുണ്ടായിരുന്നു . നല്ലൊരു തുക ഫീസിനത്തിൽ വാങ്ങുന്ന കോൺസുലേറ്റ് ഒരു ഫോട്ടോ കോപ്പി അവിടുത്തെ മെഷീനിൽ നിന്ന് എടുത്തുകൊടുക്കാൻ തയ്യാറില്ല . അതിനുവേണ്ടി മാത്രം അയാൾക്ക്‌ ഒന്നരമൈൽ ദൂരം പോകേണ്ടിവന്നു . തിരിച്ചു വന്നു വീണ്ടും ടോക്കൺ എടുത്ത് കുറെ അധികം നേരം വീണ്ടുമൊരു ഊഴത്തിനായി കാത്തിരിക്കേണ്ടിവന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക