ശ്രീ സി. ആന്‍ഡ്രുസ് കവിയും, തത്വചിന്തകനും, വിമര്‍ശകനും, നിരൂപകനുമൊക്കെയാണ്. ഇമലയാളിയുടെ പ്രതീകരണകോളങ്ങളെ സജീവമാക്കുന്നത് ശ്രീ ആന്‍ഡ്രുസ്സാണ്. നിറകുടം തുളുമ്പില്ലെന്ന് പറയുന്നപോലെ ശ്രീ ആന്‍ഡ്രുസ് ഒന്നും അവകാശപ്പെട്ടു മുന്നോട്ട് വരുന്നില്ല. അതേസമയം ഭാഷയോടും, സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിപത്തിയും സമീപനവും അനുകരണീയമാണ്.
അമേരിക്കന്‍ മലയാളസാഹിത്യത്തില്‍ എഴുതുന്നവര്‍ സ്വന്തം ഭൂമിയില്‍ അദ്ധ്വാനിച്ച് വിളയിച്ചെടുത്ത ഫലങ്ങള്‍ അങ്ങാടിയില്‍ കൊണ്ടുപോയി ഒന്നു പോലും വില്‍ക്കാതെ തിരിച്ചുവരുന്ന കര്‍ഷകരെപോലെയാണ്. പക്ഷെ മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷകന്‍ അവന്റെ അദ്ധ്വാനം തുടരുന്നു.
ഇമലയാളി അവാര്‍ഡ് കിട്ടിയ എഴുത്തുകാര്‍ക്ക് കാഷ്അവാര്‍ഡ് കൊടുക്കണമെന്നൊന്നും ഇവിടത്തെ ധനികനായ മലയാളിക്ക് തോന്നുന്നില്ല. എന്നാല്‍ നാട്ടിലെ ഏതെങ്കിലും എഴുത്തുകാര്‍ക്ക് കൊടുക്കാന്‍ തയ്യാറുമാണ്. നമ്മളാല്‍ കഴിയുന്നത് ചേര്‍ത്ത് ഒരു തുക സ്വരൂപിച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് കൊടുക്കാമെന്ന ഈ ലേഖകന്റെ അഭിപ്രായത്തോട് ആര്‍ക്കും യോജിപ്പുണ്ടായില്ല. ഇമലയാളിയുടെ ഈ സംരംഭത്തെ സഹായിക്കാനും ആര്‍ക്കും താല്‍പ്പര്യം കാണുന്നില്ല. അതേസമയം നാട്ടിലെ ഒരു പത്രമോ, സംഘടനയോ അങ്ങനെ ഒരു പരിപാടി ഒരുക്കിയാല്‍ അവിടെ പോയി എല്ലാ ചിലവും വഹിക്കാന്‍ ഇവിടെയുള്ളവര്‍ പലരും തയ്യാറാണ്.
ഇവിടെയുള്ള സംഘടനകളും നേതാക്കളും നാട്ടിലുള്ളവരെ സഹായിക്കാന്‍ ഉല്‌സുകരാണെന്നു പത്രങ്ങള്‍ പറയുന്ന അറിവില്‍ നിന്നെഴുതുകയാണ്. നാട്ടിലെ പ്രമുഖ വ്യക്തികളുമൊത്ത് പടമെടുത്ത് സായൂജ്യം അടയുക എന്നാണത്രെ അതിന്റെ പിന്നിലെ രഹസ്യം. പടം പത്രത്തില്‍ വരുന്നത് ഇത്ര വലിയ ആനക്കാര്യമാണെന്ന് അമേരിക്കയില്‍ വന്നപ്പോഴാണറിയുന്നത്. സംഘടനകളുടെ പേര് അവസാനിക്കുന്നത് നോര്‍ത്ത് അമേരിക്കയെന്നാണല്ലോ. നോര്‍ത്ത് അമേരിക്ക എന്ന ഇംഗളീഷ് വാക്കുകളുടെ ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ എടുക്കുമ്പോള്‍ "ന" കിട്ടും. പിന്നെ എന്തെങ്കിലും പറയുമ്പോള്‍ മലയാളി പറയുന്ന "ആ" കൂടെ ചേര്‍ന്നാല്‍ ആനയായി. അപ്പോള്‍ ആനക്കാര്യം ഓ.കെ.
ഇമലയാളിയുടെ അവാര്‍ഡ് ഒഴികെ എഴുത്തുകാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്ന ഒന്നും ഇവിടെയില്ലെന്നുള്ളത് വ്യസനകരമാണ്. എന്നിട്ടും എഴുത്തുകാര്‍ എഴുതുന്നു. ഇനി ശ്രീ ആന്‍ഡ്രുസ്സിന്റെ കവിതകള്‍ ഒന്ന് പരിശോധിക്കാം.
ജീവിക്കാനുള്ള പിടിവള്ളി
ആക്ഷേപഹാസ്യപ്രധാനമാണ് ഈ കവിത. ആക്ഷേപഹാസ്യങ്ങളുടെ പ്രത്യേകത ആദ്യം അത് നമ്മെ ചിരിപ്പിക്കുന്നു. പിന്നെ ചിന്തിപ്പിക്കുന്നു. സറ്റയര്‍ എന്ന ഇംഗളീഷ് വാക്ക് ഉണ്ടായത് ലാറ്റിന്‍ വാക്കില്‍ നിന്നാണ്. ലാറ്റിനില്‍ അതിന്റെയര്‍ത്ഥം വര്‍ണ്ണശബളമായ ഫലങ്ങള്‍ നിറച്ച്‌വച്ചിരിക്കുന്ന താമ്പാളം എന്നത്രെ. കണ്ടാസ്വദിക്കാം, കഴിക്കാം, ഫലത്തിന്റെ വ്യത്യാസം പോലെ ഫലമുണ്ടാകയും ചെയ്യും.
ഈ കവിതയില്‍ ആന്‍ഡ്രുസ് കൊടുക്കുന്ന ബിംബം കൊക്കിന്റെയാണ്. കൊക്ക് മഹാസൂത്രശാലിയാണ്. കൊക്ക് ഒറ്റക്കാലില്‍ നില്‍ക്കുന്നത് അതിന്റെ പ്രതിബിംബം വെള്ളത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു വടി പോലെ മീനുകള്‍ക്ക് തോന്നിക്കാനാണ്. പാവം മീനുകള്‍ പേടിക്കാനില്ലെന്ന ഭാവത്തില്‍ അടുത്തുവരുമ്പോള്‍ കൊക്ക് രണ്ടുകാലും ഊന്നി മീനിനെ കൊത്തിപ്പറക്കുന്നു.
യോഗിയെപോലെ എന്നും കവി പറയുന്നുണ്ട്. പുരാണങ്ങളിലെ യോഗികള്‍ യോഗാഭ്യാസമുറകള്‍ ശീലിച്ച് ജീവിച്ചിരുന്നു. ഇന്ന് അതൊരു ഉപജീവനമാര്‍ഗമായി, അല്ലെങ്കില്‍ ധനികനാകാനുള്ള മാര്‍ഗം. കൊക്കും ചെയ്യുന്നത് ഒരു തരം തപസ്സാണ്. ഇതിലെല്ലാം സുഖം തേടിയുള്ള പ്രയാണമാണ്. കൊക്കിന്റെ ഭാവം നമ്മെ കബളിപ്പിക്കുന്നു. കൊക്കിന്റെ ഏകാഗ്രത മീനുകള്‍ കരക്കടുക്കുന്നുണ്ടോ എന്നാണു. നമ്മള്‍ കരുതുന്നു കൊക്കു ധ്യാനത്തിലാണെന്നു. ഒരു മീന്‍ പ്രത്യക്ഷപെടുമ്പോള്‍ അതിന്റെ ഭാവം മാറുന്നു. മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് സ്വന്തം ജീവിതം ധന്യമാക്കുക.
ഈ കവിതയിലെ നായകന്‍ ഈ ജന്മത്തിലെ തെറ്റ് മനസ്സിലാക്കി. ധ്യാനം, യോഗ മുതലായ നല്ല കര്‍മ്മങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക് എങ്ങനെ ഉപയോഗിക്കാമെന്ന് അയാള്‍ തിരിച്ചറിയുന്നു. അതായത് കത്തനാരാകുക. കൊക്കിനെപ്പോലെ നിന്ന് വേട്ടയാടുക. കൊക്കിനെ കത്തനാര്‍ക്കുള്ള പ്രതിമാനമാക്കിയതില്‍ ശ്രീ ആന്‍ഡ്രുസ്സിന്റെ ഫലിത പ്രയോഗ മികവ് തെളിഞ്ഞുനില്‍ക്കുന്നു ദൈവത്തിന്റെ പേരുപറഞ്ഞാല്‍ ജനം അവന്റെ ബുദ്ധി പറയുന്നവന് പണയം വയ്ക്കുന്നു. പിന്നെ അവനെ ചൂഷണം ചെയ്യാന്‍ എളുപ്പം. ദൈവീകമായ ഒരു പദവി കളങ്കപ്പെടുത്തുന്നതിനെ പരിഹസിച്ചിരിക്കുന്നു. വായനക്കാരന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്തവിധം അവര്‍ക്ക് പരിചിതമായ ബിംബങ്ങളിലൂടെ.
ജീവന്റെ സഞ്ചാരം
ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ കണ്ടുമുട്ടുന്നത് നമ്മള്‍ക്കിഷ്ടമില്ലാത്തവരെയാകുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നു, നാം തെറ്റായ പാത തിരഞ്ഞെടുത്തോ എന്ന്. അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ “റോഡ് നോട്ട് ടേക്കണ്‍” എന്ന കവിതയില്‍ രണ്ട് വഴികള്‍ കാണുമ്പോള്‍ ഏതു വഴി തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം കവിക്കുണ്ടായതായി വിവരിക്കുന്നുണ്ട്. ശ്രീ ആന്‍ഡ്രുസ് പറയുന്നത് നമ്മള്‍ ആഗ്രഹിക്കാത്ത പാതയിലൂടെ സഞ്ചരിച്ചതുകൊണ്ട് നമുക്ക് ഇഷ്ടമില്ലാത്തവരെ നമ്മള്‍ കണ്ടുമുട്ടി. നമ്മള്‍ ആഗ്രഹിക്കുന്ന പാതയിലൂടെ നമ്മള്‍ സഞ്ചരിക്കുന്നില്ല. ഈ പാതകളില്‍ നമ്മെ ആരാണ് നടത്തുന്നത്.? ഇതാണ് കവിയുടെ ചോദ്യം. ഈ ചോദ്യം വളരെ പ്രസക്തമാണ്. അദൃശ്യമായ ഒരു നിയന്ത്രണം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നു.
ആ ശക്തി നമ്മെ വെറും ഒരു പാവയാക്കുന്നോ? ഒരു പാവക്കൂത്തുകാരന്റെ കൈവിരലുകളില്‍ തൂങ്ങുന്ന വെറും പാവ. ഇതു ജീവിതത്തിന്റെ ഒരു സമസ്യയാണ്. ഇതെങ്ങനെ പൂരിപ്പിക്കുമെന്നു കവി പറയുന്നില്ല. ഒരു ചോദ്യത്തില്‍ അത് അവസാനിപ്പിക്കുന്നു. അതേസമയം ആ നൂലുകള്‍ പൊട്ടിച്ച് നമ്മള്‍ സ്വാതന്ത്രരായാലെ നമുക്ക് ഇഷ്ടമുള്ള പാത സ്വീകരിക്കാന്‍ കഴിയു എന്നും പറയാതെ പറയുന്നു. ഈ പാതകളില്‍ നമ്മെ ആരാണ് നടത്തുന്നത് എന്ന മായയിലേക്ക് മനസ്സ് തിരിഞ്ഞുപോയാല്‍ പിന്നെ ലക്ഷ്യം കാണല്‍ ഉണ്ടാകില്ല മറിച്ച് പാതയോരത്ത് തന്നെ ജന്മം അവസാനിക്കുമെന്നും ധ്വനിയുണ്ട്. അറിവില്ലായ്മകൊണ്ട് തെറ്റായ പാത തിരഞ്ഞെടുക്കുന്ന വ്യക്തി പരാജയപ്പെടുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ശക്തി ഉണ്ടെങ്കില്‍ അതും ആ ശക്തിയുടെ പരാജയം മാത്രം.
എന്റെ ജീവിതം
ഈ കവിത ജീവിതത്തെ ഒരു ചിത്രത്തോട് ചേര്‍ത്ത് വച്ച് പരിശോധിക്കുകയാണ്. ജീവിതം ജീവിച്ചു തീര്‍ന്നാല്‍ പിന്നെ അതിനെ വീണ്ടും പുതുക്കുന്നതിന് എന്തര്‍ത്ഥം എന്ന് കവി നമ്മെ ബോധ്യപ്പെടുത്തുകയാണ്. അതിനെ ചില്ലുകൂട്ടില്‍ പ്രദര്ശിപ്പിക്കുന്നതിനോടും കവിക്ക് യോജിപ്പില്ല. നിറക്കൂട്ടുകളും,തൂലികയും ഉപയോഗശൂന്യമായി. വീണ്ടും അത് പുനര്‍ജീവിപ്പിച്ചാല്‍ തന്നെ അതിനെ കോടിമുണ്ട് പുതപ്പിച്ച് കിടത്തേണ്ടി വരും. അപ്പോള്‍ എന്താണ് ചെയ്യേണ്ടത് , കവിയുടെ വാക്കുകള്‍ "അതിരുകളില്ലാത്ത ചട്ടക്കൂട്ടില്ഞാേനാ ചിത്രത്തിനിടം കൊടുക്കും". പൂര്‍ണ്ണമായി വരച്ചു തീര്‍ന്ന ചിത്രത്തില്‍ പിന്നെയും വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് അതിനെ അലങ്കോലമാക്കണ്ട. ഒരു ദാര്‍ശനിക തലവും ഇതില്‍ കാണാം. വാര്‍ദ്ധക്യത്തില്‍ എത്തുന്നവര്‍ ചായം തേച്ച് നരയകറ്റാനും, യവന തുടിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും നടത്തുന്നത് പാഴ്വേലയാണ് നല്ല ഒരു ജീവിതം ജീവിതം ജീവിച്ച് തീര്‍ത്തതില്‍ സന്തോഷിക്കയാണ് വേണ്ടത്. ആ ജീവിതത്തിനു അതിരു കല്‍പ്പിക്കാതിരിക്കുക. ജീവിതത്തിന്റെ ഉദ്ദേശ്യം സന്തോഷം മാത്രമല്ല സഫലീകരണമാണ്. ഷേക്കസ്ഫിയരുടെ ഒരു ഉദ്ധരണി ഇങ്ങനെ പരിഭാഷ ചെയ്യുന്നു. ജീവിതത്തില്‍ നേടിയത് ചെയ്തുകഴിഞ്ഞതാണ്, സന്തോഷത്തിന്റെ ആത്മാവ് ചെയ്തുകൊണ്ടിരിക്കുന്നതിലാണ് സ്ഥിതിചെയ്യുന്നത്. അതെ സഫലീകരണമാണ് ജീവിതം. താഥ്വികമായി വളരെ അര്‍ഥങ്ങള്‍ ഉള്‍കൊള്ളുന്നു ഈ കവിതയില്‍.
ശുഭം