Image

ആ നിമിഷത്തിന്റെ നിര്‍വ്രുതിയില്‍ (പ്രണയാനുഭവം: സി. ആന്‍ഡ്രൂസ്)

Published on 13 February, 2020
ആ നിമിഷത്തിന്റെ നിര്‍വ്രുതിയില്‍ (പ്രണയാനുഭവം: സി. ആന്‍ഡ്രൂസ്)
( A Valentaine’s day special)

“What is love? You look at her, she looks at you? No. love is when you both look at the world together and the world says they look nice together.”

(വാലന്റയിന്‍ദിവസം ആഘോഷിക്കുമ്പോള്‍ പ്രഥമപ്രണയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ ഉണ്ടാകും. പ്രശസ്ത എഴുത്തുകാരനും, വേദപുസ്തകത്തെ ആസ്പദമാക്കി രചിച്ച വിജ്ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളുടെ രചയിതാവും, കലാ-സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യവുമായ ശ്രീ ആന്‍ഡ്രൂസ് യൗവ്വനാരംഭത്തിലെ പ്രണയാനുഭവങ്ങളെപ്പറ്റി പറയാന്‍ ഇ-മലയാളിക്ക് വേണ്ടി വാലന്റൈയിന്‍ദിനത്തില്‍ അദ്ദേഹത്തിന്റെ മനസ്സു തുറക്കുന്നു. ഇമലയാളിക്ക് വേണ്ടി തയ്യാറാക്കിയത് സുധീര്‍ പണിക്കവീട്ടില്‍.


ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസ്സുകള്‍ ആന്റോയ്ക്ക് (Anto) (യഥാര്‍ത്ഥ പേരല്ല) മറ്റു വിദ്യാര്‍ഥികളില്‍ നിന്നും രസകരമായി അനുഭവപ്പെടാന്‍ കാരണം അപ്പോള്‍ മറ്റു ക്ലാസ്സുകളില്‍ നിന്നുമെത്തുന്ന സുന്ദരിമാരാണ്. അതില്‍ ആഗ്നസ്സ് (യഥാര്‍ത്ഥ പേരല്ല) പ്രഥമദ്രുഷ്ടിയില്‍ അദ്ദേഹത്തിന്റെ പ്രണയിനിയായി. അവര്‍ പരസ്പരം അനുരാഗബദ്ധരായി, റോമിയൊ ഏന്റ് ജൂലിയറ്റ് പഠിപ്പിക്കുന്ന സാറിനു ക്ലാസ്സില്‍ നടക്കുന്ന പ്രണയനാടകങ്ങളെ കുറിച്ച് നല്ലപോലെ അറിയാം. സുന്ദരനായ ആന്റോ കോളേജിലെ സകല പെണ്‍കുട്ടികളുടേയും ഹ്രുദയസ്പന്ദനമാണു. ആന്റോവിനെ നോക്കി ''അറിയുന്നില്ലേ ഭവാന്‍" അറിയുന്നില്ലേ എന്ന ഭാവത്തോടെ പെണ്‍കുട്ടികള്‍ ഏതൊ മാസ്മര ലഹരിയില്‍ എല്ലാം മറന്ന് മാറത്ത്  പുസ്തകങ്ങള്‍ അടക്കി അങ്ങനെ നടക്കുന്നത് കൂട്ടുകാര്‍ക്ക് ആന്റൊവിനെ കളിയാക്കാന്‍ വിഷയമായിരുന്നു. പഠിപ്പിക്കുന്ന സാറും ആന്റൊ എന്ന സുന്ദരനെ പെണ്‍കുട്ടികള്‍ മനസ്സ് കൊണ്ട് ആരാധിക്കുന്ന കാര്യം പൊടി വലിക്കുന്ന പോലെ വലിച്ച് കയറ്റി ചിലപ്പോള്‍ ക്ലാസ്സില്‍ തുമ്മാറുണ്ട്.. നാടകത്തിലെ ഓരോ സംഭാഷണത്തിലും റോമിയോ-ജൂലിയറ്റിനു പകരം ആന്റൊ-ആഗ്നസ്സ് ആയി അദ്ദേഹം മാറ്റുന്നത് സഹപാഠികള്‍ക്ക് വിനോദം പകര്‍ന്നുകൊടുത്തു. വൈകിയെത്തിയ ആഗ്നസ്സ് ക്ലാസ്സിലേക്ക് കടക്കുന്ന നേരത്തായിരിക്കും റോമിയോ-ജൂലിയറ്റിലെ ബാല്‍ക്കണി സീന്‍ സാര്‍ വിവരിക്കുന്നത്. ആ അവസരം പാഴാക്കാതെ സാര്‍ പറയും. അവിടേക്ക് നോക്കു അതാണു കിഴക്ക്, ആഗ്നസ്സാണു സൂര്യന്‍. (  It is the east and Juliet is the sun ) ആ സൂര്യപ്രകാശം മുഴുവന്‍ തട്ടുന്നത് ആന്റോവിന്റെ മുഖത്താണു. ആന്റോവിന്റെ ദിവസം ആരംഭിക്കുന്നത് ആഗ്നസ്സ് എന്ന സൂര്യന്‍ ഉദിക്കുമ്പോഴാണു്.,ആഗ്നസ്സിന്റെ മുഖം ലജ്ജയാല്‍ തുടുത്തു. അപ്പോള്‍ സാര്‍ പറയുന്നു. അവളുടെ കവിളിലെ ശോഭ നക്ഷത്രങ്ങളെ ലജ്ജിപ്പിക്കുന്നു, പകല്‍ വെളിച്ചം ദീപങ്ങളെയെന്നപോല്‍.(The brightness of  of her cheek would shame those stars/As daylight doth a lamp). കുട്ടികളെ ഒന്നുകൂടി രസിപ്പിക്കാന്‍ സാര്‍ വീണ്ടും ഒരു ഫലിതം പൊട്ടിച്ചു. നായകന്‍ നായികയോട് ചോദിച്ചു. Shall I print a kiss on your cheek? നായികയുടെ മറുപടി ; Yes, but do not publish it ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി..

ആഗ്നസ്സ് ആന്റൊവിന്റെയെന്ന് എല്ലാവരും ഉറപ്പിച്ചതുകൊണ്ട് ആഗ്നസ്സിനു മറ്റു പൂവ്വാലന്മാരുടെ ശല്യം ഉണ്ടായില്ല. അവര്‍ രണ്ടു പേരും ഇണപ്രാവുകളെപോലെ കോളേജ് കാമ്പസ്സിലെ തണല്‍മരങ്ങള്‍ക്ക് ചുറ്റും കൂടി. പ്രേമാമ്രുതചഷകങ്ങള്‍ മോന്തികുടിച്ച്് മദോന്മത്തരായി, അനുരാഗ ലഹരിയില്‍ ആമഗ്നരായി. കൈനഖവും കടിച്ചുകൊണ്ട് അതുവഴി കടന്നുപോയ മറ്റ് പെണ്‍കുട്ടികള്‍ അവരെ അസൂയയോടെ നോക്കി. ആന്റോവിന്റെ മനസ്സില്‍ ആഗ്നസിനെ "ഒന്ന് തൊടാനൊരു മോഹം'' ഇടക്കിടെ തലപൊക്കി. കോളേജില്‍ നിന്നും തിരിട്ട് പോക്ക് ഒരുമിച്ചാണ്. ബസ്സിറങ്ങി വിജനമായ വഴികളിലൂടെയുള്ള നടത്തം. അപ്പോഴൊക്കെ മനസ്സ് കൊതിച്ചെങ്കിലും അതിനു മുതിര്‍ന്നില്ല. ആഗ്നസ്സ് അത് ഒരിക്കലും ഇഷ്ടപ്പെടുകയില്ല എന്ന് ആന്റൊ വിശ്വസിച്ചു. എല്ലാ പെണ്‍കുട്ടികളും അങ്ങനെയല്ലേ? വിവാഹം വരെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതല്ലേ? വിവാഹത്തിനു ശേഷം ഒരാള്‍ ആ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു. പാവം സ്ത്രീയുടെ അടിമത്വം കൊച്ചിലെ ആരംഭിച്ച്് മരണം വരെ തുടരുന്നു.

പള്ളിമേടയുടെ കനത്ത മതിലുകള്‍ അരിക് വക്കുന്ന റോഡിലൂടെ ഒരുമിച്ച് നടക്കുമ്പോള്‍ റബ്ബര്‍ മരങ്ങളെ തഴുകിയെത്തുന്ന മന്ദമാരുതന്‍ ഏതൊ പ്രണയഗാനം മൂളുന്നു. വേനല്‍ സൂര്യന്‍ ചായുന്ന കുന്നിന്‍ചരുവുകളുടെ ഭംഗിയില്‍ പരിസരം ആകര്‍ഷകമാകുന്നു. ഒരു  സിനിമ സംവിധായകനു നായികാ-നായകന്മാരെ യുഗ്മഗാനം പാടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം. ആന്റൊ പാടി " കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചരുവിലെ കുയില്‍കിളി ഇണക്കുയില്‍കിളി, നിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോ നിയന്ത്രിക്കാനാവത്ത പ്രണയദാഹം, എന്നോട് പറയു നീ, എന്തെങ്കിലും ഒന്നു സമ്മതിക്കൂ...... ആഗനസ്സിന്റെ ചുണ്ടില്‍ ഒരു ചിരിയുടെ പാല്‍പ്പത. അവളുടെ കണ്ണുകള്‍ വികസിച്ചു. അവള്‍ക്കതിഷ്ടമായെന്ന് ആന്റൊ മനസ്സിലാക്കി. ചുറ്റും പച്ചിലകാടുകള്‍ തിങ്ങി നില്‍ക്കുന്ന ഏകാന്തമായ ഇടവഴികളിലൂടെ ദിവസേനെയുള്ള നടത്തം. അന്നൊന്നും തോന്നാത്ത ഒരു അഭിനിവേശം അപ്പോള്‍ ആന്റോവിനുണ്ടായി. വളരെ ചുരുക്കം ആളുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആ വഴി മോഹങ്ങള്‍ കട്ടെടുക്കാന്‍ എല്ലാ ഒത്താശകളും ചെയ്യുന്നുണ്ട്. എന്നിട്ടും അങ്ങനെ ഒരു പരാക്രമത്തിനു ആന്റൊ മുതിരാതിരുന്നത് പെണ്ണിന്റെ  പവിത്രതയില്‍ ഉള്ള വിശ്വാസമാണു. ഒരു കാമ്പസ്സ് വിനോദം പോലെ ഈ പ്രേമം അവസാനിച്ചാല്‍ ആഗ്നസ്സിനു ഒന്നും നഷ്ടപ്പെടരുത്.

നല്ല ചിന്തകള്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ വേണ്ടാത്ത മോഹങ്ങള്‍ മറഞ്ഞുപോയി. അപ്പോഴാണു ആഗനസ്സ് പറഞ്ഞത് . ആന്റൊ ആ പാട്ടിന്റെ  വരികള്‍ ഒന്നു കൂടി പാടൂ. നീ അത് പാടുമ്പോള്‍ കൂടുതല്‍ സുന്ദരനാകുന്നു. അത് പറയുമ്പോള്‍ അവളുടെ കടക്കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കുറുനിരകള്‍ പാറി കളിക്കുന്ന അവളുടെ കവിളുകളില്‍ അരുണിമ നിറഞ്ഞിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന പോലെ ആന്റോവിനു തോന്നി. സുന്ദരിമാരുടെ സാമീപ്യം യൗവ്വനത്തിലെ അനുഭൂതിയാണു. മന്ദാക്ഷമധുരമായ മന്ദഹാസത്തോടെ അവള്‍ ചോദിച്ചു.  ആ കാണുന്ന മരത്തിന്റെ ചുവട്ടില്‍ ഒരു കയ്യില്‍ മുന്തിരിചഷകവുമായി ഒമര്‍ഖയ്യാമിനെപോലെ എന്നോടൊത്ത് പ്രേമഗാനങ്ങള്‍ പാടിയിരിക്കാന്‍ നിനക്ക് മോഹമില്ലേ? ആന്റോവിന്റെ മനസ്സില്‍ ചപല വ്യാമോഹങ്ങള്‍ കൂമ്പാരം കൂടാന്‍ തുടങ്ങി. ആന്റൊ ആ പാട്ട് ഒന്നു കൂടി പാടി. പെട്ടെന്നാണു അതു സംഭവിച്ചത്. ഒരു വലിയ കിതപ്പോടെ ആഗ്നസ്സ് ആന്റോവിനെ കെട്ടിപിടിച്ചു. അവള്‍ മുഖമുയര്‍ത്തി ആന്റൊവിന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി. ആന്റോവിന്റെ മുഖം അവളിലേക്ക് കുനിഞ്ഞു. യുഗങ്ങളുടെ ദൈര്‍ഘ്യം അവരുടെയിടയില്‍ സ്തംഭിച്ചു. ചേക്കേറുന്ന പക്ഷികള്‍ അവര്‍ക്ക് മംഗളഗീതങ്ങള്‍ പാടി. പരിസരബോബോധം മറന്നു അവര്‍ നിന്നു. സന്ധ്യമയങ്ങാന്‍ തുടങ്ങി.. ചക്രവാളങ്ങളില്‍ ചുവപ്പു പരന്നു. ആഗ്നസ്സിന്റെ ചുണ്ടുകള്‍ ചുവന്നിരുന്നു. ആദ്യാനുഭൂതിയില്‍ നിറഞ്ഞ മനസ്സുമായി അവര്‍ നിശ്ശബ്ദം നടന്നു. വഴി പിരിയുമ്പോള്‍ മുഖത്തോട് മുഖം നോക്കാന്‍ കഴിയാതെ യാത്ര പറഞ്ഞു തിരിഞ്ഞു നോക്കാതെ അവരവരുടെ വീടുകളിലെക്ക് മടങ്ങി.

(കഥയുടെ അന്ത്യം: ആഗ്നസ്സും ആന്റോയും കല്യാണം കഴിച്ചില്ല.ജീവിത യാത്രയില്‍ അവര്‍ വേറെ പങ്കാളികളെ സ്വീകരിച്ചു. അവരുടെ കുടുംമ്പജീവിതത്തില്‍  ആ ആദ്യചുംബനം ഒരു പ്രശ്‌നവും സ്രുഷ്ടിച്ചില്ല)

Join WhatsApp News
എന്‍റെ പ്രിയന്‍ 2020-02-15 17:19:42
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. 4 അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5 ഞാൻ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിൻ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിൻ. 6 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ. 7 യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു. 8 അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു. 9 എന്റെ പ്രിയൻ ചെറുമാനിന്നും കലകൂട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു. 10 എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക. 11 ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12 പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 13 അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേൽക്ക; എന്റെ സുന്ദരീ, വരിക. 14 പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു. 15 ഞങ്ങളുടെ മുന്തിരത്തോട്ടങ്ങൾ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ. 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവന്നുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയക്കുന്നു. 17 വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുർഘടപർവ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.
പ്രണയം മൂത്താല്‍ 2020-02-15 17:21:22
ത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 2 ഞാൻ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാൻ പറഞ്ഞു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ല താനും. 3 നഗരത്തിൽ സഞ്ചരിക്കുന്ന കാവൽക്കാർ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാൻ അവരോടു ചോദിച്ചു. 4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോൾ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാൻ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. 5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണർത്തുകയുമരുതു.
പ്രിയേ നിന്‍റെ ... 2020-02-15 17:23:20
ന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു. 2 നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു. 3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. 4 നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ. 5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. 6 വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. 8 കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക. 9 എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. 10 എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! 11 അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. 12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. 13 നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, 14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവർഗ്ഗവും തന്നേ. 15 നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. 16 വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
vayanakaaran 2020-02-16 14:38:19
അമേരിക്കൻ മലയാളികളുടെ ചെറുപ്പത്തിലെ പടവും ഇപ്പോഴത്തെ പടവും കാണുമ്പോൾ കാലം എത്ര ക്രൂരൻ എന്ന് തോന്നിപ്പോകുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല മനുഷ്യരുടെയൊക്കെ അതെന്നെ ഗതി. പക്ഷെ പ്രണയം എന്നും യൗവ്വനയുക്തനായി തരുണനായി കഴിയുന്നു. ആൻഡ്രു പ്രണയം നിങ്ങളിൽ നിറഞ്ഞു നിൽക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക