ഫിലാഡല്‍ഫിയ: ഏതാനും മാസങ്ങളായി വിവിധ മലയാളി ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരുടെ തുടര്‍ച്ചയായുള്ള വഴി പിഴച്ച ജീവിതവുംതന്മൂലം നിത്യ ദുരിതത്തിലേക്ക് വഴുതിവീണ നിരാശരും നിരാലംബരുമായ സാധുവിശ്വാസികളുടെ അലമുറയുടെ മാറ്റൊലിയുമാണ് മാദ്ധ്യമങ്ങളില്‍.
ആഗോളതലത്തില്‍ വിവിധവിഭാഗങ്ങളിലായി 210 കോടി ക്രിസ്ത്യാനികളും 190 കോടി മുസ്ലീമുകളും 90 കോടി ഹിന്ദുക്കളുമടക്കം മറ്റനേകം മതങ്ങളും ഉണ്ട്. ഈ മതങ്ങളിലെല്ലാം വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ലക്ഷക്കണക്കിനു വേദാനുസാരികളും പുരോഹിതരും പൂജാരികളും കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നു.
അപ്രതീക്ഷിതവും വിനാശകരവുമായ പ്രകൃതിക്ഷോഭത്തെതുടര്‍ന്നും അനിയന്ത്രിതമായി ക്രൂര ആരവത്തോടെ അരങ്ങേറുന്ന കൊറോണ വൈറസ്‌പോലെ പല പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവത്തെ തുടര്‍ന്നും നിരീശ്വരരുടെ നിഗൂഢ സത്രമായ കമ്മ്യൂണിസ്റ്റ് ചൈന അടക്കം വിവിധ രാജ്യങ്ങളില്‍ ഈശ്വര വിശ്വാസികള്‍ വര്‍ദ്ധിക്കുന്നതു മതനേതാക്കള്‍ ഒരു ചാകരയായി കരുതരുത്. കേരളം ദൈവത്തിന്റെ നാടെന്നു മൗഢ്യമായി മനശുദ്ധിയില്ലാതെ നിരാശങ്കമായി പറയുന്നതു അസത്യമായും അഭാസമായും തോന്നുന്നു.
ശാന്തിക്കാരന്‍ ഭഗവാന്റെയും ഭക്തന്മാരുടേയും ഇടനിലക്കാരന്‍ അഥവാ മദ്ധ്യസ്ഥന്‍ മാത്രമാണെന്നും വ്യക്തിജീവിതത്തില്‍ ഇടപെടരുതെന്നുമാണു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത്. കുലദൈവങ്ങളുടേയും പരദൈവങ്ങളുടേയും സാങ്കല്പിക പ്രഭാവാവലയത്തില്‍ ലൗകീകത പരിപൂര്‍ണ്ണമായി പരിത്യാഗം ചെയ്തു കര്‍മ്മാനുഷ്ടാതികള്‍ നടത്തുന്ന മലയാളി മണ്ണിലെ ചില പുരോഹിതര്‍ കാമദേവന്‍ തൊടുത്തുവിട്ട കാമബാണം ഏറ്റവരായി ലൈംഗിക സംതൃപ്തിക്കായി വിശ്വസിച്ചു ഏല്‍പ്പിക്കപ്പെട്ട സ്വന്തം സമൂഹത്തിലെ അടക്കം, പല വനിതകളേയും വശീകരിക്കുന്ന സംഭവപരമ്പരകള്‍ ഇപ്പോള്‍ നിത്യ വാര്‍ത്തയായി മാറി.
ക്രിസ്ത്യന്‍ വിഭാഗം അടക്കം എല്ലാ മതങ്ങളും പൗരോഹിത്യപരമായ കൃത്യനിര്‍വഹണത്തിനുവേണ്ടി അനേക വര്‍ഷം ക്ലാസ്സുകളും ക്രിയാത്മകമായ പരിശീലനവും ലഭിക്കുന്നതിനാലും ആരേയും ആകര്‍ഷിയ്ക്കത്തക്ക വാക്ചാതുര്യവും ഉള്ളതിനാല്‍ നിഷ്പ്രയാസം സ്ത്രീകളെ വശീകരിച്ചു വശത്താക്കുന്നു. 1978-ല്‍ മരിച്ച അമേരിക്കന്‍ തീവ്ര വിശ്വാസ ലീഡര്‍ ജിം ജോണ്‍സിന്റെ കപടമായ ആത്മിക പ്രഭാഷണങ്ങള്‍ ശ്രവിച്ച് പാപപരിഹാരത്തിനുവേണ്ടി പിന്‍തുടര്‍ന്ന ആയിരക്കണക്കിനുള്ള നിര്‍ദ്ദോഷികളില്‍ 912 വിശ്വാസികളെ പൊട്ടാസ്യം സയനൈഡ് കലക്കിയ നാരങ്ങാവെള്ളം കൊടുത്തു കൊന്നതിനു തുല്യമാണ് കുമ്പസാരകൂട്ടില്‍ മുട്ടുമടക്കിയ വീട്ടമ്മമാരെ പരിഗ്രഹിക്കുന്നതും അവരുടെ ഗാര്‍ഹീക ഭദ്രതയും കുടുംബതേജസും വെറും വെണ്ണീറായി മാറ്റുന്നതും.പുരോഹിതരുടെ ഈ പ്രവണതയെ സമൂഹം ശക്തമായി എതിര്‍ക്കണം.
വ്യക്തിത്വത്തെ ഹനിക്കുന്ന ഗുണമോ ദോഷമോ ആയ വിവരങ്ങള്‍ കുമ്പസാരമദ്ധ്യേ വെളിപ്പെടുത്തുന്നതു ഗൗരവകരമായി തോന്നുന്നു. ആരും ആരുടേയും അന്തര്‍ഭാവം അറിയുന്നില്ല. മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കും നിലവിലുള്ള വിപത്തുക്കളെ വിശദീകരിക്കുന്നതോടൊപ്പം ശക്തമായ മുന്നറിയിപ്പും നല്‍കുന്നതും ഉചിതമായിരിക്കും. സത്യകുമ്പസാരത്തിന്റെ സാരഥ്യം സാന്മാര്‍ഗ്ഗത്തിലേക്കും സല്‍കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി പാപമോചന പ്രാപ്തി പ്രാപിക്കുവാനാണ്.
ക്രിസ്ത്യന്‍ വിഭാഗത്തിലെ അധാര്‍മ്മിക ചേഷ്ടകളുടെ മുഖ്യകാരണം സുഖലോലുപമായ ജീവിതചര്യയും ഭരണതലത്തില്‍ നിന്നുമുള്ള മൃദു സമീപനവുമാണ്. ഭരണവും ഭദ്രതയും ഭക്തിയുമില്ലാത്ത ഭദ്രാസനങ്ങള്‍ ക്രിസ്തീയ വിഭാഗത്തില്‍ വളരെയായി. ഭദ്രാസനാധിപന്റെ ആധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള കീഴ്ജീവനക്കാരായ പുരോഹിതരുടെ അധര്‍മ്മങ്ങള്‍ അമേരിക്കയും യൂറോപ്പുമടക്കം എല്ലാ മലയാളി ക്രിസ്ത്യന്‍ വിഭാഗത്തിലും അനിയന്ത്രിതമായി അരങ്ങേറുകയാണ്.
സത്യസന്ധമായ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഉടനെ പുരോഹിത ഉപജാപകകൂട്ടം സംഘടിച്ചു രുദ്രതാണ്ഡവം നടത്തി ഭദ്രാസനാധിപനെ ബ്ലാക്‌മെയില്‍ ചെയ്തു നശിപ്പിക്കുന്ന പ്രവണതയുടെ ഉദാഹരണങ്ങള്‍ പലതായി. ശിവനേയും വിശ്വാമിത്രനേയും വശീകരിച്ച പാര്‍വ്വതി മേനകമാര്‍ ഇപ്പോള്‍ വിരളമല്ല.
നൂറ്റിപത്തിലധികം പള്ളികളുള്ള ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ 45 വര്‍ഷത്തിലധികം സ്ഥലം മാറ്റപ്പെടാത്ത വൃദ്ധരും അശേഷം അനങ്ങാത്ത സ്വാര്‍ത്ഥമതികളുമായ അനേകം വൈദീകര്‍ സധൈര്യം വിഹരിയ്ക്കുന്നു. സാധാരണ സഭകളിലെപ്പോലെ 3 വര്‍ഷ കാലാവധയില്‍ ഈ പുരോഹിതര്‍ വസിയ്ക്കുന്ന അതേപട്ടണത്തില്‍തന്നെ സൗകര്യാര്‍ത്ഥം ട്രന്‍സ്ഫര്‍ ചെയ്യാതിരുന്നാല്‍ പല വിപത്തുകളും കേരളാ സ്റ്റൈലിലും മറ്റു രൂപത്തിലും ഭാവത്തിലും സമീപഭാവിയില്‍ തന്നെ കാണാം.
ഭദ്രാസന അധിപന്റെ ആധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള പുരോഹിതരുടെ അധര്‍മ്മങ്ങള്‍ അമേരിയ്ക്കയില്‍ അനുദിനം വര്‍ദ്ധിക്കുന്നു. ദേവാലയങ്കണത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വെറും ഏഴ് വയസ്സ് മാത്രം പ്രായം ഉള്ള സ്വന്തം പെറ്റമ്മയുടെ മടിയിലിരുന്ന പെണ്‍കുട്ടിയുടെ സമക്ഷം മലയാള ഭാഷയിലെ ഏറ്റവും ഹീനമായ അശ്ലീല പദങ്ങളും സ്ത്രീപീഡനഭാഷയും ഉപയോഗിച്ച് യുവതിയായ അമ്മയെ ഭീഷണിപ്പെടുത്തി. ഇടവകജനങ്ങളില്‍ പലരും ഉടനെ പോലീസില്‍ പരാതിപ്പെടുവാന്‍ നിര്‍ബന്ധിച്ചെങ്കിലും സത്ഗുണ സമ്പന്നയായ കുട്ടിയുടെ മാതാവ് സഹ ഇടവഗാംഗത്തിന് അമേരിയ്ക്കന്‍ നിയമാനുസരണം അനേകം വര്‍ഷം ജയിലില്‍ ശക്ഷയുള്ളതിനാല്‍ മാനേജിംഗ് കമ്മിറ്റിയോടും വികാരിയോടും ഇടവക മെത്രാപ്പോലീത്തായോടും പരാതിപ്പെട്ടു. ഭരണ സമിതി ഐക്യകണ്‌ഠേന സത്വര നടപടി സ്വീകരിയ്ക്കുവാന്‍ തീരുമാനിയ്ക്കുകയും ചെയ്തു. ഭദ്രാസനാധിപന്റെ ആജ്ഞയേയും ഭരണസമിതിയുടെ തീരുമാനത്തേയും നിര്‍ദ്ദാക്ഷിണ്യം നിരസിച്ചു കുറ്റാരോപിതനായ പ്രതിയെ ദേവാലയത്തിന്റെ വിവിധ തസ്തികകളില്‍ നിയമിച്ചു.
വയലാര്‍ രാമവര്‍മ്മ‘റിബേക്ക’ എന്ന ചിത്രത്തിനുവേണ്ടി ബൈബിള്‍ വചകങ്ങള്‍ ഉദ്ധരിച്ചു എഴുതിയ ഗീതം ഇവിടെ സത്യമാകുകയാണ്.
''ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ല കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ.... കരുണയാണല്ലോ
കപട ഭക്തരേ പരീശ്വരേ
നിങ്ങള്‍ക്ക് മുന്‍പെ സ്വര്‍ഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും''
അനേകം സല്‍ഗുണ സമ്പന്നരായ പുരോഹിതരും മഹാ പുരോഹിതരും അഭിമാനത്തോടും ആത്മാര്‍ത്ഥതയോടുംകൂടി സഭകളും സമൂഹവും വിശ്വാസത്തോടെ സമര്‍പ്പിച്ച ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നു. 102 വയസ്സുള്ള ഡോ. മാത്യൂസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, കാത്തലിക് ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍, ഒരു ഡസനിലധികം ജീവകാരുണ്യ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ വിജയകരമായി നടത്തുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തുടങ്ങി അനേകം ബിഷപ്പുമാര്‍ മലയാളികള്‍ക്കു തന്നെ അഭിമാനിക്കത്തക്കതാണ്. സകല സ്വത്തുക്കളും സഭകള്‍ക്കും സാധുജന സംരക്ഷണത്തിനുമായി ദാനം ചെയ്ത അനേകം വൈദീകര്‍ മലയാളി സമൂഹത്തിലുണ്ട്.
മതങ്ങളുടെ മഹത്വങ്ങള്‍ മറക്കാനാവാത്തതാണ്. മനുഷ്യന്റെ അധര്‍മ്മപ്രവര്‍ത്തനങ്ങളുടെ മുഖ്യകാരണം നിരീശ്വരത്വം ആണ്. 1818-1883 ല്‍ ജീവിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യുടെ രചയിതാവായ കാറല്‍ മാര്‍ക്‌സ് പറഞ്ഞ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാ''ണെന്ന തത്വത്തില്‍നിന്നും കാലത്തിന്റെ തിരിവില്‍ ആഗോള തലത്തില്‍ ശക്തമായ വ്യതിയാനം ഉണ്ടായികൊണ്ടിരിക്കുന്നു.
വൈദിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന പുരോഹിത വര്‍ഗ്ഗത്തിലെ നിരീശ്വരത്വം മൂലമാണു ഇത്രയധികം മ്ലേച്ഛത. അര്‍പ്പണ ബോധത്തോടെയോ ആത്മീകതകൊണ്ടോ അല്ല ഒരു വിഭാഗം പട്ടത്വം എന്ന പരിശുദ്ധിയിലേക്കു എത്തുന്നത്. സുഖലോലുപരായി നേതൃത്വ നിരയില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കാന്‍ വേണ്ടി മാത്രം. സാന്മാര്‍ഗ്ഗനിഷ്ഠയും പാപ പരിഹാരം പറയുകയും ചെയ്യുന്ന വൈദീകരുടെ പരസ്ത്രീബന്ധത്തെ സമൂഹവും മതനേതാക്കളും കൂടത്തായി കൊലപാതകങ്ങള്‍ക്കു തുല്യമായി വീക്ഷിക്കുണം. ജനതയും ഭരണാധികരും നിഷ്ഠനിശേഷം നശിച്ച പുരോഹിതരെ നിത്യമായി നിഷ്‌ക്കാസനം ചെയ്യണം.
കോര ചെറിയാന്‍