അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റ്റെ സന്ദര്‍ശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ അഹമ്മദാബാദിലെ ചേരി നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കൊടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ചേരി നിവാസികള്‍ ഒഴിഞ്ഞു പോയില്ലെങ്കില്‍ മിക്കവാറും അവിടെ തീ പിടുത്തമുണ്ടാകാം; അതല്ലെങ്കില്‍ പോലീസ് ലാത്തിചാര്‍ജോ, വെടിവെയ്‌പ്പോ ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അധികം വരാന്‍ സാധ്യതയില്ല. കാരണം ചേരി നിവാസികള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അതല്ലെങ്കില്‍ പണ്ട് വി. പി. സിംഗ് കൊടുത്തപോലെ 'ലാത്തി ലഗാവോ' എന്നുള്ള ആഹ്വാനം ഒക്കെ കൊടുത്ത് ചേരി നിവാസികളെ ശാക്തീകരിക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഹിന്ദുത്ത്വ രാഷ്ട്രീയത്തിന്റ്റെ ഏറ്റവും ഉജ്ജ്വല സമയത്ത് പണ്ടത്തെ വി. പി. സിങ്ങിന്റ്റെ ആഹ്വാനം പോലുള്ളത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം ചേരി നിവാസികള്‍ ലാത്തിയെടുത്ത് പ്രതിഷേധിച്ചാല്‍ ബി.ജെ.പി. യും സംഘ പരിവാറുകാരും കൂടി പെട്ടെന്ന് അവരെ തീവ്രവാദികളും രാഷ്ട്രദ്രോഹികളും ആക്കി മാറ്റും.
ഭരണകൂടത്തിനെതിരെയുള്ള ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധത്തെ മുഴുവനും തീവ്രവാദവും രാജ്യദ്രോഹവും ആക്കി മാറ്റുന്ന 'നറേറ്റീവ്' ബി.ജെ.പി. യും, സംഘ പരിവാറുകാരും കൂടി വികസിപ്പിച്ചെടുത്തിട്ട് കാലം കുറെയായി. അതിനെതിരെ ഒരു ബദല്‍ രീതിമാര്‍ഗം ഇന്നത്തെ ഇന്ത്യയില്‍ ആരും കെട്ടിപ്പടുക്കുന്നില്ല. പാവപ്പെട്ടവരേയും, ചേരി നിവാസികളേയും, ഓട്ടോക്കാരെയും, പുനരധിവാസ കോളനികളില്‍ ഉള്ളവരേയും ഒക്കെ കൂട്ടുപിടിച്ചാണ് കേജ്‌രിവാള്‍ എപ്പോഴും ഡല്‍ഹിയില്‍ വിജയം നേടുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേജ്‌രിവാളിനെ രാജ്യദ്രോഹിയും, തീവ്രവാദിയും, ഹിന്ദു വിരുദ്ധനും ആക്കി മാറ്റുവാന്‍ ബി.ജെ.പി. യും, സംഘ പരിവാറുകാരും സകല പയറ്റും പയറ്റി. കേജ്‌രിവാള്‍ ആ ചൂണ്ടയില്‍ കേറി കൊത്തിയില്ല. അതാണ് ജെ.എന്‍.യു. വില്‍ നടന്ന ആക്രമണത്തോടും, പൗരത്വ പ്രക്ഷോഭത്തോടും കേജ്‌രിവാള്‍ ഒരു അകലം പാലിച്ചത്. പക്ഷെ ജയിച്ചു കഴിഞ്ഞപ്പോഴെങ്കിലും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതല്ലായിരുന്നുവോ? 'മേം സബ്‌കോ മാഫി ദേത്താ ഹും' എന്നുപറഞ്ഞു കേജ്‌രിവാള്‍ വളരെ തന്ത്രപൂര്‍വം ആ ആരോപണങ്ങളില്‍ നിന്ന് തലയൂരി. ആരോപണങ്ങള്‍ ഉന്നയിച്ച എല്ലാവര്‍ക്കും മാപ്പുകൊടുത്തതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ? തീരത്തില്ലെന്നുള്ളത് കേജ്‌രിവാളിന് മറ്റാരേക്കാളും നന്നായി അറിയാം.
മതവും രാജ്യസ്‌നേഹവും ഡല്‍ഹിലും ഉത്തരേന്ത്യയിലും വളരെ 'സെന്‍സിറ്റീവ്' ആയുള്ള കാര്യങ്ങളാണെന്ന് തന്ത്രശാലിയായ കേജ്‌രിവാവാളിന് നന്നായി അറിയാം. ഇന്ത്യയില്‍, പ്രത്യേകിച്ച് വടക്കേയിന്ത്യയില്‍ ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിട്ട് എതിര്‍ത്ത് ആര്‍ക്കും ഇന്നിപ്പോള്‍ ജയിക്കാനാവില്ല. അത്രയ്ക്ക് ജനങ്ങള്‍ മതപരമായി വിഭജിച്ചു കഴിഞ്ഞു. ആ ഇന്നത്തെ യാഥാര്‍ത്ഥ്യം കേജ്‌രിവാള്‍ നന്നായി മനസിലാക്കികഴിഞ്ഞു. ദക്ഷിണേന്ത്യ പോലെ അല്ലാ ഉത്തരേന്ത്യ. ഹിന്ദു മതത്തിനും, രാജ്യസ്‌നേഹത്തിനും എതിരാണെന്ന് കണ്ടാല്‍ അവിടെ ആരും ജയിക്കില്ല. ബി.ജെ.പി. യുടേയും , സംഘ പരിവാറുകാറിന്റ്റേയും വര്‍ഗീയ പ്രചാരണങ്ങള്‍ കൂടിയുള്ളപ്പോള്‍ രാജ്യസ്‌നേഹത്തിനും മതത്തിനും എതിരെ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ നിലപാട് ഇന്നിപ്പോള്‍ ഉത്തരേന്ത്യയില്‍ എടുക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്. ജെ.എന്‍.യു. വിനെതിരെയും, ഇപ്പോള്‍ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിനും എതിരെ ബി.ജെ.പി. യും, സംഘ പരിവാറുകാരും രാജ്യദ്രോഹം പുറത്തെടുക്കുന്നത് ചുമ്മാതല്ല.
പണ്ട് മഹാത്മാ ഗാന്ധി സാധാരണക്കാരെ അണിനിരത്തിയാണ് സ്വന്തം പാര്‍ട്ടിയിലെ ഹിന്ദുത്ത്വ വാദികളെ നേരിട്ടത്. അല്‍പ വസ്ത്ര ധാരിയായ മഹാത്മാ ഗാന്ധിക്ക് സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന രീതിയിലുള്ള ഒരു 'ഇമേജ്' ഉണ്ടായിരുന്നു. ആ 'ഇമേജ്' വളരെ ശക്തവുമായിരുന്നു. അതാണ് അന്നൊന്നും ഹിന്ദുത്ത്വ രാഷ്ട്രീയം വികസിക്കാതിരുന്നത്. അതുകൂടാതെ ബ്രട്ടീഷ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനം ദരിദ്രരും ആയിരുന്നു. ആ ദരിദ്ര നാരായണന്മാരെ അതുകൊണ്ടുതന്നെ മഹാത്മാ ഗാന്ധി പ്രതിനിധീകരിച്ചു. എന്നാലിപ്പോള്‍ ശക്തമായ മധ്യവര്‍ഗം ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയിലെ മധ്യവര്‍ഗം മഹാത്മാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെ ഇപ്പോള്‍ അംഗീകരിക്കുമോ എന്നുള്ള കാര്യം സംശയമാണ്. പക്ഷെ, 30 കോടിക്കടുത്ത് തീര്‍ത്തും ദരിദ്രരായ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നുള്ളതും കൂടി നാം ഓര്‍ക്കണം. ആ പാവപ്പെട്ടവരെ പ്രതിനിധീകരിക്കാന്‍ ആരുമില്ലെന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.
മഹാത്മാ ഗാന്ധിക്ക് പണ്ട് കോണ്‍ഗ്രസിലെ ഉന്നതകുല ജാതരെ ചേരികളില്‍ വരുത്തുന്നത് ഒരുതരം വിനോദമായിരുന്നു. തങ്ങള്‍ ഭരിക്കാന്‍ പോകുന്ന നാടിന്റ്റെ യഥാര്‍ഥ അവസ്ഥ ബോധ്യപ്പെടുത്തുവാനായിട്ടാണ് മഹാത്മാ ഗാന്ധി അത് ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പ് 1947 ജൂണില്‍ മഹാത്മാ ഗാന്ധി ഡല്‍ഹിയില്‍ വന്നപ്പോള്‍ അദ്ദേഹം താമസിക്കാന്‍ നേരെ പോയത് ബിര്‍ളാ ഹൗസിനോട് ചേര്‍ന്നുള്ള 'ഭാന്‍ഗി' കോളനിയിലേക്കായിരുന്നു. ഗാന്ധിക്ക് താമസിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ഇഷ്ടം പോലെ ഉള്ളപ്പോള്‍ പോലും അദ്ദേഹം 'ഭാന്‍ഗി' കോളനിയിലേക്ക് പോയത് ബോധപൂര്‍വ്വമായിരുന്നു. ഡല്‍ഹിയില്‍ അന്ന് ഗാന്ധി താമസിച്ച ആ തോട്ടികളുടെ കോളനിയുടെ സ്ഥാനത്ത് ഇന്നൊരു 'വാല്‍മീകി മന്ദിര്‍' ഉണ്ട്. കോടീശ്വരനായ ബിര്‍ളയുടെ വീടിന്റ്റെ അടുത്തായിരുന്നു അന്ന് ഗാന്ധി താമസിച്ചിരുന്ന തോട്ടികളുടെ കോളനി എന്നത് തന്നെ ഇന്ത്യയുടെ അന്നത്തെ വൈപരീത്യങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു. ആ തോട്ടികളുടെ കോളനിയില്‍ ഇരുന്നാണ് നെഹ്രുവും പട്ടേലും ഉള്‍പ്പെടെയുള്ള 'കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി' സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാവി നിര്‍ണയിച്ച നിര്‍ണായകമായ പല തീരുമാനങ്ങളും എടുത്തത് എന്നത് ഇന്നത്തെ ഇന്ത്യയിലെ എത്ര പേര്‍ വിശ്വസിക്കും???
ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുനരധിവാസ കോളനികള്‍ തുടങ്ങുന്നതിന് മുമ്പ് ഡല്‍ഹി നഗരത്തിന്റ്റെ ഹൃദയ ഭാഗങ്ങളില്‍ ഇഷ്ടം പോലെ ചേരികള്‍ ഉണ്ടായിരുന്നു. ഇന്നത്തെ 'ഇന്‍ഡ്യാ ഗേറ്റ്' നിലനില്‍ക്കുന്ന സ്ഥാനത്ത് പോലും കുറെയേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേരിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ ഭാര്യ ജാക്വലിന്‍ കെന്നഡിയും, പ്രെസിഡന്റ്റ് ജിമ്മി കാര്‍ട്ടറും ഒക്കെ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഭരണവര്‍ഗത്തിലുള്ള അനേകം പേര്‍ ചേരികളുള്ള ഇന്‍ഡ്യാ മഹാരാജ്യത്തിന്റ്റെ തലസ്ഥാന നഗരി സന്ദര്‍ശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വഴിയില്‍ മൂത്രമൊഴിക്കുന്നവരെ ഒക്കെ കണ്ട് ഇന്ത്യയെ കുറിച്ച് മോശം അഭിപ്രായം പറയുകയുണ്ടായി. ആ അഭിപ്രായം കേട്ടപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ ഡല്‍ഹിയില്‍ ടോയ്‌ലെറ്റ് നിര്‍മാണത്തിന് ഉത്തരവിറക്കുക ആണ് ചെയ്തത്. അതുപോലുള്ള പ്രശ്‌ന പരിഹാരമാണ് നമുക്ക് വേണ്ടത്; അതല്ലാതെ വ്യാജ നിര്‍മിതികളല്ലാ.
പണ്ടത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരൊക്കെ നല്ല വ്യക്തിത്വമുള്ളവരായിരുന്നു. അവരാരും ഇന്നത്തെ പ്രധാനമന്ത്രിയെപ്പോലെ കോംപ്‌ളക്‌സിന് അടിമപ്പെട്ടവര്‍ ആയിരുന്നില്ല. ഇന്നത്തെ പ്രധാനമന്ത്രിക്ക് വല്ലാത്ത കോംപ്ലക്‌സ് ഉണ്ട്. അതുകൊണ്ടാണ് ഇല്ലാത്ത ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും ഉണ്ടെന്നുള്ള അവകാശവാദം ഉന്നയിക്കുന്നത്; വ്യാജ സര്‍ട്ടിഫിക്കേറ്റ് ധന മന്ത്രിയേയും, പാര്‍ട്ടി പ്രസിഡന്റ്റിനേയും കൊണ്ട് പത്ര സമ്മേളനത്തില്‍ ഉയര്‍ത്തി കാണിപ്പിച്ചത്; മുതലയെ പിടിച്ച ഇല്ലാത്ത ബാല്യകാല കഥകള്‍ പടച്ചുവിടുന്നത്; ഹിമാലയത്തില്‍ പുലര്‍കാലേ കുളിച്ച കഥ പറയുന്നത്. ഇത്തരം വ്യാജ നിര്‍മിതികള്‍ക്കപ്പുറം ജനത്തെ ദ്രോഹിക്കുവാന്‍ വരെ അദ്ദേഹത്തിന്റ്റെ കോംപ്ലക്‌സ് ഇപ്പോള്‍ ഇടയാക്കുന്നു. അതാണ് അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റ്റെ സന്ദര്‍ശനം പ്രമാണിച്ച് ഏഴു ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ അഹമ്മദാബാദിലെ ചേരി നിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കൊടുക്കുന്നത്. കിടപ്പാടം ഇല്ലാത്ത പാവപ്പെട്ടവര്‍ എങ്ങോട്ടു പോകണം എന്ന് മാത്രം സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുമില്ല എന്നതാണ് ഇന്നത്തെ ഇന്ത്യയിലെ ദുഖകരമായ അവസ്ഥ.
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)