എന്തെങ്കിലും അത്ഭുതം സംഭവിച്ചില്ലെങ്കിൽ വൊഡാഫോൺ-ഐഡിയ താമസിയാതെ പൂട്ടും.
നേരത്തേ കുമാരമംഗലം ബിർള തന്നെ പരസ്യമായി കേന്ദ്ര സർക്കാർ
സഹായിച്ചില്ലെങ്കിൽ തൻറ്റെ കട പൂട്ടേണ്ടി വരും എന്ന് പരസ്യമായി
പറഞ്ഞിരുന്നു. വൊഡാഫോൺ മേധാവിയാകട്ടെ, ജിയോക്ക് കൊടുക്കുന്ന പക്ഷപാതിത്വം
ചൂണ്ടികാട്ടി ഇന്ത്യ ബിസ്നസ് നടത്താൻ കൊള്ളൂവേലാത്ത രാജ്യമാണെന്നും
മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോൾ സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റീസ്
അരുൺ മിശ്രയുടെ വിധി കൂടി വന്നിരുക്കുന്ന സാഹചര്യത്തിൽ വൊഡാഫോൺ-ഐഡിയ എന്ന്
പൂട്ടും എന്നാണ് പല നിരീക്ഷകരും ചോദിക്കുന്നത്!!! ഇന്ത്യയിലെ ബിസ്നെസ്
സാഹചര്യം അത്ര മോശമായി എന്ന് സാരം. ഇവിടെ സുപ്രീം കോടതി ജഡ്ജി അരുൺ മിശ്രയെ
മരട് ഫ്ളാറ്റുകളിലെ വിധിയുടെ പശ്ചാത്തലത്തിലെന്നതുപോലെ പലരും കുറ്റം
പറയുന്നു. പക്ഷെ നിഷ്പക്ഷമായി ചിന്തിച്ചാൽ ജഡ്ജിയെ കുറ്റം പറഞ്ഞിട്ട്
കാര്യമില്ല എന്ന് കാണാം. മുകേഷ് അംബാനിക്കും, ജിയോക്കും എല്ലാ
രീതിയിലുമുള്ള വഴിവിട്ട സഹായങ്ങൾ ചെയ്ത കേന്ദ്ര സർക്കാർ ആണ് കാര്യങ്ങൾ
ഇത്തരത്തിൽ കൊണ്ടെത്തിച്ചത്.
ഇന്ത്യയിൽ 'പ്രോപ്പർ' ആയിട്ടുള്ള
ക്യാപ്പിറ്റലിസം എന്ന് പറയുന്ന ഒന്നില്ല. റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം
കമ്പനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായത് 'പ്രിഡേറ്ററി
പ്രൈസിംഗ്' പോലുള്ള പല അധാർമികമായ ബിസ്നെസ് ടെക്നിക്കുകളും
പ്രയോഗിച്ചായിരുന്നു. ഇന്ത്യയിൽ പ്രൈവറ്റ് ക്യാപ്പിറ്റൽ പൂർണമായും നിയമ
വിധേയമായി ഒരിക്കലും പ്രവർത്തിച്ച ചരിത്രമില്ലാ. 'എത്തിക്സില്ലാത്ത'
രാഷ്ട്രീയക്കാർ അവർക്ക് ഒത്താശ ചെയ്യുന്നൂ. സാമ്പത്തിക പ്രതിസന്ധി
നേരിടുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ ഒരുതരം 'ഡൈവേർഷനറി ടാക്റ്റിക്ക്'
ഉപയോഗിക്കുന്നു. ഇപ്പോൾ പൗരത്വ ബില്ലിനെ ചൊല്ലി ആവശ്യമില്ലാത്ത വിവാദം
സൃഷ്ടിച്ചത് രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്
ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്. ജെ.എൻ.യു. - വിൽ ആളെ വിട്ട്
തല്ലിച്ചതും ഈ 'ഡൈവേർഷനറി ടാക്റ്റിക്കിൻറ്റെ' ഭാഗമാണെന്ന് തോന്നുന്നു.
പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം രാഷ്ട്രീയക്കാർ മതവും,
രാജ്യസ്നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും. മുകേഷ് അംബാനിയെ
പോലുള്ളവർ അവർക്ക് പണം കൊടുത്ത കൂട്ടായി ഉള്ളപ്പോൾ പിന്നെ അവർ ആരെ
പേടിക്കാനാണ്?
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)
പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 നവംബറിൽ 5.6 ദശലക്ഷം പുതിയ വരിക്കാരെ
ഉൾപ്പെടുത്തി റിലയൻസ് ജിയോ മറ്റെല്ലാ ടെലികോം കമ്പനികളെയും മറികടന്ന്
വരിക്കാരുടെ എണ്ണത്തിൽ ഒന്നാമതായി. 2019 നവംബറിലെ കണക്കനുസരിച്ച് ജിയോയിൽ
369.93 ദശലക്ഷം വരിക്കാരാണുള്ളത്. വോഡഫോൺ-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ
ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ജിയോക്ക് വേണ്ടി
മറ്റ് കമ്പനികളെ ഇല്ലാതാക്കൾ പ്രക്രിയയായിരുന്നു കുറെ നാളുകളായി ഇന്ത്യയിൽ
നടന്നുകൊണ്ടിരുന്നത്. ജിയോയുടെ കാര്യത്തിലെന്നതുപോലെ, സ്വാർത്ഥരും
സങ്കുചിത മനസ്ഥരും ആയ രാഷ്ട്രീയക്കാരോട് ചേർന്ന് ഒരു വല്ലാത്ത ദൂഷിത വലയം ഈ
രാജ്യത്ത് സ്വകാര്യ മൂലധന ശക്തികൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇതെഴുതുന്നയാൾ
പ്രൈവറ്റ് ക്യാപ്പിറ്റലിന് എതിരല്ല. പക്ഷെ സ്വകാര്യ മൂലധന ശക്തികൾ
പൂർണമായും നിയമ വിധേയമായാണ് പ്രവൃത്തിക്കേണ്ടത്. അതാണ് ഇന്ത്യയിൽ
കാണാത്തത്.
ഇപ്പോൾ ഭാരതി എയർടെൽ, വൊഡാഫോൺ-ഐഡിയ, എം.ടി.എൻ.എൽ.,
ബി.എസ്.എൻ.എൽ. - ഈ കമ്പനികളെല്ലാം നഷ്ടത്തിലാണ്. കമ്പനികൾക്കെല്ലാം
പൊതുമേഖലാ ബാങ്കുകളിൽ ഭീമമായ കടമുണ്ട്; അതുകൂടാതെ ലൈസൻസ് ഫീസ് എന്ന
വകുപ്പിലും, സ്പെക്ട്രം ഉപയോഗിച്ച ഫീസ് എന്ന വകുപ്പിലും ഭീമമായ തുക
താമസിയാതെ കെട്ടിവെക്കണം. ടെലിക്കോം സെക്റ്ററിൽ ജിയോ മാത്രമായി
കഴിഞ്ഞിരിക്കുന്നു അവശേഷിക്കുന്ന ലാഭമുണ്ടാക്കുന്ന ഏക കുത്തക. ഇൻറ്റർനെറ്റ്
ആണെങ്കിൽ ആധുനിക ജീവിതത്തിന് ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുകയും
ചെയ്തിരിക്കുന്നു. ബാങ്കിങ്, ഓൺലൈൻ വ്യാപാരം, ട്രെയിൻ-ഫ്ളൈറ്റ് ബുക്കിങ് -
ഇങ്ങനെ ജീവിതത്തിൻറ്റെ സമസ്ത മേഖലകളിലും ഇൻറ്റർനെറ്റ് ജീവവായു പോലെ
ആവശ്യമായി വരുമ്പോൾ അത് തരുന്ന ഒരേയൊരു കുത്തക കമ്പനി ഇന്ത്യയിൽ കാര്യങ്ങൾ
തീരുമാനിക്കുന്ന അവസ്ഥ പതുക്കെ പതുക്കെ സംജാതമാകുകയാണ്. ഇരുപത്തൊന്നാം
നൂറ്റാണ്ടിലെ ഇന്ത്യയിൽ കിരീടം വെക്കാത്ത രാജാവായി മുകേഷ് അംബാനി
മാറിക്കൊണ്ടിരിക്കുന്നു എന്നും വേണമെങ്കിൽ പറയാം.
522850 കോടി
രൂപയുടെ മൂല്യം മതിക്കുന്ന 5 G സ്പെക്ട്രം ലേലം ഈ വർഷം മാർച്ച്, ഏപ്രിൽ
മാസത്തോടെ നടക്കും. 22 സർക്കിളുകളിലായി 8300 മെഗാ ഹേർട്സ് സ്പെക്ട്രമാണ്
ലേലത്തിന് വെയ്ക്കുന്നത്. ജിയോക്ക് മാത്രമേ ഭീമമായ തുക മുടക്കി 5 G
സ്പെക്ട്രം ഏറ്റെടുക്കുവാനുള്ള ശേഷി ഇന്ന് ഇന്ത്യയിലുള്ളൂ. പത്ര വാർത്തകളെ
വിശ്വസിക്കാമെങ്കിൽ, വൊഡാഫോൺ-ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം രൂപയുടെ
കടം ബാങ്കുകളിലിൽ ഉണ്ട്. ഭാരതി എയർടെൽ കമ്പനിക്കാണെങ്കിൽ ഒരു ലക്ഷത്തി 18
കോടിയോളവും കടമുണ്ട്. കഴിഞ്ഞ ഒക്ടോബർ 24-ന് സുപ്രീം കോടതി 53, 038 കോടി രൂപ
ലൈസൻസ് ഫീസ് എന്ന വകുപ്പിലും സ്പെക്ട്രം ഉപയോഗിച്ച ഫീസ് എന്ന വകുപ്പിലും 3
മാസത്തിനകം കെട്ടിവെക്കാൻ ടെലിക്കോം കമ്പനികളോട് സുപ്രീം കോടതി
ഉത്തരവിട്ടായിരുന്നു. ഈ ജനുവരി 21-ന് മൊത്തത്തിലുള്ള 1.47 ലക്ഷം കോടി രൂപ
കുടിശിക തീർക്കാൻ സാവകാശം തേടി വീണ്ടും ടെലിക്കോം കമ്പനികൾ സുപ്രീം കോടതിയെ
സമീപിച്ചിരുന്നു. മരട് ഫ്ളാറ്റിൻറ്റെ കേസ് വിധിച്ച കാർക്കശ്യ സ്വഭാവമുള്ള
ജസ്റ്റീസ് അരുൺ മിശ്രയുടെ ബെഞ്ചാണ് വാദം കേട്ടത്. അപ്പോൾ പിന്നെ വിധി
എന്താകുമെന്ന് ആരും പറയാതെ തന്നെ എല്ലാവർക്കും അറിയാമായിരുന്നു.
സാമ്പത്തികമായി
തകർന്നിരിക്കുന്ന ടെലികോം കമ്പനികളോട് ലൈസൻസ് ഫീ, സ്പെക്ട്രം ഉപയോഗിച്ച
തുക - എന്നിവ ഉടനടി അടക്കാനാണ് ജസ്റ്റീസ് അരുൺ മിശ്ര ഇപ്പോൾ
പറഞ്ഞിരിക്കുന്നത്. അതല്ലെങ്കിൽ കോടതി അലക്ഷ്യം നേരിടേണ്ടി വരും!!! സുപ്രീം
കോടതി ഉത്തരവു നടപ്പാക്കാത്തതിൻറ്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം ജയിലിൽ
പോകേണ്ടി വരും എന്ന് ജസ്റ്റീസ് അരുൺ മിശ്ര ഒരു അർഥശങ്കയ്ക്കും
ഇടമില്ലാത്ത തരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മരട് ഫ്ളാറ്റുകൾ പൊളിക്കുന്ന
കാര്യത്തിലും ജസ്റ്റീസ് മിശ്രയുടെ നിലപാട് ഇത് തന്നെ ആയിരുന്നു.
ഇക്കാര്യത്തിലുള്ള
പുനഃപരിശോധനാ ഹർജി നേരത്തേ സുപ്രീം കോടതി തള്ളുകയും ചെയ്തതായിരുന്നു.
വൊഡാഫോൺ-ഐഡിയക്ക് 'അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു' (AGR) എന്ന വകുപ്പിൽ 53,000
കോടി അടക്കണം. പത്ര വാർത്തകളെ വിശ്വസിക്കാമെങ്കിൽ 2500 കോടി വൊഡാഫോൺ-ഐഡിയ
ഇതിനോടകം അടച്ചുകഴിഞ്ഞു. ഇനീയും 51,500 കോടി രൂപാ ബാക്കിയുണ്ട് അടക്കാൻ.
വൊഡാഫോൺ-ഐഡിയ മേധാവി കുമാരമംഗലം ബിർളയും, ഭാരതി എയർടെൽ മേധാവി സുനിൽ
മിത്തലും ടെലിക്കോം സെക്രട്ടറിമാരുമായും, വകുപ്പ് മേധാവികളുമായും
കേന്ദ്രസർക്കാരിൽ നിന്നുള്ള ഇളവിന് വേണ്ടി ഇപ്പോൾ ചർച്ചകൾ
നടത്തിക്കൊണ്ടിരിക്കയാണ്. വലിയ തോതിൽ കേന്ദ്ര സർക്കാർ സഹായിച്ചില്ലെങ്കിൽ
വൊഡാഫോൺ-ഐഡിയ കമ്പനി പൂട്ടും എന്ന് കമ്പനി അധികൃതർ കഴിഞ്ഞ ദിവസം ഒന്നുകൂടി
പറഞ്ഞു. കേന്ദ്ര സർക്കാർ സഹായം ഇന്നത്തെ അവസ്ഥയിൽ കമ്പനിക്ക് കിട്ടുമെന്നും
തോന്നുന്നില്ല. ടെലിക്കോം മേഖലയിലുള്ള മറ്റു കമ്പനികൾക്ക് എന്തെങ്കിലും
തരത്തിലുള്ള ഇളവ് അനുവദിക്കുന്നതിന് ജിയോ എതിരാണ്. അതുകൊണ്ടുതന്നെ സുപ്രീം
കോടതിയിലെ ടെലിക്കോം കേസ് കൊണ്ട് ഗുണമുണ്ടാകാൻ പോകുന്നത് ജിയോക്കാണ്.
അതാണ് മുകേഷ് അംബാനി സമയബന്ധിതമായി സ്പെക്രം, ലൈസൻസ് ഫീസ് അടക്കുന്നതിനെ
സ്വാഗതം ചെയ്യുന്നത്.
ടെലിക്കോം കമ്പനികളിൽ 'അഡ്ജസ്റ്റഡ് ഗ്രോസ്
റവന്യു' (AGR) എന്ന സുപ്രീം കോടതി നിശ്ചയിച്ച പ്രകാരമുള്ള തുക
കെട്ടിവെക്കാനുള്ള ശേഷി റിലയൻസിന് മാത്രമേ ഇന്നുള്ളൂ. അതുകൊണ്ട് 5 G കൂടി
വരുന്നതോടെ ഇന്ത്യൻ ടെലിക്കോം സെക്റ്ററിൽ ജിയോക്ക് സർവാധിപത്യം ആയിരിക്കും
എന്ന് നിസംശയം പറയാം.
കേരളത്തിലൊഴികെ ഇന്ത്യയിൽ പലയിടത്തും
ഇപ്പോഴും ബി.എസ്.എൻ.എല്ലിന് 4G കണക്ഷൻ ആയിട്ടില്ലാ. അപ്പോൾ പിന്നെ 5 G
വരുമ്പോൾ അവർക്ക് എങ്ങനെ 5 G ലേലത്തിൽ എടുക്കുവാൻ സാധിക്കും? ഭാരതി
എയർടെൽ, വൊഡാഫോൺ-ഐഡിയ - ഈ കമ്പനികൾ നഷ്ടത്തിലും. ബാങ്കിങ്, ഓൺലൈൻ വ്യാപാരം,
ട്രെയിൻ - ഫ്ളൈറ്റ് ബുക്കിങ് - ഇങ്ങനെ ജീവിതത്തിൻറ്റെ സമസ്ത മേഖലകളിലും
ഇൻറ്റർനെറ്റ് ആവശ്യമായി വരുമ്പോൾ അത് തരുന്ന ഒരേയൊരു കുത്തക കമ്പനി
ഇന്ത്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥ വരില്ലേ? അപ്പോൾ പിന്നെ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ കിരീടം വെക്കാത്ത രാജാവായി മുകേഷ്
അംബാനി അവരോധിക്കപ്പെടുകയില്ലേ? മുകേഷ് അംബാനി താമസിയാതെ ഓൺലൈൻ
വ്യാപാരത്തിലേക്കും തിരിയുമെന്ന് കേൾക്കുന്നു. മുകേഷ് അംബാനി റീട്ടെയിൽ
മേഖലയിൽ 4 ലക്ഷം കോടി മുടക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ടെലിക്കോം മേഖല പോലെ തന്നെ ഓൺലൈൻ വ്യാപാരത്തിലും കുത്തക നേടിക്കഴിഞ്ഞാൽ,
പിന്നെ മുകേഷ് അംബാനിയെ ഇന്ത്യയിൽ വെല്ലുവിളിക്കാൻ ആരുണ്ട്? അതുകൊണ്ട്
വരും കാലങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും, ഉദ്യോഗസ്ഥ പ്രഭുക്കളും
മുകേഷ് അംബാനിയെ 'മുഖം കാണിക്കാനായി' എത്തുന്ന കാഴ്ച ഇപ്പോഴേ മുൻകൂട്ടി
കാണുവാൻ സാധിക്കും.
ലൈസൻസ് ഫീ, സ്പെക്ട്രം ഉപയോഗിച്ച തുക - ഇവയുടെ
അടവ് സുപ്രീം കോടതി നിശ്ചയിച്ച രീതിയിൽ പോകുകയാണെങ്കിൽ വൊഡാഫോൺ-ഐഡിയ
പൂട്ടുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഏതാണ്ട് 15, 000 ജോലിക്കാർ
നേരിട്ട് പണിയെടുക്കുന്ന കമ്പനി പൂട്ടിയാൽ അവരുടെ കുടുംബങ്ങളുടെ അവസ്ഥ
എന്താകും? ആ ചോദ്യമാണ് സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും പ്രസക്തം. അതു
പോലെ തന്നെ ഒരു കമ്പനി കുറഞ്ഞാൽ ടെലിക്കോം മേഖലയിൽ മാൽസര്യം വീണ്ടും
കുറയും. ജിയോക്ക് വീണ്ടും ലാഭം! ബാക്കിയുള്ള ഭാരതി എയർടെൽ, ജിയോ - ഈ രണ്ടു
കമ്പനികൾ അവർക്ക് തോന്നും പോലെ സേവന നിരക്കുകൾ ഉയർത്തുകയും ചെയ്യും.
സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എൽ., എംടി.എൻ.എൽ. - ഈ കമ്പനികളിൽ നിന്ന്
കാര്യമായ ഒരു പ്രതിഷേധവും വരാൻ സാധ്യതയില്ല. 'വോളൻറ്ററി റിട്ടയർമെൻറ്റ്'
ഒക്കെ കൊടുത്തു അവരെ പണ്ടേ ഒതുക്കിയതാണല്ലോ. അവരുടെ ടവർ ഒക്കെ ജിയോ
ഏറ്റെടുക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന പല റിപ്പോർട്ടുകളും! എയർടെൽ ഇപ്പോൾ
തന്നെ വൊഡാഫോൺ-ഐഡിയയുമായി ടവർ ഷെയറിംഗ് നടത്തിയാണ് സർവ്വീസ് നൽകുന്നത്.
വൊഡാഫോൺ-ഐഡിയ പൂട്ടിയാൽ സ്വന്തമായി ടവറുകൾ സ്ഥാപിക്കാൻ മറ്റു കമ്പനികൾ
കോടികൾ മുടക്കേണ്ടി വരും. അതും ആത്യന്തികമായി ഉപഭോക്താക്കളുടെ ചിലവ്
വർദ്ധിപ്പിക്കുകയേ ഉള്ളു. ചുരുക്കം പറഞ്ഞാൽ വരാനിരിക്കുന്ന കാലത്ത്
ഇൻറ്റർനെറ്റ് നിരക്കുകൾ കാര്യമായി കൂടുമെന്ന് സാരം.
പതിനായിരക്കണക്കിന്
കുടുംബങ്ങളുടേയും, കോടിക്കണക്കിന് ഉപഭോക്താക്കളുടേയും കഞ്ഞിയിൽ മണ്ണു
വാരിയിടുന്നത് കഷ്ടം തന്നെ. പക്ഷെ ഇന്നത്തെ ഇന്ത്യയിൽ ഇതൊക്കെ ആരോട് പറയാൻ?
ഭൂരിഭാഗം ടെലികോം കമ്പനികളുടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി
പണമടയ്ക്കാൻ സമയം നീട്ടിക്കൊടുക്കുന്ന ഒരു വിട്ടുവീഴ്ചക്ക് കേന്ദ്രത്തിലെ
ഗവൺമെൻറ്റ് തയ്യാറായിരുന്നു. പക്ഷെ അതൊന്നും വൊഡാഫോൺ-ഐഡിയയെ ആത്യന്തികമായി
രക്ഷിക്കില്ല എന്നുള്ളത് വേറെ കാര്യം. ബാങ്കുകളിൽ വൊഡാഫോൺ-ഐഡിയക്ക് ഭീമമായ
കടമുണ്ട്. സ്വന്തം ആസ്തികൾ വിറ്റാലും തീരാത്ത കടം!!! അപ്പോൾ പിന്നെ, റിസ്ക്
ഏറ്റെടുത്തു ബാങ്കുകൾ എങ്ങനെ കമ്പനിക്ക് പണം കൊടുക്കും??? പണം
കിട്ടിയില്ലെങ്കിൽ ഇപ്പോഴുള്ള പ്രതിസന്ധി എങ്ങനെ വൊഡാഫോൺ-ഐഡിയ
മറികടക്കും???
ചുരുക്കം പറഞ്ഞാൽ ജസ്റ്റീസ് അരുൺ മിശ്രയുടെ വിധി
മിക്കവാറും വൊഡാഫോൺ-ഐഡിയ കമ്പനിയുടെ ചീട്ട് കീറുന്നതിലേക്കായിരിക്കും
നയിക്കുക. ബാങ്കുകളിൽ വൊഡാഫോൺ-ഐഡിയക്ക് കമ്പനിക്ക് കണ്ടമാനം കടം
ഉള്ളതുകൊണ്ട് ടെലിക്കോം മേഖലയിലെ ഈ പ്രതിസന്ധി ബാങ്കിങ് മേഖലയിലേക്കും
പടരാം. അതിനുശേഷം ഈ പ്രതിസന്ധി നമ്മുടെ മൊത്തം സാമ്പത്തിക മേഖലയേയും, തൊഴിൽ
മേഖലയേയും ബാധിക്കുമോയെന്നാണ് ഇനി കാണേണ്ടത്. കേന്ദ്ര സർക്കാർ ടെലിക്കോം
കമ്പനികളുടെ ബാധ്യത ഏറ്റെടുക്കുകയാണെങ്കിൽ 'ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെൻറ്റ്
' എന്ന മൂലധന നിക്ഷേപത്തിനും, കേന്ദ്ര സർക്കാരിൻറ്റെ തന്നെ 'റവന്യു
എക്സ്പെൻഡീച്ചറിനും' പിന്നെ പണമെവിടെ? കേന്ദ്ര സർക്കാറിൻറ്റെ റവന്യു
വരുമാനം ഇപ്പോൾ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ചുരുക്കം പറഞ്ഞാൽ സാമ്പത്തിക മേഖലയിൽ നോട്ട് നിരോധനം മുതൽ തുടങ്ങിയ
താഴോട്ടുള്ള കുതിപ്പാണിപ്പോൾ കാണുന്നത്.
(ലേഖകൻ ഡൽഹിയിലെ നാഷണൽ
ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ്
ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന
അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)