Image

അമ്മ മലയാളം (ജയശ്രീ രാജേഷ്)

Published on 21 February, 2020
അമ്മ മലയാളം (ജയശ്രീ രാജേഷ്)
ആദ്യാക്ഷരം നാവില്‍
ഇറ്റിച്ചു തന്നോരാ
അമ്മിഞ്ഞപ്പാലിന്‍
മധുരമെന്‍ മലയാളം

തൊട്ടു തലോടിയും
ചെമ്മെ പിണങ്ങിയും
തൊട്ടാവാടി
തളിരുപോല്‍ മലയാളം

കായല്‍ പരപ്പിലെ
ആമ്പലിന്‍ തേനൂറും
ചെറു ചെല്ലകാറ്റിന്‍
സാന്ത്വനം മലയാളം

വള്ളിപടര്‍പ്പിലെ
മുല്ലയാല്‍ തീര്‍ത്തോരാ
നിര്‍മ്മല സ്‌നേഹ
സുഗന്ധമെന്‍ മലയാളം

കത്തും ചിരാതിന്റെ
ഒളിതിങ്ങും ജ്വാല പോല്‍
ശാലീന സുന്ദരം
എന്റെ മലയാളം

മാന്തളിര്‍ തിന്ന് മദിക്കും
കുയിലിന്റെ മണിനാദ
മായെന്നു മൊഴുകുമെന്‍ മലയാളം

പുഞ്ച വരമ്പത്തെ
ചേറ്റിന്‍ മണമോടെ
ഊറുന്ന പാട്ടിന്റെ
താളമെന്‍ മലയാളം

കാറ്റില്‍ അലയുന്ന
അപ്പൂപ്പന്‍ താടിപോല്‍
പാറുന്നു മനമെന്നും
മലയാളമൊന്നതില്‍

കാലത്തിന്‍ കൈവഴി
തീര്‍ത്ത നീര്‍ച്ചോലയില്‍
വളഞ്ഞും പുളഞ്ഞും
നിറഞ്ഞും മെലിഞ്ഞും
ഒഴുകുന്നു ശാന്തമായ്

നമ്മെ നാമാക്കിയ
അക്ഷരമൂട്ടിയ
ഭാഷ തന്നമ്മയിത്
നമ്മുടെ മലയാളം

             

Join WhatsApp News
Sudhir Panikkaveetil 2020-02-21 11:22:21
ഇതൊരു നല്ല കവിത. ജനനി ജയിക്ക നീ മലയാളമേ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക