അലകടലപായം മണത്തരുതേയെന്നു
നിലവിളിച്ചു കാണും
കരിമ്പാറക്കെട്ടുകൾ അത്രമേൽ കടുത്തൊരമ്മഹൃദയം
കണ്ടമ്പരന്നു കാണും
കറുത്തിരുണ്ട ദിക്കുമാകാശവും, കൊള്ളിയാൻ കുലച്ചു
കൺചുവന്നു നിന്നു കാണും
ആഞ്ഞടിക്കും മുൻപ് കാറ്റ്, കാതുകൾ
കൊട്ടിയടച്ചു കാണും
അമ്മയാം പ്രകൃതി അവിശ്വസനീയം
നിർനിമേഷം നിന്നു കാണും
അവൾ മാത്രം ഒന്നുമേ കണ്ടതില്ല, കേട്ടുമില്ല...!
അലിവു വറ്റിയ ഹൃദയം, പറിച്ചെറിഞ്ഞു,
നെഞ്ചിൽ ചേർന്നുറങ്ങുമിളം കതിരിനെ..!
അവനൊന്നുമേ അറിഞ്ഞില്ലെന്നാശ്വസിക്കുക..!
ഉറക്കത്തിന്നിളം ചൂടിൽ, സ്വപ്നച്ചിറകിൽ,
പറന്നു പോയിരിക്കണം ദൂരെയെവിടേയ്ക്കോ..
അളവില്ലാത്ത ക്രൂരതയെ അമ്മയെന്നു വിളിക്കാതിരിക്കുവാൻ..!