Image

ഭാവപകര്‍ച്ചകള്‍ (കവിത: ജയശ്രീ രാജേഷ്)

Published on 08 March, 2020
ഭാവപകര്‍ച്ചകള്‍ (കവിത: ജയശ്രീ രാജേഷ്)
കാലം ഒരുക്കൂട്ടും
ചായത്തിന്‍ കൂട്ടിനാല്‍
കോറിയിടുന്നു
പലവിധ ഭാവങ്ങള്‍

മണ്ണപ്പം ചുട്ടും
കളിവീട് കെട്ടിയും
കൊഞ്ചി കുഴഞ്ഞാടി
തീര്‍ക്കുന്ന ബാല്യം

പിച്ച നടത്തിയ
ചൂണ്ടു വിരലിന്റെ
ഊഷ്മള സ്‌നേഹത്തില്‍
പകര്‍ന്നും നുകര്‍ന്നും
കുഞ്ഞു *മകളായി* അവള്‍

കൈത്തണ്ടയില്‍ കെട്ടിയ
രാഖിച്ചരടിനാല്‍
നെഞ്ചിലെ കരുതലിന്‍
സ്‌നേഹമായ് *സോദരി*

പറയാന്‍ കൊതിച്ചിട്ടും
പറയാതെ പോയൊരാ
കനവിലെ കനവുകളില്‍
പുകയുന്ന *കാമുകി*

അറിയാന്‍ കൊതിച്ചിട്ടും
അറിയാതെ പോയൊരാ
മനസ്സിന്‍ കടലാഴത്തിലെ
പായ് വഞ്ചിയായ് *ഭാര്യ*

കേള്‍ക്കാന്‍ കൊതിച്ചിട്ടും
കേള്‍ക്കാതെ പോയൊരാ
ആത്മാവിന്‍ നേര്‍ത്ത വിതുമ്പലായ് *അമ്മ* യും

തീര്‍ന്നുവോ ചായം
കാലത്തിന്‍ കൈകളില്‍ !!!
തനിയാവര്‍ത്തനത്തിന്‍
പൊരുളുകള്‍ ബാക്കിയായ്.......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക