Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം-1: തോമസ് കളത്തൂര്‍)

Published on 20 March, 2020
എവിടെയോ  നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ്- ഭാഗം-1: തോമസ് കളത്തൂര്‍)
(ഇതിലെ കഥാപാത്രങ്ങളും  സംഭവങ്ങളും വെറും ഭാവന മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.)

ചാപ്റ്റര്‍-1

 കിഴക്കേ  ചക്രവാളത്തില്‍  സൂര്യന്റെ പൊന്‍ കതിരുകള്‍  വെളിച്ചം വീശാന്‍  ആരംഭിച്ചതേ ഉള്ളു.    ഇളം തെന്നലിനു കൂട്ടായി,  നറുനിലാവ്  അന്തരീക്ഷത്തില്‍  പിന്നെയും  തങ്ങി നില്‍ക്കുകയാണ്,   കടന്നു പോകാന്‍ മടി കാണിച്ചു കൊണ്ട്.   പക്ഷികള്‍ ഉണര്‍ന്നു  ജീവന്റെ ശബ്ദം  കേള്‍പ്പിച്ചു തുടങ്ങി.            ഉറക്ക ചടവോടെ,  "മനമേ പക്ഷി ഗണങ്ങള്‍ ..."എന്ന  പാട്ടു,  മണ്ണെണ്ണ  വിളക്കിന്റെ   ചുവട്ടിലിരുന്നു   പാടുന്നത്  കേള്‍ക്കാം.      'വാങ്ക് '    വിളിയുടെയും,  പ്രഭാത  സ്‌തോത്ര  ഗീതങ്ങളുടെയും  അലയടിക്കൊപ്പം,   അടുത്ത ക്ഷേത്രത്തില്‍  നിന്നുള്ള  "ഓം..  കൗസല്യാ സുപ്രജാ  രാമ!  പൂര്‍വ്വ സന്ധ്യ പ്രവര്‍ത്തതേ...        ഉദ്ദിഷ്ട നര  ശാര്‍ദ്ദൂല  കര്‍ത്തവ്യം ദൈവ മഹനികം....."           എന്ന  ശ്രീ വെങ്കിടേശ്വര സുപ്രഭാതവും ഒന്ന് ചേര്‍ന്ന്  ആ ഗ്രാമത്തെ  ആത്മീയ അനുഭൂതിയുടെ  അദൃശ്യ മേഖലകളിലേക്ക്   ഉയര്‍ത്തുന്നു.    വിറയ്ക്കുന്ന  ശബ്ദത്തോടെ  ഒരു മുത്തശ്ശിയുടെ പ്രഭാത പ്രാര്‍ത്ഥന ഒരു സത്യമായി  അന്തരീക്ഷത്തില്‍ തങ്ങി നില്കുന്നു ....."നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍...നരക വാരിധി  നടുവില്‍ ഞാന്‍.....നരകത്തീ ന്നെന്നെ  കാരകേറ്റീട ണ....."   കുറച്ചു കൂടി  'വെളുത്തിട്ടേ'  വാഹനങ്ങള്‍ വരാന്‍ തുടങ്ങൂ.    അതോടെ  അകൃത്രിമത്വത്തിന്റെ  ശാന്തമായ അന്തരീക്ഷം,  ശബ്ദ്ദ കോലാഹലങ്ങളും  പൊടിപടലങ്ങളും  ഒക്കെ ആയി മാറ്റപ്പെടും.       പിന്നെ  വില പേശലുകളും വാക് ശരങ്ങളും നര്‍മ്മ ഭാഷണങ്ങളും  ഉത്കണ്ഠകളും  എല്ലാം തങ്ങി നില്‍ക്കുന്ന  ഒരു കവലയായി മാറും,  ആ ഗ്രാമ കേന്ദ്രം.
                   
കറിയമാപ്പിള  പതിവ് പോലെ രാവിലെ തന്നെ എത്തി,  ചായക്കടയുടെ  തട്ടികള്‍  തുറന്ന്  അടുക്കളയിലെ  അടുപ്പുകളില്‍  തീ കത്തിച്ചു.        തിരികെ വന്നു  മേശയും ബെഞ്ചുകളും   തുടച്ചു നേരെ ആക്കി ഇട്ടു.     ചൂലുമായി  പുറത്തിറങ്ങി   കടയുടെ  മുന്‍ വശത്തേയും  ചുറ്റുപാടിലെയും  കരികില  അടിച്ചു വാരി  കുട്ടയിലാക്കി.     അപ്പോഴേക്കും  ഹാജിയാരും  എത്തി.      "പത്രം വായനയും  ഒരു കട്ടന്‍ കാപ്പിയും  കറിയമാപ്പിളയുടെ  കടയില്‍ നിന്ന്"  എന്ന  ദിനചര്യ  തെറ്റിക്കാതെ,   പത്രം നിവര്‍ത്തി.        ഗോവിന്ദന്‍കുട്ടി  ഉറക്കച്ചടവോടെ  മുറുക്കാന്‍ കടയുടെ  തട്ടി നീക്കി,    പഴക്കുലയും  മറ്റും പുറത്തേക്കു  തൂക്കി  തുടങ്ങി.   അനേക  പതിറ്റാണ്ടുകള്‍  പിന്നിട്ട  കൂറ്റന്‍ അരയാല്‍,   ഗ്രാമത്തിന്റെ  തലസ്ഥാനത്തെ രേഖപ്പെടുത്തി  പടര്‍ന്നു  നില്‍ക്കുകയാണ്,   വെയില്‍ ഉറച്ചാല്‍  യാത്രക്കാര്‍ക്ക് തണലും  വാഹനങ്ങള്‍ക്ക്  നിര്‍ത്താന്‍ ഒരു ചൂണ്ടു പലകയായും.    ആല്‍ത്തറയുടെ  പിന്പിലായി   കാട്ടുപുല്ലും പാഴ്‌ചെടികളും വളര്‍ന്നു നില്‍ക്കുന്നിടത്താണ്,    സമീപ വാസികള്‍  ചപ്പു ചവറുകള്‍ ഉപേക്ഷിക്കുക.    ആല്‍ച്ചുവട്ടില്‍  ബസ്‌യാത്രക്കാര്‍  എത്തിത്തുടങ്ങി.     കറിയാമാപ്പിള  വീണ്ടും  കടയ്ക്കുള്ളില്‍   കടന്ന്,  കാപ്പിക്കും  ചായക്കും  വെള്ളം  തിളച്ചോ  എന്ന്  പരിശോധിച്ചു.         അപ്പോഴേക്കും  ഭാര്യ അന്നാമ്മച്ചേടത്തിയും എത്തി.    കറിയാമാപ്പിള  പുറത്തിറങ്ങി,  അടിച്ചുകൂട്ടിയ    കരിയിലകള്‍   കുട്ടയിലാക്കി    അരയാലിനു  പിന്‍പിലുള്ള  വെളിംപ്രദേശത്തേക്കു   നീങ്ങി.  ഏതാനം നിമിഷങ്ങള്‍ക്ക് ശേഷം  " അയ്യോ .. അന്നേ!...എന്നൊരു നിലവിളി.....      പിന്നാലെ..ഗോവിന്ദന്‍കുട്ടീ!...ഹാജിയാരെ!..... അപ്പോഴേക്കും  അവരൊക്കെ  അവിടെ എത്തിയിരുന്നു.       എന്തു പറ്റി?....എന്തു പറ്റി?... കറിയാമാപ്പിള  വിരല്‍ ചൂണ്ടുക  മാത്രം ചെയ്തു.   കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് വന്നു കൊണ്ടിരുന്നു.   കറിയാമാപ്പിള  വളര്‍ന്നു നില്‍ക്കുന്ന പുല്ലിനിടയില്‍ നിന്നും,    ഓമനത്തമുള്ള  ഒരു പെണ്‍ കുഞ്ഞിനെ  സൂക്ഷ്മതയോടെ   എടുത്തുയര്‍ത്തി.     "ഏതായാലും കുഞ്ഞിന് ജീവന്‍ ഉണ്ട്"..,തളര്‍ന്നുറങ്ങിയിരുന്ന കുഞ്ഞു കരയാന്‍ തുടങ്ങി.    തോളില്‍കിടന്ന  തോര്‍ത്തുമുണ്ടെടുത്തുകറിയാമാപ്പിള കുട്ടിയെ ഒന്ന് തുടച്ചിട്ട്  അന്നമ്മ ചേടത്തിയെ ഏല്പിച്ചു.      കുട്ടിയെ തോളിലിട്ട്  ആശ്വസിപ്പിച്ചു കൊണ്ട്  അന്നമ്മ ചേടുത്തിയും പിന്നാലെ ജനങ്ങളും  ചായക്കടയിലേക്ക് നടന്നു. എല്ലാവര്ക്കും  ധാരാളം ചോദ്യങ്ങളുണ്ട്.......ആരോട്  എന്ന് മാത്രം  ആര്‍ക്കും അറിയില്ല.
                       
തയ്യല്‍ കാരന്‍  അബ്ദുള്ളയോട്  ഒരു കൊച്ചുടുപ്പു  തുന്നി മേടിക്കാനായി,  ഗോവിന്ദന്‍ കുട്ടി  ഓടി പോയി.    ഇതിനകം ഒരു പാല്‍ കുപ്പിയും നിപ്പിളും അടുത്ത വീട്ടില്‍ നിന്നും  അവിടെ  എത്തിയിരുന്നു.        കൂട്ടത്തില്‍,   ഒരു സാഹിത്യ കാരന്റെ ഭാവനയെ എല്ലാവരും അംഗീകരിച്ചു.      "ചപ്പു ചവറുകള്‍ക്കും പുല്ലിനും ഇടയില്‍ നിന്നും ഇവളെ കിട്ടിയതിനാല്‍, ഒരു താമര പൂവ് പോലുള്ള ഇവളെ ...നളിനി..എന്ന് വിളിക്കാം".    പഞ്ചായത്തു മെമ്പറും എത്തിച്ചേര്‍ന്നു,  ടൗണിലെ  പോലീസ് സ്‌റ്റേഷനില്‍  വിവരം അറിയിക്കുന്ന  ചുമതല  ഏറ്റെടുത്തു.   സാധാരണ സാവധാനമായി  ഉണര്‍ന്നു  വരുന്ന ഗ്രാമം,   ഇന്ന് ഞെട്ടി  ഉണര്‍ന്ന  മാതിരി  സജീവമായി.     ഒരു മാലാഖ കുഞ്ഞിന്‍റെ  ആഗമനം  ഗ്രാമത്തിനു  ഉണര്‍വ് പകര്‍ന്നു.  എങ്കിലും,...  "എവിടുന്നു?....എങ്ങനെ?...ആര്?... "    എന്നീ  ചോദ്യങ്ങളുടെ  പിന്നിലുള്ള  ജിജ്ഞാസ അവരുടെ  ചിന്തകളെ  വിടാതെ പിന്തുടര്‍ന്നു.     ആരോ  നഷ്ടപ്പെടുത്തിയത്,   ഇവിടെ  ഒരു  സമ്മാനമായി,   ഒരു ഉത്സവ  പ്രതീതി  സൃഷ്ടിക്കുകയാണ്. 


                         നളിനി കുട്ടിയുടെ  വളര്‍ച്ചയുടെ ഓരോ പടികളിലും,  നാട്ടുകാര്‍  കറിയാമാപ്പിളയോടും  അന്നമ്മച്ചേടത്തിയോടും  ഒപ്പം  സ്‌നേഹവും ഉത്കണ്ഠയും കരുതലും പ്രകടിപ്പിച്ചു.  അവള്‍  നാട്ടുകാരുടെ കൂടി  മകളായി വളര്‍ന്നു വന്നു.  നളിനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം  നാടും വളരുക   ആയിരുന്നു.   നിലത്തെഴുത്തു പള്ളിക്കൂടം,  െ്രെപമറി സ്കൂളിനും  പിന്നീട് ഹൈസ്കൂളിനും വഴിമാറി കൊടുത്തു.      കറിയാമാപ്പിളയുടെ  ചായ കട ഒരു വലിയ 'റെസ്റ്ററെന്റ്'  ആയി  മാറി.   ഗോവിന്ദന്‍ കുട്ടിയുടെ  മുറുക്കാന്‍ കടയുടെ സ്ഥാനത്തു,   രണ്ടു നിലയില്‍ ഒരു  സ്‌റ്റേഷനറിക്കട  സ്ഥാനം പിടിച്ചു.     തയ്യല്‍ കടക്കാരന്‍ അബ്ദുല്ല  ഒരു  'ടെക്‌സ്‌റ്റൈല്‍'  കച്ചവടം കൂടി ആരംഭിച്ചു. നാട്ടിലെ വരുമാനംകൂടിയതോടെ മൂന്നു പള്ളികളും ഒരു മോസ്കും മറ്റൊരു അമ്പലവും കൂടി സ്ഥാനം പിടിച്ചു.       അതിനാല്‍  ബാങ്കും  പോലീസ് സ്‌റ്റേഷനും രണ്ടു പാര്‍ട്ടി ഓഫീസുകളും  കൂടി  സാന്നിദ്ധ്യം അറിയിച്ചു.      ഈ വളര്‍ച്ചക്ക്  ആരംഭം ഇട്ടതു ,    നഷ്ടപ്പെട്ടു കിട്ടിയ ആ കുട്ടിയുടെ,    നളിനിയുടെ ഐശ്വര്യം  ആണെന്ന്  നാട്ടുകാര്‍ വിശ്വസിക്കുന്നു.    അവള്‍ സുന്ദരിയും ഗ്രാമത്തിന്റെ  കണ്ണിലുണ്ണിയും  ആയി  വളര്‍ന്നു വന്നു.    വളര്‍ത്തിയത്  കറിയാമാപ്പിളയും അന്നമ്മ ചേടുത്തിയും ആണെങ്കിലും,  ഗ്രാമക്കാര്‍ ആകമാനം അവളുടെമേല്‍ അവകാശം സ്ഥാപിക്കുക ആണ്.    അന്ന് കൊച്ചുടുപ്പു തുന്നിയതിനും  പാല്‍ കുപ്പി കൊടുത്തത്തിനും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാനായി നടന്നു ചെരുപ്പ് തേഞ്ഞതിനും  പിന്നെ ഇത്ര 'അര്‍ത്ഥ പുഷ്ടമായ ഒരു പേര് ' നിര്‍ദ്ദേശിച്ചതിനും………..  അവകാശങ്ങളുമായി, അവകാശികള്‍  മാത്രം.
                          
നളിനി പഠിത്തത്തിലും  സമര്ഥ ആയിരുന്നു.        ഹൈസ്കൂള്‍ വിദ്യാഭ്യാസം  വിജയകരമായി  പൂര്‍ത്തി ആക്കിയ ശേഷം,   അഞ്ചെട്ടു  മൈലുകള്‍  അകലെയുള്ള  പട്ടണത്തിലെഒരു നഴ്‌സിംഗ് സ്കൂളില്‍ പ്രവേശനം നേടി.    ഗ്രാമത്തിലെ അരയ)ലിനടുത്തു  പണി കഴിപ്പിച്ച 'വെയ്റ്റിംഗ് ഷെഡ്ഡില്‍',  പഠിക്കാനും കച്ചവടത്തിനും ഒക്കെ യായി പട്ടണത്തില്‍ പോകുന്നവര്‍, അതിരാവിലെ മുതല്‍  എത്തി തുടങ്ങും.   അതിനാല്‍, രാവിലെയുള്ള  ബസ്സില്‍  കയറി പറ്റുക നളിനിക്ക് ആയാസകരമാണ്.      ഗോവിന്ദന്‍ കുട്ടിയുടെ മകന്‍ ബാലചന്ദ്രനും കോളേജിലേക്ക് അതേ ബസ്സിലാണ് യാത്ര.  ചെറുപ്പം മുതല്‍  കളികൂട്ടുകാര്‍  ആയിരുന്നവരെ,  ഒന്നിച്ചുള്ള യാത്രയും ഒരേ പട്ടണത്തിലെ പഠിത്തവും കൂടുതല്‍ അടുക്കാന്‍ ഇടയാക്കി.    സൗഹൃദം,  പ്രേമമോ, പ്രണയമോ  ആയി  "അപ്‌ഗ്രേഡ്" ചെയ്യപ്പെട്ടു.   എന്നാല്‍ അതാരും അത്ര ശ്രദ്ധിച്ചില്ല.   എന്നാല്‍  അവരുടെ മനസ്സുകളില്‍ ശക്തിയായി തഴച്ചു വളരുകയായിരുന്നു.     പുറം ലോകത്തിനു ഈ ബന്ധം ബോദ്ധ്യ പ്പെടാന്‍തുടങ്ങിയത്,    അവര്‍ ബിരുദങ്ങള്‍ നേടിയ ശേഷമാണ്.
                       
 നഗരത്തില്‍  തന്നെ  ഒരു   ആശുപത്രിയില്‍   ജോലി  ചെയ്തുകൊണ്ട്,  നളിനി  "അമേരിക്കന്‍  വിസയ്ക്ക് " വേണ്ടി  അപേക്ഷ  സമര്‍പ്പിച്ചു.    ബാലചന്ദ്രന്‍  അക്കൗണ്ടിങ്ങില്‍  ബിരുദാനന്തര  ബിരുദം നേടാനായി പഠിക്കുക ആണ്.  സ്‌റ്റേഷനറികടയുടെ  മേല്‍നോട്ടത്തില്‍ അച്ചനെ സഹായിക്കുന്നുമുണ്ട്.   ഇവരുടെ  പ്രേമവിവര0 രണ്ടുകുടുംബങ്ങളിലും  വലിയ പൊട്ടിത്തെറിക്ക് കാരണം ആയിരിക്കുകയാണ്.    "ആദ്യത്തെ കൊച്ചുടുപ്പു കൊടുത്തു " എന്ന  അവകാശ വാദം ഗോവിന്ദന്‍ കുട്ടി പാടെ മറന്നു,   "മകനെ വല വീശി പിടിച്ച,  ആര്‍ക്കോ  എങ്ങനെയോ ജനിച്ച  അനാഥ പെണ്ണ് ",  എന്ന പുതിയ വിശേഷണവുമായി  യുദ്ധ സന്നദ്ധനായി നില്‍ക്കുകയാണ്.       "എന്തു വന്നാലും  നളിനിയെ മാത്രമേ വിവാഹം കഴിക്കൂ"  എന്ന തീരുമാനം ബാലചന്ദ്രന്‍  ലോകത്തെ മുഴുവന്‍ അറിയിച്ചു കഴിഞ്ഞു.     കറിയമാപ്പിളക്കും   അന്നാമ്മ ചേട്ടത്തിക്കും ഉണ്ട്,   ഈ വിവാഹത്തിന് എതിര്‍പ്പ്.      അവരുടെ പ്രധാന സങ്കടം "പൊന്നു പോലെ  ഇത്ര നാളും വളര്‍ത്തി വലുതാക്കിയപ്പോള്‍   അവള്‍ ഒരു അന്യ മതസ്ഥന്റെ പിന്നാലെ പോകുന്നു"  എന്നുള്ളതാണ്.   മുഴുമിപ്പിക്കാതെ,....  ഒരു ദീര്‍ഘ നിശ്വാസത്തിന്റെ  പിന്നാലെ ....." അല്ലേലും....."  എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു.       അവളുടെ   അച്ചനമ്മ മാരുടെ  മതമോ സാമൂഹ്യ  പശ്ചാത്തലമോ  ആര്‍ക്കും അറിയില്ല.    അവര്‍   ഉന്നത സ്ഥാനീയരെങ്കില്‍,   സമീപനത്തില്‍  അയവു വന്നേനെ.   ഏതായാലും  നളിനിയെ ബാലചന്ദ്രന്‍  രജിസ്റ്റര്‍ വിവാഹം കഴിച്ചു,   നഗരത്തില്‍  വാടകക്കൊരു വീട് സംഘടിപ്പിച്ചു,  ഒന്നിച്ചു താമസവും തുടങ്ങി.         നളിനി തന്റെ അമേരിക്കന്‍ വിസ പെറ്റീഷനില്‍  ബാലചന്ദ്രനെ കൂടി ഉള്‍കൊള്ളിച്ചു.      താമസിയാതെ  അവര്‍ക്കു  വിസയും കിട്ടി.     അവരെ യാത്ര അയക്കാന്‍  രണ്ടു കുടുംബവും മനസ്സ് മാറ്റി,  സ്‌നേഹ പുരസ്സരം  എത്തി ചേര്‍ന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക