''ഇന്ത്യ
കാത്തിരുന്ന നീതി ഒടുവില്‍ നടപ്പായി. രാജ്യത്തിന്റെ നെഞ്ചിലെ ഉണങ്ങാത്ത
മുറിവായ നിര്‍ഭയകേസിലെ പ്രതികളെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. ശിക്ഷ
നടപ്പാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജയിലിന് പുറത്ത് മധുരപലഹാരങ്ങള്‍
വിതരണം ചെയ്ത് ജനങ്ങള്‍ ആര്‍പ്പുവിളിച്ചു''. 2020 മാര്‍ച്ച് 20 നല്ല
വെള്ളിയാഴ്ച പുലര്‍ച്ചക്ക് പുറത്തിറങ്ങിയ പത്രങ്ങള്‍ ആഘോഷിച്ച
വാര്‍ത്തയാണിത്. കൊറോണ എന്ന കൊച്ചു ഭീകരന്റെ കൊലവിളിയില്‍ ലോകമാകെ
വിറങ്ങലിച്ചു നില്ക്കുന്ന വലിയ സന്ദര്‍ഭത്തില്‍ ആണിതെന്ന് ഓര്‍ക്കണം.
ഓരോ ദിവസവും നാല് വയസ്സുള്ള പെണ്കുരുന്നുകള് മുതല്‍ എണ്പതു വയസ്സുള്ള
വൃദ്ധകള്‍ വരെ ഇവിടെ ലൈംഗീകാക്രമണത്തില്‍ കൊല്ലപ്പെടുന്നു. ഈ തൂക്കുകയര്‍
അവര്‍ക്ക് നീതി ഉറപ്പാക്കിയോ?അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞിട്ട്
പതിറ്റാണ്ടുകളായി. പ്രതികള്‍ ഇപ്പോഴും ദേശത്തും വിദേശത്തുമായി അറുമാദിച്ചു
കഴിയുന്നു. അഭയ നിര്‍ഭയമാരുടെ കൂട്ടത്തില്‍ പെടില്ലേ?ലൈംഗീക പീഡനത്തിന്
പരാതി നല്‍കിയതിന് പ്രതികള്‍ തീയിട്ടുകൊന്ന ഉന്നാവിലെ പെണ്‍കുട്ടിക്ക് നീതി
കിട്ടിയോ?മോദി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന 2002 ല്‍ നിരവധി
സ്ത്രീകളെ ഉപദ്രവിച്ച ആള്‍ക്കൂട്ടത്തിന്റെ നേതാക്കന്മാരുടെ നേരെ ഇന്ത്യന്‍
ശിക്ഷാനിയമം കണ്ണടച്ചില്ലേ ?
കുറ്റവും ശിക്ഷയും കാലങ്ങളായി നടക്കുന്നു. കുറ്റവാളി കുറ്റം ചെയ്യുമ്പോള്‍
ശിക്ഷയെപ്പറ്റിചിന്തിക്കുവാന് അവന്റെ ബോധമണ്ഡലം അനുവദിക്കുന്നില്ല.
അതുകൊണ്ട് ആ സമയം ശിക്ഷയെപ്പറ്റി അവന് ബോധവാനുമല്ല. നാല്
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ത്തന്നെ ചോപ്രകുട്ടികളെ
തട്ടിക്കൊണ്ടുപോയി ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുവച്ചു കൊന്ന സംഭവം
ചിലര്‍ക്കൊക്കെ ഓര്‍മ്മയുണ്ടാകും. അത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഈ ലേഖകനും
അവസരമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നേവിയിലെ ക്യാപ്റ്റന്‍ ആയിരുന്ന
മദന്മോഹന് ചോപ്രയുടെ കുട്ടികള്‍ പതിനാറുകാരി ഗീതയും പതിന്നാലുകാരന്
സഞ്ജയും 1978 ഓഗസ്റ്റ് 26 വൈകുന്നേരം ഡല്‍ഹി ആകാശവാണിയുടെ 'യുവ വാണി'
പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോയതാണ്. വഴിയില്‍ വച്ച്
അവരെതട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടു കുട്ടികളെയും കൊന്നു. ഗീത ക്രുരമായി
ബലാത്സംഗം ചെയ്യപ്പെട്ടിയുന്നു. പ്രതികളായ രംഗ എന്ന കുല്‍ജീത് സിങ്ങും
ബില്ല എന്ന ജസ്ബിര്‍ സിങ്ങും പിടിക്കപ്പെട്ടു. അവരെ 1982 ജനുവരി 31
പ്രഭാതത്തില്‍ ഇതേ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പിന്നെയും സമാനമായ
കുറ്റവും ശിക്ഷയും ആവര്‍ത്തിക്കപ്പെടുന്നു.
കൊല എന്ന കുറ്റത്തിന് കൊല എന്ന ശിക്ഷ നല്‍കുന്നത് കാട്ടുനിയമം ആണ്. അത്
രണ്ട് കൊലപാതകങ്ങള്‍ക്ക് വഴി തെളിക്കുന്നു. നിര്‍ഭയ പ്രതികളുടെ അവസാന
നാളുകളിലെ മാനസിക സംഘര്‍ഷങ്ങള്‍ മതിയല്ലോ അവരുടെ തെറ്റിന്
ശിക്ഷയായി.ഇതുപോലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പരോള്‍ പോലും
അനുവദിക്കാതെ ആയുഷ്ക്കാലം മുഴുവനും ജയിലില്‍ കഴിയാന്‍ നിയമം ഭേദഗതി
ചെയ്യാമല്ലോ. അതിനുമപ്പുറം ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന
മതിയല്ലോ നിര്‍ഭയക്കു നീതി ലഭിക്കാന്‍. ഇപ്പോള്‍ നാല് പ്രതികളെയും
തൂക്കുകയര്‍ നല്കി അവരുടെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഒറ്റ നിമിഷം
കൊണ്ട് രക്ഷിക്കുകയാണ് ചെയ്തത്.
2020 മാര്‍ച്ച് 19 .പിറ്റേദിവസം തൂക്കിലേറ്റുന്ന നിര്ഭയപ്രതികളുടെ
കൊലക്കയറിന് തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ കൊഴുപ്പും എണ്ണയുമിട്ട് ബലം
വരുത്തിയപ്പോള്തൊട്ടപ്പുറത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ്
ഹാളില്‍, പദവിലിരിക്കെ തന്റെ സഹപ്രവര്‍ത്തകയെ ലൈംഗീകമായി
പീഢിപ്പിച്ചുവെന്ന ആരോപണമുയര്‍ന്ന മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രഞ്ജന്‍
ഗൊഗോയ് കണ്ണടച്ച് ഇരുട്ടാക്കാത്ത സഭാംഗങ്ങളുടെ 'ഷെയിം' വിളികള്‍ക്കിടയില്‍
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയായിയുന്നു. ഇന്ത്യന്‍
ജനാധിപത്യത്തിലെ വിരോധാഭാസം. പൊരുത്തക്കേടുകളുടെ, നന്ദിപ്രകടനങ്ങളുടെ
അല്ലെങ്കില്‍ ഉപകാര പ്രത്യുപകാരങ്ങളുടെ നാള്‍വഴികളിലൂടെ ഒരെത്തിനോട്ടം ;-
1 .2018 ഒക്ടോബര്‍ 3 .രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആയി സത്യപ്രതിജ്ഞ ചെയ്യുന്നു.
2 .2018 ഒക്ടോബര്‍ 10 . ഗോഗോയ് ആരോപണവിധേയനാകുന്നു.
3 .2019 ഏപ്രില്‍. പ്രസ്തുത വനിത സ്ത്രീപീഡനത്തിന് ഗൊഗോയ്ക്ക് എതിരെ
അഫിഡാവിറ്റ് ഫയല്‍ ചെയ്യുന്നു.ഒരു മാസത്തിനു ശേഷം സര്‍ക്കാരിന്റെ
അനുഗ്രഹാശിസ്സുകളോടെ ജസ്റ്റിസ് എസ് .എ. ബോബ്ദെ അദ്ധ്യക്ഷനായ മൂന്നംഗ
ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി ഗൊഗോയിയെ കുറ്റവിമുക്തനാക്കി
പരിശുദ്ധനാക്കുന്നു.
4 . 2019 നവംബര്‍ 9 .ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ച് അംഗ ബെഞ്ച്
അയോദ്ധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയുന്നത് നിയമവിധേയമാണ് എന്ന്
വിധിയെഴുതി. സര്‍ക്കാരിന് പ്രത്യുപകാരം.
5 .2020 മാര്‍ച്ച് 19 .ബിജെപി സര്‍ക്കാര്‍ രാമജന്മഭൂമിയില്‍ തൊട്ടു
നമസ്കരിച്ച് ചീഫ് ജസ്റ്റിസ് ആയി കാലാവധി തീര്‍ന്ന രഞ്ജന്‍ ഗൊഗോയിയെ
രാജ്യസഭാ സീറ്റു നല്കി നന്ദി പ്രകാശിപ്പിച്ചു. 13 മാസങ്ങള്‍ കൊണ്ട്
അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇന്ത്യയുടെ നാല്പത്തിയാറാമത് ചീഫ് ജസ്റ്റിസിന്
അഭിനന്ദനങ്ങള്‍ നേരുന്നു ഇന്ത്യയിലെ പാവം സമ്മതിദായകര്‍. ഇതിനിടയില്‍
ഗൊഗോയിയെ രക്ഷിച്ച ജസ്റ്റിസ് എസ് . എ. ബോബ്ദെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ആയി ഉയര്‍ത്തപ്പെട്ടതും കൂടി ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ ജനാധിപത്യം അങ്ങ് ഒത്തിരി ഒത്തിരി അകലെയാണ്. ഒരു പ്രകാശിക്കുന്ന
ഗോപുരമായി ജനതയ്ക്ക് ഒരു വഴികാട്ടിയായി ഇന്നും മോഹിപ്പിക്കുന്നു. അതിനെ
വെറുതെതൊടാനും അനുഭവിക്കാനും അത്ര എളുപ്പമല്ല. അതിന് യോഗ്യരായ
രാഷ്ട്രീയക്കാര്‍ മൂല്യങ്ങളുടെ വിശുദ്ധിയോടെ ജനിക്കേണ്ടിയിരിക്കുന്നു.
കാത്തിരിക്കാം നമുക്കും മന്വന്തരങ്ങളോളം....