ഓര്‍മ്മയില്‍ ഇടം പോലുമില്ലാത്തവര്‍ നമ്മളെയോര്ത്തു കലങ്ങുമ്പോള്‍
നാമെന്തിനു കലങ്ങണം ? കരുതലോടെ ചിരിക്കണം .
ഓര്‍മ്മകളില്‍ ചികഞ്ഞാല്‍ കണ്ടെത്താം നമ്മള് മറന്ന ചിരിക്കൂട്ടുകള്‍
സ്നേഹപൂര്‍വ്വം
ജോസഫ് എബ്രഹാം
''വെള്ളിയാഴ്ചകളില്‍ മാത്രം പറക്കാത്ത പക്ഷിയേതാണ് ?''
വൃദ്ധനായ കഥാപാത്രം എഴുത്തുകാരനോടു ചോദിച്ചു. എത്ര ആലോചിച്ചിട്ടും എഴുത്തുകാരനതിന്റെ ഉത്തരം പിടികിട്ടിയില്ല. വൃദ്ധന് അയാളെത്തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു. ആ നോട്ടത്തിന്റെ മുന്നില്‍ ഏറെനേരം പിടിച്ചു നില്ക്കാനാവാതെ അയാള്‍ പറഞ്ഞു
'' നിര്‍ഭാഗ്യവശാല്‍ എനിക്കീചോദ്യത്തിന്റെ ഉത്തരമറിയില്ല '
' കഷ്ട്ടം ഞങ്ങളുടെ ഗ്രാമത്തിലെ പിള്ളേര്‍ക്കുപോലും അറിയാം ഇതിന്റെ ഉത്തരം'' വൃദ്ധന് അയാളെ പരിഹസിച്ചു.
'' ഞാന്‍ തോല്‍വി സമ്മതിക്കുന്നു. താങ്കള്ക്കറിയമെങ്കില് ഉത്തരം എനിക്കു കൂടി ഒന്നു പറഞ്ഞു തരൂ''
''ഇതിലെന്താണിത്ര ആലോചിക്കാന്‍ ? വ്യാഴാഴ്ച ചത്തുപോയ പക്ഷി
വെള്ളിയാഴ്ച പറക്കില്ല. അത്രതന്നെ '
വൃദ്ധന് കുലുങ്ങിചിരിച്ചു. അയാളുടെ വായ്ക്കകത്ത് വെറും ഏഴു പല്ലുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. കിഴവന് വട്ടായിരിക്കുമോ എന്നെഴുത്തുകാരന്‍ ഒരു വേള സംശയിച്ചു. അത്രയും ഗൌരവത്തില്‍ ചോദിക്കപ്പെട്ട ആ പ്രശ്നത്തിന്റെ ഉത്തരം അയാളെ നിരാശപ്പെടുത്തിയിരുന്നു ( സാമെത് ഡോഗന് ''വെള്ളിയാഴ്ചകളില്‍ പറക്കാത്ത പക്ഷി ')
**************************************
പെയിന്റു പണിക്കു പോകുന്ന മജീദിക്ക ഒരിക്കല്‍ ഒരു കഥ പറഞ്ഞു. ഒരിക്കല്‍ ഒരു കവിക്ക് ഒരു യുവതിയോട് കലശലായ പ്രണയം തോന്നി. പക്ഷെ കഥാനായികയായ യുവതിയുടെ മുഖത്തു നോക്കി പ്രണയം അറിയിക്കാന്‍ കവിക്ക് വല്ലാത്ത ധൈര്യക്കുറവ്. അയാള്‍ ഓലയില്‍
നാരായം കൊണ്ടൊരു പ്രണയലേഖനമെഴുതി നായികയുടെ തോഴി വശം കൊടുത്തയച്ചു.
കുറിമാനം കൊടുത്തയച്ചിട്ടിപ്പോള് രണ്ടുനാളായി. കവിയാകട്ടെ പ്രണയവേപഥുവിന്റെ ഉമിത്തീയും നെഞ്ചിലേറ്റി നീറിപ്പുകഞ്ഞുകൊണ്ട് മറുകുറിയുമായുള്ള തോഴിയുടെ വരവും നോക്കി നായികയുടെ പുരയിടത്തിന്റെ വേലിക്കരികിലുള്ള ഇടവഴിയിലൂടെ തേരാപാരാ കറങ്ങിനടക്കുകയാണ്. അങ്ങിനെ പ്രണയജ്വരത്തില്‍ ചുട്ടുപൊള്ളി തോഴിയുടെ വരവുംകാത്ത് നോക്കിയിരിക്കെ ദൂരെനിന്നു തോഴിയുടെ ചേലാഗ്രാം ഉലയുന്നതു കണ്ട കവി നെഞ്ചിടിപ്പോടെ ഓടിച്ചെന്നു. തോഴി കവിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആദ്യമേതന്നെ കവിയുടെ കണ്ണുകളെ നിരാശപ്പെടുത്തിക്കൊണ്ടിടം കയ്യാലവളുടെ ചേല
കണംകാലുകള്ക്കിടയില് തിരുകി ഉള്‍കാഴ്ചകള്‍ മറച്ചു. പിന്നെ വേലിക്കല് നിന്നുകൊണ്ട് അല്പം മുന്നോട്ടാഞ്ഞുകൊണ്ട് താഴെ കുണ്ടനിടവഴിയില്‍ നിന്നും മേലോട്ടുനോക്കി വണ്ടറടിച്ചു നില്ക്കുന്ന കവിയുടെ കയ്യിലേക്ക് വലം കയ്യില്‍ ഇരിക്കുന്ന ഓല അവളിട്ടു കൊടുത്തു. ദൌത്യം പൂര്‍ത്തിയാക്കിയ തോഴി അവളുടെ ഉദ്ധതമായ കൊങ്കദ്വജങ്ങള് ഉലച്ചുകൊണ്ട് തിരിഞ്ഞു നടന്നു. തോഴിയുടെ നിതംബകമ്പനമകന്നു മറഞ്ഞപ്പോള്‍ സ്ഥലകാലബോധം വീണ്ടുകിട്ടിയ കവി ഓലയിലേക്ക് ചങ്കിടിപ്പോടെ നോക്കി.
നിരസിച്ചിരിക്കുന്നു. പ്രണയാഭ്യര്‍ത്ഥന കഥാനായികാ നിരസിച്ചിരിക്കുന്നു. കാരണം കവി പ്രണയലേഖനം എഴുതിയ ഭാഷ അത്ര പോരാ പോലും. ഏതൊരു കവിയോടും നിങ്ങളുടെ കവിതയുടെ ഭാഷ
അത്രപോരാ എന്നു പറഞ്ഞാല്‍ മതി അയാളുടെ ആജന്മശത്രുവായി തീരാന്‍.
കവി പ്രണയം മറന്നു. ശിരസ്സ് അപമാനത്താല്‍ പുകഞ്ഞു. അപ്പോള്‍ കവിയുടെ മനസ്സില്‍ 'അംഭംഭടാ രാഭണാ' എന്നു പറഞ്ഞ കാളിദാസനെ അക്ഷരജ്ഞാനമില്ലാത്ത മൂഢനാണെന്നു പരിഹസിച്ച കന്യകയോട് ഉള്ളില്‍ പുകഞ്ഞ അപമാനത്താല്‍ വൈരിയായിതീര്ന്ന വിദ്വാനമാരിലൊരാള്
''കുംഭകര്‍ണ്ണേ ഭകാരോസ്തി, ഭകാരോസ്തി വിഭീഷണേ
രാക്ഷസാനാം കുലശ്രഷ്ഠോ രാഭണോ നൈവ രാവണഃ '
എന്നു പറഞ്ഞു ബോധ്യപ്പെടുത്തി കബളിപ്പിച്ച കഥ പറന്നിറങ്ങി. പിന്നെ അമാന്തിച്ചില്ല ഉടനെ തന്നെ
നാരായമെടുത്ത് കഥാനായികയെ വര്‍ണ്ണിച്ചു ഒരു ശ്ലോകം എഴുതിതുടങ്ങി.
'' അര്‍ദ്ധ ശുഷ്ക ഫല കോമള സ്തനീ -
തിന്ദ്രിണീ ദള വിശാല ലോചനേ,
നിംബ പല്ലവ സമാന കേശിനി,
വൃദ്ധവാനര മുഖീ നിരാലസേ.''
(തിന്ദ്രിണം = വാളന്‍പുളി. നിംബപല്ലവം = വേപ്പിന്റെ തളിരില (ചെമ്പിച്ച നിറമാണ് ആര്യവേപ്പിന്റെ തളിരിലയ്ക്ക് )
വാക്കുകളുടെ കനത്തിലും മൂര്ച്ചയിലും പ്രേയസിക്ക് കോപമൊന്നും ഉണ്ടായില്ല. പ്രണയലേഖനം 'ക്ഷ' പിടിക്കുകയും. കവിയുടെ പ്രണയം സ്വീകരിക്കുകയും ചെയ്തുവെന്നു കഥാന്ത്യം.
**********************************************
'' യാത്രപറയുന്ന നേരത്ത് അവസാനമായി അവള് പറഞ്ഞു. ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന ഈ കഥ നമ്മളിരുവരുടെയും മനസ്സില്‍ അവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും. തുടക്കം മുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്...'' (സാമെത് ഡോഗന്)
ഒരു പ്രണയം ജീവിതകാലം മുഴുവന്‍ നീറുന്ന പ്രണയമാകണമെങ്കില്. അതു അനിവാര്യമായും പാതിവഴിയില്‍ മുന്നോട്ടു പോകാനാവാതെ മുറിയണം. ഈ പാതിവഴിയിലിറ്റിയ ചോരയില്‍ നിന്നും ഒരുപാട് കഥകളും കാവ്യങ്ങളും പിറന്നു വീണിട്ടുണ്ട്. കാളിദാസന്റെ ' മേഘസന്ദേശം' ഉയര്‍ന്നു പൊങ്ങിയതും ഈ പാതി വഴിയില്‍ നിന്നുമാണ്.
മോരും മുതിരയും പോലെ യാതൊരുവിധ ചേര്‍ച്ചയുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് എവിടെക്കാണ് പോകുന്നതെന്ന് ചിലരെങ്കിലും ഇപ്പോള്‍ വിചാരിക്കുന്നുണ്ട്. പക്ഷെ ഒരു കാര്യം ഉറപ്പാണ് നിങ്ങളില്‍ പലര്‍ക്കും പാതിവഴിയില്‍
നിര്‍ത്തിപ്പോന്ന ഒരു പ്രണയമുണ്ട്, അതിപ്പൊഴും കഴിഞ്ഞ കാലങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു അവിടെത്തന്നെ നില്‍ക്കുന്നുണ്ട്. ആ പ്രണയത്തിനു അന്നത്തെ ആ പാതിവഴിയിലെ പ്രായമാണിപ്പോഴും. ഒട്ടും ജരാനരകള്‍ ബാധിചിട്ടുമില്ല. അന്നെഴുതിയതും വായിച്ചതുമായ പ്രണയലേഖനങ്ങളുടെ വരികള്‍ വേണ്ടിവന്നാല്‍ ഇപ്പോഴും നിങ്ങള്‍ക്കു ഓര്‍മ്മിക്കുവാനും കഴിയും.
ചിലര്‍ ഇപ്പോഴും നിങ്ങളെ ഓര്‍ക്കുന്നുണ്ട്, നിങ്ങള്‍ അവരെയും. ഈ മരണക്കളിയിലെ ഓരോ ദിവസത്തെയും ഗ്രാഫ് മേലോട്ടുയരുമ്പോള്‍ അവര്‍ ചങ്കിടിപ്പോടെ നിങ്ങളുടെ പേരുകള്‍ ചരമകോളങ്ങളിലും വാര്‍ത്തകളിലും തിരയുന്നുണ്ട്. നിങ്ങള്ക്കപകടം വല്ലതും പിണഞ്ഞോ എന്നറിയാന്‍ അവര്‍
നിങ്ങളുടെയും സുഹൃത്തുക്കളുടെയും ഫേസ്ബുക്ക് പേജുകളില്‍ ഒരു ചാരനെപ്പോലെ പരതുന്നുണ്ട്, നിങ്ങള്‍ക്കിതുവരെയും അപകടമൊന്നും പറ്റിയിട്ടില്ലന്നറിഞ്ഞവര് ആശ്വസിക്കുന്നുണ്ട്. നിങ്ങള്‍ക്കായി ഒരു വാചകം അവരുടെ പ്രാര്‍ത്ഥനയില്‍ നീക്കിവയ്ക്കുന്നുമുണ്ട്. പാതിവഴിയില്‍ നിന്നുപോയ പ്രണയം ഒരു ജാരനെപ്പോലെയാണ്. അതു നിങ്ങളെ ഗാഡമായി ലാളിക്കുന്നു പക്ഷെ ഇരുളിന്റെ മറനീക്കി വെളിച്ചത്തു വരുവാനതിനു കഴിയില്ല, എങ്കിലും അതു ഗൂഡമായി ഇപ്പോഴും നിങ്ങളെ വീക്ഷിക്കുന്നു.
മജീദിക്ക പറഞ്ഞ ശ്ലോകം അതിന്റെ അവസാനത്തെ വരിയൊഴിച്ചു പല പ്രേമലേഖനങ്ങളിലും തിരുകികയറ്റി എഴുതി കൊടുത്തിട്ടുണ്ട്. ഉള്ളിലെ പ്രണയം കടലാസിലേക്കു
പകര്‍ത്താന്‍ ഒഴുക്കുകിട്ടാത്ത ചില ചങ്ങാതിമാര്ക്കുവേണ്ടിയായിരുന്നു അതില്‍ മിക്കവയും. അങ്ങിനെയൊരിക്കെ എഴുതി നല്കിയ പ്രേമലേഖനം വായിച്ച മൈമൂന അന്നെന്റെ ചങ്ങാതിയോട് പറഞ്ഞു
' ഇക്കാ, ഇങ്ങള് ഇമ്മാതിരി തലയുള്ള മനുസ്യനാന്നു ഞമ്മക്ക് ഇപ്പളാണ് തിരിഞ്ഞീന്. എന്താ ഇങ്ങടെ ഒരു എയ്ത്ത്, ഞമ്മളെക്കുറിച്ചുള്ള പാട്ടും നല്ല ജോറായിക്കിനു ' -
കഴിഞ്ഞപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പഴേ കാര്യങ്ങള്‍ ഓര്‍ത്തു ചിരിച്ചു പറഞ്ഞപ്പോള്‍ എന്റെ ചങ്ങാതി പറഞ്ഞു
' ന്നാലും അമ്മാതിരി ബിടല്സൊന്നും അന്നു യീ എയ്തിയ കത്തുമ്മേല് വേണ്ടീല്ലാര്‍ന്നു''
' അയിനിപ്പോ എന്നാ പറ്റി ?''
'' ഒന്നു പറയണ്ട ചങ്ങാതി, ഇത്ര തോനെ കൊല്ലമായിട്ടും പണ്ടാരടക്കാന് ഓളൊരു സൈ്വര്യം തരുന്നില്ലാന്നു. മനുഷനെ അങ്ങോട്ടു ഇങ്ങോട്ടും തിരിഞ്ഞുകളിക്കാന്‍ വിടില്ലാന്നു. ഏതുനേരോം ഫോണെടുത്ത് നിങ്ങള്‍ ഏടാന്നു ചോദിച്ചു വിളി തന്നെ. ബല്ലാത്ത വെറുപ്പിക്കലാന്നിഷ്ട്ടാ''
അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.
'' യീ ഒന്ന് തൊള്ള തൊറക്കാതിരിക്കിന്. ദാ, വരുന്നൂന്നു. പണ്ടാരം എന്തൊരു സുയിപ്പാണിത്''
ഫോണിന്റെ മറുതലയ്ക്കല്‍ ആരാന്നു ചോദിക്കേണ്ടിവന്നില്ലെനിക്ക്. മുറിയിലെ ടീപ്പോയിലിരുന്ന പാതിമാത്രമായ കുപ്പിയിലേക്കു നോക്കി കണ്ണുകൊണ്ടു യാത്ര പറഞ്ഞവന് തിടുക്കത്തില്‍ നടന്നകന്നു. ഓന്റെ അന്നത്തെ ആ പോക്ക് ഓര്മ്മവരുമ്പോളൊക്കെ ഞാന്‍ നിനയ്ക്കും. പൂര്‍ത്തിയാകാത്ത, പാതിവഴിയില്‍ നിര്‍ത്തിയ കഥകളില്‍ തന്നെയാണ് സൌന്ദര്യമെന്നു. ബാക്കിയുള്ള ദൂരം ഒരു രസകരമായ സമസ്യപോലെ കണ്മുന്പിലുണ്ട്. ഒട്ടും മുഷിയാതെ തുടക്കം മുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കൊണ്ട് ഒരിക്കലും അവസാനിക്കാതെ, ജരാനരകളുടെ മടുപ്പും വിരസതയും ഒട്ടുമില്ലാതെ, നിത്യഹരിതമായി....
മരണത്തിന്റെ കിരീടവും ചൂടി കറങ്ങി നടക്കുന്ന കിഴവന്റെ വായില്‍ ഇനിയും ഏഴ് വിഷ പല്ലുകള്‍ കൂടി അവശേഷിക്കുന്നുണ്ട്. അതു കൊഴിയുന്നതുവരെ അയാള്‍ ദംശിച്ചുകൊണ്ടെയിരിക്കും. വെള്ളിയാഴ്ചകളില്‍ പറക്കാന്‍ ആവാതെ പോകുന്ന ഒരുപാടു പക്ഷികള്‍ ഇനിയുമുണ്ടാകും. നമ്മള് കുരുതിക്കെതിരെ കരുതിയാണിരിക്കുന്നത് പക്ഷെ വിഷാദിക്കേണ്ടതില്ല.
എന്തെല്ലാം ഓര്‍മ്മകള്‍ കിടക്കുന്നു ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍, ഹൃദയത്തില്‍ ആനന്ദിക്കാന്‍. അനാവശ്യമായ ഗൌരവം അഴിച്ചുകളഞ്ഞേക്കു. നാട്ടില്‍ കൊവിദൊതുങ്ങി ഇപ്പോള്‍ കോണകം പുരപ്പുറത്ത് പറത്തുന്ന കളികളാണ് നടക്കുന്നത്. വെറുതെ അതിലൊന്നും തലയിട്ടു സുയിപ്പാവണ്ട. എന്നാ കൊടുക്കാമെന്നു പറഞ്ഞാലും ആരെയും ഇപ്പോള്‍ അവിടെ കാലുകുത്താന്‍
അനുവദിക്കില്ല. പള്ളി വേറെ പള്ളിക്കൂടം വേറെ. 'ഇന്ത്യ അമേരിക്ക ഫ്രന്റ് ഹെ പരന്തൂ അഭി ആനാജാനാ മനാഹെ'. അപ്പോള്‍ അതെല്ലാം മറന്നേക്കൂ. അപ്പോള്‍ എല്ലാവര്ക്കും 'അംഭംഭടാ രാഭണാ''.