Image

വചനം (കഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 02 June, 2020
 വചനം (കഥ: ജോണ്‍ വേറ്റം)
ആരാധനയുടെ അവസാനം, സമാപനപ്രാര്‍ത്ഥനയ്ക്ക് മുമ്പ്, വിശ്വാസികളെ നോക്കി കാര്‍മ്മികന്‍ പ്രസംഗിച്ചു: നിങ്ങള്‍ക്ക് ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തോടൊപ്പം ആത്മീയജ്ഞാനം ഉണ്ടായിരിക്കണം. നിങ്ങള്‍ ആരെ ആരാധിക്കുന്നുവെന്നും ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്നും തിരിച്ചറിയണം. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു കരുതപ്പെടുന്ന മദ്ബഹായിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. സ്വര്‍ഗ്ഗീയ ആരാധനയും ഭൗമിക ആരാധനയും ഒന്നിക്കുന്ന സ്ഥാനമാണ് മദ്ബഹാ. നമ്മുടെ കര്‍ത്താവ് മരിച്ചു അടക്കപ്പെട്ടു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു ശിഷ്യ•ാരുടെ മുന്നില്‍ ചെന്നുനിന്നു. അവരില്‍ പരിശുദ്ധാത്മാവിനെ പകര്‍ന്നതിനുശേഷം, അവരോടിങ്ങനെ പറഞ്ഞു: 'ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിലനിര്‍ത്തുന്നുവോ അവര്‍ക്കു നിലനിര്‍ത്തിയിരിക്കുന്നു'. സംശയം ഉള്ളവര്‍ യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം ഇരുപത്തിമൂന്നാം വാക്യം വായിക്കട്ടെ. ദൈവപുത്രന്റെ ആ വിശുദ്ധവചനം പാപമോചനം നല്‍കുന്നതിനുള്ള അധികാരമാണ്. അത് ലഭിച്ച പട്ടക്കാരന്‍ ദൈവമാണ്! പട്ടക്കാരന്‍ ദൈവമാണ്! ശക്തമായ പശ്ചാത്താപം ശുദ്ധീകരണമാണ്. അ്ത മാനസാന്തരത്തിന്റെ തുടക്കമാണ്. സംശയവാദമുള്ള മനുഷ്യന് കിട്ടാത്തതും മാനസാന്തരമാണ്.' ജോസഫ് കത്തനാര്‍ തന്റെ പ്രഭാഷണം തുടര്‍ന്നു....

വീട്ടില്‍ മടങ്ങിയെത്തിയ തോമസ് സ്യൂട്ട് മാറി മുണ്ടുടുത്തു കിടക്കയില്‍ കിടന്നു. അയാളുടെ അരികത്തിരുന്നു ഭാര്യ ചോദിച്ചു: 'എന്താ ഒരു വല്ലായ്മ? ഇന്ന് കുര്‍ബാനയര്‍പ്പിച്ച അച്ചന്‍ പറഞ്ഞതുകേട്ടില്ലെ? പട്ടക്കാരന്‍ ദൈവമാണെന്ന്. മുമ്പൊരിക്കലും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. കുമ്പസാരിപ്പിച്ച് കുര്‍ബാന കൊടുക്കുന്നതുകൊണ്ട് പട്ടക്കാരന്‍ ദൈവമാകുമോ?' തോമസ് മറുപടി പറഞ്ഞില്ല. കണ്ണടച്ചു കിടന്നു. പെട്ടെന്ന് ഉറങ്ങി.

അ്ഞ്ചാം മണി നേരമായപ്പോള്‍ വിരുന്നുകാര്‍ വന്നു. അവരെ തോമസ് സ്വീകരിച്ചു. എല്ലാവരും സ്വീകരണമുറിയില്‍, സോഫായില്‍ ഇരുന്നു. ഒരാള്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ്. അയാളുടെ ഭാര്യ സാമൂഹ്യപ്രവര്‍ത്തക. രണ്ടാമത്തെയാള്‍ ഹൈന്ദവസംഘടനയുടെ സെക്രട്ടറിയും എഞ്ചിനീയറുമാണ്. ഭാര്യ ഡാക്ടര്‍. മൂന്നാമത്തെയാള്‍ സ്വര്‍ണ്ണ വ്യാപാരി. ഭാര്യ കോളേജ് പ്രഫസര്‍. നാലാമത്തെയാളും ഭാര്യയും അഭിഭാഷകര്‍. അല്പനേരം കഴിഞ്ഞപ്പോള്‍, രാഷ്ട്രീയ പ്രമുഖനും ഭാര്യ നര്‍ത്തകിയും കൂട്ടത്തില്‍ ചേര്‍ന്നു. കുശലം പറച്ചിലും ലഘുഭക്ഷണവും കഴിഞ്ഞപ്പോള്‍, വിനോദത്തിനു വേണ്ടി ഒരുക്കിയിട്ടുള്ള വിശാലഹാളില്‍ എല്ലാവരും പ്രവേശിച്ചു. അവിടെ, ചീട്ട് കളിക്കാനും പുകവലിക്കാനും മദ്യപിക്കാനും പ്രത്യേക ഇടങ്ങള്‍. ചര്‍ച്ചകള്‍ക്കു വേണ്ടി വേര്‍തിരിച്ചഭാഗം. ഭക്ഷണം കഴിയ്ക്കാനുള്ള സ്ഥലം. എല്ലാവര്‍ക്കും കാണത്തക്കവിധം സ്ഥാപിച്ച വലിയ ചലച്ചിത്രയവനിക. അനുസ്യൂതം ഒഴുകുന്നനേര്‍ത്തവാദ്യസംഗീതം! സ്ത്രീകളും പുരുഷ•ാരും, ചീട്ടുകളിച്ചും തമാശപറഞ്ഞു പൊട്ടിച്ചിരിച്ചും മദ്യപിച്ചും ആനന്ദിച്ചു. മൃഷ്ടാന്ന ഭോജനത്തോടുകൂടിയ ആ മാദകവേള അര്‍ദ്ധരാത്രിവരെ നീണ്ടു. വിരുന്നുകാര്‍ വിടപറഞ്ഞുപോയപ്പോള്‍, വീട്ടില്‍ മൂകത. തണുത്തമുറിയില്‍ ഇരുന്നിട്ടും തോമസ്സിന്റെ ഉള്ളഇല്‍ ഉഷ്ണം. ഉറക്കം വന്നില്ല. അയാള്‍ മുറ്റത്തിറങ്ങി നിന്നു. നിലാവുണ്ട്. കുളിര്‍കാറ്റും. എന്നിട്ടും, അകാരണമായൊരസ്വസ്ഥത! അല്പനേരം കഴിഞ്ഞു. കിടപ്പുമുറിയില്‍ കടന്നു. ഉറങ്ങുന്ന ഭാര്യയോട് ചേര്‍ന്നുകിടന്നു.

പിറ്റേന്ന്, രാവിലെ ഉണര്‍ന്നെങ്കിലും, പതിവ്‌പോലെ സ്ഥാപനങ്ങളില്‍ പോയില്ല. മനസ്സില്‍ ഒരു ചിത്രം തെളിഞ്ഞുവന്നു. പത്ത് വര്‍ഷം മുമ്പ് അതൊരു പെട്ടിയില്‍ വെച്ചുവെന്ന് ഓര്‍മ. താഴത്തെനിലയില്‍, പുരാതനവസ്തുക്കള്‍ സൂക്ഷിക്കുന്ന നിലവറയില്‍ ചെന്നു. അടുക്കിവെച്ച, പഴക്കമുള്ള പെട്ടികള്‍ തുറന്നു നോക്കി. അന്വേഷിച്ചത് കിട്ടി. ആദ്യം വാടകവീട്ടിലും പിന്നീട് വിലവാങ്ങിയവീട്ടിലും ഭിത്തിയില്‍ തൂക്കിയിട്ട, എന്നു കാണുമായിരുന്ന ഫോട്ടോ. ഒറ്റമുണ്ടുടുത്തു തൂവാല തോളിലിട്ട അപ്പനും, കച്ചമുറിയും ചട്ടയും ധരിച്ച അമ്മയും നില്‍ക്കുന്ന, മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള, മങ്ങിയ പടം. അയാള്‍ അ്ത തുടച്ചുവൃത്തിയാക്കി. സ്വീകരണ മുറിയിലെ ഭിത്തിയില്‍ തൂക്കിയിട്ടു. അപ്പോള്‍ മേരിക്കുട്ടി പറഞ്ഞു: 'എന്റെ അപ്പച്ചനും അമ്മച്ചിയും ഒത്തിരികഷ്ടപ്പെട്ടാ എന്നെ വളര്‍ത്തിയത്. എന്നാലും അവരുടെ ഒരു പടം എടുപ്പിച്ചുവെക്കാന്‍ എനിക്ക് സാധിച്ചില്ല.'

മടങ്ങിവരാത്തൊരുകാലഘട്ടം തോമസിന്റെ മനസ്സില്‍ തെളിഞ്ഞു. ഒരിക്കലും മറക്കാനാവാത്തൊരു ശബ്ദം ആത്മാവില്‍ ധ്വനിച്ചു. അന്ന്, അപ്പനോളം ഉയരമുണ്ടായിരുന്ന തന്റെ നെറ്റിയില്‍ കുരിശ് വരച്ചു തലയില്‍ കൈവച്ചനുഗ്രഹിച്ചുകൊണ്ട് നല്‍കിയ ഉപദേശം: 'എന്റെ മോന്‍ എവിടെപ്പോയാലും കര്‍ത്താവിന്റെ കയ്യില്‍ പിടിച്ചോണം. ഒരിക്കലും പ്രാര്‍ത്ഥന മുടക്കരുത്.' അയാളുടെ കണ്ണ് നിറഞ്ഞു. ചിന്ത പതറി. ഓര്‍ക്കേണ്ടതിന് സമയം മറയിടുന്നു. അതിജീവനത്തിന് അത് ആവശ്യമോ? കാഴ്ചയും. കേഴ് വിയുമെന്നപോലെ, ചില തൊഴിലുകള്‍ക്ക് ക്രൂരതയും വേണമല്ലോ. കരുണയില്ലാത്ത ജോലിയാണ് കശാപ്പുകാരന്റേത്. മാംസത്തിനു വേണ്ടി ജന്തുക്കളെ കൊല്ലുന്നവരെയും വധശിക്ഷനടപ്പാക്കുന്ന ആരാച്ചാരെയും, ക്രൂര•ാരെന്നോ കൊലയാളികളെന്നോ വിളിക്കാറില്ല. ഉപജിവനത്തിനുവേണ്ടി ചെയ്യുന്ന നിര്‍ദ്ദയകര്‍മ്മങ്ങള്‍ ദൈവമുമ്പാകെ പാപമല്ലേ?

തലേനാള്‍ കേട്ട പ്രസംഗം ഹൃദയത്തിന്റെ ആഴങ്ങളില്‍ മുങ്ങിയിറങ്ങാന്‍ നിര്‍ബന്ധിച്ചു. ഒരു വാഗ്്ദാനത്തില്‍ എത്തിനോക്കാന്‍ പ്രേരിപ്പിച്ചു. തന്റെ ലക്ഷ്യം എന്തെന്ന ചോദ്യം പട്ടക്കാരന്റെ പ്രബോധനത്തിലുണ്ട്. എന്തുത്തരം പറയും? മൃദുലഭാവങ്ങളും സഹാനുഭൂതിയും മനസ്സാക്ഷിയെപൊതിയുമ്പോള്‍, സൗജന്യമായി സഹായിക്കുന്നത് കുറ്റമാകുമോ? അര്‍ഹതയുള്ളവര്‍ക്കു നല്‍കുന്ന ഔദാര്യദാനം നിഷിദ്ധമാകുമോ? അന്തസ്സാരശുദ്ധിയോടെ അയാള്‍ ചിന്തിച്ചു. പെട്ടെന്ന്, ഉണര്‍ന്ന ഓര്‍മപൂര്‍വ്വാധികം പിന്നിലേക്ക് നയിച്ചു.

കഷ്ടതയെന്ന കഠിനപരീക്ഷയില്‍ വഴിമുട്ടിനിന്നവേള. ഉള്ളുരുകി പ്രാര്‍ത്ഥിച്ച നേരം. പെട്ടെന്ന്, മനസ്സില്‍ ഉദിച്ചുവന്ന ഏക ആശ്രയം വിവാഹമെന്ന 'പിടിവള്ളി'യായിരുന്നു. പരസ്പരം സ്‌നേഹിച്ചും തടസ്സങ്ങളെ തരണം ചെയ്തും ദമ്പതികളാകുന്നവര്‍, പാതിവഴിയില്‍ കലഹിച്ചു പിരിയുന്നു. പൊരുത്തം നോക്കിയും വിലമതിച്ചു വിവാഹിതരാകുന്നവരും, ഇരു മനസ്സുകളും ഇരുവാക്കുകളും ഉള്ളവരായി അന്യോന്യം ഉപേക്ഷിക്കാറുണ്ടേ. ഈ യാഥാര്‍്തഥ്യം മുന്നിലിരിക്കെ, അപരിചിതനും നിരാശ്രയനുമായ ഒരു പുരുഷനോടു ചേരാന്‍ ആരു വരുമെന്ന് ശങ്കിച്ചു. അപ്പോഴും, അപ്പന്റെ അന്ത്യോപദേശം ഓര്‍ത്തു പ്രാര്‍ത്ഥിച്ചു. അത് ഫലിച്ചു! ഒരു ഭാഗ്യമെന്നപോലെ, ആനന്ദവുമായി മേരിക്കുട്ടി വന്നു! കൂട്ടുകാരന്‍ അപ്പുക്കുട്ടനും ഭാര്യയും മക്കളുമായിരുന്നു മണവാളന്റെ കൂട്ടര്‍. മേരിക്കുട്ടിയുടെ ചാര്‍ച്ചക്കാരിയും കൂട്ടുകാരികളുമായിരുന്നു പെണ്‍കൂട്ടര്‍. സഭാപരമായ വ്യത്യാസം നോക്കാതെ വിവാഹം നടത്താന്‍ അധികാരമുള്ള ഒരു ക്രിസ്തീയ പുരോഹിതനായിരുന്നു കാര്‍മ്മികന്‍. മിന്നിവന്നൊരു മനോഹരസ്വപ്‌നം പോലെ അപ്രതീക്ഷിതമായുണ്ടായ വിവാഹം, വിദേശഭൂമിയില്‍ ജീവിതം ഉറപ്പിച്ചു. ക്രമേണ, രണ്ട് പേരുടെയും സഹോദരങ്ങളെ കൊണ്ടുവന്നു. പിടിച്ചു കയറാവുന്ന സ്ഥാനങ്ങള്‍ നല്‍കി. തോമസിന്റെ നീതിയുള്ള ജീവിതഗതിയും കൃപാപൂര്‍വ്വകമായ പെരുമാറ്റവും സത്വരപുരോഗതി നല്‍കി. ഇന്‍ഷ്വറന്‍സ് കമ്പനി, ഗ്യാസ് സ്റ്റേഷനുകള്‍, വാടകക്കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമയായി. നല്ലതും സ്വാകര്യവുമായ  പൊതു പ്രവര്‍ത്തനങ്ങളും സേവനതൃഷ്ണയും ജനസമ്മതനും സൗഹൃദസമ്പത്തുള്ളവനുമാക്കി. എന്നാലും, ദാമ്പത്യജീവിതം പൂര്‍ണ്ണമോ?

തലേനാള്‍ കേട്ട പ്രസംഗഭാഗം വീണ്ടും മനസ്സില്‍ മുഴങ്ങി. അക്രമങ്ങള്‍ നിറഞ്ഞ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രന്മാരും സ്വസ്‌നേഹികളും വര്‍ദ്ധിക്കുന്നു. കോപവും ക്രോധവും നാശം വിതയ്ക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ ആരായാലും അവരവരുടെ മനസ്സാക്ഷിയോട് ചോദിക്കണം, നിങ്ങള്‍, ദൈവദൃഷ്ടിയില്‍ നീതിമാനാണോയെന്ന്. നിങ്ങള്‍ മറക്കുന്ന ഒരു മുന്നറിയിപ്പുണ്ട്. ദൈവം ഹൃദയം നോക്കി വിധിയെഴുതുന്നവനാണെന്ന്. നിങ്ങള്‍ എപ്പോഴും ഓര്‍ക്കേണ്ട മറ്റൊരു കാര്യമുണ്ട്. അവനവന്റെ പ്രവര്‍ത്തിക്ക് തക്കവണ്ണം പ്രതിഫലം കിട്ടുമെന്ന്. ആയതിനാല്‍, പാപമുള്ള വ്യക്തിത്വം ഉരിഞ്ഞുകളയണം. ജാതിഭേദം കൂടാതെ, സകലരേയും സഹായിക്കുകയും സഹോദരങ്ങളായി കാണുകയും ചെയ്യുന്ന യഥാര്‍ത്ഥ ക്രിസ്തീയ സ്‌നേഹമുള്ള വ്യവസ്ഥിതി സ്വീകരിക്കണം. നിങ്ങളുടെ മനഃസംസ്‌ക്കാരം മലിനമാകരുത്. മശിഹൈകധര്‍മ്മം മറക്കരുത്.'

കാലങ്ങളും നേട്ടങ്ങളും മേരിക്കുട്ടിയുടെ ജീവിതരീതി മാറ്റിയില്ല. അദ്ധ്വാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലായിരുന്നു ആനന്ദം. അലങ്കാരങ്ങളില്‍ ഭ്രമിച്ചില്ല. ധനികതയില്‍ അഹങ്കരിച്ചില്ല. എങ്കിലും, മുഖ്യമായ ഒരാഗ്രഹം നിറവേറിയില്ല! അത് എന്താണ്? അവള്‍ ജോലിസ്ഥലത്ത് എത്തിയപ്പോള്‍, അവിടെയുള്ള മലയാളിസ്ത്രീകള്‍ തമ്മില്‍ പറഞ്ഞു: ഇട്ടുമൂടാന്‍ ധനമുണ്ടായിട്ടും ഇവളിങ്ങനെ രാവും പകലും കഷ്ടപ്പെടുന്നതെന്തിനാ?' കുടുംബത്തില്‍ പ്രശ്‌നം കാണും.' അയാള്‍ക്ക് അവളെ വേണ്ടായിരിക്കും.' അങ്ങേരെപ്പോഴും സര്‍ക്കീട്ടിലാ. പിന്നെ, കോടീശ്വരനാ. പണക്കാരന് കിട്ടാത്തതുവല്ലോ മുണ്ടോ?' ബന്ധുക്കളും മേരിക്കുട്ടിയെ ഉപദേശിച്ചു: നിനക്കിനി പെന്‍ഷനും വാങ്ങി വെറുതെ വീട്ടിലിരുന്നുകൂടെ? ആര്‍ക്ക് വേണ്ടിയാ ഇനി സമ്പാദിക്കുന്നത്?'

ജോലി ഉപേക്ഷിച്ചപ്പോള്‍ മേരിക്കുട്ടിക്ക് പരിമിതിയില്ലാത്ത വിശ്രമം. സ്വാതന്ത്ര്യത്തിന്റെ സുഖം. അനുഭവങ്ങളുടെ വര്‍ണ്ണചിത്രങ്ങളില്‍ നോക്കാനും ആത്മീയകീര്‍ത്തനങ്ങള്‍ പാടാനും ഏറെ നേരം. എന്നാലും, അപൂര്‍ണ്ണത. വ്യാകുലതപുരണ്ട നഷ്ടബോധം! അതിന്റെ കാരണം താനല്ലെന്ന ധാരണ തോമസ്സിനുണ്ടായിരുന്നു. കൂട്ടുകാരെ വീട്ടില്‍ വിളിച്ചു വരുത്തി സൈ്വരം കെടുത്തരുതെന്ന ഭാര്യയുടെ ഉപദേശം മാത്രം അയാള്‍ സ്വീകരിച്ചില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ജനസമ്പര്‍ക്കം ഒഴിവാക്കാന്‍ സാദ്ധ്യമല്ലെന്ന് പറഞ്ഞിട്ടുമുണ്ട്. പിശാചിന് ഭവനത്തില്‍ ഇടംകൊടുക്കുന്നുവെന്ന മേരിക്കുട്ടിയുടെ പരാതി, അവസാനിച്ചില്ല, തുടര്‍ന്നു.

പിറ്റേ ഞായറാഴ്ച, പള്ളിയില്‍ പോകുന്നതിനുമുമ്പ്, തോമസ് സ്വര്‍ണ്ണവളകളും കുരിശ്മാലയും ഊരിവച്ചു. കുര്‍ബാന കഴിഞ്ഞപ്പോള്‍, പതിവ്‌പോലെ ഭക്ഷിക്കാനും ഇടവകക്കാരോട് കുശലം പറയാനും നില്‍ക്കാതെ വീട്ടിലേക്ക് മടങ്ങി. സായാഹ്നത്തില്‍, വിനോദത്തിന് സൗഹൃദസംഘത്തിലും പോയില്ല. ഒരു മാസത്തോളം പ്രവര്‍ത്തനങ്ങളില്‍ നിന്നുമകന്നു വായനയില്‍ മുഴകിയപ്പോള്‍, സുഖവും സമാധാനവും. അനുഭവപരിചയത്തെ ശോധചെയ്തപ്പോള്‍, വക്രതയില്ലെങ്കിലും പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയും ധനസ്‌നേഹം ജീവിതഗതിമാറ്റുകയും ചെയ്‌തെന്നു വ്യക്തമായി. പഠനപ്രാപ്തി കുറഞ്ഞുവെന്നും തോന്നി. ആധുനിക ശാസ്ത്രങ്ങള്‍, ജീവചരിത്രങ്ങള്‍, നന്മതിന്മകളുടെ ഉറവുകള്‍, നിരീശ്വരവാദം, ഭൂതവര്‍ത്തമാനകാല സംസ്‌കാരങ്ങള്‍, സന്മാര്‍ഗ്ഗസിദ്ധാന്തങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ എന്നീ വിഷയങ്ങളിലൂടെ കടന്നുപോയ 'വായന' ആത്മവിദ്യയിലെത്തി. തിന്മചെയ്യുന്നവരെ നന്മയുള്ളവരാക്കുന്നത് മാനസാന്തരവും, സമാധാനത്തിലെത്തിക്കുന്നത് സ്‌നേഹമവുമാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴും ഉള്ളില്‍ ഒരു ചോദ്യം: 'എന്താണ് നിന്റെ ലക്ഷ്യം?' ക്രമേണ, പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും തോമസ് പിന്മാറി. അക്കാരണത്താല്‍, സൗഹൃദവലയം ചുരുങ്ങി. വിളിയും വിനോദവചനങ്ങളും കുറഞ്ഞു. പരിപാടികളും സ്വീകരണയോഗങ്ങളും നിലച്ചു! അയാളുടെ പിന്മാറ്റം ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയും അത്ഭുതപ്പെടുത്തി.

ഭര്‍ത്താവിന്റെ പുതിയ സഞ്ചാരവഴി മേരിക്കുട്ടിയെ സംതൃപ്തയാക്കി. എന്നാല്‍, കുടുംബം പൂര്‍ണ്ണമല്ലെന്ന ചിന്ത വീണ്ടും വീണ്ടും അലട്ടി. ഒരമ്മയുടെ ആനന്ദം നുകരാനും വാത്സല്യം പകരാനുമാവാത്ത  ഭാഗ്യഹീനയാണെന്ന വിചാരം വേദനിപ്പിച്ചു.  പലപ്പോഴും തനിച്ചിരുന്നു കരഞ്ഞു. കുറ്റവും കുറവുമില്ലാത്ത ദമ്പതികള്‍ക്ക് സന്താനപുഷ്ടിയുണ്ടാകാത്തതിന്റെ കാരണമറിയാതെ കുഴങ്ങി. ആ ദുരവസ്ഥ കര്‍മ്മദോഷമെന്ന് തോമസ് നിനച്ചില്ല. ഭാര്യയുടെ തപ്തമൗനം കണ്ടു സഹതപിച്ചുമില്ല. വിതക്കുന്ന മനുഷ്യന് വിളവ് കൊടുക്കുന്നത് ദൈവമെന്നായിരുന്നു വിശ്വാസം. ഭൂമുഖത്തുള്ളതെല്ലാം ദൈവദത്തമാണെന്നും, ശാസ്ത്രം സ്വയംഭൂവായതല്ലെന്നു, ജ്ഞാനബുദ്ധി നിശ്വസ്തശക്തിയാണെന്നും, ശാസ്ത്രപുരോഗതി പ്രപഞ്ചത്തെ കീഴടക്കില്ലെന്നുമായിരുന്നു വ്യക്തിത്വസിദ്ധാന്തം.

അടുത്തവര്‍ഷം, പള്ളിപ്പെരുന്നാളിന് ഭ്ദ്രാസനമെത്രാപ്പോലീത്തവന്നു. ആരാധന ആരംഭിക്കുന്നതിനു മുമ്പ് തോമസിനെ അദ്ദേഹം വിളിച്ചു. അയാളുടെ തലയില്‍ 'സ്ലീബാ' വച്ചു പ്രാര്‍ത്ഥിച്ചു. വാഴ്ത്തിയ, വെളുത്ത കുപ്പായം ധരിപ്പിച്ചു. മദ്ബഹായില്‍ കയറ്റി. മുന്നറിയിപ്പില്ലാഞ്ഞതിനാല്‍, ആ ചടങ്ങ് ആരാധകരെ അത്ഭുതപ്പെടുത്തി. ചിലര്‍ അരസികതയോടെ അന്യോന്യം നോക്കി. മേരിക്കുട്ടിയുടെ മിഴി നിറഞ്ഞുതൂവി. അന്ന്, അന്തിക്കുമുമ്പ്, തോമസ് കപ്യാരായെന്ന വാര്‍ത്ത പടര്‍ന്നു. അതില്‍ അസൂയയും പരിഹാസവും ഉണ്ടായിരുന്നു.

പിറ്റേമാസത്തില്‍, സ്വപിതാവിന്റെ ചരമവാര്‍ഷികത്തിന് തോമസും ഭാര്യയും സ്വദേശത്ത് ചെന്നു. ഓര്‍മ്മക്കുര്‍ബാന ചൊല്ലിക്കുകയും കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തിക്കുകയും ചെയ്തു. ധനസഹായം നല്‍കുന്നതിന് വൃദ്ധസദനം സന്ദര്‍ശിച്ചു. വീട്ടില്‍ മടങ്ങിയെത്തി വിശ്രമിച്ചപ്പോള്‍, പരീക്ഷണമെന്നപോലെ മനസ്സില്‍ ഒരു ചോദ്യം. 'ഇനി എങ്ങോട്ട്' ? ഒരു തീരുമാനമെടുക്കേണ്ടനേരം. എന്നിട്ടും അസ്ഥിരത! അകാരണഭയം! ആത്മബലവും പക്വതയും വിവേകവും വിശ്വസ്തതയും ഉള്ളവനാക്കുവാന്‍, നിഷേധാത്മകചിന്തകളില്ലാതെ നീതിയുടെ നേര്‍വീഥിയിലൂടെ നയിക്കാന്‍ തലകുനിച്ചു. അഖിലാണ്ഡത്തിന്റെ ഉടയവനു മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. കൂദാശാനുഷ്ഠാനങ്ങളിലും ശുശ്രൂഷകളിലും പട്ടക്കാരനെ സഹായിക്കുന്ന സ്ഥാനം-ശെമ്മാശ്ശപട്ടം- സഭയുടെ അനുവാദത്തോടും ചട്ടപ്രകാരവും ലഭിച്ചു. തുടര്‍ന്ന്, സൂഷ്മവും സുപ്രധാനവുമായ പരിശീലനം. വീണ്ടും വിശ്വാസത്തിന്റെ വചനങ്ങള്‍ വായിച്ചു.

അഞ്ച് മാസത്തിനുശേഷം, തോമസ് ശെമ്മാശ്ശനും ഭാര്യയും അമേരിക്കയില്‍ മടങ്ങിയെത്തി. ആത്മീയവും വ്യക്തിപരവുമായ കാര്യമായതിനാല്‍, ശെമ്മാശ്ശനായ വിവരം വിളംബരം ചെയ്തില്ല. അക്കാരണത്താല്‍, പള്ളിയില്‍ എത്തിയപ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടായി. സകലമതസ്ഥര്‍ക്കും സമ്മതനായ മനുഷ്യന്‍ ഒരു സഭയുടെ അടിമയാകുന്നതെന്തിന്?' ധനത്തിനുവേണ്ടി പള്ളിത്തൊഴിലാളികളാകുന്നവരുണ്ട്. പക്ഷെ, ഇങ്ങേര് ധനികനാണല്ലോ.' 'പുകവലിയും മദ്യപാനവും പെണ്ണ്പിടിയും അയാള്‍ക്കില്ല.' ദൈവവിളികിട്ടിക്കാണും.' അഭിപ്രായങ്ങള്‍ ഭിന്നിച്ചെങ്കിലും, ശെമ്മാശ്ശന്റെ പാട്ടും വായനയും ഇമ്പമുള്ളതെന്ന് സകലരും പറഞ്ഞു.

ഭര്‍ത്താവിനൊപ്പം മടങ്ങിയെത്തിയപ്പോള്‍, മേരിക്കുട്ടി ഗര്‍ഭിണിയായിരുന്നു. അവള്‍ ദേവാലയത്തില്‍ ചെന്നപ്പോള്‍, സ്ത്രീകള്‍ക്ക് അതിശയം. ചിലര്‍ക്ക് കുശുമ്പ്. അന്ന്, പള്ളിക്കാരുടെ വീടുകളില്‍ അവള്‍ സംസാരവിഷയമായി. പെണ്ണുങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍. അവളൊരു മച്ചിയാണെന്നാ ഞാന്‍ വിചാരിച്ചത്. നേരവും കാലവും നോക്കി വല്ലതും ചെയ്തിരുന്നെങ്കിലിപ്പോള്‍ കെട്ടുപ്രായം തികഞ്ഞ പിള്ളേര് കണ്ടേനേ. 'മരുന്നും മന്ത്രോം ഏക്കാത്ത നേരത്ത് ഒണ്ടാക്കാന്‍ ശ്രമിച്ചാലൊണ്ടാകത്തില്ല. പിന്നെങ്ങനീ കെളവി പണിപറ്റിച്ചെന്നാ ഞാന്‍ ചിന്തിക്കുന്നത്' 'അവള്‍ക്ക് വയറ്റിലൊണ്ടായാല്‍ ചെമ്മാച്ചനായിക്കൊള്ളാമെന്ന് അതിയാന്‍ നേര്‍ച്ചനേര്‍ന്നു കാണും. അതല്ലെങ്കിലിപ്പഴീ ചെമ്മാച്ചപ്പണിക്കുപോകുമോ?' 'നിങ്ങളീതെന്നാ പോതക്കേടാ പറേണെ. ഇക്കാലത്ത് വെതക്കാതെ കൊയ്യാമ്പറ്റുമെന്നറിയില്ലെ?' 'എങ്ങനായാലും തള്ളേം പിള്ളേം വേര്‍പിരിയുന്നതുവരെ പാവത്തിന് ആധി കാണുമെന്ന് കരുതിക്കോ. ങ്ഹാ, ദോഷം വരാതിരിക്കട്ടെ,' അങ്ങനെ പലരും പറഞ്ഞെങ്കിലും, മാസം തികഞ്ഞപ്പോള്‍ മേരിക്കുട്ടി ഒരു മകനെ പ്രസവിച്ചു. തോമസ് ശെമ്മാശ്ശന്‍ അവന് 'അബ്രഹാം' എന്ന് പേരിട്ടു. സ്വന്തപിതാവിന്റെ നാമം. നാല്പത് ദിവസം കഴിഞ്ഞപ്പോള്‍, ആത്മാവില്‍ നിന്നും വെള്ളത്തില്‍നിന്നുമുള്ള  ക്രിസ്തീയസ്‌നാനം-മാമോദീസ-പള്ളിവികാരി അബ്രഹാമിനു നല്‍കി!

യാത്രയ്ക്ക് സമയമായെന്ന് ശെമ്മാശ്ശന് തോന്നി. എളിമയും കരുണയും കര്‍ത്തവ്യബോധവും ഹൃദയത്തില്‍ എടുത്തു. വഴിയില്‍ ഉണ്ടാകാവുന്ന വിരുദ്ധപ്രകടനങ്ങളെ മാറ്റാന്‍ ആത്മീയായുധം ധരിച്ചു. മദ്ധ്യവേനല്‍വന്ന വേളയില്‍ ഉദിച്ച ഒരു ഞായറാഴ്ച ദിവസം. കുര്‍ബാന മദ്ധ്യേ, തോമസ് ശെമ്മാശ്ശനെ മുന്നില്‍ നിറുത്തി വിശ്വാസപ്രമാണം ഏറ്റുപറയിപ്പിച്ചശേഷം, ഭദ്രാസന മെത്രാപ്പോലീത്ത പരിശുദ്ധാത്മാഭിഷേകത്തിനുള്ള പ്രത്യേക പ്രാര്‍ത്ഥന ചൊല്ലി. പൗരോഹിത്യ പിന്‍തുടര്‍ച്ചയുടെ കൈവയ്പ നടത്തി. കശീശ്ശാ പട്ടം-പൗരോഹിത്യം-നല്‍കി! ആ വിശുദ്ധകുദാശയെ അനുകൂലിച്ചവര്‍ ആശംസകള്‍ നേര്‍ന്നു. പ്രതിഷേധിച്ചവര്‍ മുറ്റത്ത് നിന്നു. 'തോമസിന് പട്ടത്വത്തിനു വേണ്ട പടുത്വമില്ല.' ;പട്ടത്വം വില്‍ക്കപ്പെടുന്നു' എന്നീ പരാതികള്‍ ഉയര്‍ത്തി. വ്യക്തിവിദ്വേഷം അതിന് പിന്തുണ നല്‍കി. എങ്കിലും, പിറ്റേ ഞായറാഴ്ച 'പുത്തന്‍ കുര്‍ബാന' അര്‍പ്പിക്കാന്‍ തോമസ് അച്ചന്‍ സ്വന്ത ഇടവകയിലെത്തി.
പ്രകാശമുള്ള പ്രഭാതം! ഭൂമിയുടെ പ്രതീകമായ ഹൈക്കലായില്‍ വിശ്വാസികള്‍ നിറഞ്ഞുനിന്നു. താമസിച്ചെത്തിയവര്‍ മുറ്റത്ത് നിന്നു. അഗാധഭക്തിയില്‍ ആരംഭിച്ച പ്രഭാത നമസ്‌കാരത്തിനുശേഷം, ആത്മീയനിറവില്‍ തോമസ് അച്ചന്‍ കുര്‍ബാന അര്‍പ്പിച്ചു! പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത ആ കൂദാശയില്‍ പ്രകടമായി. ആത്മീയ പ്രബോധനത്തിന്റെ പരിമളം ആ തിരുബലിയില്‍ നിന്നുമൊഴുകി! ആരാധകര്‍ ധന്യരായി! സമാപനപ്രാര്‍ത്ഥനയ്ക്ക് മുമ്പായി നന്ദി പറഞ്ഞുകൊണ്ട്, നവവൈദികന്‍ പ്രസംഗിച്ചു: 

കര്‍ത്താവിന്റെ കരുണയും സ്‌നേഹവും അനുഭവിക്കുന്ന ആത്മീയസഹോദരങ്ങളെ! വന്ദിതനായ ദൈവത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് ഒരു കാര്യം പറയുകയാണ്. ഞാന്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ഈ വിദേശഭൂമിയില്‍ വന്നത്. എന്റെ അപ്പന്‍ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. ഞാന്‍ മൂത്തമകന്‍. അഞ്ച് ഇളയസഹോദരങ്ങള്‍. പഠിക്കാന്‍ നിവൃത്തിയില്ലാഞ്ഞതിനാല്‍ ഞാനും ചുമട്ടുതൊഴിലാളിയാകാന്‍ തീരുമാനിച്ചു. എന്നാല്‍, എന്റെ പേരപ്പന്‍ എന്നെ പഠിപ്പിച്ചു. അദ്ദേഹം ഒരു കപ്യാരായിരുന്നു. ഞാന്‍ 'ബി.എ.പരീക്ഷ' ജയിച്ചപ്പോള്‍, ഇവിടെ വരാന്‍ പേരപ്പന്റെ സഹായത്താല്‍ 'വിസാ' കിട്ടി. എന്റെ യാത്രാച്ചിലവിനു വേണ്ടി എന്റെ അപ്പന്‍ കുടുംബം കടപ്പെടുത്തി. അങ്ങനെ മുപ്പതുവര്‍ഷം മുമ്പ് ഞാനിവിടെ വന്നു. പഠിച്ചുകൊണ്ടിരിക്കെ, കടകമ്പോളങ്ങളില്‍ ചെറിയ ജോലി ചെയ്തു. വിദ്യാര്‍ത്ഥി വിസയില്‍ വന്നതിനാല്‍, പഠനം കഴിയുമ്പോള്‍ മടങ്ങിപ്പോകണമായിരുന്നു. കഷ്ടപ്പെടുന്ന കുടുംബത്തെയും പട്ടിണിയനുഭവിക്കുന്ന കുറെ ബന്ധുക്കളെയും ഞാന്‍ ഓര്‍ത്തു ദുഃഖിച്ചു. എന്റെ മടക്കയാത്ര മാറ്റിവച്ച് അവരെ സഹായിക്കണമെന്നു തോന്നി. അപ്പോള്‍, ഇവിടെ തുടരുന്നതിനു കണ്ട ഒരേ ഒരു മാര്‍ഗ്ഗം വിവാഹം മാത്രമായിരുന്നു. അത് എന്റെ ലക്ഷ്യത്തിന് തടസ്സവുമല്ലായിരുന്നു. അതുകൊണ്ട്, സെമിനാരി പഠനം പൂര്‍ത്തിയാക്കിയശേഷം ഞാന്‍ മടങ്ങിപ്പോയില്ല. ദൈവികദൗത്യം നിര്‍വ്വഹിക്കാനുള്ള എന്റെ ശ്രമം ഇപ്പോള്‍ ആരംഭിച്ചു. അത് ഫലപ്രദമായി നിറവേറ്റാന്‍ എനിക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്.'

ഇന്ന് ഞാന്‍ ഒരു പട്ടക്കാരനാണ്. ദൈവമല്ല. ദൈവദാസമാണ്. ദൈവം എന്ന പദത്തിന് പല അര്‍ത്ഥങ്ങളുണ്ട്. അവയില്‍ ഒന്നാണ് 'ശക്തി'. സര്‍വ്വശക്തനായ, സ്രഷ്ടാവാം ദൈവമാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. നമ്മുടെ ദൈവത്തിന് മുഖപക്ഷമില്ല. അവന്‍ സകലരേയും സ്‌നേഹിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ ആത്മാവ് സ്‌നേഹമാണ്. വിശ്വാസത്തിന്റെ വചനത്തിലും, വിശ്വസ്തയുടെ മൂല്യത്തിലും സ്‌നേഹമാണുള്ളത്. അതുകൊണ്ട്, വിശ്വാസത്തോടു കൂടിയ പ്രവൃത്തിയില്‍ സ്‌നേഹം ഉണ്ടായിരിക്കണം. ക്രൈസ്തവസഭയുടെ ആദ്യനൂറ്റാണ്ട് സത്യത്തിനുവേണ്ടി മരിച്ച രക്തസാക്ഷികളുടേതായിരുന്നു. അവര്‍ മരണത്തെ ഭയന്നില്ല. വിശ്രമവും സുഖവും അനുഭവിച്ചില്ല. യാതനയും പീഡനവുമായിരുന്നു പ്രതിഫലം. പിന്നീട്, സഭ ഏകത്വത്തില്‍ നിന്ന് ബഹുത്വത്തിലേക്ക് ചിതറിപ്പോയി. യേശുവിന്റെ വചനങ്ങളില്‍ മായം ചേര്‍ത്തുതെറ്റായി വ്യാഖ്യാനിച്ചതാണ് കാരണം. വിശ്വാസഭിന്നതയില്‍ സ്വയം സ്ഥിതരായ ദൈവങ്ങള്‍ ഉണ്ടായി. ആരാധിക്കപ്പെടുന്നതിനും, വന്ദിക്കപ്പെടുന്നതിനും, ധനികരും സുരക്ഷിതരുമാകുന്നതിനും വേണ്ടി, അവര്‍ ആരാധനാക്രമങ്ങള്‍ ഉണ്ടാക്കി. വിശ്വാസികളെ ഭിന്നിപ്പിച്ചു. മറ്റു ചിലര്‍ വേദപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തും തിരുത്തിയും വെട്ടിക്കുറച്ചും മാറ്റം വരുത്തി. തന്നിഷ്ടപ്രകാരം ഭാഷാന്തരം ചെയ്തു വ്യവസായസ്ഥാനത്ത് വച്ചു. കുര്‍ബ്ബാനയും കൂദാശകളും പാട്ടുകളും പ്രാര്‍ത്ഥനകളും മറ്റും വില്പനച്ചരക്കുകളാക്കി. ധനശേഖരണത്തിന് അനാചാരങ്ങളുണ്ടാക്കി. ഇക്കാരണങ്ങളാല്‍ ആത്മീയത മുരടിച്ചു. കര്‍ത്താവിന്റെ വഴി അടച്ചതുപോലെയായി. ക്രിസ്തീയ സ്‌നേഹം തണുത്തു. ഈ ദുരവസ്ഥ മാറണം. ഒരു നൂതന ജീവിതക്രമം ഉണ്ടാകണം. സഭകള്‍ ഏകോപനത്തിലെത്തണം. അതിന് ഒരു ആത്മീയനവോത്ഥാനം ആവശ്യമാണ്.'

'നാളെ, ഞാനും എന്റെ കുടുംബവും ജന്മദേശത്തേക്ക് മടങ്ങിപ്പോകും. അവിടെ, അനാഥരും അംഗഹീനരുമായവരുടെ നടുവിലായിരിക്കും ഇനിയെന്റെ സേവനം. നിങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും.' തോമസ് അച്ചന്റെ തൊണ്ടയിടറി! കണ്ണ് നിറഞ്ഞു! എങ്കിലും മന്ദഹസിച്ചു! സമാപന പ്രാര്‍്തഥന ആരംഭിച്ചു! അത് ആത്മീയഭക്ഷണമായി!

 വചനം (കഥ: ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക