ന്യൂജേഴ്‌സി: ഉണ്ണിയേട്ടാ എന്റെ റൂം മേറ്റിനെ ആബുലൻസിൽ ആരോഗ്യ പ്രവർത്തകർ വന്നു കൂട്ടിക്കൊണ്ടു പോയി. ഓന്ക്ക് കൊറോണായണെന്ന് തോന്നുന്നു. എവിടേയ്ക്കാ ഓനെ കൊണ്ടോയിക്കുണെന്നറിയില്ല- ദുബായിയിൽ ഫോട്ടോഗ്രാഫർ ആയ മലപ്പുറംകാരനും എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ സി.കെ. ശിവന്റെ പതിവ് ഫോൺ കോൾ വന്നപ്പോൾ ഞാൻ ആകെ പരിഭ്രാന്തനായി. കഴിഞ്ഞ രണ്ടു ദിവസമായി ചുമയും പനിയുമായി കിടപ്പിലായിരുന്ന റൂം മേറ്റിന് കൊറോണയുടെ ലക്ഷണങ്ങൾ തോന്നിയപ്പോൾ ടെസ്റ്റിംഗ് നടത്തിയിരുന്നു. റിസൾട്ട് പോസിറ്റീവ് ആണെന്ന് അറിയിച്ചുകൊണ്ട് ദുബായ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്ന് സന്ദേശം വന്നതിനു തൊട്ടു പിന്നാലെ ഫ്ലാറ്റിനു മുൻപിൽ സൈറൺ മുഴക്കി ആംബുലൻസ്-പോലീസ് വാഹനങ്ങൾ പാഞ്ഞെത്തി.
ഫ്ലാറ്റിനുള്ളിൽ എത്തിയ ആരോഗ്യ പ്രവർത്തകർ അയാളോട് അത്യാവശ്യത്തിനു വേണ്ട തുണികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുകൊണ്ട് അവരോടൊപ്പം ചെല്ലാൻ പറഞ്ഞു. എന്തിനാണ്, എവിടേക്കാണ് എന്നൊന്നും പറഞ്ഞില്ല. ചോദിയ്ക്കാൻ കഴിഞ്ഞില്ലെന്നു വേണം പറയാൻ. അയാൾ പോയി അൽപ്പം കഴിഞ്ഞപ്പോഴാണ് ഫോൺ കൊണ്ടു പോകാൻ മറന്ന വിവരം അറിയുന്നത്. പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവുമില്ല. "ഓനെ ഏടിയാ കൊണ്ടെയ്ക്കാണെന്നറിയില്ല ഉണ്ണിയേട്ട, നിക്ക് ആകപ്പാടെ പേടിയാകുന്നു"-ശിവൻ പാതി മലപ്പുറം സ്ലാങ്ങിൽ വേവലാതിയോടെ പറഞ്ഞു..
പേടിക്കേണ്ട, ഹോസ്പിറ്റലിൽ കൊണ്ടുപോയതായിരിക്കും. അസുഖം കുറയുമ്പോൾ അവർ വിളിക്കുമായിരിക്കും. നീ ഓക്കേ ആണല്ലോ അല്ലെ?- ഞാൻ ചോദിച്ചു.
"നിക്ക് ഒരു കുഴപ്പവുമില്ല. ഒരു ചെന്നിക്കുത്ത് (തലവേദന) പോലുമില്ല "- ശിവൻ പറഞ്ഞു.
റൂം മേറ്റിന് കൊറോണ വൈറസ് വന്നതിനാൽ ഉടൻ തന്നെ ശിവനും പോയി ടെസ്റ്റിംഗ് നടത്തി. പിറ്റേന്ന് ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ പോസിറ്റീവ്!
പനിയില്ല, ചുമയില്ല, മേലുവേദനയോ ശ്വാസം മുട്ടലോ ഒന്നുമില്ല; പിന്നെങ്ങനെ കോവിഡ് 19 പോസിറ്റീവ് ആകും?
രണ്ടു മണിക്കൂറിനകം ആംബുലൻസ് വരും തയ്യാറായി നിന്നോളൂ.- ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്ന് സന്ദേശം വന്നു.
കോവിഡ് 19 ന്റെ യാതൊരു ലക്ഷണം പോലുമില്ലാത്ത ശിവന് ആകെ ആശങ്കയായി. എന്തിനായിരിക്കും അവർ തന്നെ കൊണ്ടുപോകുന്നത്? എവിടെക്കായിരിക്കും കൊണ്ടുപോകുക? ടെസ്റ്റ് റിസൾട്ട് ശരിയായിരിക്കുമോ? ഇപ്പോൾ രോഗലക്ഷണമില്ലെങ്കിലും ഇനി വരാനിരിക്കുന്നതേയുള്ളുവോ? തുടങ്ങി നൂറുനൂറു സംശയങ്ങളാണ് ശിവന്റെ ഉള്ളിൽ.
ഒരു കൊറോണ രോഗിയെപ്പോലും മുൻപ് കണ്ടിട്ടില്ലാത്ത ശിവൻ ആശങ്കയുടെ കൊടുമുടിയിലായി. പേടിക്കേണ്ടടാ, ഒന്നും സംഭവിക്കില്ല, ഞാൻ ഇത് ഇവിടെ എത്ര കണ്ടതാ. ഒന്നും സംഭവിക്കില്ല. ഇത്രയും കൂടുതൽ രോഗവും മരണവുമുണ്ടായ ഈ രാജ്യത്ത് ഞാൻ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നത് കണ്ടില്ലേ? ഒന്നും വരില്ല. ഞാൻ പറയുന്നത് കേട്ടാൽ മതി.- ഞാൻ ആശ്വസിപ്പിച്ചു.
ധരാളം വെള്ളം കുടിക്കണം, ആവിപിടിച്ച് തൊണ്ട ശുചീകരിക്കണം. ദിവസേന ഓരോ നാരങ്ങ പിഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ അതിരാവിലെ കുടിക്കണം. മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചു തേനിൽ ചാലിച്ച് കഴിക്കണം. വിറ്റാമിൻ സി, ആൻഡ് ഡി, മൾട്ടി വൈറ്റമിൻ, ബി-12 തുടങ്ങിയ സപ്പ്ളിമെന്റുകൾ വാങ്ങണം... ഞാൻ എനിക്കറിയാവുന്ന കൊറോണ പ്രതിരോധ മാർഗങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു.
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ശിവന്റെ ഫോൺ വീണ്ടും വന്നു. ശിവനെ കാത്ത് ആംബുലൻസ് ഫ്ലാറ്റിനു മുൻപിൽ കാത്തുകിടക്കുകയാണ്. ഇവർ എവിടെക്കാ കൊണ്ടുപോകുന്നതെന്നറിയില്ല. "ഉണ്ണിയേട്ടാ ഞാൻ വിളിച്ചില്ലെങ്കിലും ഇടക്കിടയ്ക്ക് വിളിക്കണം".- പോകുന്നതിനു മുൻപ് ശിവൻ പറഞ്ഞു.
ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചുവിളിച്ചു. ഫോൺ എടുക്കുന്നില്ല. ഞാൻ പല തവണ വിളിച്ചിട്ടും മറുപടിയില്ല. അതോടെ ഞാനും അൽപ്പം ടെൻഷനിൽ ആയി. രാത്രി ഏതാണ്ട് എട്ടുമണിയായപ്പോൾ ശിവന്റെ ഫോൺ വന്നു. പരിശോധനകളും മറ്റുമായി തിരക്കായതുകൊണ്ടാണ് വിളിക്കാതിരുന്നതെന്നു പറഞ്ഞു.
ഫ്ലാറ്റിൽ നിന്ന് ശിവനെ നേരെ കൊണ്ടുപോയത് ഒരു ഹോസ്പിറ്റലിലേക്കായിരുന്നു. അവിടെ രണ്ടുമൂന്നു മണിക്കൂർ പരിശോധന. പരിശോധന കഴിഞ്ഞപ്പോൾ തന്നെ രാത്രിയായി. പിന്നീട് ആംബുലൻസിൽ കയറി ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്ര. എവിടേയ്ക്കാണെന്ന് ഒരു പിടിയുമില്ല. ഒടുവിൽ ആംബുലൻസ് എത്തി നിന്നത് ഒരു വലിയ ഹോട്ടലിനു മുൻപിൽ. ഫൈവ് സ്റ്റാറോ, ഫോർ സ്റ്റാറോ മറ്റോ ആണ്.
28 നിലകളുള്ള ഒരു ആഡംബര ഹോട്ടലിന്റ്റെ 22 മത്തെ നിലയിലുള്ള ഒട്ടേറെ സൗകര്യങ്ങളുള്ള ഒരു വലിയ ആഡംബര മുറി. ഡബിൾ ബെഡ് റൂം. മുറിയിൽ 4 വലിയ കുപ്പി വെള്ളം, പഴങ്ങൾ. ഒരു വലിയ എൽ.ഇ.ഡി. സ്ക്രീൻ ടി.വി. മലയാളം ഉൾപ്പെടെയുള്ള ഒരുവിധമുള്ള എല്ലാ ചാനലുകളും ലഭ്യം. നാലു നേരം ഭക്ഷണം. രാവിലെ പ്രാതൽ, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായ, കാപ്പി, പലഹാരങ്ങൾ, രാത്രി അത്താഴം. എല്ലാ ദിവസവും ഇന്ത്യൻ രീതിയിലുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം.
ദിവസവും കാണുന്നത് റൂ സർവീസിലുള്ളവരെ മാത്രം. മുറിക്കു പുറത്തുള്ള ഒരു ടീപ്പോയിൽ ഭക്ഷണം വച്ച ശേഷം അവർ ബെൽ അടിക്കും. ഭക്ഷണം എടുക്കാനായി വാതിൽ തുറന്ന് മുറിക്കു പുറത്ത് ഇറങ്ങുമ്പോഴേക്കും അവർ മടങ്ങി പോകുന്നത് കാണാം. ഭക്ഷണം കഴിഞ്ഞാൽ പത്രങ്ങൾ തിരികെ ടീപ്പോയിൽ വയ്ക്കണം. നീണ്ട 22 ദിവസം അത് മാത്രമായിരുന്നു ആകെയുള്ള ജോലി. ആഴ്ചയിൽ രണ്ടു തവണ ആരോഗ്യ പ്രവർത്തകർ വരും പരിശോധന നടത്തും, ആരോഗ്യപ്രവർത്തകർ പനി, ബ്ലഡ് പ്രഷർ, പൾസ് എന്നിവ നോക്കും. മുഖം മറച്ചുവരുന്ന ഇവർ മനുഷ്യരാണെന്നറിയാം. അല്ലാതെ നേരിട്ട് ഒരാളെപ്പോലും കണ്ടിട്ടില്ല.
ഇത് കൊള്ളാമല്ലേ? കോവിഡ് വന്നാൽ സർക്കാർ ചെലവിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഭക്ഷണവും വേറെ എവിടെ കിട്ടാൻ? അവിടെ അങ്ങനെയാണ്. അസുഖം വരുന്നതിനു മുൻപ് രണ്ടുമാസത്തിലേറെ വീട്ടിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ സർക്കാർ പ്രതിനിധികളോ ആരോഗ്യപ്രവർത്തകരോ ആരും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. വല്ലപ്പോഴും ഭക്ഷണ സാധങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങും. അടച്ചുപൂട്ടൽ കാരണം ജോലികൾ ഒന്നുമില്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ട്. ലോക്ക് ഡൌൺ ആണെന്ന് കരുതി സർക്കാരിൽ നിന്ന് ഒരു നയാ പൈസ കിട്ടില്ല. എന്നാൽ രോഗമാണെന്ന് അറിഞ്ഞാൽ ഒരു വി.ഐ.പി.യെപ്പോലെ പോലീസ് അകമ്പടിയിൽ ആംബുലൻസു വന്ന് ആനയിച്ചുകൊണ്ടുപോകും. രോഗം ഗുരുതരമെങ്കിൽ നേരെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യും. രോഗമുക്തിയായ ശേഷം ഹോട്ടലിൽ വീണ്ടും രണ്ടാഴ്ച്ച. ചികിത്സയും ഹോട്ടൽ ചെലവുമെല്ലാം സർക്കാർ വഹിക്കും.
പണിയൊന്നുമില്ലാത്തതിനാൽ കൈയിലെ പണം ഏതാണ്ട് തീരുന്ന നേരത്താണ് കൊറോണ വൈറസിന്റെ രൂപത്തിൽ ശിവനെത്തേടി സൗഭാഗ്യമെത്തിയത്. 22 ദിവസം സർക്കാർ ചെലവിൽ സുഖജീവിതം നയിച്ചതിന്റെ മധുരതരമായ ഓർമ്മകൾ അയവിറക്കുകയാണ് ശിവൻ ഇപ്പോൾ. വീണ്ടും പഴയ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശിവനെ സംബന്ധിച്ച് സമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ അവസ്ഥ പോലെയാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ!!!!
16 ദിവസം ഒരു ജോലിയും ചെയ്യാതെ സമയാസമയങ്ങളിൽ നല്ല പോഷകാഹാരങ്ങൾ കഴിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ വല്ലതും കഴിക്കാൻ വേണമെങ്കിൽ സ്വയം ഉണ്ടാക്കണം. ഭക്ഷണം ഉണ്ടാക്കാൻ സഹായത്തിനു കൂട്ടുണ്ടായിരുന്ന റൂം മേറ്റ് ഇപ്പോഴും ആഡംബര ജീവിതവുമായി ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നു. താനാകട്ടെ 22 ദിവസത്തെ ആഡംബര ജീവിതത്തിൽ നിന്ന് വീണ്ടും ഒറ്റപ്പെട്ട ജീവിതത്തിലേക്കും.
യാതൊരു ദുഃശീലങ്ങളുമില്ലാത്ത തികച്ചും ആരോഗ്യവാനായ ശിവൻ എല്ലാ ദിവസവും വ്യായാമം ചെയ്യുകയും വളരെ ഹെൽത്തിയായ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നയാളുമാണ്. അതു കൊണ്ടുതന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ പ്രതിരോധശേഷിയും അവനുണ്ട്.
റൂം മേറ്റിന് കടുത്തപനിയും വിറയലും ശ്വാസതടസവുമൊക്കെ വന്ന് ആകെ പരവശനായിരുന്നു അതേസമയം ശിവനാകട്ടെ കോവിഡ് 19 പോസിറ്റീവ് ആയ ശേഷം ഒരു ചെറിയ തലവേദന പോലുമുണ്ടായിരുന്നില്ല. വൈറസ് വാഹകനാകുമെന്നു ഭയന്നാണ് ആരോഗ്യപ്രവർത്തകർ ശിവനെ ക്വാറന്റൈൻ ചെയ്തത്. എന്നിരുന്നാലും വിറ്റാമിൻ ഗുളികകളും പ്രതിരോധ ശേഷി വർധിപ്പിക്കുന്ന പോഷകാഹാരങ്ങളും ഹോട്ടൽ ക്വാറന്റൈനിൽ ആയിരുന്നപ്പോൾ ലഭിച്ചിരുന്ന പോലത്തെ ഭക്ഷണ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ഹോട്ടൽ ക്വാറന്റൈനിൽ ആയിരുന്നപ്പോൾ ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ പനിയുണ്ടോ എന്ന് അറിയാൻ നെറ്റിയിലും കഴുത്തിലും അറിയാതെ കൈ വച്ച് നോക്കുമായിരുന്നു. എന്തെങ്കിലും ലക്ഷണമുണ്ടായിട്ടല്ല-ഒരു തരം ഭീതി. കോവിഡ് 19 പോസിറ്റീവ് ആയതിനാൽ എപ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയെന്നറിയില്ലല്ലോ?- ശിവൻ പറഞ്ഞു.
ശിവന്റെ കഥകൾ കേട്ടപ്പോൾ കോവിഡ് 19 ഏറ്റവും വ്യാപകമായ നമ്മുടെ അമേരിക്കയുടെ കാര്യമോർത്തുപോയി. അമേരിക്കയിൽ ഉള്ളത്ര സ്റ്റാർ ഹോട്ടലുകൾ ലോകത്തെവിടെയുമില്ല. അമേരിക്കയിൽ ലോക്ക് ഡൗൺ നിലനിന്നിരുന്ന കഴിഞ്ഞ മൂന്ന് മാസം രാജ്യത്തെ മുഴുവൻ ഹോട്ടലുകളിലും ഒരൊറ്റ കസ്റ്റമർ പോലുമുണ്ടായിരുന്നില്ല. ലോക്ക് ഡൗണിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് മേഖലയായിരുന്നുവല്ലോ.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗം പടർന്നത് യാതൊരു രോഗലക്ഷണവുമില്ലാത്ത (asymptomatic) കോവിഡ് വാഹകരിൽ നിന്നാണ്. ദുബായി ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിശീർഷ കോവിഡ് 19 ടെസ്റ്റിംഗ് നടന്നിട്ടുള്ളത്. asymptomatic കോവിഡ് വാഹകരെ ക്വാറന്റൈൻ ചെയ്യാനാണ് ഈ രാജ്യങ്ങളിലെ ഹോട്ടലുകളെ ഗവണ്മെന്റ് ഉപയോഗിച്ചത്. അതിനുള്ള വാടക ഗവൺമെൻറ് ഹോട്ടലുകാർക്ക് നൽകും. അങ്ങനെയാണ് കസ്റ്റമേഴ്സ് ഇല്ലാതിരുന്ന ഹോട്ടലുകാരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അവർ കരകയറ്റിയത്.
സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അമേരിക്കയിലെ ഹോട്ടലുകൾക്ക് സ്റ്റീമലസ് പാക്കേജിനായി നൽകിയ പണം മാത്രം മതിയായിരുന്നു കോവിഡ് 19 ക്വാറന്റയിനിനായി ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് പ്രതിഫലമായി നൽകാൻ. അതുവഴി ആയിരക്കണക്കിനാളുകളുടെ തൊഴിലും സംരക്ഷിക്കാൻ കഴിയുമായിരുന്നു. ആഡംബര ഹോട്ടലുകളിൽ ക്വാറന്റൈനിൽ പോകാൻ ആരാണ് തയാറാകാതിരിക്കുക?
അതിലുപരി കോവിഡ് വ്യാപനം വലിയ തോതിൽ നിയന്ത്രിക്കാനും അതുവഴി ലോകജനതയെ ഞെട്ടിച്ച അമേരിക്കയിലെ കോവിഡ് മരണത്തിന്റെ ഗ്രാഫ് ഏറെ താഴെ കൊണ്ടുവരാനും സാധിക്കുമായിരുന്നു. കാരണം കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള യാതൊരു രോഗലക്ഷണവുമില്ലാത്തവരെപോലും സ്വന്തം വീടുകളിൽ താമസിപ്പിക്കാതെ എല്ലാവരെയും ഇങ്ങനെ ഹോട്ടൽ ക്വാറന്റൈനിൽ താമസിപ്പിച്ചിരുന്നുവെങ്കിൽ ലോകം ഞെട്ടലോടെ കണ്ട അമേരിക്കയിലെ കോവിഡ് 19 മരണം നാലിൽ ഒന്നായയെങ്കിലും നിയന്ത്രിച്ചു കൊണ്ടുവരമായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആയി വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഭൂരിഭാഗം ആളുകളുടെയും മുഴുവൻ കുടുംബങ്ങൾക്കും അവരിൽ നിന്ന് കോവിഡ് പകർന്നിരുന്നു. അമേരിക്കയിൽ കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കാൻ കാരണം ഇതായിരുന്നു.
ദുബായ് ഗവണ്മെന്റ് സ്വീകരിച്ച ഈ മാതൃക വേണമെങ്കിൽ കേരള ഗവൺമെന്റിനും സ്വീകരിക്കാമായിരുന്നു. കേരളത്തിലേക്ക് തിരിച്ചു വന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ കഴിയാൻ ഇത്തരം ഹോട്ടലുകൾ ഉപയോഗിച്ചിരുന്നുവെങ്കിൽ അവർക്ക് ഇത്രയേറെ തിക്താനുഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. പ്രവാസികളുടെ സാമ്പത്തിക ഭദ്രത അനുസരിച്ച് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ ക്വാറന്റൈൻ ഏർപ്പെടുത്തിയാൽ അതിനുള്ള ചെലവുകൾ താങ്ങാൻ സാമ്പത്തിക ഭദ്രതയുള്ള പ്രവാസികൾ തന്നെ വഹിക്കാൻ തയാറാകുമായിരുന്നു.
സ്വന്തമായി വാഹനമുള്ളവരെപ്പോലും കെ.എസ്.ആർ.ടി.സി.ബസിൽ കയറ്റി ജീവനക്കാരുടെ മുഷ്ക്കും പോലീസുകാരുടെ സഭ്യതയില്ലാത്ത വാക്കുകളും കേട്ട് കമ്പംമേട്ടിൽ നിന്ന് കന്നുകാലികളെ തെളിച്ചു കൊണ്ടുപോകുന്നതുപോലെ പ്രവാസികളെ വിമാനത്താവളങ്ങളിൽ നിന്ന് തെളിച്ചുകൊണ്ടുപോയ കാഴ്ച്ച നാം കണ്ടതാണ്. ഹോട്ടലുകളിൽ താമസിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചവരെപ്പോലും ജില്ലാ ആശുപതികളിലെ വൃത്തിഹീനമായ മുറികളിൽ താമസിപ്പിച്ച് കുറ്റവാളികളോടെന്ന പോലെ പെരുമാറിയതും നാം കണ്ടതാണ്.
16 മണിക്കൂർ ബസ് യാത്ര ചെയ്യിപ്പിച്ച് യാത്ര മധ്യേ പെരുവഴിയിൽ ബസ് പുറത്തുനിന്നു പൂട്ടിയിട്ട് കടന്നുകളയുന്നതല്ല മാന്യത. തങ്ങളോട് അൽപ്പം കൂടി മാന്യത കാട്ടുമെന്നാണ് പാവം പ്രവാസികൾ കരുതിയത്. അതായിരുന്നല്ലോ മുഖ്യമന്ത്രിയുടെ പ്രവാസികളുമായുള്ള സൂം മീറ്റിംഗിലെ വാഗ്‌ദാനം. എന്തായാലും വാഗ്ദാനങ്ങൾ 'ഇരുമ്പുലക്ക'യാണെന്ന് മുഖ്യമന്ത്രിയും തെളിയിച്ചു