Image

ഓർമ്മകൾ (കവിത: റോബിൻ കൈതപ്പറമ്പ്)

Published on 20 June, 2020
ഓർമ്മകൾ (കവിത: റോബിൻ കൈതപ്പറമ്പ്)
അമ്മച്ചിപ്ലാവിൻ്റെ ചോട്ടിലിരുന്നു ഞാൻ
ഓർത്തൊരാ നിനവുകൾ ചേർത്തുവെക്കെ

പടിപ്പുര വാതിലിൽ കാലൊച്ച കേട്ടപ്പോൾ
പരിചിതരെന്ന് ഞാൻ ഓർത്തു പോയി

മുക്കുറ്റിപ്പൂവിൻ്റെ മധു നുകരാനായി
ചിറകടിച്ചെത്തിയ പൂങ്കിളികൾ ...

മുട്ടിയുരുമ്മിയങ്ങെത്തിയ കിളികളോ
പൂമരത്തണലിലായ് പറന്നിരുന്നു

കൊക്കുമുരുമ്മിയങ്ങിരുന്നൊരാ കിളികളെ
കണ്ടു ഞാനെന്തിനോ പുഞ്ചിരിച്ചു ..

ഒരു കിളിപ്പാട്ടിനായ് കാതോർത്തിരുന്ന എൻ
ഓർമ്മയിൽ ഒരു കിളിക്കൂടുലഞ്ഞു ...

മാനത്തു കണ്ണിയും മക്കളും ഒന്നിച്ച് ...
പരിചിത ഭാവത്തിൽ പുഞ്ചിരിച്ചു ..

മാറാല കെട്ടിയ ഓർമ്മതൻ ചുമരിലെ
ചില്ലിട്ട കൂട്ടിലായ് കിളി ചിലച്ചു ..

തൊഴുത്തിലായ് നിന്നൊരാ പൂവാലിപ്പയുടെ
അകിടിലായ് പാല് തിരയുമമ്മ ..

പൈക്കിടാവപ്പോഴും പശിയൊന്നടങ്ങാതെ
പൂവാലിപ്പയ്യിനെ തൊട്ടു നിന്നു ...

ഉച്ചവെയിലിൽ കരിഞ്ഞുപോകാതൊരു
കുഞ്ഞൻ തവളയും ഓടിയെത്തി ..

ഇലകൾക്കിടയിൽ മറഞ്ഞൊരാ കുഞ്ഞനെ
ഇടക്കുപിന്നെപ്പൊഴോ കാണാതായി

ചുറ്റും നിറയുമീ കാഴ്ച്ചയിലെൻ മനം ..
കുട്ടികളാകാൻ കൊതിച്ചു പോയി ...

തൊടിയിൽ പടർന്നു വിരിഞ്ഞു വരുന്നൊരു
മുല്ല തൻ വല്ലിയാകാൻ കൊതിച്ചു ..


Join WhatsApp News
Sudhir Panikkaveetil 2020-06-20 18:29:41
ഒരു വട്ടം കൂടി ഓർമ്മകൾ മേയാൻ പോയി. കവി നിൽക്കുന്നേടത്തേക്ക്. സന്തോഷം.
Robin 2020-06-22 00:42:15
thank you Gi ....thank U very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക