പ്രസിദ്ധ സുവിശേഷകനും വാഗ്മിയും അപ്പോളജിസ്റ്റുമായിരുന്ന ഡോ. രവി സഖറിയാസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ അഭ്യസ്തവിദ്യരില്‍ ചുരുക്കമായിരിക്കും. സംഭവബഹുലമായ ഒരു ജീവിതമായിരുന്നു അത്. ഒരു മനുഷ്യജീവിതം കൊണ്ട് അദ്ദേഹം സാധിച്ചെടുത്തത് ആരേയും വിസ്മയിപ്പിക്കുന്നതാണ്.
ഈ അടുത്ത സമയത്ത് അദ്ദേഹത്തിന്റെ മെമ്മോറിയല്‍ സര്‍വ്വീസില്‍ പങ്കെടുത്തുകൊണ്ട് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് സംസാരിച്ചത് ആരേയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ''ഇന്ന് യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ വേര്‍പെട്ടു പോയി എന്ന് നിങ്ങള്‍ അറിയുന്നില്ലയോ?'' അബ്നേറിന്റെ മരണത്തിന് ദാവീദ് രാജാവ് (ബൈബിള്‍) പറഞ്ഞ വാക്കുകളാണത്. പ്രസിഡന്റ് ട്രംപിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സംസാരിച്ചതും മെമ്മോറിയല്‍ സര്‍വ്വീസില്‍ പങ്കെടുത്ത മറ്റു പ്രമുഖരും ഒരു മനുഷ്യജീവിതം കൊണ്ട് അദ്ദേഹം മനുഷ്യമനസ്സുകളില്‍ ചെലുത്തിയ സ്വാധീനം വിളിച്ചറിയിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ തലമുറകളോളം മനുഷ്യമനസ്സുകളില്‍ പ്രകാശം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. മനുഷ്യമനസ്സുകളില്‍ അദ്ദേഹം വെട്ടിപ്പിടിച്ചെടുത്തത് ഒരു സാമ്രാജ്യം തന്നെയായിരുന്നു. അത് നിഷ്‌ക്രിയനായിരുന്നിട്ടല്ല ഭാഗ്യം കൊണ്ട് വന്നു കയറിയതുമല്ല - ഒരു കര്‍മ്മയോഗിയായി നിരന്തരം പ്രവര്‍ത്തനനിരതനായിരുന്നതുകൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കിയതാണ് - അതെ കര്‍മ്മയോഗി തന്നെ!
കര്‍മ്മയോഗി എന്ന വാക്ക് ബൈബിളില്‍ ഇല്ല. അത് ഭഗവത്ഗീതയില്‍ നിന്നും കടമെടുത്തതാണ്. ദൈവത്തെ അറിയാനുള്ള അഞ്ചു മാര്‍ഗ്ഗങ്ങളില്‍ ഒന്നായി മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നതാണ് അത്. ചില ക്രിസ്ത്യന്‍ പാട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെ യേശുക്രിസ്തുവിനും ആ വിശേഷണം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാരണം മുപ്പതാമത്തെ വയസ്സില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മൂന്നു വര്‍ഷം കൊണ്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തെടുത്ത കര്‍മ്മയോഗിയാണ് യേശുക്രിസ്തു - ഡോ. രവി സഖറിയാസിന്റെ റോള്‍ മോഡല്‍. നമ്മില്‍ പലരും എഴുപതും എണ്‍പതും വര്‍ഷം ജീവിച്ചിരുന്നാലും കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ല - ആരോ പറഞ്ഞതുപോലെ ''ചിലവും ഭൂമിക്കു ഭാരവും!''
ചില മാസങ്ങള്‍ക്കുമുമ്പ്, സ്വന്തസ്ഥലത്തെ രാഷ്ട്രീയ-സാമൂഹ്യ-മതപരമായ ചില പ്രശ്നങ്ങളെക്കുറിച്ച് ഒരു സ്നേഹിതനുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന പെന്തക്കൊസ്തു സമൂഹം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയോ മറ്റുള്ളവര്‍ക്ക് ബാനര്‍ പിടിക്കുകയോ ചെയ്യുന്നില്ല എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളില്‍ അവര്‍ ഇടപെടാത്തതിന് കാരണമെന്ത് എന്ന് ഞാന്‍ അന്വേഷിച്ചപ്പോള്‍ അത് ഞങ്ങളുടെ സ്വസ്ഥതയും മനഃസമാധാനവും ഇല്ലാതാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വന്തം താല്പര്യം കരുതി യാതൊരു സാമൂഹ്യ- രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാതിരിക്കുന്നത് സ്വാര്‍ത്ഥതയല്ലേ? സ്വാര്‍ത്ഥത പാപമാണ്.
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിവുള്ളപ്പോള്‍ അത് ചെയ്യാതിരിക്കുന്നത് പാപമാണ് എന്ന് ഭഗവത്ഗീതയില്‍ അര്‍ജ്ജുനന് കൃഷ്ണന്‍ ഉപദേശിച്ചു കൊടുത്തു. അര്‍ജ്ജുനന്‍ യുദ്ധത്തില്‍ തന്റെ സനേഹിതരേയും ഗുരുജനങ്ങളേയും ബന്ധുക്കളേയും അഭിമുഖീകരിക്കുകയാണ്. അവരെ കൊല്ലേണ്ടി വരുമല്ലോ എന്നോര്‍ത്തപ്പോള്‍, അര്‍ജ്ജുനന്‍ ധൈര്യഹീനനായി,. ഗാന്ധീവം എന്ന തന്റെ വില്ല് താഴെ വെച്ചു. നീതി-ധര്‍മ്മ യുദ്ധമാണ് താന്‍ ചെയ്യുന്നതെങ്കിലും അതിന് കൊടുക്കേണ്ടി വരുന്ന വില ഇത്ര വലിയതാണെങ്കില്‍ ആ നീതി തനിക്കു വേണ്ട എന്ന് അര്‍ജ്ജുനന്‍ കരുതി. അര്‍ജ്ജുനന്റെ തേരാളി കൃഷ്ണന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ അഥവാ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത ഉപദേശിക്കുന്നു.
കല്പനാലംഘനം പാപമാകുന്നുവെന്ന് വേദപുസ്തകം പറയുന്നു. വേദപുസ്തകത്തിലെ പത്ത് കല്പനകള്‍ രണ്ടു ഭാഗമായി വേര്‍തിരിക്കാം - നിങ്ങള്‍ ചെയ്യേണ്ടവ, നിങ്ങള്‍ ചെയ്യരുതാത്തവ. നാം ചെയ്യരുതാത്തവ ചെയ്യുന്നതും ചെയ്യേണ്ടവ ചെയ്യാതിരിക്കുന്നതും പാപമാകുന്നു. രണ്ടും സ്വാര്‍ത്ഥതയില്‍ നിന്നുള്ളതത്രേ. അഥവാ സ്വാര്‍ത്ഥതയാണ് പാപത്തിന്റെ മൂലകാരണം. സകല ദോഷത്തിനും സ്വാര്‍ത്ഥതാല്പര്യമാണ് കാരണമാകുന്നത് എന്ന് ബുദ്ധനും പറയുന്നു. സ്വാര്‍ത്ഥ താല്പര്യാര്‍ത്ഥം മരുഭൂമി യാത്രയില്‍ ദൈവത്തോട് പിറുപിറുത്ത യിസ്രായേല്‍ ജനതയെ ദൈവം ശിക്ഷിക്കയുണ്ടായി.
സ്വഭാവമാണ് മനുഷ്യനിലെ യഥാര്‍ത്ഥ സൗന്ദര്യം. ആ സൗന്ദര്യം അത്യുച്ചകോടിയില്‍ നില്‍ക്കുന്നത് നിസ്വാര്‍ത്ഥതയിലാണ്. നാം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ അത് പാപവുമാകുന്നു. ഫിലിപ്യര്‍ 2:3 പറയുന്നു ''ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ ഓരോരുത്തന്‍ മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗൂണമല്ല മറ്റുള്ളവന്റെ ഗുണം കൂടെ നോക്കേണം''
യേശുവില്‍ പാപം ഉണ്ടായിരുന്നില്ല. ''അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോട് സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായിത്തീര്‍ന്നു. നമ്മുടെ വിചാരങ്ങള്‍ പോലും ദൈവത്തിലുള്ള വിശ്വാസപ്രകാരമല്ലെങ്കില്‍ പാപം ആകുന്നുവെന്ന് പൗലോസ് പറയുന്നു. പാപമില്ലാത്തവര്‍ ആരാണ് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതെ നാം എല്ലാവരും പാപികള്‍ തന്നെ. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യേശു മരിച്ചതുകൊണ്ട് നമുക്ക് കൃപാസനത്തോളം വരാന്‍ കഴിയും.
അടുത്തിടെ ഓര്‍ത്തഡോക്സ് സഭയിലെ പുരോഹിതനും എന്റെ സ്നേഹിതനുമായ ഒരു വ്യക്തിയുമായി വിശുദ്ധരായി ചിലരെ പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡം ഞാന്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവാന്യാസോസിനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. സ്വന്തപ്രാണന് ഭീഷണിയുണ്ടായിരുന്നിട്ടും സഭയ്ക്കുവേണ്ടി ധീരമായി നിലകൊണ്ടു എന്നതായിരുന്നു പ്രധാന കാരണം.
സുവിശേഷത്തെ സംബന്ധിച്ച് സ്വന്തം പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല എന്നു പൗലോസ് പറയുന്നു. സ്വന്തം സഹോദരനുവേണ്ടി ജീവിതം കൊടുക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇല്ല എന്നും നാം വായിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ ബ്രിട്ടീഷ്, റക്ഷ്യന്‍ പട്ടാളക്കാര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു. ഹിറ്റ്ലറാണ് ജയിച്ചിരുന്നതെങ്കില്‍ നാം ഉള്‍പ്പെടെ എത്രയോ വംശങ്ങള്‍ ഗ്യാസ് ചേംബറിലേക്ക് പോകുമായിരുന്നു.
നാം പലപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി സത്യത്തിനു നേരെ കണ്ണടയ്ക്കുന്നു. പാപത്തെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും ശരിയെക്കുറിച്ചും തെറ്റിനെക്കുറിച്ചും ന്യായത്തെക്കുറിച്ചും നീതിയെക്കുറിച്ചും വികലമായ സങ്കല്പങ്ങളാണ് നമുക്കുള്ളത്. ഭക്തിയുടെ പരിവേഷം മതസമൂഹങ്ങളില്‍ വ്യാപകമായിരിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകാത്തതിനാല്‍ നമുക്ക് ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ നമുക്കു ചെയ്യാന്‍ കഴിവുള്ളതും ചെയ്യാന്‍ പ്രത്യേക സാമര്‍ത്ഥ്യമുള്ളതുമായ കാര്യങ്ങള്‍, ഇവ വിശുദ്ധിയുടെ ലക്ഷണങ്ങള്‍ ആയി നാം ഉയര്‍ത്തിക്കാട്ടുന്നു. ഈശ്വരന്‍ നമ്മുടെ ഉദ്ദേശ്യങ്ങള്‍ അറിയുന്നു. സ്വാര്‍ത്ഥമായി ചെയ്തതെല്ലാം അഗ്നിയില്‍ വെന്തുപോകും. മറ്റുള്ളവരുടെ നന്മയ്ക്കായി ചെയ്തതുമാത്രം വെള്ളിയും പൊന്നും പോലെ നിലനില്‍ക്കും.
ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ തടിതപ്പുന്നതിനും നമ്മുടെ ഭീരുത്വം മറച്ചുവെക്കുന്നതിനും നാം ചില ന്യായങ്ങള്‍ നിരത്താറുണ്ട്. ഒരു ചെകിട്ടത്ത് അടിച്ചാല്‍ മറ്റേത് കാണിച്ചു കൊടുക്കാന്‍ യേശു പറഞ്ഞിട്ടുണ്ടെന്നും. ഗാന്ധിജിയുടെ അക്രമരാഹിത്യ തത്വവും ഒക്കെയാണത് ന്യായീകരണങ്ങള്‍. യേശു വിശിഷ്യാ, ക്രിസ്ത്യാനികളില്‍ വളരയെധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്. എല്ലായ്പ്പോഴും മറ്റേ ചെകിട് കാണിക്കുന്ന ഒരു ദുര്‍ബ്ബലനായി ക്രിസ്തുവിനെ പലരും വരച്ചു കാണിക്കുന്നു. യേശു ഭീരുവല്ല, എന്നാല്‍ ശക്തമായ സ്വഭാവവിശേഷതകളുടെ പ്രതീകമാണ്. ദൈവാലയത്തില്‍ വ്യാപാരം നടത്തിക്കൊണ്ടിരുന്ന കള്ളന്മാരെ അടിച്ചു പുറത്താക്കുവാന്‍ യേശു മടിച്ചില്ല. ബ്രിട്ടീഷുകാര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ആളാണ് ഗാന്ധിജി. യുദ്ധശ്രമങ്ങളെ അദ്ദേഹം സഹായിച്ചു. ഇന്ത്യന്‍ പട്ടാളക്കാര്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ഹിറ്റ്ലറിനെതിരെ യുദ്ധം ചെയ്തു.
നമ്മുടെ കുടുംബത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ നാം ഉടനടി നടപടിയെടുക്കുന്നു. സഭയിലോ തൊഴില്‍രംഗത്തോ പ്രശ്നമുണ്ടായാലും നാം കൂടി വന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നു. നാം ജീവിക്കുന്ന സമൂഹത്തില്‍ പ്രശ്നമുണ്ടായാല്‍ നാം ഇടപെടുന്നില്ല. ഇത് നമ്മുടെ മാത്രം പ്രശ്നമല്ലല്ലോ? അതില്‍ ഇടപെട്ടു ഞാന്‍ സമയം കളയുന്നതെന്തിന്? എന്നു നാം വിചാരിക്കുന്നു അത് സ്വാര്‍ത്ഥത നിറഞ്ഞ പാപമല്ലേ?
എന്റെ കുടുംബത്തിലെ പ്രശ്നവും സഭയിലെ പ്രശ്നവും എന്റെ പ്രശ്നമാണ്. സമൂഹത്തിലെ പ്രശ്നവും എന്റെ പ്രശ്നം തന്നെ. നാം സാധാരണ വിഷയങ്ങള്‍ സംസാരിക്കുകയും സഹതാപം കാണിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും. എന്നാല്‍ യാതൊരു നടപടിയും കൈക്കൊള്ളുകയില്ല. അങ്ങനെയുള്ള പ്രവണത ദൈവത്തെ പരീക്ഷിക്കുകയാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ നാം പ്രാര്‍ത്ഥനയോടുകൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. സര്‍വ്വശക്തനായ ഈശ്വരന്റെ കരം നമ്മോടു കൂടെയുണ്ടായിരിക്കും.
കപ്പലിന് തീ പിടിച്ച ഒരു കഥയുണ്ട്. തീ തങ്ങളുടെ ക്യാബിനില്‍ നിന്നു വളരെയകലെയാണല്ലോ എന്ന് ഒരു കൂട്ടര്‍ കരുതി. മറ്റാരെങ്കിലും അണക്കട്ടെ എന്ന് അവര്‍ കരുതി. ഒരു കൂട്ടര്‍ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഒരു ചെറിയ കൂട്ടം ബക്കറ്റുകളുമായി വന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ തന്നെ വെള്ളം കോരി ഒഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. നിങ്ങള്‍ ഇതില്‍ ഏതു കൂട്ടത്തിലാണ്? തീ അണച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങുകയും എല്ലാവരും നശിക്കുകയും ചെയ്യും. സമൂഹത്തിലെ ഒരു ചെറിയ പ്രശ്നം വലുതാകുകയും നാം പ്രവര്‍ത്തിക്കാതിരുന്നാല്‍ സമൂഹത്തെ അത് നശിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യ ഇതോടു ചേര്‍ത്ത് ചിന്തിക്കണം.
പ്രവാചകനായ യെഹെസ്‌കേല്‍ മുഖാന്തരം ദൈവം യിസ്രായേല്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കുന്നു. ''മനുഷ്യപുത്രാ, നീ നിന്റെ സ്വന്തജാതിക്കാരോട് പ്രവചിച്ചു പറയേണ്ടത്, ഞാന്‍ ആ ദേശത്തിന്റെ നേരെ വാള്‍ വരുത്തുമ്പോള്‍ ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്‍ക്കാരനായി വെച്ചാല്‍, ദേശത്തിന് നേരെ വാള്‍ വരുന്നത് കണ്ടിട്ട് അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാല്‍, വാള്‍ വന്ന് അവനെ ഛേദിച്ചു കളയുന്നു എങ്കില്‍ അവന്റെ രക്തം അവന്റെ തലമേല്‍തന്നെ ഇരിക്കും. അവന്‍ കാഹളനാദം കേട്ടിട്ട് കരുതിക്കൊണ്ടില്ല. എങ്കില്‍ അവന്റെ രക്തം അവന്റെമേല്‍ ഇരിക്കും. കരുതിക്കൊണ്ടിരുന്നു എങ്കില്‍ അവന്‍ തന്റെ പ്രാണനെ രക്ഷിക്കുമായിരുന്നു'' (യെഹെ. 33:1-5).
നാം നമ്മുടെ രാജ്യത്തിലെ പൗരന്മാരോ നിയമപരമായ താമസക്കാരോ ആണല്ലോ. ഇവിടെ താമസിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമാണ് ദൈവം നമ്മെ ആക്കിയിരിക്കുന്നത്. ദൈവം യിസ്രായേല്‍ ജനത്തിന് വാഗ്ദത്തദേശം നല്‍കി. എന്നാല്‍ അത് അവര്‍ യു്ദ്ധം ചെയ്തു സ്വന്തമാക്കണമായിരുന്നു. കാലേബ് ഹെബ്രോന്‍ പട്ടണം ദൈവത്തോട് ചോദിക്കക്കൊണ്ട് ദൈവം അത് അവന് നല്‍കി. അത് യുദ്ധം ചെയ്ത് സ്വന്തമാക്കിക്കൊള്ളുവാന്‍ ദൈവം അവനോട് കല്പിച്ചു.
നിങ്ങളുടെ സമൂഹത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിങ്ങള്‍ ഇടപെടുന്നുണ്ടോ? ഇടപെട്ട് സഹായിക്കുന്നവരെക്കുറിച്ച് നമുക്ക് അത്ര മതിപ്പില്ല. അവരെ രാഷ്ട്രീയക്കാര്‍ എന്നു നാം വിളിക്കുന്നു. ദൈവം വ്യത്യസ്തമായിട്ടാണ് വസ്തുതകള്‍ കാണുന്നത്. യേശുക്രിസ്തു പ്രവാചകനും രാജാവും പുരോഹിതനുമാണ്. ഈ സ്ഥാനങ്ങളില്‍ നിങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയും. ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഒരു എഴുത്തുകാരന്‍ ആകാം, പൊതൂസേവനരംഗത്ത് ഭരണാധികാരിയാകാം, വിദ്യ നല്‍കുന്ന അദ്ധ്യാപകനോ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന പുരോഹിതനോ ആകാം. സേവനം നടത്തുന്നതിനും ഈശ്വരനെ വെളിപ്പെടുത്തുന്നതിനും അവസരങ്ങള്‍ ധാരാളം നമുക്കു ചുറ്റുമുണ്ട്.
നിങ്ങളുടെ സമൂഹത്തില്‍, സ്‌കൂളിലെ അദ്ധ്യാപക രക്ഷാകര്‍തൃസമിതി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സ്ംസ്ഥാന നിയമസഭ ഇവയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാക്കുക. അല്ലെങ്കില്‍ സുകൃതമൂല്യങ്ങളുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുക. ഇറങ്ങി അവര്‍ക്കുവേണ്ടി വോട്ടു ചെയ്യുക. ഈ സാമൂഹ്യ സംഘടനകളില്‍ ഉത്തരവാദിത്വമുള്ള കാവല്‍ക്കാരെ ആവശ്യമുണ്ട്. ചിലര്‍ ഇത് രാഷ്ട്രീയം എന്നു പറഞ്ഞേക്കാം. എന്തു പേരു പറഞ്ഞാലും നാം ജനത്തിന്റേയും ഭാവിതലമുറകളുടേയും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ്.
ആശുപത്രികള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍, പൊതുസ്ഥാപനങ്ങള്‍ ഇവയെല്ലാം ചിലരുടെ അദ്ധ്വാനത്താല്‍ ഉയര്‍ന്നവയാണ്. നാം അവരെ സ്മരിക്കുന്നു. നീതിമാന്റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടതാകുന്നു.
യഥാര്‍ത്ഥ സൗന്ദര്യം മനസ്സിന്റെ സൗന്ദര്യമാണ്. സ്വാര്‍ത്ഥത മനസ്സിന്റെ വൈരൂപ്യമാണ്. യേശുക്രിസ്തു സര്‍വ്വാംഗസുന്ദരനാണ്. അവനില്‍ സ്വാര്‍ത്ഥതയില്ല. ആളുകളുടെ സ്ഥാനമാനങ്ങളോ ത്വക്കിന്റെ നിറമോ നോക്കാതെ അവരുടെ ഹൃദയവിശാലതയെ നമുക്ക് ആദരിക്കാന്‍ കഴിയുമോ?
യേശുക്രിസ്തു എന്ന തലയോളം വളരുവാന്‍ ദിനംതോറും നമുക്ക് അവസരങ്ങള്‍ ഉണ്ട്. സ്വന്തകഴിവുകൊണ്ട് സമ്പൂര്‍ണ്ണതയില്‍ എത്തുവാന്‍ നമുക്കു സാധ്യമല്ല. നമ്മെ സകലപാപത്തില്‍ നിന്നും ശുദ്ധീകരിക്കുന്ന യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്താല്‍ മാത്രമേ അത് സാധ്യമാകു.
വര്‍ഗ്ഗീയതയും പാപമാണ്, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തോടു മാത്രമുള്ള കരുതല്‍, അത് സ്വാര്‍ത്ഥയില്‍ നിന്നാണ,് സുരക്ഷിതത്വമില്ലായ്മയില്‍ നിന്നാണ്. സ്വന്തം മതം അല്ലെങ്കില്‍ ജാതിയില്‍പ്പെട്ടവരുടെ എഴുത്തിനുമാത്രം നല്ല കമന്റ് എഴുതുന്ന പ്രവണത ഈമലയാളിയില്‍ കാണുന്നതായി ശ്രീ ജയന്‍ വര്‍ഗീസ് ഒരിക്കല്‍ സൂചിപ്പിച്ചതോര്‍മ്മവരുന്നു. മറ്റുള്ളവര്‍ക്ക് നിശിതമായ വിമര്‍ശനവും.
ഡോ. രവി സഖറിയാസിനെപ്പോലെ അന്തര്‍ദേശീയതലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും തങ്ങള്‍ ആയിരിക്കുന്ന മണ്ഡലത്തില്‍ ഒരു നിറഞ്ഞ സാന്നിദ്ധ്യമായിരിക്കാന്‍ വായനക്കാരന് കഴിയട്ടെ എന്ന് ആശിക്കുന്നു. അലസരായിരിക്കാതെ തങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും അനുസരിച്ച് മറ്റുള്ളവരുടെ കൂടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇത് സാദ്ധ്യമായി വരുന്നത്. അതെ ഇന്ന് യിസ്രായേലില്‍ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്ന് നിങ്ങള്‍ അറിയുന്നില്ലയോ എന്ന വാക്കുകള്‍ മനുഷ്യമനസ്സുകളില്‍ മാറ്റൊലി കൊള്ളുകയാണ്. നിങ്ങളുടെ പേരിലും അത് അന്വര്‍ത്ഥമാക്കാം - ഒരു കര്‍മ്മയോഗിയാകുമെങ്കില്‍.
ഇന്ത്യയില്‍ തമിഴ്നാട്ടില്‍ ഒരു കുഗ്രാമത്തില്‍ ജനിച്ച രവി എന്ന ബാലന്‍ ചവിട്ടിക്കയറിയ ഏണിപ്പടികള്‍ കര്‍മ്മയോഗികള്‍ക്കായി വീണ്ടും കാത്തിരിക്കുകയാണ്. പതിനേഴാം വയസ്സില്‍ ആത്മഹത്യക്കു ശ്രമിച്ച ഒരു യുവാവിന് ക്രിസ്തുവിന്റെ സന്ദേശം വരുത്തിയ മാറ്റം വിസ്മയകരം തന്നെ !