Image

കന്യകന്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 26 June, 2020
കന്യകന്‍ (കഥ: ഷാജന്‍ ആനിത്തോട്ടം)
"എടോ, പണം പിടുങ്ങാനുള്ള അടവൊന്നും എന്റെയടുത്ത്  വേണ്ട. കൂടുതല്‍  വേണമെങ്കില്‍ നേരെയങ്ങ് പറഞ്ഞാല്‍ മതി. ഇനിയിപ്പോള്‍ ഇന്ത്യന്‍ റുപ്പി പോരെങ്കില്‍ ഡോളറായിട്ട് വേണമെങ്കിലും തരാം. ഒരു പരസ്യം ഇടണമെങ്കില്‍ നിങ്ങളുടെയൊക്കെ കാല് പിടിക്കണമെന്നുവച്ചാല്‍..''

പീലിപ്പോസിന് ദ്വേഷ്യം അടക്കാനായില്ല. അര മണിക്കൂറിലധികമായി അയാള്‍ വാദിക്കുകയാണ്. ക്ലാസ്സിഫൈഡ് ആഡ്‌സ് സെക്ഷന്‍ ക്ലാര്‍ക്കിന്റെ മുമ്പില്‍ ഒരു വിനീതവിധേയനെപ്പോലെ നിന്ന് കാര്യം അവതരിപ്പിച്ചിട്ടും നടക്കില്ലെന്ന് വന്നാല്‍? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? പട്ടിക്കും പൂച്ചയ്ക്കും പണിക്കാരിക്കും വേണ്ടി വരെ പരസ്യമിടാം. ഒരു ഉളുപ്പുമില്ലാതെ അതിനുവേണ്ടി കാശ് വാങ്ങി, അരപ്പേജോ മുഴുപ്പേജോ പരസ്യമിടുന്നതിന് കുഴപ്പമില്ല, ഒരു  ജീവിതപങ്കാളിയെ കിട്ടാന്‍ എത്ര പേരുടെ കാലുപിടിക്കണം... അയാള്‍ക്ക് രോഷമടക്കാനായില്ല.

""പണത്തിന്റെ പ്രശ്‌നമല്ല സാര്‍. ഇങ്ങനെയൊരു പരസ്യമിടുന്നത് ഞങ്ങളുടെ എത്തിക്‌സിന് എതിരാണ്. എത്ര പണം തന്നാലും ഇതിടാന്‍ പറ്റില്ല സര്‍. "മനോമോഹിനി' ക്കൊരു ഇമേജ് ഉണ്ട് ഇവിടുത്തെ വായനക്കാര്‍ക്കിടയില്‍. അത് കളയുന്ന കാര്യം നടപ്പില്ല സാര്‍.'' സെക്ഷന്‍ കാര്‍ക്ക് മധുസൂദനന്‍ പിള്ള വിനയം കൈവിടാതെ തന്റെ നിലപാട് ആവര്‍ത്തിച്ചു.

""ഒലക്കേടെ മൂട്. എത്തിക്‌സിന്റെ കാര്യമൊന്നും നിങ്ങള്‍ എന്നെ പഠിപ്പിക്കേണ്ട. എന്ത് ഇമേജാണ് നിങ്ങള്‍ക്കുള്ളത്? മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന കുറെ മൂന്നാംകിട നോവലുകളും പെരുപ്പിച്ചു കാണിക്കുന്ന കുറെ ക്രൈം സ്റ്റോറികളുമല്ലേ ഈ മോഹിനിയില്‍ കുത്തിനിറച്ച് വിടുന്നത്? പണ്ട് ലക്ഷങ്ങളുടെ കോപ്പി വിറ്റിരു സ്ഥാനത്ത് ഇപ്പോള്‍ എത്ര ആയിരം കാണും നിങ്ങളുടെ സര്‍ക്കുലേഷന്‍?''

""അത് പിന്നെ, ഈ ടെലിവിഷന്‍ സീരിയലുകള്‍ വന്നതോടെ ഞങ്ങള്‍ക്ക് കുറെ വായനക്കാരികളെ നഷ്ടപ്പെട്ടു എന്നത് നേരാണ്. എന്നാലും ഇന്നും ലക്ഷക്കണക്കിന് പേര്‍ ഞങ്ങളുടെ വാരിക വായിക്കുന്നുണ്ട്. സാറ് തന്നെ ഈ പരസ്യത്തിന് ഞങ്ങളുടെ വാരിക തെരഞ്ഞെടുത്തത് ഞങ്ങളുടെ സ്ത്രീ വായനക്കാരെ മനസ്സില്‍ കണ്ടുകൊണ്ടാണെന്ന് നേരത്തെ പറഞ്ഞായിരുന്നല്ലോ. അതാണ് സത്യം. എത്ര ടെലിവിഷന്‍ സീരിയലുകള്‍ വന്നാലും ഞങ്ങളുടെ വാരിക വരുത്തുന്നവരും വായിക്കുന്നവരുമായി ലക്ഷങ്ങള്‍ ഈ കേരളത്തിലുണ്ടാവും.''

പീലിപ്പോസ് പിന്നെയും തര്‍ക്കിക്കാനൊരുങ്ങുമ്പോഴേയ്ക്കും പിള്ളയുടെ ഇന്‍ര്‍കോമിലേക്ക് "ഐസ്മുറി' യില്‍നിന്നും സന്ദേശമെത്തി. ""യേസ് സര്‍, യേസ് സാര്‍... ഓക്കെ സാര്‍....'' എന്ന് ഭവ്യതയോടെ മറുപടി പറഞ്ഞിട്ട് അയാള്‍ പീലിപ്പോസിനോട് പറഞ്ഞു:

""സാറിനോട് അങ്ങോട്ട് ചെല്ലാന്‍ പറയുന്നു.. സി.സി.ടി.വി.യിലൂടെ എല്ലാമദ്ദേഹം കണ്ടിട്ടുണ്ടായിരിക്കും. സാറ് ചെന്നാട്ടെ.''

ഓഫീസിന്റെ വടക്കേയറ്റത്തുള്ള ചീഫ് എഡിറ്ററുടെ റൂമിലേക്ക് മധുസൂദനന്‍പിള്ള പീലിപ്പോസിനെ ആനയിച്ചു. ഐസ്മുറിയെന്ന് ജീവനക്കാര്‍ ഇരട്ടപ്പേരിട്ട് വിളിക്കുന്ന അടച്ചിട്ട ആ മുറിയാണ് ഓഫീസിലെ എയര്‍കണ്ടീഷനിംഗ് സൗകര്യമുള്ള ഏക സ്ഥലം. അവിടെ വച്ചിരിക്കുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലൂടെ തന്റെ ജീവനക്കാരെയും സന്ദര്‍ശകരെയും സദാ വീക്ഷിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുക എന്നത് മുതലാളി കം മാനേജിംഗ് ഡയറക്ടര്‍ കം ചീഫ് എഡിറ്ററുടെ മുഖ്യ വിനോദമാണ്.

വാതിലില്‍ പിള്ള മെല്ലെ മുട്ടുമ്പോള്‍ പീലിപ്പോസ് ഭിത്തിയിലെ മനോഹരമായ നെയിം ബോര്‍ഡിലേക്ക് നോക്കി-

കുര്യാക്കോസ് മാഞ്ഞൂരാന്‍

ചീഫ് എഡിറ്റര്‍.

നല്ല ഭംഗിയുള്ള ഡിസൈന്‍, അയാള്‍ മനസ്സില്‍ പറഞ്ഞു. അകത്ത് സിംഹാസനംപോലെ തോന്നിക്കുന്ന വലിയൊരു കറങ്ങുന്ന കസേരയില്‍ ഉപവിഷ്ഠനായിരുന്ന മുതലാളി, പീലിപ്പോസിനെ ആദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. അയാളുടെ മുഖവും രൂപവും എവിടെയോ കണ്ടുപരിചയമുള്ളതുപോലെ പിലിപ്പോസിന് തോന്നി. വെളുത്ത് തുടുത്ത വലിയ മുഖത്തെ കപ്പടാമീശയും ഉരുണ്ട് ചുവന്ന കണ്ണുകളും തടിച്ചുരുണ്ട ശരീരത്തിലിട്ടിരിക്കുന്ന സില്‍ക്ക് ജുബയും മാഞ്ഞൂരാന്റെ ഗരിമ വിളിച്ചോതുന്നതായിരുന്നു. അയാളുടെ മുമ്പില്‍ താനൊരു കൊച്ചുകുഞ്ഞാകുന്നോയെന്ന് പീലിപ്പോസ് ഭയപ്പെട്ടു.

""എന്താണ് സാര്‍ പ്രശ്‌നം?'' അതിഥിക്ക് കുടിക്കാന്‍ ജൂസ് വരുത്തുന്നതിന് ഇന്‍ര്‍കോമിലൂടെ ഓര്‍ഡര്‍ ചെയ്യുന്നതിനിടെ മാഞ്ഞൂരാന്‍ പീലിപ്പോസിനോട് ചോദിച്ചു.

""പ്രശ്‌നമൊന്നുമില്ല സാറേ. ഞാനൊരു ആഡ് കൊടുക്കാന്‍ വന്നതാണ്; വധുവിനെ ആവശ്യമുണ്ടെന്നൊരു പരസ്യം. വൈഫ് മരിച്ചുപോയ ഒരു പ്രവാസിയാണ് ഞാന്‍. അമേരിക്കയിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ സിറ്റിസണ്‍ഷിപ്പുണ്ട്; ദൈവം തമ്പുരാന്റെ അനുഗ്രഹം കൊണ്ട് അത്യാവശ്യം സാമ്പത്തികവുമുണ്ട്. പ്രായം പത്തമ്പത് കഴിഞ്ഞെങ്കിലും ഒരു അന്തിക്കൂട്ടില്ലാത്തതിന്റെ കുറവ് ഇപ്പോള്‍ ശരിക്കും  അനുഭവപ്പെടുന്നു. അല്ലാതെ വയസ്സുകാലത്ത് പെണ്ണുംകെട്ടി അവളേംകൊണ്ട് ചുറ്റിയടിക്കാനുള്ള പൂതികൊണ്ടൊന്നുമല്ല കേട്ടോ.''

""മക്കള്‍?''

""നാല് പെമ്പിള്ളേരാണുള്ളത്. രണ്ടിന്റെ കല്യാണം കഴിഞ്ഞു. ബാക്കിയുള്ള രണ്ടുപേരും കോളേജില്‍ പഠിക്കുവാ. അവര്‍ക്ക് രണ്ടുപേര്‍ക്കും ബോയ്ഫ്രണ്ട്‌സും ഉണ്ട്. ഒരുത്തിയുടേത് ഒരു കറമ്പനാണെങ്കിലും മറ്റേത് നമ്മുടെ പള്ളിക്കാരന്‍ പയ്യന്‍ തന്നെയാണ് കെട്ടോ.'' പീലിപ്പോസ് ലേശം മടിച്ചിട്ടാണെങ്കിലും മനസ്സ് തുറന്നു.

""അത് ശരി. എന്നാപ്പിന്നെ അച്ചായന് അവിടെ വല്ലവരേയും നോക്കത്തില്ലായിരുന്നോ? അവിടെയാവുമ്പോള്‍ മരിച്ചതോ ഡിവോഴ്‌സ് ആയതോ മറ്റോ ഉള്ള കേസുകള്‍ ഇഷ്ടംപോലെ കാണുമല്ലോ. നാട്ടില്‍നിന്നും ഇത്ര കഷ്ടപ്പെട്ട് ഒരാളെ തേടിപ്പിടിച്ച്, അതിനെയും ഫയല്‍ ചെയ്ത്  കൊണ്ടുപോകാനുള്ള തത്രപ്പാട് വല്ലതും അനുഭവിക്കണോ''? മാഞ്ഞൂരാന്‍ സാമാന്യബുദ്ധിക്ക് തോന്നുന്ന ഒരു സംശയം പ്രകടിപ്പിച്ചു.

""അതല്ലേ പ്രശ്‌നം... തുറന്നുപറയാമല്ലോ സാറേ, അവിടെ എന്റെയീ പ്രായത്തില്‍ ഞാന്‍ മനസ്സിലുദ്ദേശിച്ചതുപോലൊരുത്തിയെ കിട്ടാന്‍ പാടാ. എന്നെ പരിഹസിക്കരുത്. സെക്കന്റ് മാര്യേജാണെങ്കിലും എനിക്കൊരു വെര്‍ജിനെത്തന്നെ കിട്ടണം. അതാണ് "പെണ്‍കുട്ടി കന്യകയായിരിക്കണം' എന്ന് പരസ്യത്തില്‍ പ്രത്യേകം എഴുതണമെന്ന് ഞാനാവശ്യപ്പെട്ടത്. പക്ഷേ ആ ക്ലാര്‍ക്ക് അതിന് സമ്മതിക്കുന്നില്ല. പണം എത്ര വേണമെങ്കിലും അടയ്ക്കാമെന്ന് ഞാന്‍ പറഞ്ഞുനോക്കി. അയാളല്ലല്ലോ കൊടുക്കുന്നത്, ഞാനല്ലേ?  മതം, ജാതി, സാമ്പത്തികം അതൊന്നും എനിക്ക് പ്രശ്‌നമല്ലെന്ന് പ്രത്യേകം എഴുതുന്നുണ്ടല്ലോ. അക്കൂടെ ഈ കാര്യവുമങ്ങ് ചേര്‍ത്താല്‍ പോരേ? ~ഒരു ബോക്‌സ് പരസ്യമങ്ങോട്ട് കൊടുത്താല്‍ എനിക്ക് പറ്റിയ പാര്‍ട്ണറെ അധികം വൈകാതെ കിട്ടുമെന്നാണ് എന്റെ വിശ്വാസം. എത്തിക്‌സിനെതിരാണ് പോലും. എന്ത് എത്തിക്‌സ്? ചോദിക്കുന്ന പണമല്ലേ അങ്ങോട്ട് അടയ്ക്കുന്നത്?'' ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയോടെയാണ് പീലിപ്പോസ് അത്രയും പറഞ്ഞത്.

കുര്യാക്കോസ് മാഞ്ഞൂരാന്‍ അയാളെ അടിമുടി നോക്കി. കഴുത്തില്‍ വലിയൊരു സ്വര്‍ണ്ണമാലയും കൈയില്‍ തടിച്ചൊരു ബ്രേസ്‌ലറ്റുമിട്ട് ശരിക്കുമൊരു പ്രാഞ്ചിയേട്ടന്‍ ലുക്കിലാണ് പീലിപ്പോസിന്റെ ഇരിപ്പ്. ശീതികരിച്ച മുറിയിലിരുന്നിട്ടും അയാളുടെ കഷണ്ടി കയറിത്തുടങ്ങിയ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരിക്കുന്നത് മാഞ്ഞൂരാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വളരെ ഭംഗിയായി മുണ്ടും ജുബ്ബയുമണിഞ്ഞിരിക്കുന്ന ശരീരത്തില്‍ ആകെ മിസ്ഫിറ്റായി കാണപ്പെടുന്നത് ക്ലീന്‍ ഷേവ് ചെയ്ത ആ മുഖത്തിനിണങ്ങാത്ത വലിയൊരു കണ്ണടയാണ്. സ്വര്‍ണ്ണഫ്രെയിമിലുള്ളതാണെങ്കിലും സാമാന്യത്തിലധികം  കട്ടിയുള്ള ചില്ലിന്റെ അഭംഗി അയാളുടെ മുഖത്തിനാകെ ഒരു ചേര്‍ച്ചക്കുറവ് നല്‍കുന്നുണ്ടെന്ന് മാഞ്ഞൂരാന് തോന്നി. സഹതാപവും അവജ്ഞയും പരിഹാസവും ഒരുപോലെ നിറഞ്ഞ ഒരു ചിരി മാഞ്ഞൂരാന്റെ മുഖത്ത് വിടര്‍ന്നു.

തന്റെ നേരെ നോക്കി വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന മാഞ്ഞൂരാനോട് ഒടുവില്‍ പീലിപ്പോസ് ചോദിച്ചു:

""സാറൊന്നും പറഞ്ഞില്ല... തുക വല്ലതും കൂടുതല്‍ വേണമെങ്കില്‍ ധൈര്യമായിട്ട് ചോദിച്ചോ കെട്ടോ. അടുത്ത എഡീഷനില്‍ എന്റെ പരസ്യം വരുമോ?''

ചോദിച്ചതിനല്ല കുര്യാക്കോസ് മറുപടി പറഞ്ഞത്. പകരം ഒരു ചോദ്യമയാള്‍ എടുത്തിട്ടു.

""അച്ചായന്‍ കഴിക്കുമോ? ഇന്ന് വൈകുന്നേരം ഫ്രീയാണെങ്കില്‍ നമുക്ക് സിറ്റിയിലെ ആ ഹോട്ടലില്‍ കൂടാം. അവിടെ ബാറിലിരുന്ന് രണ്ടെണ്ണം വീശിക്കൊണ്ടാവുമ്പോള്‍ കാര്യങ്ങള്‍ സംസാരിക്കാനൊരു സുഖവുമുണ്ട്്. എന്തുപറയുന്നു?''

""എനിക്ക് സമ്മതം.  സാറിനെപ്പോലുള്ള വലിയ ആള്‍ക്കാരുടെയൊപ്പമിരുന്ന് രണ്ട് ഡ്രിങ്ക്‌സ് കഴിക്കുന്നത്  എനിക്കൊരു ക്രെഡിറ്റാണല്ലോ. എന്നാല്‍പ്പിന്നെ ഞാനിത്തിരി ഷോപ്പിംഗ് ഒക്കെ നടത്തിയിട്ട് വൈകുന്നേരം അങ്ങോട്ടെത്തിക്കോളാം. ഡ്രൈവറ് എന്റെ നാട്ടുകാരന്‍ പയ്യന്‍ തന്നെയാണ്. എനിക്കുവേണ്ടി എത്ര  മണിക്കൂറ് വേണമെങ്കിലും കാത്തുക്കെട്ടികിടന്നോളും. പൈസ ഇഷ്ടംപോലെയല്ലേ നമ്മള്‍ കൊടുക്കുന്നത്.'' പീലിപ്പോസ് കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് വൈകിട്ടത്തെ കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

സന്ധ്യയ്ക്ക് ഏറെ മുമ്പുതന്നെ പീലിപ്പോസ് സ്റ്റാര്‍ ഹോട്ടലിന്റെ ലൗഞ്ചിലെത്തി മാഞ്ഞൂരാനുവേണ്ടി കാത്തിരുന്നു. രാവിലെ ഓഫീസില്‍ വെച്ച് കണ്ടതില്‍ നിന്നും വ്യത്യസ്തമായി പാന്റും ഷര്‍ട്ടുമിട്ട് വന്ന ചീഫ് എഡിറ്ററെ പീലിപ്പോസിന് ആദ്യം മനസ്സിലായില്ല. അദ്ദേഹത്തിന്റെ കപ്പടാ മീശയില്ലായിരുന്നുവെങ്കില്‍ തനിക്ക് ആളെ ഒട്ടും തിരിച്ചറിയാനാവുമായിരുന്നില്ലെന്ന് പീലിപ്പോസ് വിചാരിച്ചു. തന്നെക്കണ്ട് ഭവ്യതയോടെ എഴുന്നേറ്റുനിന്ന പീലിപ്പോസിന്റെ കൈപിടിച്ച് കുലുക്കി മാഞ്ഞൂരാന്‍ റൂഫ്‌ടോപ്പിലെ ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി.

""നമുക്ക് ഒരു റൂമെടുത്ത് അവിടെയിരുന്നാലോ സാറേ? ഏ.സി.  മുറിതന്നെ ഞാനെടുക്കാം. ഇവിടെയാവുമ്പോള്‍ ഒരു പ്രൈവസി ഇല്ലല്ലോ. തന്നെയുമല്ല, സാറിവിടെയിരുന്ന് പബ്ലിക്കായി മദ്യപിക്കുന്നത് ആരെങ്കിലും കണ്ടാല്‍ മോശമല്ലേ?'' പീലിപ്പോസ് ന്യായമായ ഒരു സംശയം ഉന്നയിച്ചു.

""ഒരു മോശവുമില്ലന്നേ. നമ്മളെന്താ വല്ല അനാശാസ്യത്തിനും വന്നതാണോ? ഞാനിവിടെ വല്ലപ്പോഴുമൊക്കെ വരുന്നതാണ്. അച്ചായന്‍ ദേ അങ്ങോട്ട് നോക്കിക്കേ.. കോടിമത പാലം കാണുന്നില്ലേ? അപ്പുറത്ത് ദേ കായലങ്ങനെ ശാന്തമായി ഉറങ്ങിക്കിടക്കുന്നു. ഈ  ആംബിയന്‍സ് ഒരു ഏ.സി. മുറിയിലും കിട്ടില്ല. നമുക്കീ കോര്‍ണര്‍ ടേബിളെടുക്കാം.'' ചിരപരിചിതനെപ്പോലെ മാഞ്ഞൂരാന്‍ ബാറിന്റെ അറ്റത്തെ ഇരിപ്പിടം തിരഞ്ഞെടുത്തു.

""ശരി, ഇനി പറയൂ. അച്ചായനെന്തിനാണ് വേണ്ടാത്ത കാര്യത്തിനുവേണ്ടി കടുംപിടുത്തം പിടിക്കുന്നത്? നാട്ടില്‍നിന്നും  പെണ്ണ് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഓക്കെ, നല്ല സുന്ദരികളായ യുവതികളെ അച്ചായന് കിട്ടും. ഈ പ്രായത്തിലും അച്ചായനെ കണ്ടാല്‍ ഒരു ലുക്കുണ്ട്. പക്ഷേ മറ്റേ കാര്യത്തിനുവേണ്ടി വലിയ വാശി വേണോ?''

"സീസറി'ന്റെ കഴുത്ത്  ഞെരിച്ച് രണ്ട് ഗ്ലാസ്സുകളിലേക്ക് പകരുന്നതിനിടയില്‍ മാഞ്ഞൂരാന്‍ സംഭാഷണത്തിന് തുടക്കമിട്ടു. ഇരുന്നയിരുപ്പില്‍ രണ്ട് തവണ ഗ്ലാസ്സ് കാലിയാക്കിയിട്ട് പീലിപ്പോസ് പറഞ്ഞു:

""എന്റെ സാറേ,  അതൊരു വാശി മാത്രമല്ല, ആഗ്രഹവും കൂടിയാണെന്ന് കൂട്ടിക്കോ. പണ്ട് ഞാന്‍ പഠിച്ചിറങ്ങിയ കാലത്താണ് സാറാമ്മ അമേരിക്കയില്‍നിന്ന് വന്ന് എന്നെ കെട്ടിക്കൊണ്ടുപോവുന്നത്. അമേരിക്കയേല്ല, നല്ല  വരുമാനമുണ്ടാക്കുന്ന പെണ്ണല്ലേ എന്നൊക്കെയോര്‍ത്തപ്പോള്‍ ഞാനധികമൊന്നും ആലോചിച്ചില്ല. അവളെപ്പറ്റി അവിടെപ്പോയി തിരക്കാനൊക്കെ നമ്മളെക്കൊണ്ട് പറ്റുമോ? എന്നാ പറയാനാന്നേ, ഞാനവിടെ ചെന്ന്  കഴിഞ്ഞപ്പോഴാ അവളൊരു പോക്ക് കേസായിരുന്നുന്നെന്ന് പലരും പറഞ്ഞുകേട്ടത്. എനിക്കത് മനസ്സിലാകുവേം ചെയ്തു.''

ടച്ചിംഗ്‌സില്‍ കൈവയ്ക്കാതെ രണ്ട് പെഗ്ഗ് കൂടി വലിച്ചകത്താക്കിയിട്ട് പീലിപ്പോസ് ശബ്ദം താഴ്ത്തി തുടര്‍ന്നു:

""ചത്തുപോയവരെപ്പറ്റി ദോഷം പറയരുതെന്നാണല്ലോ പ്രമാണം. എന്നാലും എങ്ങനെ പറയാതിരിക്കും സാറേ.... അവളുടെ വഴിവിട്ട ജീവിതം കൊണ്ട് നഷ്ടം വന്നത് എനിക്കാണ്. അവിടെയുള്ളവര്‍ രഹസ്യമായി എന്നെ വിളിക്കുന്നത് എന്താണെന്നോ? "ടാക്‌സി ഡ്രൈവര്‍'! ഞാന്‍ ചെന്ന് അധികം താമസിയാതെ കൂടിയ ഒരു പാര്‍ട്ടിയില്‍വെച്ച് എന്തോ കാര്യത്തിന് ഒരുത്തനോട്  ചെറുതായൊന്നുടക്കിയപ്പോള്‍ അവനെന്നെ നേരിട്ടങ്ങനെ വിളിച്ചപ്പോഴാ സംഗതി നാട്ടുകാര്‍ക്കൊക്കെ അറിയാമെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒവേറിയന്‍ കാന്‍സര്‍ വന്ന് അവളങ്ങ് പോയെങ്കിലും ആ ഇരട്ടപ്പേര് എനിക്ക് തീറെഴുതിക്കിട്ടിയതുപോലെയുണ്ട്. കല്യാണത്തിന് മുമ്പ് ഒരു പെണ്ണിനെ ശരിക്കൊന്ന് നോക്കുകപോലും ചെയ്യാത്ത എനിക്കുവന്ന ഗതി കണ്ടില്ലേ? അതൊക്കെക്കൊണ്ടാണ് സാറേ വയസ്സുകാലത്താണെങ്കിലും എനിക്കിങ്ങനെ ഒരു പൂതിയുണ്ടായത്. സാറിനെന്നെ കുറ്റപ്പെടുത്താന്‍ തോന്നുന്നുണ്ടോ?''

""ഒരു ബോട്ടില്‍ കൂടി ഓര്‍ഡര്‍ ചെയ്യട്ടേ? എനിക്ക് ഒന്നുമായിട്ടില്ല. അച്ചായനാണ് കൂടുതലും പിടിപ്പിച്ചത്.'' ചോദിച്ചതിനല്ല ഇത്തവണയും മാഞ്ഞൂരാന്‍ മറുപടി നല്‍കിയത്.

""സാറ് ധൈര്യമായിട്ട് ഓര്‍ഡര്‍ ചെയ്യണം. വേണമെങ്കില്‍ ഈ ബാറ് മുഴുവന്‍ നമുക്കങ്ങ് വാങ്ങിയേക്കാം. എന്നാലും സാറെന്നെ സഹായിക്കണം. ഒരുപാട് പെണ്ണുങ്ങള്‍ വായിക്കുന്ന വാരികയാണ് സാറിന്റെ മോഹിനിയെന്ന് ഞാന്‍ കേട്ടിട്ടുണ്ട്; അതും ഇടത്തരക്കാര്. അവരിലൊക്കെ  കെട്ടാതെ നില്‍ക്കുന്ന പെമ്പിള്ളേര് ആരെങ്കിലും കാണാതിരിക്കുമോ... സ്ത്രീധനം കൊടുക്കാന്‍ വശമില്ലാതെ കെട്ടാതെ നില്‍ക്കുന്നവരോ മറ്റോ, അങ്ങനെ ആരെങ്കിലും കാണാതിരിക്കുമോ സാറേ...? ഞാന്‍ പറഞ്ഞില്ലേ, പണമോ, ജാതിയോ ഒന്നും എനിക്ക് പ്രശ്‌നമല്ല. എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ട് സാറേ.'' പീലിപ്പോസിന്റെ നാവ് നന്നായി കുഴഞ്ഞിരുന്നു. "സീസര്‍ രണ്ടാമന്റെ' ഗളഛേദം  അയാളാണ് നടത്തിയത്. സോഡ ചേര്‍ക്കാതെ രണ്ട് പെഗ് കൂടി അയാള്‍ വേഗത്തില്‍ വലിച്ചെടുത്തു.

""അച്ചായന്‍ ഇത്തിരി ഓവറാകുന്നോയെന്ന് സംശയമുണ്ട് കേട്ടോ. എന്നാലും എന്റെ വാരികയുടെ പേര് തെറ്റിച്ചതിന് വിഷമമുണ്ട്. മോഹിനിയല്ല, "മനോമോഹിനി' എന്നാണ് വാരികയുടെ പേര്.'' കുര്യാക്കോസ് മാഞ്ഞൂരാനും ഫോമിലാകാന്‍ തുടങ്ങിയെങ്കിലും "ഒരു പേരിലെന്തിരിക്കുന്നു' എന്ന് കരുതി ഗുരുതരമായ ആ "തെറ്റ്' അവഗണിക്കാന്‍ മാത്രം അയാളുടെ മനസ്സ് പരുവപ്പെട്ടിരുന്നില്ല.

""എന്ത് "മ-' വേണമെങ്കിലുമായിക്കോട്ടെ. സാറിന് ഞാന്‍ പറഞ്ഞതുപോലെയിടാന്‍ പറ്റുമോ?'' പീലിപ്പോസിന് അറിയേണ്ടിയിരുന്നത് അതായിരുന്നു.

""അതിരിക്കട്ടെ, ഒരു ചെറുപ്പക്കാരി കന്യകയെയൊക്കെ സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ചെന്നുകഴിയുമ്പോള്‍ ആ കറമ്പനെങ്ങാനും അവളുടേമേല്‍ കണ്ണുവച്ചാലോ?'' മാഞ്ഞൂരാന്‍ ന്യായമായൊരു സംശയം ചോദിച്ചു.

""അതോര്‍ത്ത് സാറ് പേടിയ്‌ക്കേണ്ട. അമേരിക്കയിലെ സെറ്റപ്പ് വേറെയാണ്. അവിടെ പിള്ളേര് വേറെ താമസിച്ചോളും. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിലേ അവര് കാര്‍ന്നോന്മാരുടെയടുത്തേക്ക് വരികയുള്ളൂ. കൂടെത്താമസിച്ചെങ്കിലല്ലേ കറമ്പനെക്കൊണ്ട് ശല്യമുണ്ടാവുകയുള്ളൂ? നമ്മുടെ പുതുപ്പെണ്ണിനെ ഞാന്‍ പുറത്തുവിടുകപോലും ചെയ്യില്ല.'' ടേബിളില്‍ വലിച്ചടിച്ചുകൊണ്ട് പീലിപ്പോസ്  പ്രഖ്യാപിച്ചു.

""ഒരു കാര്യംകൂടി ചോദിച്ചോട്ടെ അച്ചായാ... ഇനിയിപ്പോള്‍ ഒരുത്തി അച്ചായന്‍ പറഞ്ഞതുപോലെയൊക്കെയാണെന്ന് പറഞ്ഞ് വന്നാലും എങ്ങനെ അത് ഉറപ്പിക്കും? ഇപ്പോഴത്തെക്കാലത്ത് ഒരു ചെറിയ സര്‍ജറികൊണ്ട് ഒപ്പിക്കാവുന്നതേയുള്ളൂ അതൊക്കെ. ഞാന്‍ പറയുന്നത് അച്ചായന്  മനസ്സിലാകുന്നുണ്ടല്ലോ?'' മാഞ്ഞൂരാന്‍  പ്രാക്ടിക്കലായൊരു ചോദ്യമാണ് ചോദിച്ചത്. അടുത്ത ഡ്രിങ്കെടുക്കാന്‍ വേണ്ടി ഗ്ലാസ് നീക്കിവെയ്ക്കാന്‍ തുടങ്ങിയ പീലീപ്പോസിന്റെ ഉത്തരം പെട്ടെന്നായിരുന്നു;

""അതിനൊക്കെ വലിയ പണച്ചിലവില്ലേ സാറേ.... സാറിന്റെ "മ-' വായിക്കുന്നവരില്‍ എത്രപേര്‍ക്ക് അതിനുള്ള പാങ്ങുണ്ടാവും? എന്റെ സാറേ അതൊക്കെയറിയാന്‍ പണ്ടുള്ളവര്‍ മുതലേ നോക്കുന്ന ചില കാര്യങ്ങളൊക്കെയില്ലേ....'' പീലിപ്പോസിന്റെ മുഖത്ത് ഗൂഢമായൊരു ചിരി വിടര്‍ന്നു.

""അച്ചായന്‍ ഉദ്ദേശിച്ചത്.... ഈ ഷീറ്റ്.... ബ്ലഡ്... അതൊക്കെയല്ലേ? എന്റെ അച്ചായാ, അവളൊരു കുരുട്ടുബുദ്ധിക്കാരിയാണെങ്കില്‍ ഒരു ചെറിയ സെറ്റിപ്പിന്‍ കൊണ്ട് സാധിക്കാവുന്ന കാര്യമേയുള്ളൂ അതൊക്കെ. അച്ചായന്‍ ഉറങ്ങിയെണീല്‍ക്കുമ്പോഴേയ്ക്കും സംഗതി റെഡി.'' അത് പറയുമ്പോള്‍ മാഞ്ഞൂരാന്റെ ഉരുണ്ട കണ്ണുകള്‍ കൂടുതല്‍ ചുവന്നിരുന്നു. ചുണ്ടത്ത് ഒരു ഗുഢസ്മിതം വിടര്‍ന്നു.

പീലിപ്പോസ് മാഞ്ഞൂരാന്റെ മുഖത്തേക്ക് ഏറെ നേരം നോക്കിയിരുന്നു. പിന്നെ, കുപ്പിയിലെ അവസാനത്തെ പെഗും അയാള്‍ ധൃതിയില്‍ അകത്താക്കി. മാഞ്ഞൂരാന്റെ സിരകളിലും ലഹരി കത്തിക്കയറിയെങ്കിലും തന്റെ നേരെ മിഴിച്ചുനോക്കിക്കൊണ്ടിരുന്ന പീലിപ്പോസിനോട് അയാള്‍ മെല്ലെ പറഞ്ഞു:

""അച്ചായാ, ഇനി ഞാന്‍ പറയുന്നത് നിങ്ങള്‍ ശാന്തമായി കേള്‍ക്കണം. പഴയകാലമല്ല ഇത്. അച്ചായന്‍ പറയുന്നതുപോലൊരു പരസ്യം ഞങ്ങള്‍ക്കിടാന്‍ പറ്റില്ല. തികച്ചും സ്ത്രീവിരുദ്ധമാണത്. വനിതാ കമ്മീഷന്‍ മുതല്‍ പെണ്ണുങ്ങളുടെ സംഘടനകള്‍ വരെ ഞങ്ങളെയിട്ട് പൊരിക്കും. ബോക്‌സ് നമ്പര്‍ മാത്രമിടുന്നത് കൊണ്ട് അച്ചായനെ ആരും തിരിച്ചറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് എട്ടിന്റെ  പണി കിട്ടും. വാരിക പിന്നെ എപ്പം പൂട്ടിയെന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് തല്‍ക്കാലം നമുക്കത് മറക്കാം. ഒന്നുകില്‍ ആ ഭാഗം ഒഴിവാക്കി പരസ്യം കൊടുക്കാം. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യൂ. അച്ചായന്‍ നിങ്ങളുടെ അയല്‍പക്കത്തും നാട്ടിലുമൊക്കെ ഒന്ന് കാര്യമായി അന്വേഷിക്ക്. ചിലപ്പോള്‍ ഏതെങ്കിലും കെട്ടാമറിയത്തെ തടഞ്ഞെന്ന് വരും.''

""എന്റെ അയല്‍വക്കത്ത് അന്വേഷിച്ച് നടക്കാനാണെങ്കില്‍ തന്റെ "മ-' മാസികയില്‍ പരസ്യമിടാന്‍ ഞാന്‍ വരണമായിരുന്നോടാ നാറീ?'' പീലിപ്പോസ് പൊട്ടിത്തെറിച്ചു. മാഞ്ഞൂരാന്‍ ചുറ്റും നോക്കി. അവിടുന്നുമിവിടുന്നും ചില ആടുന്ന തലകള്‍ തങ്ങളുടെ ഭാഗത്തേക്ക് എത്തിനോക്കുന്നുണ്ട്. സംഗതി "കോംപ്ലിമെന്റാക്കി'  സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. നയത്തില്‍ അയാള്‍ പറഞ്ഞു.

""അച്ചായന്‍ ഒരു കാര്യം ചെയ്യൂ. ഇപ്പോള്‍ ചെന്നാട്ടെ. നാളെ ഞാന്‍ വിളിക്കാം. മൊബൈല്‍ നമ്പര്‍ തന്നായിരുന്നല്ലോ. നമുക്കൊരു വഴിയുണ്ടാക്കാമെന്നേ...''

പീലിപ്പോസിന് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായി. നിരാശയും നഷ്ടബോധവും ലഹരിയുടെ ആധിപത്യവും അയാളുടെ സമനില തെറ്റിച്ചു. ശബ്ദമുയര്‍ത്തി അയാള്‍ അട്ടഹസിച്ചു:

""പിന്നെയാക്കാന്‍ പറ്റില്ല. ഇപ്പോ പറയണം. തനിക്ക് ഞാന്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റുമോ?''

മാഞ്ഞൂരാന്‍ വെട്ടിമുറിച്ച് ഉടന്‍ മറുപടി കൊടുത്തു.

""നടപ്പില്ല മിസ്റ്റര്‍.''

""എന്നാല്‍പ്പിന്നെ തനിക്കിത് രാവിലെ തന്നെ പറയാന്‍ പാടില്ലായിരുന്നോടാ ചെറ്റേ? എന്റെ കൈയിലെ കാശും മുടക്കിച്ച് ചക്കാത്തില്‍ കള്ള് കുടിക്കുകയും ഊമ്പിത്തിന്നുകയും ചെയ്തിട്ട് ഇങ്ങനെ ചതിക്കണമായിരുന്നോടാ പൊളിരേ...?''

പീലിപ്പോസിന്റെ അലര്‍ച്ചയും ചീത്തപറയലും ബാറിലെ സകല കുടിയന്മാരെയും ജീവനക്കാരെയും അവിടെയത്തിച്ചു. ലജ്ജാഭാരത്താല്‍ കുര്യാക്കോസ് മാഞ്ഞൂരാന്‍ ഉരുകിയൊലിച്ചു. ജീവനക്കാര്‍ രണ്ട് പേരെയും പിടിച്ചുമാറ്റുന്നതിനിടയില്‍ അയാളും നിലവിട്ട് കുറെ അസഭ്യം പറഞ്ഞു.

""ഇത്ര വിഷമമാണെങ്കില്‍ പോയി ആരെയെങ്കിലും ബലാല്‍സംഗം ചെയ്യടാ പട്ടീ... ഇല്ലെങ്കില്‍ ബോംബേയ്‌ക്കോ കല്‍ക്കട്ടയ്‌ക്കോ വണ്ടി കേറ്. അവിടെ റെഡ്‌സ്ട്രീറ്റില്‍ ചെന്നാല്‍ തനിക്ക് ആരും തൊടാത്ത നല്ല ഒന്നാന്തരം കന്യകമാരെ കിട്ടും. ഒരു കന്യകന്‍ വന്നിരിക്കുന്നു... ഭൂ...''

പാര്‍ക്കിംഗ് ലോട്ടില്‍ ഇരുവരെയും ഒരുവിധത്തിലാണ് ജീവനക്കാര്‍ എത്തിച്ചത്. അവിടെച്ചെന്നിട്ടും രണ്ടുപേരും അസഭ്യവര്‍ഷം തുടര്‍ന്നു. ഏറെ പണിപ്പെട്ട് കാറിന്റെ പിന്‍സീറ്റിലേക്ക് പീലിപ്പോസിനെ കിടത്തുമ്പോള്‍ നാട്ടുകാരനായ ഡ്രൈവര്‍ ചന്ദ്രന്‍ ശബ്ദം താഴ്ത്തി തന്റെ മുതലാളിയോട് ചോദിച്ചത് അയാള്‍ ശരിക്കും കേട്ടില്ല:

""ആരാ ചേട്ടാ ഈ കന്യകന്‍?''

തനിക്ക് "മനോമോഹിനി' മാഞ്ഞൂരാനില്‍നിന്ന് ലഭിച്ചതും, പിന്നീട് ഡ്രൈവര്‍ ചന്ദ്രന്‍ വഴി നാട്ടില്‍ മുഴുവനും, തുടര്‍ന്ന് അധികം വൈകാതെ അമേരിക്കയിലും പാട്ടാകാന്‍ പോകുന്ന പുതിയ നാമധേയത്തിന്റെ അര്‍ത്ഥമറിയാതെ പീലിപ്പോസ് മുതലാളി കാറിന്റെ വിശാലമായ പിന്‍സീറ്റില്‍ മയങ്ങിക്കിടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക