ചില ശീലങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അത് ദുശ്ശീലമാകുന്നു. അവ ഒരു ലഹരിപോലെ ജനജീവിതത്തെ കയ്യടക്കുന്നു. ഈ അടുത്ത കാലത്ത് ടിക്ടോക്ക് എന്ന ആപ്പ് ജനങ്ങളെ അടിമപ്പെടുത്തിയിരിയ്ക്കുന്നു എന്ന് പറയാം. കുട്ടികളും വലിയവരും ഒരുപോലെ പൊട്ടിച്ചിരിയ്ക്കാന്‍, അവനവനുടെ സര്‍ഗ്ഗാത്മകതയെ തമാശകളായും, കലാരൂപങ്ങളായും, പ്രസംഗങ്ങളായും വീഡിയോകളാക്കി ജനങ്ങളില്‍ എത്തിയ്ക്കാന്‍ ഈ ആപ്പിനെ ആശ്രയിയ്ക്കാന്‍ ശീലിച്ചു. കലാകാരന്മാരും, ചലച്ചിത്ര രംഗങ്ങളില്‍ വര്‍ത്തിയ്ക്കുന്നവരും കൂടുതല്‍ ജനശ്രദ്ധ നേടുന്നതിനായി ഒരു മാധ്യമമായി ഈ ആപ്പിനെ
ആശ്രയിച്ചിരുന്നു. ഒരുപക്ഷെ ഈ ലോക് ഡൗണ്‍ കാലഘട്ടം, നേരംപോക്കിനായി ജനങ്ങള്‍ ഈ ആപ്പിനെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയോ എന്ന് വേണമെങ്കില്‍ പറയാം.
ചലച്ചിത്ര രംഗത്തെ പ്രശസ്തമായ നടീനടന്മാരുടെ പല രംഗങ്ങളും, ഡയലോഗുകളും, രാഷ്ട്രീയ നേതാക്കളുടെയും, മറ്റു പ്രശസ്തരായവരുടെ പ്രസംഗങ്ങളും കടമെടുത്ത് അതോടൊപ്പം ചുണ്ടനക്കി അഭിനയിച്ച് ടിക്ടോക്ക് താരങ്ങളായി ജനങ്ങളെ ചിരിപ്പിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് ഇടം പിടിച്ചു. ഒരു പക്ഷെ ആരുടെ ശബ്ദം വേണമെങ്കിലും സ്വന്തംപോലെ അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് യുവതി യുവവാക്കളെ ഹരം കൊള്ളിച്ചത് കൊണ്ടാകാം ടിക്ടോക്കിനു കൂടുതല്‍ പ്രചുര പ്രചാരം ലഭിച്ചത്. ഇത്രയും ജനസമ്മിതി നേടിയ ടിക്ടോക്ക് നിര്ത്തലാക്കിയത് ജനങ്ങള്‍ക്ക് ഒരു നഷ്ടമാണോ?
ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ക്കിടയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഉണ്ടായ ആഘാതത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിലവിലുള്ള 59 ചൈനീസ് ആപ്പുകളെ നിര്‍ത്തലാക്കി എന്ന വാര്‍ത്ത പെട്ടെന്നാണ് ജൂണ്‍ 29, തിങ്കളാഴ്ച മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ആപ്പുകളില്‍ ഏറ്റവും ജനപ്രിയ ആപ്പായ ടിക്ടോക്കാണ് ഇന്ന് ഏറ്റവും കൂടുതല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചവിഷയമായിരിയ്ക്കുന്നത്. കാരണം വളരെ ചുരുങ്ങിയ കാലഘട്ടത്തില്‍ ഇത് ഒരു ജനപ്രിയ ആപ്പായി മാറിക്കഴിഞ്ഞിരുന്നു. ഏറ്റവും
പ്രചാരമുള്ള ടിക്ടോക്കിനു ഇന്ത്യയില്‍ മാത്രം മില്ല്യണ്‍ ജനങ്ങള്‍ ഉപഭോക്താക്കളാണ് എന്നാണു മാധ്യമങ്ങള്‍ പറയപ്പെടുന്നത്. ടിക്ടോക്ക് എന്ന ഈ ആപ്പിനെ കൂടാതെ ജനങ്ങള്‍ക്ക് എങ്ങിനെ നേരംപോക്കുണ്ടാകും, നിമിഷ നേരത്തിനുള്ളില്‍ കാട്ടുത്തീപോലെ സമൂഹത്തില്‍ പ്രചരിച്ചിരിന്ന ഓരോരുത്തരിലെയും സര്‍ഗ്ഗാത്മകതയെ എങ്ങിനെ ഇനി ജനങ്ങളിലേയ്ക്ക് എത്തിയ്ക്കും തുടങ്ങിയ ഒരുപാട് ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു. ഇതിനോട് തത്തുല്യമായ ഒന്ന് കണ്ടെത്തുവാന്‍ മാത്രം ഇന്ത്യയുടെ സാങ്കേതിക വിദ്യയ്ക് കഴിയുമോ എന്നതും ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നു.
ലഭ്യമായ സൗജന്യ ഉല്ലാസത്തിനു വേണ്ടിയുള്ള ആപ്പുകളില്‍ ഒന്നാണ് ടിക്ടോക്ക്. കാരണം ഇതിലൂടെ പ്രചരിപ്പിയ്ക്കുന്ന പരസ്യങ്ങളുലൂടെയുള്ള വരുമാനം തന്നെ ധാരാളമാണ്. കുറെ പേര്‍ക്ക് ഇത് ഒരു തൊഴിലവസരവും ആയിരുന്നു. ക്ഷണ നേരം കൊണ്ട് ഏതൊരു സന്ദേശവും ജനങ്ങളില്‍ തമാശ രൂപത്തിലും, കലാരൂപത്തിലും എത്തിയ്ക്കാന്‍ ഇതിലൂടെ നിഷ്പ്രയാസം കഴിയുമായിരുന്നു. സമയതാമസം ഇല്ലാതെ അവ കൂടുതല്‍ ആളുകളുമായി പങ്കുവയ്ക്കാനും എളുപ്പമായിരുന്നു.
എന്നാല്‍ നേരം പോക്കിനായി മാത്രം ഉപയോഗിച്ചിരുന്ന ഈ ആപ്പിലൂടെ ചൈന ഓരോ വ്യക്തികളുടെയും സ്വകാര്യത ചോര്‍ത്തിയെടുക്കാനുള്ള സാധ്യതയെ
കുറിച്ചുള്ള വാര്‍ത്ത ജനങ്ങളില്‍ ഭീതി ഉളവാക്കി. ശരിയായ വിധത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഈ ആപ്പ് ഗുണത്തേക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ ദ്രോഹമാണ് വിതച്ചതെന്നു പറയാം. ഇന്ത്യയില്‍ നിലവിലുള്ള 17 മില്ല്യണ്‍ സ്ഥിരമായി ഈ ആപ്പ് ഉപയോഗിയ്ക്കുന്നവരില്‍ അധികവും 18 വയസ്സില്‍ താഴെ ഉള്ളവരാണെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. ഇതിലൂടെ വ്യാപിപ്പിയ്ക്കുന്ന ദൃശ്യ ശകലങ്ങള്‍ക്ക് യാതൊരു നിഷ്‌കര്‍ഷയും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഭയാനകവും, പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാന്‍ അനുവദിയ്ക്കാവുന്ന വീഡിയോകളും ഇതില്‍ പ്രത്യക്ഷപ്പെട്ടു. അവ കുട്ടികള്‍ക്കും നിഷ്പ്രയാസം കാണാന്‍ കഴിയുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ കൂടുതല്‍ ഇതില്‍ അടിമപ്പെടാന്‍ സാധ്യത ഏറിവന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഈ ആപ്പില്‍ ഉപയോഗിയ്ക്കാവുന്ന എല്ലാ ഭാഷയിലെയും ചില വാക്കുകള്‍ക്ക് വിലക്കു നല്‍കി. എങ്കിലും അശ്ലീനചിത്രങ്ങളും, തമാശകളും, ഭയപ്പെടുത്തുന്ന രംഗങ്ങളും, പൈശാചികമായ സംഭവങ്ങളും ഇതില്‍ പ്രത്യ്ക്ഷപ്പെട്ടു. ഇത് പുതിയ തലമുറയുടെ സ്വഭാവത്തെ സ്വാധീനിച്ചു. ഇതിലൂടെ ഇന്ത്യയുടെ അല്ലാത്ത ചില പ്രാകൃത പാശ്ചാത്യ സംസ്‌കാരങ്ങളും കുട്ടികളെ സ്വാധീനിച്ചു. വ്യക്തിപരവും, രാഷ്ട്രീയപരവുമായ വൈരാഗ്യങ്ങള്‍ കാണിയ്ക്കുന്നതിനും ഇത് ഉപയോഗിച്ചു. യാത്ര സമയത്തും, വാഹനങ്ങള്‍ ഓടിയ്ക്കുമ്പോഴും പലസമയത്തും സ്ഥലകാല തരംതിരിവില്ലാതെ ജനങ്ങള്‍ ടിക്ടോക്ക് ഉപയോഗിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.
സമൂഹത്തില്‍ നടക്കുന്ന പൈശാചികമായ പല കാരകാര്യങ്ങളും ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച് കുട്ടികളിലും വലിയവരിനും ഉളവാകുന്ന മനുഷ്യത്വത്തിന് തന്നെ മൂല്യച്ച്യുതി സംഭവിയ്ക്കുന്നു. ഇതില്‍ അധികവും വീഡിയോകള്‍ പ്രദര്ശിപ്പിയ്ക്കുന്നതിനു കൊച്ചു കുട്ടികളെയും അവരിലെ കഴിവുകളെയും ദുരുപയോഗപ്പെടുത്തുന്നതിനുള്ള പ്രവണത കാണാം. ഇതില്‍ അവരുടെ കഴിവുകളെ എടുത്തുകാണിയ്ക്കുന്നതിലും ഒരു കോമാളി ആക്കി മാറ്റുകയാണോ എന്ന് ചിലപ്പോള്‍ തോന്നാം. തീര്‍ച്ചയായും ജനങ്ങള്‍ക്ക് ഉല്ലാസം നല്‍കിയിരുന്ന ഇത്തരം ആപ്പുകള്‍ സമൂഹത്തിനു പ്രത്യേകിച്ചും കുട്ടികളില്‍ നന്മയെക്കാള്‍ കൂടുതല്‍ ദോഷ ഫലങ്ങളാണ് ഉളവാക്കിയിരുന്നത് ഏത് സാഹചര്യത്തിലായാലും ഇത്തരം ആപ്പുകള്‍ നിര്ത്തലാക്കിയത് മാതാപിതാക്കള്‍ക്കും സമൂഹത്തിനും നന്മയ്ക്കും സമാധാനത്തിനും തന്നെയാകാം എന്ന് വിലയിരുത്താം. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ കഴിവുറ്റ ഒരു തലമുറ നമുക്കുണ്ട്. മറ്റുള്ളവരെ ആശ്രയിയ്ക്കുന്നത് മൂലം നമ്മിലെ കഴിവുകള്‍ തുരുമ്പിച്ചു പോകുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും നമ്മിലെത്തിക്കാന്‍ രാഷ്ട്രം വഹിയ്ക്കുന്ന ചെലവ് നമ്മുടെ പൗരന്മാരെ സ്വയം പര്യാപ്തരാക്കുവാന്‍ ഉപയോഗിയ്ക്കുന്നതിലൂടെ നമ്മുടെ രാഷ്ട്രവും സാങ്കേതിക രംഗത്ത് സ്വയം പര്യാപ്തമാകുന്നു. പണം മുടക്കി, ഉറ്റവരെയും രാജ്യത്തെയും ഉപേക്ഷിച്ച്, ജീവന്‍ പണയം വച്ച് മറ്റു രാജ്യങ്ങളുടെ അടിമകളായി തൊഴില്‍ തേടി പോകുന്ന നമ്മുടെ തലമുറയ്ക്ക് നമ്മുടെ രാജ്യത്ത് തന്നെ തൊഴിലവസരവും സംരക്ഷണവും നല്‍കാന്‍ കഴിയുന്നു എങ്കില്‍ ഇന്ത്യയുടെ ഈ തീരുമാനത്തെ രാഷ്ട്രീയ താല്പര്യങ്ങള്‍ വക വയ്ക്കാതെ ശരിവച്ചുകൂടെ?