Image

നീലി (നോവൽ -ഭാഗം-1: ആർച്ച ആശ)

Published on 11 July, 2020
നീലി (നോവൽ -ഭാഗം-1: ആർച്ച ആശ)
അന്ന് സൂര്യൻ പതിവിലും നേരത്തേ ഉദിച്ചസ്തമിച്ചു.
പടിഞ്ഞാറൻ ചക്രവാളത്തിൽ വെള്ളിമേഘങ്ങൾ ചെമ്പട്ടുടുത്തു കടലിനു മീതെ ഒഴുകിനീങ്ങി.പക്ഷികൾ കൂടണയാനായി വേഗേന പറക്കുന്നുണ്ട്.അവയുടെ കലപില ശബ്ദം കാടാകെ മുഴങ്ങുന്നു.ഇരുളു പരന്നത് കണ്ടാൽ പകൽ  പെട്ടെന്ന് രാത്രിക്ക് വഴിമാറിയോ എന്നുതോന്നും.
അന്നത്തെ അന്തിക്ക് ഒരു പ്രത്യേക ചാരുതയായിരുന്നു സന്ധ്യ മുഴുവനായി രാവിലലിഞ്ഞു.അമാവാസിയോടടുത്തിട്ടും അന്ന് നേർത്ത നിലാവുണ്ടായിരുന്നു.
ഇലകളിലും പൂക്കളിലും വെള്ളത്തിലുമൊക്കെ ചുംബിച്ചു ആ നിലാവങ്ങനെ ഒഴുകിനടന്നു.കാട്ടരികിലെ നീർച്ചോലയിൽ ഈ നേരത്തും മൂളിപ്പാട്ടുയരുന്നുണ്ട്.നിലാവിന്റെ നൂലൊന്ന് കടവിലേക്ക് ഒന്നെത്തി
നോക്കി...ഓളപ്പരപ്പുകൾ വകഞ്ഞുമാറ്റി ഒരു  പെൺകുട്ടി വെള്ളത്തിൽ മുങ്ങി നിവർന്നു...പതിയെ കരയിലേക്ക് കയറി... ദേഹത്തൊട്ടിപ്പിടിച്ച നനഞ്ഞ ഉടയാടകൾ അവളുടെ ആകാരവടിവിനെ തെളിഞ്ഞു കാണിക്കുന്നുണ്ട്.
അലക്കുകല്ലിൽ കഴുകി വെച്ചിരുന്ന തുണിയെടുക്കാനായി കുനിഞ്ഞപ്പോഴാണ്   മിന്നലൊരുക്കി പ്രകൃതി രൂപം മാറിയത്....പെട്ടെന്ന് കാതടപ്പിക്കും വിധം ഇടിമുഴങ്ങി .
"ശോ മഴ വരാൻ പോവാണല്ലോ..."
അവൾ തുണി കയ്യിലെടുത്തു കാട്ടരുവിയിൽ നിന്നും കണ്ണെത്തുന്ന  മുക്കാലും ഇടിഞ്ഞുപൊളിഞ്ഞ അവളുടെ വീട്ടിലേക്കു വേഗത്തിൽ നടന്നു.

നല്ല വടിവൊത്ത ശരീരം...ഈറൻമുടി മുട്ടോളം ഇല്ലെങ്കിലും നനഞ്ഞൊട്ടി   അവളുടെ പുറംമേനിയാകെ ചുംബിച്ചു നല്ല ഭംഗിയായി കിടക്കുന്നു.
കൊലുസിന്റെ കൊഞ്ചൽ  മധുരമൊഴി പോലെ അവിടമാകെ അലയടിച്ചു....മുട്ടോളം നീണ്ട നർത്തകിയെന്നു തോന്നിപ്പിക്കുന്ന കൈകൾ....
നീളമുള്ള കാലുകൾ....ഒതുങ്ങിയ അരക്കെട്ട്.
കാലിൽ പൊന്നിൻ നിറമുള്ള ചെറിയ രോമങ്ങൾ.അവളുടെ കാൽപാദങ്ങലേൽക്കാൻ കൊതിക്കുന്നതുപോലെ  നിരന്നുകിടക്കുന്ന മണലിൽ പതിഞ്ഞ കാലടികൾ.
മുഖം വ്യക്തമല്ലെങ്കിലും ചുവന്ന ഒറ്റക്കൽ മൂക്കൂത്തിയുടെ തിളക്കം അവളുടെ ആ വിടർന്ന കണ്ണുകൾ കടമെടുത്തോ എന്നുതോന്നും.
പാഞ്ഞെത്തിയ മിന്നൽപിണരത് അവളുടെ മൂക്കുത്തിയിൽ തട്ടിതിളങ്ങി ചിതറി.
അവളകത്തു കയറി....വീടിന്റെ വാതിലടഞ്ഞു.
സാക്ഷയുടെ ശബ്ദം അതിന്റെ തുരുമ്പുപഴക്കത്തെ ഓർമ്മിപ്പിച്ചു.
നടവാതിലിൽ അപ്പോഴേക്കും  മഴ ഇടയ്ക്കകൊട്ടി തിമിർക്കാൻ കോപ്പുകൂട്ടുകയാണ്.
അപ്പോഴേക്കും രാവേറെ ഇരുളിലമർന്നു.കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു.
ശോചനീയാവസ്ഥയിലുള്ള വീടിന്റെ മുകളിലേക്ക് തടിവണ്ണമില്ലാത്ത നീളമുള്ള ആ മരം ചായുന്നതു കണ്ടാൽ അതിപ്പോ ആ വീടിനെ തകർത്തു തരിപ്പണമാക്കുമെന്നു തോന്നും.
വീടിനുള്ളിൽ നിന്നും  മൂളിപ്പാട്ട് ഉയർന്നു കേൾക്കുന്നുണ്ട്.
എങ്ങും ശാന്തമാണ്.
നിശബ്ദതയിൽ നീരാടിയ രാത്രി.
പോലീസുകാരിൽ നിന്നു അയാൾ രക്ഷപ്പെട്ടോടി കിതച്ചു ആ അരുവിയുടെ തീരത്തെത്തി.
നാലുപാടും നോക്കി ആരുമില്ല.
അല്ലെങ്കിലും ഈ സമയത്തു ഈ കാട്ടിൽ ആരുവരാനാണ്.
അയാൾ ചുറ്റിനും നോക്കി.. അകലെയെവിടെയോ പോലീസ് ജീപ്പിന്റെ  ശബ്ദം കേൾക്കാം.. പതിയെ അത് വിദൂരതയിലേക്കകന്നു പോയി  .
"പോട്ടെ..അവന്മാരെന്തു കരുതി
അങ്ങു പിടികൊടുക്കുമെന്നോ...മണ്ടന്മാർ...."
വല്ലാതെ അണയ്ക്കുന്നുണ്ട്..... ശ്വാസഗതി സാധാരണ രീതിയിലേക്ക് വരും വരെ അല്പം കുനിഞ്ഞു കൈകൾ കാൽമുട്ടിൽ താങ്ങിനിന്നു....ദാഹിച്ചു തൊണ്ടവരളുന്നു... അയാൾ വെള്ളത്തിലേക്കിറങ്ങി.കാട്ടാറിന്റെ  നൈർമ്മല്യം വിരലുകളിൽ നിന്നും ഉടലാകെ കുളിരായി പടർന്നു.
അയാളുടെ ക്ഷീണം പമ്പ കടന്നു.
ദാഹം തീർക്കുവോളം വെള്ളം കൈക്കുമ്പിളിൽ കോരികുടിച്ചു.....മുഖത്തേക്ക് തളിച്ചു.
"ഹോ..! എന്തൊരു തണുപ്പ്.....മനസും വയറും ശരീരവും തണുത്തു....."
കരക്ക് കയറി ആ മണ്ണിൽ മലർന്നു കിടന്നു.
മുകളിലാകാശവും ഇവിടെ ഭൂമിയും.
നക്ഷത്രങ്ങളെന്തോ കാഴ്ചയിൽ ഇല്ല.
രാവ് അന്ധകാരച്ചുഴിയിലമർന്നു ...മിന്നലുണ്ട്.....അത് വെള്ളത്തിലേക്ക് വന്നു ഒന്നുതിളങ്ങി തിരിച്ചുപോകും.
എവിടെനിന്നോ ഒരു സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിൽ നുഴഞ്ഞുകയറി .
"ആഹാ നല്ല വാസന...ഇവിടെയെവിടെയോ
പാല പൂത്തിട്ടുണ്ടെല്ലോ.സാത്താൻ സാജനും ഓജോ റോഡ്രിഗോയും ഇപ്പോ എവിടെയാണോ എന്തോ....ഇനി അവന്മാരെ പോലീസുകാർ കീഴടക്കിയിട്ടുണ്ടോ....അവരെങ്ങാനും എന്നെ കാട്ടിക്കൊടുക്കുമോ...?
ഇല്ല കൊന്നാലും അവരത് ചെയ്യില്ല... കൂറുള്ളവന്മാരാണ്....ഈ ലോപ്പസിനെ അവരൊറ്റികൊടുക്കില്ല ...." അയാൾ സ്വയം സമാധാനിച്ചു....
"ആ പിള്ളേരുടെ അപ്പനും അമ്മയും എന്തു ചെറ്റത്തരമാ കാണിച്ചത് ...പൈസ വാങ്ങി കീശയിലിട്ടിട്ടു കേസ് ആയപ്പോൾ അവരുടെ തനി കൊണം കാട്ടി....ഈ ചതിക്കു രണ്ടിനേം വിടില്ല....ഒക്കെ ഒന്നടങ്ങട്ടെ.....ഇതുപോലെത്രയോ സംഭവങ്ങൾ....കൊന്നും കൊടുത്തും അനുഭവിച്ചുമൊക്കെയാല്ലേ ഇവിടെവരെ എത്തിയത്... ഈ ലോപ്പസിനോടാ ഇവറ്റകളുടെ കളി.
ആ DYSP ബെന്നി ഒരു വല്ലാത്ത സ്വഭാവക്കാരനാ....പോലീസുകാര് മുന്നിൽ ഓച്ഛാനിച്ചൂ നിൽക്കുന്നവരായിരുന്നു....മാസപ്പടി കൃത്യമായി എല്ലാർക്കും ലോണായും ചിട്ടിയായും പിള്ളേരുടെ  ഫീസയുമൊക്കെ അങ്ങു എത്തിച്ചു കൊടുത്തിരുന്നത്....ആ DYSP വന്നത് മുതൽ ഇപ്പോൾ കൂടെ നിൽക്കാൻ എല്ലാ അവനും ഒരു മടിപോലെ .... " ഓരോന്ന് ചിന്തിച്ച് ക്ഷീണം കാരണം അയാളുടെ  കണ്ണുകൾ മെല്ലെയടഞ്ഞു .
പെട്ടെന്ന് ഒരു വലിയ ശബ്ദം
മുഖത്തേക്ക് ആരോ വെള്ളമൊഴിച്ചതുപോലെ.
അയാൾ ഞെട്ടിയുണർന്നു. മഴപെയ്യുന്നുണ്ട്.... ശക്തമായ ഇടിയും മിന്നലും....ശരീരമാകെ നനഞ്ഞു...ദേഹത്തൊക്കെ നനമണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു.....ഇനി എന്തു ചെയ്യും.
അയാൾ ചുറ്റിലും നോക്കി.
അവിടെ അകലെയല്ലാതെ  പഴയ തറവാടെന്നു തോന്നിപ്പിക്കുന്ന ഒരു വീട് കണ്ടു...അവിടെനിന്നും വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്....
"ഹാവൂ ....അപ്പോൾ അവിടെ ആളുണ്ട്.... "
ആകെ നനഞ്ഞു കുതിർന്നു ....അയാൾ ആ വെളിച്ചത്തിനു നേരെ വേഗത്തിലോടി.
ഒരു കല്ലിൽ കാലുതട്ടി.ആ... അയാൾ താഴേയ്ക്കിരുന്നു മഴ നന്നായി പെയ്യുന്നുണ്ടെങ്കിലും കാലിൽ നിന്നു ചോരയൊഴുകുന്നു.... കൈകൊണ്ടു പൊത്തി പിടിച്ചിട്ടും ചോരനിൽക്കുന്നില്ല....മണ്ണിൽ പുതഞ്ഞ വിരലിൽ നിന്നും രക്തമൊഴുകിക്കൊണ്ടിരുന്നു.... നോക്കുമ്പോൾ നഖമൊന്നു ഇളകിയിരിക്കുന്നു.
നല്ല വേദനയിലും വിട്ടുപോകാൻ മടിച്ച നഖത്തെ പറിച്ച് ദൂരേക്കെറിഞ്ഞ് പതിയെ ആ വീടിന്റെ മുന്നിലേക്കെത്തി.
ഒരു നിമിഷം ചിന്തിച്ചു നിന്നു..
പിന്നെയാ വാതിലിൽ മെല്ലെ മുട്ടി..അകത്തുനിന്ന് പ്രതികരണം ഒന്നുമൊന്നുമില്ല.
പിന്നെ കുറച്ചു ശക്തിയോടെ തന്നെ വീണ്ടും മുട്ടി അപ്പോഴും ആരെയും കണ്ടില്ല.
ഇവിടെയാരും ഇല്ലേ..........?
ഇവിടെയാരും ഇല്ലേ..........?
പതിയെ തിരിഞ്ഞു നടയിറങ്ങാൻ തുടങ്ങവെ പിന്നിൽ പഴയ വാതിൽപാളിയുടെ ഞെരക്കം കേട്ടു....   അയാൾ പ്രത്യാശയോടെതിരിഞ്ഞു നോക്കി.
കയ്യിൽ കത്തിച്ചുവെച്ച റാന്തലിന്റെ വെളിച്ചത്തിൽ തറവാട്ടമ്പലത്തിലെ ദേവീവിഗ്രഹം പോലൊരു സ്ത്രീ രൂപം വിളക്ക് മുന്നിലേക്കു നീട്ടി ഇമ്പമാർന്ന സ്വരത്തിൽ
ആരാ...എന്താ വേണ്ടത്...?.....
ഒരു മാത്ര പകച്ചുവെങ്കിലും അയാൾ സമചിത്തതവീണ്ടെടുത്തു...
ഞാനൊരു കൃഷിക്കാരനാണ്..ഇവിടെ മലഞ്ചരക്കുമായി എത്തിയതാണ് ഹൈറേഞ്ചിലേക്കുള്ള മടക്കയാത്രയിലെന്റെ വണ്ടി കേടായി ഞാൻ ഒറ്റക്കെയുള്ളൂ ഇവിടെയൊന്നും  ഒറ്റമനുഷ്യരെ കാണാനില്ല ഒരു  സഹായത്തിന്..പോരാഞ്ഞിട്ട് നല്ല മഴയും....നല്ല വിശപ്പും ഉണ്ട്....കുറേനേരം വണ്ടിയിൽ തന്നെയിരുന്നു....വിശപ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് വല്ലതും കിട്ടുമോന്നറിയാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയതാണ്.തിരിച്ചു നടന്നുതുടങ്ങിയപ്പോൾ വഴി തെറ്റി..... അങ്ങനെ ഇവിടെയെത്തി.ഇവിടെയെങ്ങും ഒരു കടയും വീടുമില്ല.....ഇനിയിപ്പോൾ പോകാനും വഴിയറിയില്ല....അയാളുടെ ദയനീയമായ നോട്ടം അവളിലേക്കെത്തി..
അവൾ ഒന്നു മൂളി....  ആ അധരത്തിൽ ഒരു ചിരി മിന്നിമാഞ്ഞു..
പൊടുന്നനെ  മിന്നല്പിണരും ഒരിടിയും , അതിന്റെ വെളിച്ചത്തിൽ അവളുടെ മൂക്കുത്തിയുടെ തിളക്കം ദർശിച്ച മാത്രയിൽ ആ നിമിഷം അതിന്റെയാഴങ്ങളിലേക്ക് അലിഞ്ഞുചേരാൻ അയാളതിയായാഗ്രഹിച്ചു.
"അയ്യോ ക്ഷമിക്കൂ ..
അവിടെതന്നെ നിൽക്കാതെ അകത്തേക്ക് കയറിക്കോളൂ. നല്ല മഴയും ഇടിയും തുലാവർഷം അഴിഞ്ഞാടുന്നു.നല്ല കാറ്റുമുണ്ട്....ഇന്നിനി നിരത്തിലേക്ക് എത്താൻ പറ്റില്ല....ഈ പെരുമഴയത്തും കൂരിരിട്ടിലും വഴി കാണാൻ പറ്റാതെ എങ്ങനെപോകും..?"
റാന്തൽവിളക്ക് മുന്നിലേക്ക് പിടിച്ചവൾ ഒരുവശത്തേക്ക് ചേർന്നുനിന്ന് അയാൾക്കു അകത്തേക്ക് കയറാനായി വഴികൊടുത്തു.
അപ്പോഴും ചെകുത്താനും ഓജോയും ലോപ്പസിനെ തേടി അലഞ്ഞുനടക്കുന്നുണ്ടായിരുന്നു..

(തുടരും)
നീലി (നോവൽ -ഭാഗം-1: ആർച്ച ആശ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക